Monday, June 29, 2009

കുടിവെള്ളം കുടിക്കാന്‍ അനുയോജ്യമോ?

കുടിക്കുവാന്‍ അനുയോജ്യമായ വെള്ളം (potable water) നമുക്ക്‌ ലഭിക്കുന്നത്‌ പല സ്രോതസ്സുകളില്‍ നിന്നാണല്ലോ. ജലസേചന വകുപ്പ്‌ വഴി ലഭിക്കുന്ന പൈപ്പുവെള്ളവും പലതരം രാസ പ്രക്രിയകള്‍ വഴി ശുദ്ധീകരിക്കുന്നതാണെന്ന്‌ നമുക്കറിയാം. ഇതിനും ചില മാന ദണ്‌ഡങ്ങള്‍ പാലിക്കുകയും ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്‌. വെള്ളം ഒരു നല്ല ലായകമാണ്‌. അതുകൊണ്ട്‌ പരിസര സംരക്ഷണസമിതി (Environmental Protection Agency - EPA) വെള്ളത്തില്‍ ലയിച്ചുചേരുന്ന 64 തരം മാലിന്യവസ്‌തുക്കളുടെ (pollutants) അളവുകള്‍ക്ക്‌ മാനദണ്‌ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

വെള്ളം എവിടെ നിന്നായാലും (കിണറ്‌, പൈപ്പ്‌, കുപ്പിവെള്ളം, മറ്റ്‌ ജലസ്രോതസ്സുകള്‍) അതിന്റെ ശുദ്ധി പരീക്ഷിച്ചറിയാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. മലിനീകരണ നിയന്ത്രണബോര്‍ഡ്‌ (pollution control board) അനുശാസിക്കുന്ന മാനദണ്‌ഡങ്ങള്‍ക്കനുസരിച്ച്‌ നമുക്ക്‌ ലഭ്യമാകുന്ന വെള്ളം കുടിക്കാന്‍ യോഗ്യമാണോ എന്ന്‌ പരിശോധിച്ചറിയാന്‍ ലബോറട്ടറികളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ ഇത്‌ ഉപയോഗപ്പെടുത്താം. രാസപരിശോധനയും അണുക്കള്‍ ഉണ്ടോ എന്നറിയാനുള്ള (മൈക്രോബയോളജി പരിശോധന) പരിശോധനയും ഉള്‍പ്പെടെ പലതും നമുക്ക്‌ ഇത്തരം ലബോറട്ടറികളില്‍ നിന്ന്‌ ചെയ്‌തു കിട്ടും.

കുടിവെളളം കുപ്പിയിലാക്കുമ്പോള്‍

കുടിവെള്ളം പോലും പണം കൊടുത്ത്‌ വാങ്ങേണ്ടതിലെത്തി നില്‍ക്കുന്നതാണ്‌ ഇന്നത്തെ നമ്മുടെ ആധുനികത. കുടിവെള്ളം കുപ്പിയിലാക്കുമ്പോള്‍ അത്‌ കുപ്പിവെള്ളം (Bottled water) എന്നോ ധാതുജലം (mineral water) എന്നോ ഒക്കെ നാം പറയുന്നു. മറ്റ്‌ പല ഉത്‌പന്നങ്ങളേയും പോലെ കുടിവെള്ളത്തിനും ചില മാനദണ്‌ഡങ്ങള്‍ പാലിക്കണമെന്ന്‌ ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ (Baureau of Indian standard) അനുശാസിക്കുന്നു. അത്തരം മാന ദണ്‌ഡങ്ങള്‍ പാലിക്കുന്ന ഉത്‌പന്നങ്ങള്‍ക്കാണല്ലോ ISI മുദ്ര ലഭിക്കുക. കുടിവെള്ളത്തിനുണ്ടാകേണ്ട ഗുണനിലവാരം എന്താവണമെന്ന്‌ ലോകാരോഗ്യസംഘടക തുടങ്ങിയ അന്തരാഷ്‌ട്ര സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നു. രാസപരിശോധനയിലും, മൈക്രോബയോളജി പരിശോധനയിലും, വിശിഷ്യാ കാഴ്‌ചയിലും വേണ്ടതായ ഗുണനിലവാര സൂചികകള്‍ ദേശീയതലത്തിലും നിര്‍വ്വചിക്കപ്പെടുന്നുണ്ട്‌. ലേബലിലേയ്‌ക്കൊന്ന്‌ നോക്കിയാല്‍ ultra filtered, uv treated, ozonized എന്നൊക്കെ കാണാം. മാനദണ്‌ഡങ്ങള്‍ പാലിക്കപ്പെടണ മെങ്കില്‍ പ്രധാനമായും ഈ വെള്ളം അണുവിമുക്തമായിരിക്കണം. 0.2 മൈക്രോഗ്രാം നമ്പറിലുള്ള അരിപ്പകൊണ്ടു അണുക്കളെ അരിച്ചെടുക്കുമ്പോള്‍ ഈ വെള്ളം ഒരു തരത്തില്‍ അണുവിമുക്ത മാകുന്നു. സ്റ്റെറിലൈസേഷന്‍ (sterilization) എന്ന പ്രക്രിയ വഴിയും അണുനശീകരണം നടത്താം. പ്രഷര്‍കുക്കറിന്റെ ഏകദേശ തത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോക്ലേവ്‌ (atuoclave) എന്ന ഉപകരണത്തില്‍ വച്ച്‌ മര്‍ദ്ദവും ആവിയും ഉപയോഗിച്ചാണ്‌ വ്യാവസായികമായി ഇത്‌ നടത്തുക. 15 പൗണ്ട്‌ മര്‍ദ്ദത്തില്‍, 1200c ചൂടില്‍, അരമണിക്കൂര്‍ ഓട്ടോക്ലേവ്‌ (autoclave) ചെയ്യുമ്പോള്‍ അണുനശീകരണം നടക്കുന്നു. സാധാരണയായി നമ്മുടെ വീട്ടില്‍ വെള്ളം 5 മിനിറ്റ്‌ വെട്ടിത്തിളപ്പിച്ച്‌ ഒരു പരിധി വരെ അണുനശീകരണം നടത്താം. 15-20 മിനിറ്റുവരെ തിളപ്പിക്കുന്നതാണ്‌ ഉത്തമം.

ചിലതരം വാതകങ്ങള്‍ ഉപയോഗിച്ചും വ്യാവസായികമായി അണുനശീകരണം നടത്താം. ഇന്‍ഫോറെഡ്‌ റേഡിയേഷന്‍ (infrared radiation) അള്‍ട്രവയലറ്റ്‌ റേഡിയേഷന്‍
(ultraviolet radiation) ഗാമാ റേഡിയേന്‍ (Gamma radiation) എന്നിവയാണ്‌ അവ. ലളിത മായി പറഞ്ഞാല്‍ അള്‍ട്രാവയലറ്റ്‌ റേഡിയേഷന്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കപ്പെട്ട കുടിവെള്ളമാണ്‌ നാം വാങ്ങുന്നത്‌. ഓസോണൈസ്‌ഡ്‌ (ozonized) എന്നതാണ്‌ അടുത്തത്‌. ഓസോണ്‍ (ozone) എന്ന വാതകം ഒരു ഓക്‌സീകാരി (oxidant) ആണ്‌. ഓക്‌സീകരണം (oxidation) എന്ന രാസ പ്രവര്‍ത്തനം നടക്കും. ക്ലോറിന്‍ ഉപയോഗിച്ച്‌ ക്ലോറിനേഷന്‍ വഴി വെള്ളം ശുദ്ധീകരിക്കുന്നതുപോലെ തന്നെ അത്യാധുനികമായ ജലശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്‌ ഓസോണൈസേഷന്‍ (ozonosation). ഓക്‌സീകരണം (oxidation) വഴിയാണ്‌ അണു ക്കളെ നശിപ്പിക്കുന്നത്‌.

ഇതു പോലെ പലതരത്തില്‍ അണുവിമുക്തമാക്കപ്പെട്ട കുടിവെള്ളം എങ്ങനെ സൂക്ഷിക്ക ണമെന്നും ലേബലില്‍ നിര്‍ദ്ദേശമുണ്ട്‌ . Store in a cool place. അപ്പോള്‍ cool place എന്ന തിന്റെ മാനദണ്‌ഡം അറിയേണ്ടേ.. 80c നും 250c ഇടയിലുള്ള ചൂടാണിത്‌. ഒരിക്കല്‍ തുറന്നു പയോഗിച്ച കുപ്പിയില്‍ വെള്ളം ബാക്കിയുണ്ടെങ്കില്‍ പുറത്തുനിന്നും പുതിയ അണുക്കള്‍ കയറികൂടാനും പെരുകാനും സാദ്ധ്യതയുണ്ടല്ലോ. അതുകൊണ്ട്‌ cool place ല്‍ അതായത്‌ ഫ്രിഡ്‌ജിന്റെ ഏറ്റവും താഴ്‌ന്ന തട്ടില്‍ സൂക്ഷിക്കുക. ഈ വെള്ളത്തിലേക്ക്‌ വീട്ടിലിരിക്കുന്ന വെള്ളം ഒഴിച്ച്‌, വീണ്ടും കുപ്പി നിറച്ച്‌, ഫ്രിഡ്‌ജില്‍ സൂക്ഷിച്ചുവയ്‌ക്കുന്ന പ്രവണത ഒഴിവാക്കുന്നതാണ്‌ ഉത്തമം. ഇനിയാണ്‌ നാം സാധാരണയായി ശ്രദ്ധിക്കാറുള്ള എക്‌സ്‌പയറി തീയതി ( Expiry date ). Best before 6 months from the date of packaging . Date of Packaging നോക്കുക; 6മാസത്തിനുള്ളിലാണ്‌ നാമത്‌ വാങ്ങുന്നതെന്ന്‌ ഉറപ്പുവരുത്തുക. ഉപയോഗശേഷം പ്ലാസ്റ്റിക്‌ കുപ്പികള്‍ നശിപ്പിച്ചുകളയുവാനും ലേബലില്‍ നിര്‍ദ്ദേമുണ്ട്‌. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക്‌ കൊണ്ടല്ല കുപ്പികള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ (PET) എന്നതുകൊണ്ടാണിത്‌. പ്ലാസ്റ്റിക്‌ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്‌സൈയ്‌ന്‍ ( Dioxane )എന്ന രാസവസ്‌തു കാന്‍സറിന്‌ കാരണമാകുമെന്നതു കൊണ്ട്‌ കത്തിച്ചല്ല പ്ലാസ്റ്റിക്‌ നശിപ്പിക്കേണ്ടത്‌ എന്ന കാര്യവും ഓര്‍മ്മയില്‍ വയ്‌ക്കുമല്ലോ

Monday, June 1, 2009

ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും

നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക്‌ (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ്‌ ക്യാന്‍സറിന്റെ ആരംഭം. അതിന്‌ കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്‌ പിന്നീടുണ്ടാകുന്നത്‌. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന്‌ നിയന്ത്രണാതീതമായി പെരുകുന്നവയാണ്‌ ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

പെരുകിക്കൊണ്ടിരിക്കുന്ന പുതിയ കോശങ്ങളെ നശിപ്പിക്കുകയാണ്‌ മരുന്നുകള്‍, റേഡിയേഷന്‍, സര്‍ജറി എന്നീ ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ ചെയ്യുന്നത്‌. അതുകൊണ്ട്‌ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുക എന്നത്‌ പ്രധാനമായ കാര്യമാണ്‌. രോഗം ബാധിച്ച ക്യാന്‍സര്‍ കോശങ്ങളുടെ അളവ്‌ ശരീരത്തില്‍ വര്‍ദ്ധിക്കുന്തോറും ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവയെ നേരിടുവാന്‍ അപര്യാപ്‌തമാകും.
സാധാരണ കോശങ്ങള്‍ക്ക്‌ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ മിക്കപ്പോഴും അവ അത്തരം സാഹചര്യങ്ങളിലാകുവാന്‍ അവസരം ഉണ്ടാകുന്നതു കൊണ്ടാണ്‌. ഉദാഹരണമായി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ തൊലിക്ക്‌ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ മതിയായവയാണ്‌; പലതരം രാസവസ്‌തുക്കള്‍ (പുകയില, മദ്യം, കീടാനാശിനികള്‍, ആസ്‌ബസ്റ്റോസ്‌), വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍, ക്രോമസോം തകരാറുകള്‍, മുതലായ കാന്‍സറിനുകാരണക്കാരായ ഇത്തരം ഘടകങ്ങളെ കാര്‍സിനോജനുകള്‍ എന്ന്‌ വിളിക്കുന്നു. വിട്ടുമാറാത്ത പലതരം രോഗാണുബാധ (ഹെപ്പറ്റൈറ്റിസ്‌ - Hepatitis) വൈറസ്‌, അള്‍സറിനു കാരണമായ ഹെലികോബാക്‌ടര്‍ പൈലോറി എന്ന രോഗാണു) 20% വരെ ക്യാന്‍സറിന്‌ കാരണമാകുന്നു. കൂടാതെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്ത നശൈലി, ഭക്ഷണക്രമം, മദ്യപാനം, പുകവലി ഒക്കെ ഇതിന്‌ കാരണമാണ്‌.

ക്യാന്‍സറില്‍ പുകയിലയ്‌ക്കുള്ള പങ്ക്‌ എന്താണെന്ന്‌ നോക്കാം. ലോകത്താകെ ക്യാന്‍സര്‍മൂലം മരണമടയു ന്നവരില്‍ ഭൂരിഭാഗവും പുകയില ശീലമാക്കിയവരാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം പുകയിലച്ചെടികളുണ്ടെങ്കിലും പ്രധാനമായും നിക്കോട്ടിയാനാ റ്റബാകം (Niocotiana tabaccum) എന്ന ശാസ്‌ത്രീയനാമമുള്ള ചെടിയുടെ മുഴുവന്‍ ഭാഗങ്ങളോ, ഇല മാത്രമായോ പലതരത്തിലുള്ള ഉപഭോഗ വസ്‌തുക്കളായി രൂപം പ്രാപിക്കുന്നു. പുകരൂപത്തില്‍ ഉപയോഗിക്കുന്നവയും (സിഗരറ്റ്‌, ബീഡി) പുകരൂപത്തില്ലാതെ ഉപയോഗി ക്കുന്നവയും ഉണ്ട്‌. പുകരൂപത്തിലല്ലാത്തവയില്‍ റ്റുബാക്കോ ഓറല്‍ സ്റ്റഫും (മൂക്കില്‍പ്പൊടി, പാന്‍പരാഗ്‌), ച്യൂയിംഗ്‌ റ്റുബാക്കോയും (പാന്‍മസാല, ഗുഡ്‌ക) ഉള്‍പ്പെടുന്നു.
4000 ത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്നു. ഒരു സിഗരറ്റില്‍ 0.1 - 2 മി.ഗ്രാം എന്ന തോതില്‍ നിക്കോട്ടിന്‍ എന്ന രാസപദാര്‍ത്ഥവും അതിന്റെ പുകയില്‍ പലതരം പോളിസൈക്ലിക്‌ ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണു (Polycyclic Aromatic Hydrocarbons)കളും അടങ്ങിയിരിക്കുന്നു. പൊതുവെ കാര്‍സിനോജനുകള്‍ എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന ആരോമാറ്റിക അമിനുകള്‍ (Aromatic Amines), ബെന്‍സീന്‍, ഹെവിമെറ്റലുകള്‍ (Heavy metals) എന്നിവയും അതിന്റെ പുകയില്‍ ഉണ്ട്‌. ഇവയെല്ലാംകൂടി സമ്മിശ്രമായി ക്യാന്‍സറിനുള്ള എല്ലാ സാദ്ധ്യതയും ഒരുക്കുന്നു. കൂടാതെ രക്തചംക്രമണ വ്യവസ്ഥയേയും (cardio vascular system) ശ്വാസകോശത്തേയും പലതരത്തില്‍ ഇവ ബാധിക്കുന്നു.

ശ്വാസകോശത്തിനുണ്ടാവുന്ന ക്യാന്‍സര്‍ ആണ്‌ പ്രധാനമെങ്കിലും വായ, തൊണ്ട, അന്നനാളം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം ഇവയൊക്കെ ക്യാന്‍സറിനടിമ പ്പെടാനുള്ള സാദ്ധ്യതകളേറെയാണ്‌. ക്യന്‍സറിനുപുറമെ, കൂടിയ ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍, അതുമൂലമുള്ള കൂടിയ രക്തസമ്മര്‍ദ്ദം, രക്തത്തില്‍ ഓക്‌സിജന്റെ കുറഞ്ഞ അളവ്‌, ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ,്‌ ഹോര്‍മോണുകള്‍, എന്നിവയുടെ കൂടിയ അളവ്‌, രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത (തുടര്‍ന്ന്‌ ഹൃദയാഘാതാവും പക്ഷാഘാതവും - stroke), മലബന്ധം ഇവയൊക്കെ ഉണ്ടാകാം. പുക ഏല്‍ക്കാനിടയാകുന്നതുമൂലം അലര്‍ജി ഉണ്ടാകുവാനും അത്‌ ആസ്‌തമയായിത്തീരുവാനും സാദ്ധ്യതകളേറെയാണ്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ പുകവലിക്കുന്നതും പുക ഏല്‍ക്കാനിടയാകുന്നതും ഗര്‍ഭഛിദ്രം, കാലം തികയും മുമ്പേയുള്ള പ്രസവം (premature
delivery), കുട്ടിക്ക്‌ തൂക്കം കുറവ്‌ എന്നിവയുണ്ടാകാനും സാദ്ധ്യതയുണ്ട്‌.
പഠനങ്ങളനുസരിച്ച്‌ പുകവലിക്കാരില്‍ അള്‍സറിന്റെ നിരക്ക്‌ വളരെ കൂടുതലാണ്‌. ആമാശയത്തിലെ പല പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട്‌ അള്‍സര്‍ ഉണങ്ങുവാന്‍ വളരെ താമസം നേരിടും. ഉണങ്ങിയാലും വീണ്ടും വീണ്ടും ഉണ്ടാകുവാന്‍ സാദ്ധ്യതകളേറെയുമാണ്‌.

സിഗരറ്റിലെ രാസപദാര്‍ത്ഥങ്ങള്‍ കത്തിയെരിഞ്ഞ്‌ പുതിയതരം കാര്‍സിനോജനുകള്‍കൂടി ഉണ്ടാകുന്നു എന്നുള്ളതുകൊണ്ട്‌ പുകവലിക്കുന്ന വ്യക്തിയില്‍ നിന്ന്‌, പുകവലി, ഒരു സാമൂഹിക വിപത്തായി ത്തീരുന്നു. പുകവലിക്കുന്ന സമയത്ത്‌ ചുറ്റും നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിലെ മറ്റാളുകള്‍ക്കും നിരന്തരമായി ഈ കാര്‍സിനോജനുകള്‍ ലഭിക്കുന്നു.

പുകയില്ലാത്ത പുകയില ഉത്‌പന്നങ്ങള്‍ (പാന്‍പരാഗ്‌, പാന്‍മസാല, മൂക്കില്‍പ്പൊടി) എന്നിവയും സിഗരറ്റിനേക്കാള്‍ ഒട്ടും സുരക്ഷിതമല്ല. കാന്‍സറിന്‌ കാരണമായ പലതരം രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന അപകടകാരികളാണിവ. കൂടാതെ പല്ലിനു കേടുമുതല്‍ വായ്‌പ്പുണ്ണ്‌ വരെ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ പര്യാപ്‌തമാണ്‌.
പുകയിലയിലെ രാസപദാര്‍ത്ഥങ്ങള്‍ക്ക്‌ കാര്‍സിനോജനായി മാറാന്‍ ഒരു ആവേഗം (Metabolic activation) ലഭിക്കേണ്ടതുണ്ട്‌. ശ്വാസകോശത്തിലും മറ്റ്‌ ശരീരഭാഗങ്ങളിലുമുള്ള എന്‍സൈമുകളാണ്‌ (Ezymes) ഇത്തരം രാസപ്രവര്‍ത്തനത്തെ സഹായിക്കുന്നത്‌. അങ്ങനെ പുകവലിയില്‍ നിന്ന്‌ ക്യാന്‍സറിലേയ്‌ക്കുള്ള മാര്‍ഗ്ഗം വളരെ എളുപ്പമാക്കിത്തീര്‍ക്കാന്‍ നമ്മുടെ ശരീരം സദാ സന്നദ്ധമായി നില്‍ക്കുന്നു. അതുകൊണ്ട്‌ പുകവലി തുടങ്ങിക്കൊടുത്താല്‍ മാത്രം മതി കാന്‍സറുണ്ടാകുവാന്‍.
എങ്ങനെ പുകവലി നിര്‍ത്താം.

80% പുകവലിക്കാരും അത്‌ നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2,3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന്‌ കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. ശരീരത്തെ സംബന്ധിച്ച്‌ പുകവലി നിര്‍ത്തുക എന്നത്‌ മദ്യപാനം നിര്‍ത്തുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. കാരണം, മദ്യപാനം പെട്ടെന്ന്‌ നിര്‍ത്തിയാല്‍ ശരീരം പ്രതികരിക്കും (withdrawal symptoms). അതുകൊണ്ട്‌ ഡോക്‌ടറുടെ സഹായവും, മരുന്നുകളും, അതിനുമുമ്പ്‌ ഒരു കൗണ്‍സിലിംങ്ങും വളരെ ആവശ്യമാണ്‌. പക്ഷേ പുകവലി നിര്‍ത്തുന്നതുകൊണ്ട്‌ ശരീരം അത്രത്തോളം കാര്യമായി പ്രതികരിക്കില്ല. മനസ്സുറപ്പുണ്ടെങ്കില്‍ ചെറിയ തലവേദന, ഉറക്കമില്ലായ്‌മ, അക്ഷമ എന്നീ ഹൃസ്വകാല ത്തേക്കുണ്ടാകാവുന്ന പ്രതികരണങ്ങളെ ചെറുത്തുനില്‍ക്കാവുന്നതേയുള്ളു. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുണ്ട്‌ (If there is a will, there is way) എന്നത്‌ ഇക്കാര്യത്തില്‍ സ്വീകാര്യമാണ്‌. ചിലര്‍ പെട്ടെന്ന്‌ തീരുമാനമെടുത്ത്‌ നിര്‍ത്തുന്നു. മറ്റു ചിലര്‍ ക്രമേണ കുറച്ച്‌ കുറച്ച്‌ കൊണ്ടു വന്ന്‌ നിര്‍ത്തുന്നു. ആളുകളെ അനുസരിച്ച്‌ ശരീരത്തിന്റെ പ്രതികരണങ്ങളും പലതരത്തിലായിരിക്കും.
പുകവലിയെന്ന ശീലം സ്വയം ഉപേക്ഷിക്കുവാന്‍ പറ്റാത്തവര്‍ക്ക്‌ കൗണ്‍സിലിങ്ങും അതോടൊപ്പം ചികിത്സയും ലഭ്യമാണ്‌. നിക്കോട്ടിന്‍ റീപ്ലെയിസ്‌മെന്റ്‌ തെറാപ്പി (Nicotine Replacement Therapy) നോണ്‍ നിക്കോട്ടിന്‍ ഡ്രഗ്‌ തെറാപ്പി (Non -Nicotine Drug Therapy), ബിഹേവിയറല്‍ തെറാപ്പി (Behavioural Therapy) മറ്റു പലതരം ചികിത്സകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വിജയം സുനിശ്ചയവുമാണ്‌.
പുകവലി നിര്‍ത്താന്‍ ചില വഴികള്‍

1. നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക

2. പുകയിലയുടേയോ പുകയുടേയോ ചെറിയ മണം പോലും തങ്ങി നില്‍ക്കുന്ന സ്ഥലം, വാഹനം, വസ്‌ത്രങ്ങള്‍ ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക.

3. മുമ്പ്‌ പുകവലിക്കാന്‍ സൗകര്യം നല്‍കിയിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യ ങ്ങളേയും ഒഴിവാക്കുക.

4. സാധ്യമെങ്കില്‍ പുകവലി നിര്‍ത്തിയ വ്യക്തികളോടോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ ആളുകളോടോ നമ്മുടെ തീരുമാനം അറിയിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.

5. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ പുകവലി നിര്‍ത്തുക യാണെന്ന നമ്മുടെ തീരുമാനം അറിയിക്കുക. നമ്മെ സഹായിക്കാന്‍ പറയുക.

6. ഉറക്കമില്ലായ്‌മ, അക്ഷമ, ഉല്‍കണ്‌ഠ, ഉത്സാഹമില്ലായ്‌മ, അമിതവിശപ്പ്‌, കൂടിയ ശരീരഭാരം, കുറഞ്ഞ ശ്രദ്ധകേന്ദ്രീകരണശേഷി ഇവയെല്ലാം പുകവലി നിര്‍ത്തിയാല്‍ കുറച്ചു നാളത്തേക്ക്‌ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്‌ (വ്യക്തിയ്‌ക്കനുസരിച്ചും വലിയുടെ തീവ്രതയ്‌ക്കനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാകും) അതുകൊണ്ട്‌ ഇത്തരം പ്രതികരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക.

7. മുകളില്‍പ്പറഞ്ഞ മാനസിക ശാരീരിക മാറ്റങ്ങളെ "അസാദ്ധ്യമായി ഒന്നുമില്ല" ("Nothing is impossible") എന്ന ആപ്‌തവാക്യം കൊണ്ട്‌ നേരിടുക. വ്യായാമം ചെയ്യുക, ഒരു ചൂയിംഗം (Chewing gum) ഉപയോഗിക്കുക, വെള്ളം കുടിക്കുക, ഒരു നല്ല സുഹൃത്തിനെ വിളിച്ച്‌ സംസാരിക്കുക, ഒരു നല്ല ബുക്ക്‌ വായിക്കുക, പറ്റുമെങ്കില്‍ നല്ല ഒരു കുളി നടത്തുക, ഒരു പ്രാര്‍ത്ഥന ചൊല്ലുക, ധ്യാനം ശീലമുള്ളവര്‍ അതു ചെയ്യുക, ഇതൊക്കെ പുകവലിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ മറികടക്കാനുള്ള നല്ല ഉപാധികളാണ്‌. ഏറ്റവും നല്ലത്‌ പുകവലികൊണ്ട്‌ മനുഷ്യശരീരത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊ ള്ളുന്ന ഒരു പടത്തിലേക്ക്‌ ആ സമയത്ത്‌ ഒരു നിമിഷം നോക്കാനുള്ള സാഹചര്യം ഉണ്ടാക്കുക യെന്നതാണ്‌.

8. പുകവലിക്കുന്നയാള്‍ പുകയോടൊപ്പം ശ്വാസം അകത്തേക്ക്‌ വലിക്കുമ്പോള്‍ കൂടിയ അളവില്‍ പ്രാണ വായുവും ഉള്ളിലെത്തുന്നുണ്ട്‌. അത്‌ ശരീരത്തിന്‌ അല്‌പം ഗുണം ചെയ്യുന്നുണ്ട്‌. അത്‌ പുകവലിയുടെ സംതൃപ്‌തിക്ക്‌ കാരണമാകുന്ന ഒരു ഘടകമാണ്‌. ഇത്‌ പുകവലി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാക്കാം. പുകവലിക്കണമെന്ന്‌ തോന്നുമ്പോള്‍ എഴുന്നേറ്റ്‌, ഒരു സിഗരറ്റോ ബീഡിയോ ചുരുളോ വലിക്കുന്ന അത്രയും തവണ ദീര്‍ഘമായി ശ്വാസോഛ്വാസം ചെയ്യുക. ശരീരവും മനസ്സും പുകവലിയുടെ സംതൃപ്‌തിയുടെ വലിയൊരു ഭാഗം അനുഭവിക്കും. പുക വലിയോടുള്ള ആര്‍ത്തി അപ്പോഴത്തേയ്‌ക്ക്‌ ശമിക്കുകയും ചെയ്യും

9. നാമും നമുക്ക്‌ ചുറ്റുമുള്ളവരും കൂടി നമ്മുടെ പുകവലികൊണ്ട്‌ നശിക്കുവാന്‍ ഇടയാകുന്നു; ക്യാന്‍സര്‍ എന്ന മഹാവിപത്താണ്‌ ഫലം എന്നത്‌ കൂടെക്കൂടെ മനസ്സിനെ പറഞ്ഞ്‌ പഠിപ്പിക്കുക.
ഒരിക്കല്‍ പൂര്‍ണ്ണമായും പുകവലി നിര്‍ത്തുവാന്‍ സാധിച്ചാല്‍ ഒരു വര്‍ഷത്തേക്കെങ്കിലും അതാവര്‍ത്തിക്കാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിടുവാന്‍ ശ്രദ്ധിക്കുകയും വേണം.