Wednesday, February 4, 2009

വെള്ളം - ജീവന്റെ ഹേതു

ജീവന്റെ നിലനില്‍പ്പിന്‌ ഏറ്റവും പ്രധാനം വെള്ളമാണല്ലോ. രാസപരമായി വളരെ സ്ഥിരതയുള്ളതു കൊണ്ട്‌ (Chemical stability) വളരെയധികം മൂലകങ്ങളെയും രാസപദാര്‍ത്ഥങ്ങളെയും ലയിപ്പിക്കാനുള്ള കഴിവ്‌ വെള്ളത്തിനുണ്ട്‌. അതുകൊണ്ടാണ്‌ ഒരു നല്ല ലായകമായ ജലത്തെ ധാതുജലം (mineral water) എന്ന വാക്കുകൊണ്ട്‌ തന്നെ സൂചിപ്പിക്കുന്നത്‌. മനുഷ്യ ശരീരത്തിന്റെ എഴുപതുശതമാനത്തോളം വെള്ള മാണെന്ന്‌ നമുക്കറിയാം. ശുദ്ധജലത്തിനു പുറമെ വെള്ളരിക്കാ, തണ്ണിമത്തന്‍ പോലുള്ള പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നും ധാരാളം ജലാംശം നമുക്ക്‌ ലഭിക്കുവാന്‍ പ്രകൃതിപോലും ഒരുങ്ങി നില്‍ക്കുന്നു.
വെള്ളം - ഒരു മരുന്ന്‌
പല അസുഖങ്ങള്‍ക്കും വെള്ളം മരുന്നായിത്തന്നെ കണക്കാക്കി ഉപയോഗിക്കാനാവും. ശ്വാസകോശ സംബന്ധമായ അസുഖത്തിന്‌ - ഉദാഹരണമായി അണുബാധ വന്നിട്ട്‌ കഫവും അത്‌ പുറന്തള്ളാന്‍ ചുമയും (respiratory tract infections) ഉണ്ടാകുമ്പോള്‍ - എട്ട്‌ ഗ്ലാസ്സുവരെ തിളപ്പിച്ചാറിയ വെള്ളം ദിവസേന കുടിക്കുന്നത്‌ വളരെ നല്ലതാണ്‌. കഫം (mucus) കട്ടിപിടിച്ച്‌ ശ്വാസകോശഭാഗങ്ങളില്‍ തങ്ങി നില്‍ക്കാതെ വലിഞ്ഞു കിട്ടുന്നതിനും ചുമയ്‌ക്കുമ്പോള്‍ എളുപ്പത്തില്‍ പുറത്തേക്ക്‌ പോകുന്നതിനും വളരെ പ്രയോജനകരമാണിത്‌. അതുവഴി ശ്വാസോച്ഛ്വാസം എളുപ്പമാകാനും ഇത്‌ സഹായിക്കും.
തൊണ്ടയില്‍ നീര്‍വീക്കമാണെങ്കില്‍ (sore throat) ചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌ കവിള്‍കൊള്ളുന്നത്‌ (Gargle) വളരെ നല്ലതാണ്‌. ഖര രൂപത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തൊണ്ടവഴി ഇറങ്ങിപ്പോകുന്നത്‌ ബുദ്ധിമുട്ടാകുന്ന ഈ അവസ്ഥയില്‍ പാനീയങ്ങള്‍ കുടിച്ച്‌ ശരീരത്തിന്റെ പോഷകക്കുറവ്‌ നികത്താനും ശ്രദ്ധിക്കണം.
മൂത്രത്തില്‍ പഴുപ്പ്‌ (urinary tract infections) വരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതോ ടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്‌ രോഗാണുക്കളെയും അവശിഷ്‌ടങ്ങളെയും മൂത്രത്തിലൂടെ പുറന്തള്ളുക എന്നത്‌. ചായ, കാപ്പി, കോള, മദ്യം, മസാല കലര്‍ന്ന ഭക്ഷണം എന്നിവ മൂത്രാശയത്തെ പ്രകോപിപ്പിക്കും (irritate) എന്നതുകൊണ്ട്‌ 10 ഗ്ലാസ്സുവരെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ്‌ ഏറ്റവും സുരക്ഷിത മായത്‌. അപ്രകാരം മൂത്രത്തിന്റെ അളവ്‌ കൂടുകയും രോഗാണുക്കളും അവയുടെ അവശിഷ്‌ടങ്ങളും എളുപ്പ ത്തില്‍ പുറന്തള്ളപ്പെടുകയും ചെയ്യും.
സൈനസൈറ്റിസ്‌ (sinusitis) എന്ന അവസ്ഥയില്‍ മൂക്കില്‍ നിന്നും വരുന്ന സ്രവം (mucus) മഞ്ഞ നിറമോ, മഞ്ഞകലര്‍ന്ന പച്ചനിറമോ ആയി മാറിക്കഴിഞ്ഞാല്‍ അണുബാധയുണ്ടെന്നുറപ്പിക്കാം. തലകുനിച്ചു നോക്കിയാല്‍ വേദനയോ ഭാരക്കൂടുതലോ തോന്നുകയും ചെയ്യും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ്‌ ഫലപ്രദം. ഒപ്പം 10 ഗ്ലാസ്സുവരെ വെള്ളം കുടിക്കുന്നത്‌ മൂക്കിലെ സ്രവം അയഞ്ഞുകിട്ടാനും എളുപ്പത്തില്‍ പുറന്തള്ളപ്പെടാനും സഹായിക്കും.
ആരോഗ്യമുള്ള വൃക്കകള്‍ക്കും അവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ദിവസവും രണ്ടു ലിറ്ററോളം വെള്ളം ആവശ്യമുണ്ട്‌. മൂത്രം നേര്‍ത്ത (Dilute) തായി പോകുമ്പോള്‍ വൃക്കയില്‍ കല്ല്‌ ഉണ്ടാകുവാനുള്ള സാദ്ധ്യതകള്‍ വളരെ കുറവാണ്‌. ഒരിക്കല്‍ കല്ല്‌ ഉണ്ടായിക്കഴിഞ്ഞാല്‍ കഫീനടങ്ങിയ പാനീയങ്ങള്‍ ഒഴിവാ ക്കുന്നതാണ്‌ നല്ലത്‌. കാരണം കൂടുതല്‍ യൂറിക്‌ ആസ്‌ഡ്‌ ഉണ്ടാക്കുവാനുള്ള കഫീന്റെ കഴിവ്‌ വൃക്കയിലെ കല്ലുകളുടെ പുറന്തള്ളലിനെ മന്ദഗതിയിലാക്കും. ദിവസേന 2 ലിറ്ററോളം മൂത്രം പുറന്തള്ളാന്‍ പാകത്തില്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത്‌ കല്ലിനെ പുറന്തള്ളാനും അത്‌ ഉണ്ടാവാതിരിക്കാനും ഏറ്റവും ഉത്തമം.
മസിലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും വെള്ളം അനിവാര്യമാണ്‌. പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്ജം ഉപയോഗിച്ചശേഷം പുറന്തള്ളപ്പെടുന്ന ലാക്‌ടിക്‌ ആസിഡ്‌ മസിലുകളില്‍ കെട്ടിക്കിടക്കാതെയും മതിയായ രക്തയോട്ടം ലഭിക്കുന്നതിനും മസിലുകള്‍ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്‌.
പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ നീര്‍വീക്കം പ്രശ്‌നമായവരും ധാരാളം വെള്ളം കുടിക്കണം. ശരിയായ മലശോധന ഉണ്ടാകാതെ വരുന്നത്‌ പ്രായം ചെന്നവരില്‍ കാണുന്ന ഒരു വലിയ പ്രശ്‌നം തന്നെയാണ്‌. പ്രകൃതിദത്തമായ നാരുകളടങ്ങിയ ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുകയോ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഇസാപഗോള്‍ (Isapgol Husk Powder) പൊടി വെള്ളത്തില്‍ കലക്കി കുടിക്കുകയോ ഒക്കെയാവാം പരിഹാരം. പക്ഷേ ഇതോടൊപ്പം പറ്റുന്നിടത്തോളം വെള്ളം കൂടി വയറ്റിലെത്തിയാലേ ഇത്തരം ചികിത്സ പ്രയോജനപ്പെടൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പ്രായം കൂടുംതോറും നമ്മുടെ ശരീരത്തിലെ ജലാംശം കുറഞ്ഞുവരും. പ്രായമാകുമ്പോള്‍ തൊലി ചുളുങ്ങാനും, സന്ധികളില്‍ പിടുത്തമനുഭവപ്പെടാനുമൊക്കെ കാരണമിതാണ്‌. 6 മുതല്‍ 8 ഗ്ലാസ്സുവരെ വെള്ളം ദിവസേന ശരീരത്തിനാവശ്യമുണ്ട്‌. മൂത്രം വെള്ളനിറത്തിലോ, ചെറിയ മഞ്ഞനിറം കലര്‍ന്നോ ആണ്‌ പോകേണ്ടത്‌. മഞ്ഞനിറം കൂടിയാല്‍ ആവശ്യത്തിന്‌ വെള്ളം ശരീരത്തിന്‌ ലഭിക്കുന്നില്ല എന്നര്‍ത്ഥം.
വെള്ളം തന്നെ പലതരം രാസപ്രക്രിയകള്‍ക്ക്‌ വിധേയമാക്കി ശുദ്ധീകരിക്കാറുണ്ട്‌. 6 തരം വെള്ളമാണ്‌ ഔദ്യോഗികമായി (official monographs) ചികിത്സയ്‌ക്കും മരുന്നുത്‌പാദനത്തിനും ആയി ഉപയോഗിക്കു ന്നത്‌. മാലിന്യങ്ങള്‍ നീക്കം ചെയ്‌ത്‌ രോഗാണുവിമുക്തമാക്കിയാണ്‌ ഇത്തരം വെള്ളത്തിന്റെ ഉത്‌പാദനം. ഇങ്‌ജക്ഷനുകള്‍ക്കായി വെള്ളം ശുദ്ധീകരിച്ചെടുക്കുന്നത്‌ (sterile water for injection) വളരെ സൂക്ഷ്‌മത യോടെയാണ്‌. ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌.