Tuesday, December 9, 2008

അലര്‍ജിയും ചികിത്സയും

1. എന്താണ്‌ അലര്‍ജി ?
അലര്‍ജി എന്ന വാക്ക്‌ ഗ്രീക്ക്‌ ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌. മാറ്റപ്പെട്ട ഊര്‍ജ്ജം (Altered Energy) എന്നര്‍ത്ഥം വരുന്ന Allos (altered), Ergoes (Energy) എന്ന രണ്ടു ഗ്രീക്ക്‌ വാക്കുകളില്‍ നിന്നാണ്‌ അലര്‍ജിയുറെ ഉത്ഭവം. ഏതെങ്കിലും വസ്‌തുക്കളോടോ (പൊടി, ലോഹങ്ങള്‍), അവസ്ഥകളോടോ (തണുപ്പ്‌, ചൂട്‌, മണം) ഉള്ള ശരീരത്തിന്റെ സാധാരണയില്‍ കൂടുതലായ പ്രതികരണമാണ്‌ (Hypersensitivity) അലര്‍ജി എന്ന്‌ പൊതുവെ പറയുന്നത്‌.
അസുഖങ്ങളേയും രോഗാണുക്കളെയും തടുക്കുവാനുള്ള പ്രതിരോധശേഷിക്കുറവാണ്‌ അകഉട എന്ന അവസ്ഥയില്‍ രോഗി അഭിമുഖീകരിക്കുന്നതെങ്കില്‍ അലര്‍ജിയില്‍ നേരെ തിരിച്ചാണ്‌, ശരീരത്തിന്റെ അവസ്ഥ. കാരണം അസുഖങ്ങളെയും രോഗാണുക്കളെയും തടുക്കുവാനുള്ള ശരീരത്തിന്റെ വര്‍ദ്ധിതമായ പ്രതിരോധശേഷിയാണ്‌ അലര്‍ജിയായി പ്രകടമാകുന്നത്‌.

2. എന്താണ്‌ അലര്‍ജിക്ക്‌ കാരണം?
അലര്‍ജിക്ക്‌ കാരണമാകുന്ന വസ്‌തുക്കളെ അലര്‍ജനുകള്‍ (Allergens) എന്നു വിളിക്കാം. വീടിനകത്തുള്ള പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍, കോസ്‌മെറ്റിക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന അലര്‍ജനുകളെ ഇന്‍ഡോര്‍ അലര്‍ജനുകള്‍ (indoor allergens) എന്നും പുറത്തുള്ളവയെ (പൂമ്പൊടി, ജോലി സ്ഥലത്തുണ്ടാകുന്ന പ്രത്യേകപൊടികള്‍) ഔട്ട്‌ഡോര്‍ അലര്‍ജനുകള്‍ (outdoor allergens) എന്നും വിളിക്കാം.
ഭക്ഷണം, മരുന്ന്‌ എന്നിവമൂലം ഭക്ഷണ അലര്‍ജിയും മരുന്ന്‌ അലര്‍ജിയും (food allergy & medicine allergy) യഥാക്രമം ഉണ്ടാകാം. പ്രാണികളുടേയും മറ്റും കുത്ത്‌, കടി, ഇവ ഏല്‍ക്കുന്നതു മൂലം അവ ഉള്ളില്‍ കടത്തിവിടുന്ന പ്രത്യേകതരം രാസപദാര്‍ത്ഥങ്ങള്‍ (Histamine and other chemicals) മൂലം, ചൊറിഞ്ഞുതടിക്കല്‍ മുതല്‍, രക്ത സമ്മര്‍ദ്ദം കുറയുന്നതിന്റേയും ശ്വാസതടസ്സത്തിന്റെയും ഫലമായി ഉണ്ടാകുന്ന ഷോക്ക്‌ (Anaphylatic shock) വരെ, അലര്‍ജിയുടെ അനന്തരഫലമായി കണ്ടുവരുന്നു. ഭക്ഷണപദാര്‍ത്ഥങ്ങളായ ചോക്കലേറ്റ്‌, മുട്ട, മീന്‍, ഇറച്ചി മുതലായവമൂലം അലര്‍ജി ഉണ്ടാകുമ്പോള്‍ തൊലിയും ദഹനേന്ദ്രിയ ഭാഗങ്ങളുമാണ്‌ പ്രധാനമായും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. വയറുവേദന, തൊണ്ടവീക്കം, ഛര്‍ദ്ദി മുതലായവയാണ്‌ ദഹനേന്ദ്രിയഭാഗങ്ങള്‍ പ്രകടിപ്പിക്കുന്നതെങ്കില്‍ ചൊറിച്ചിലും ചുവന്നുതടിക്കലുമാണ്‌ (Hives)തൊലിക്ക്‌ അനുഭവപ്പെടുക.
മരുന്നിന്റെ അലര്‍ജിക്ക്‌ ഏറ്റവും നല്ല ഉദാഹരണം പെനിസിലിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ്‌. പെന്‍സിലിന്‍ ഇഞ്ചക്ഷന്‍ എടുക്കും മുമ്പ്‌ ടെസ്റ്റ്‌ ഡോസു കൊണ്ട്‌ അലര്‍ജി ടെസ്റ്റ്‌ ചെയ്യുന്നത്‌ സുപരിചിതമാണല്ലോ. ആ ചെറിയ ടെസ്റ്റ്‌ ഡോസുപോലും ചിലപ്പോള്‍, ചിലരില്‍, ഷോക്ക്‌ വരെ ഉണ്ടാക്കിയേക്കാം എന്നതും അറിഞ്ഞിരിക്കേണ്ടതാണ്‌.

3. അലര്‍ജികള്‍ പലതരത്തിലുണ്ടോ?
പല രൂപത്തിലും പല ഭാവത്തിലും അലര്‍ജി പ്രത്യക്ഷപ്പെടാം. ബാധിക്കുന്ന ശരീരഭാഗങ്ങള്‍ക്കനുസരിച്ച്‌ അലര്‍ജിയുടെ പേരുകളും പലതാണ്‌. മൂക്കിനേയും സൈനസുകളേയും (sinuses) ബാധിച്ചിട്ട്‌ തുമ്മലും ജലദോഷവുമാണ്‌ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അത്‌ അലര്‍ജിക്‌ റൈനൈറ്റിസ്‌ (Rhinitis). കണ്ണ്‌, മൂക്ക്‌, തൊണ്ട ഇവ ചൊറിയുന്നതും ചിലപ്പോള്‍ ഇതോടൊപ്പം പ്രകടമാക്കാറുണ്ട്‌. പലപ്പോഴും പനിയുണ്ടാകാനുള്ള സാദ്ധ്യതയും ഇവയെത്തുടര്‍ന്നുണ്ടാകും. ഇതാണ്‌ ഹേ ഫീവര്‍ (Hey fever). ശ്വാസകോശത്തെ ബാധിച്ചിട്ട്‌ ശ്വാസനാളം (airway) സങ്കോചിക്കുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നെങ്കില്‍ അത്തരം അലര്‍ജിയെ ആസ്‌തമ (Asthma) എന്നു വിളിക്കുന്നു. അലര്‍ജന്റെ പിന്നീടുള്ള ശരീരത്തിനകത്തേക്കുള്ള പ്രവേശനം തടയുന്നതിനുള്ള വര്‍ദ്ധിത പ്രതിരോധശേഷിയുടെ പ്രതികരണമാണ്‌ ശ്വാസനാളത്തിന്റെ സങ്കോചം. അലര്‍ജി തൊലിയെ ബാധിച്ചിട്ട്‌ ചൊറിച്ചിലും ചുവന്നുതടിക്കലുമാണെങ്കില്‍ ഹൈവ്‌സ്‌ (Hives) . ശരീരത്തെ മൊത്തമായി ബാധിക്കുമ്പോള്‍ , ഷോക്ക്‌ (Anaphylatic shock) എന്ന അവസ്ഥ വന്നു ചേരും. രക്തക്കുഴലുകള്‍ വികസിക്കുന്നതുകൊണ്ട്‌ രക്തസമ്മര്‍ദ്ദം വളരെ താഴുക, ശ്വാസകോശങ്ങള്‍ സങ്കോചിക്കുന്നതു വഴിയുണ്ടാകുന്ന ശ്വാസതടസ്സം ഇങ്ങനെ എല്ലാംകൂടിച്ചേര്‍ന്ന്‌ ഷോക്കായി പ്രത്യക്ഷപ്പെടുകയാണ്‌ ചെയ്യുക. ചില മരുന്നുകളുടെ അലര്‍ജി, പാമ്പ്‌, തേള്‍, ഉറുമ്പ്‌, ചിലതരം പ്രാണികള്‍ എന്നിവയുടെ കടി, കുത്ത്‌ ഇവമൂലം ഇത്തരം ഷോക്ക്‌ ഉണ്ടാകാനിടയുണ്ട്‌. തക്കസമയത്ത്‌ രോഗിക്ക്‌ വൈദ്യസഹായം കൊടുത്തില്ലെങ്കില്‍ മരണത്തിനുവരെ കാരണമായേക്കാം.

4.അലര്‍ജി ഉണ്ടാകുമ്പോള്‍ എന്താണ്‌ ശരീരത്തില്‍ നടക്കുന്നത്‌ ?
നമ്മുടെ ശരീരത്തിന്റെ വര്‍ദ്ധിത പ്രതിരോധശേഷി, അതിന്‌ യോജിക്കാത്ത പുറമെനിന്നുള്ള വസ്‌തുക്കളുടെ സാന്നിദ്ധ്യം
(Antigen) തിരിച്ചറിയുകയും അതിനെതിരെയുള്ള പ്രതിരോധവസ്‌തുക്കളെ (immunoglobulin antibodies) പൊടുന്നനവെ ശരീരത്തിനുള്ളില്‍ ഉണ്ടാക്കി പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിരോധ വസ്‌തുക്കള്‍ (Antibodies) ശ്വാസകോശഭാഗങ്ങളിലും ദഹനേന്ദ്രിയഭാഗങ്ങളിലും ധാരാളമായി കാണപ്പെടുന്ന ചില പ്രത്യേകകോശങ്ങളു (mast cells) മായി പറ്റിച്ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌, നീര്‌, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ള ഹിസ്റ്റമിന്‍ (Histamine) പോലുള്ള ചില രാസ പദാര്‍ത്ഥങ്ങളെ പുറപ്പെടുവിച്ച്‌ പ്രതികരിക്കുന്നു. ശരീരഭാഗങ്ങള്‍ക്കനുസരിച്ച്‌ പ്രതികരണങ്ങളും രോഗലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കും. ഈ പ്രവര്‍ത്തനങ്ങളെല്ലാം കൂടി അലര്‍ജിയായി ശരീരം പ്രകടമാക്കുന്നു.

5. എന്തുകൊണ്ടാണ്‌ ലക്ഷണങ്ങള്‍ പലതരത്തിലാകുന്നത്‌ ?
ഒരു പ്രത്യേക വ്യക്തി സ്വായത്തമാക്കിയിരിക്കുന്ന ചില ശരീരപ്രത്യേകതകള്‍കൊണ്ട്‌ (inherited tendency of a person) പ്രകടമായ ഒരു കാരണമില്ലാതെയാണ്‌ അലര്‍ജിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇതിന്‌ എട്ടോപ്പി (Atopy)എന്നും അത്തരം ആളുകളെ ഏട്ടോപിക്‌ പേഴ്‌സണ്‍ (Atopic person)എന്നും പറയുന്നു. ഇത്തരം ആളുകള്‍ അലര്‍ജനുകളോട്‌ അപകടകരമായ (harmful)വിധത്തിലാണ്‌ പ്രതികരിക്കുക. അന്തരീക്ഷത്തിലുള്ള അലര്‍ജനുകള്‍ മൂക്കിലൂടെയോ, വായിലൂടെയോ ഉള്ളില്‍ കടക്കുകയോ (പൊടി, വളര്‍ത്തു മൃഗങ്ങളുടെ രോമം, പൂമ്പൊടി, ചിലതരം ഭക്ഷണം, മരുന്നുകള്‍)തൊലിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ (ലോഹങ്ങള്‍ : സ്വര്‍ണം) ചെയ്‌താല്‍ ഇത്തരക്കാരുടെ ശരീരം പെട്ടെന്ന്‌ പ്രതികരിക്കാന്‍ തുടങ്ങും. ഒരു പ്രത്യേക വ്യക്തിക്ക്‌ ഒരു പ്രത്യേക അലര്‍ജനോടുള്ള പ്രതികരണം ആയിരിക്കില്ല മറ്റൊരാള്‍ക്കുള്ളത്‌; വ്യത്യാസപ്പെട്ടിരിക്കും. ബാധിക്കുന്ന ശരീരഭാഗങ്ങളും വ്യത്യസ്ഥമായിരിക്കും. ഇങ്ങനെ പലതരത്തിലുള്ള അലര്‍ജികള്‍ പ്രത്യക്ഷമാകുന്നതിന്‌ വ്യക്തികള്‍ തമ്മിലുള്ള വ്യത്യസ്ഥത (Individual variation) എന്നതല്ലാതെ ഒരു കാരണമോ നിയമമോ പ്രത്യേകമായി പറയാനാകില്ല.

6. പൊതുവായി അലര്‍ജനുകള്‍ എന്ന പട്ടികയില്‍ ചേര്‍ക്കാവുന്നവ എന്തൊക്കെയാണ്‌. ?
അന്തരീക്ഷത്തിലുള്ളവയില്‍ പൊടി, പൂപ്പല്‍ (Fungi), പൂമ്പൊടി എന്നിവ ഏറ്റവും ശക്തിയുള്ള അലര്‍ജനുകളായി കണക്കാക്കാം. പിന്നെ അന്തരീക്ഷ മലിനീകരണവസ്‌തുക്കളില്‍പ്പെടുന്ന മോട്ടോര്‍ വാഹനങ്ങളില്‍ നിന്നും പുറംതള്ളപ്പെടുന്നവയുള്‍പ്പെടെയുള്ള പലതരം വാതകങ്ങളും.
ജീവികളില്‍ നിന്നുള്ളവയില്‍ പാമ്പ്‌, തേള്‍ എന്നിവയുടെ വിഷവും തേനീച്ച, ഉറുമ്പ്‌ മറ്റ്‌ പ്രാണികള്‍ എന്നിവ കുത്തിവയ്‌ക്കുന്ന ചില രാസപദാര്‍ത്ഥങ്ങളും പെട്ടെന്ന്‌ അലര്‍ജിയുണ്ടാക്കാന്‍ സാദ്ധ്യതയുള്ളവയാണ്‌.
മരുന്നുകളില്‍ കാന്‍സറിന്റെ കീമൊതെറാപ്പിക്കുപയോഗിക്കുന്ന മരുന്നുകള്‍, പെന്‍സിലിന്‍, ഹൃദ്രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ മുതല്‍ ആസ്‌പരിന്‍ പോലും അലര്‍ജിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവയാണ്‌. ആസ്‌ത്‌മയായാണ്‌ പ്രധാനമായും ഇവയുടെ അലര്‍ജി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌.
ചിലര്‍ക്ക്‌ ചില രൂക്ഷഗന്ധം, രൂക്ഷഗന്ധത്തോടുകൂടിയ പുക ഇവ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകാം. പെയിന്റ്‌, പൗഡര്‍, പെര്‍ഫ്യും ഇവയുടെ മണം, സിഗരറ്റിന്റെ പുക എന്നിവ ചിലര്‍ക്ക്‌ അലര്‍ജിക്ക്‌ കാരണമാകുന്നത്‌ ഉദാഹരണമാണ്‌.
ഭക്ഷണങ്ങളില്‍ കടലില്‍ നിന്നുമുള്ള മീന്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കള്‍ (sea food), ചോക്കലേറ്റ്‌, മുട്ട, ഇറച്ചി, നാരങ്ങാവിഭാഗത്തില്‍പ്പെട്ട പഴവര്‍ഗ്ഗങ്ങള്‍ (Citrus fruits), ബേക്കറി സാധനങ്ങള്‍ കേടുവരാതെയിരിക്കാന്‍ ചേര്‍ക്കുന്ന ചിലതരം രാസപദാര്‍ത്ഥങ്ങള്‍ (Preservatives)എന്നിവയൊക്കെ പലരിലും അലര്‍ജനുകളായി മാറും. ഭക്ഷണത്തിന്‌ സ്വാദ്‌ ലഭിക്കാന്‍ ഉപയോഗിക്കുന്ന അജിനോമോട്ടോ (ajinomotto) അഥവാ ചൈനീസ്‌ ഉപ്പ്‌ പലര്‍ക്കും അലര്‍ജി ഉണ്ടാക്കുന്നതായി അറിവായിട്ടുണ്ട്‌.
കോണ്‍ഗ്രസു പുല്ല്‌ (Congress grass / Parthenium grass) ഏറ്റവും മുന്തിയ ഒരു അലര്‍ജനാണ്‌. ഇതിന്റെ പൂമ്പൊടി (Pollen)ആണ്‌ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകുന്നത്‌ . രണ്ടുമൂന്നുകിലോമീറ്ററുകള്‍ വരെ ഇതിന്റെ പൂമ്പൊടി പാറിനടക്കും. അതുകൊണ്ട്‌ പുഷ്‌പിക്കുന്ന സമയത്ത്‌ ഇതിന്റെ അലര്‍ജിയുള്ളവര്‍ക്ക്‌ ആസ്‌ത്‌മ ഉണ്ടാകുന്നതായി കണ്ടുവരുന്നു.
പൊടിയില്‍ വസിക്കുന്ന നഗ്നനേത്രങ്ങള്‍ക്ക്‌ കാണാന്‍ കഴിയാത്ത ചെറിയ ജീവികള്‍ (mites), കാര്‍പെറ്റ്‌, ബെഡ്‌ഷീറ്റ്‌, പഴയ അലമാരകള്‍ മുതലായവയ്‌ക്കിടയില്‍ സ്ഥാനം പിടിക്കുന്നവയാണ്‌. അലര്‍ജിയുണ്ടാക്കുന്നതില്‍ മിടുക്കുള്ള ഇക്കൂട്ടരെ ഒഴിവാക്കുവാന്‍ സൂര്യപ്രകാശത്തിനു മാത്രമേ കഴിയൂ. അതുകൊണ്ട്‌ മേല്‍പ്പറഞ്ഞവയൊക്കെ ആഴ്‌ചയിലൊരിക്കല്‍ വെയിലുകൊള്ളിച്ചെടുക്കണം. തറ വൃത്തിയായി തുടച്ചു സൂക്ഷിക്കുകയും വാക്വംക്ലീനറുപയോഗിച്ച്‌ വൃത്തിയാക്കുകയും ചെയ്യണം.
ഇപ്പറഞ്ഞ അലര്‍ജനുകളെകൂടാതെ മാനസികപിരിമുറുക്കം ഒരു പരിധിവരെ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകാറുണ്ട്‌ .

7. അലര്‍ജി ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ?
അന്തരീക്ഷത്തിലുള്ള അലര്‍ജനുകളെ മുഴുവന്‍ നശിപ്പിച്ചിട്ട്‌ അലര്‍ജിയില്‍ നിന്ന്‌ രക്ഷനേടുക എന്നത്‌ നടക്കാത്ത കാര്യമാണ്‌. അനുഭവം കൊണ്ടും നിരീക്ഷണം കൊണ്ടും ഓരോരുത്തര്‍ക്കും ഏതാണ്‌ അലര്‍ജന്‍ എന്ന്‌ കണ്ടുപിടിക്കുന്നതാണ്‌ ആദ്യപടി. അലര്‍ജി ടെസ്റ്റ്‌ നടത്തി കണ്ടുപിടിക്കാമെന്നുള്ളത്‌ ശാസ്‌ത്രനേട്ടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. രക്തത്തില്‍ IgE (Ig = Immunoglobuline) എന്ന ഇമ്മ്യുണോഗ്ലോബുലിന്‍ (Immunoglobulin) കണ്ടു പിടിക്കുന്നത്‌ അലര്‍ജിടെസ്റ്റിന്റെ ഒരു ഭാഗമാണ്‌. തൊലിയില്‍കൂടിയുള്ള ടെസ്റ്റ്‌ (skin prick test) വഴി കുറച്ചുകൂടി കൃത്യമായി അലര്‍ജനുകളെ കണ്ടുപിടിക്കാം. അലര്‍ജന്‍ ഏതാണെന്ന്‌ മനസ്സിലായിക്കഴിഞ്ഞാല്‍ അവയെ ഏതുവിധേനയും ഒഴിവാക്കുവാന്‍ ശ്രമിക്കുകയാണ്‌ രണ്ടാമത്തെ പടി. അത്തരം സാഹചര്യങ്ങള്‍ പരിശ്രമംകൊണ്ട്‌ ഒഴിവാക്കുക തന്നെ വേണം. ചില പ്രത്യേക സ്ഥലങ്ങളിലെ എന്തെങ്കിലും അലര്‍ജനുകള്‍കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങള്‍ വേറൊരു സ്ഥലത്തേക്ക്‌ മാറിത്താമസിക്കുമ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നതായും കണ്ടുവരുന്നു.

8. അലര്‍ജിക്കുള്ള ചികിത്സാരീതികള്‍ എന്തൊക്കെയാണ്‌ ?
അലര്‍ജി വിരുദ്ധമരുന്നുകളാണ്‌ (Antiallergic) ചികിത്സയുടെ ഭാഗമായി ലഭിക്കുക. അലര്‍ജി ലക്ഷണങ്ങളുടെ തീവ്രതയ്‌ക്കനുസരിച്ച്‌ ചികിത്സയും ലഭ്യമാണ്‌. ആസ്‌ത്‌മയ്‌ക്ക്‌ ഉള്ളില്‍ കഴിക്കാനുള്ള മരുന്നുകളോടൊപ്പം വായില്‍കൂടി ശ്വാസത്തോടൊപ്പം വലിക്കാനുള്ള മരുന്നുകള്‍, അവയുടെ ഉപയോഗത്തിനുള്ള പ്രത്യേക ഉപകരണത്തോടു (Inhalers) കൂടി ലഭ്യമാണ്‌. വലിച്ചുപയോഗിക്കാനുള്ളവയില്‍ സ്റ്റിറോയ്‌ഡ്‌സും (Steroids) ലക്ഷണങ്ങളെ കുറയ്‌ക്കാനും തടയാനുമുള്ള മരുന്നുകളും ഉള്‍പ്പെടുന്നു. വായിലൂടെ ശ്വാസകോശത്തിലെത്തിക്കഴിഞ്ഞാല്‍ ഇവയ്‌ക്ക്‌ പ്രവര്‍ത്തിക്കുവാനും അലര്‍ജിലക്ഷണങ്ങള്‍ കുറയ്‌ക്കുവാനും വളരെ കുറഞ്ഞ അളവ്‌ (മൈക്രോഗ്രാം) മതിയാകുമെന്നതാണ്‌ പ്രധാന നേട്ടം. അതുകൊണ്ട്‌ തന്നെ വളരെ സുരക്ഷിതവുമാണ്‌. വൈദ്യസഹായം തേടാതെ അലര്‍ജിക്കുള്ള മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നത്‌ പൊതുവെ കാണുന്ന ഒരു പ്രവണതയാണ്‌. അനുബന്ധപ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു മരുന്നുപോലും ഇല്ല എന്നിരിക്കെ, സ്വയം ചികിത്സ അപകടകരമാണ്‌ എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രായം, ആരോഗ്യം, അസുഖത്തിന്റെ തീവ്രത ഇവ കണക്കിലെടുത്ത്‌ ഏതു മരുന്നാണ്‌ കഴിക്കാനുത്തമം എന്ന ഡോക്‌ടറുടെ നിര്‍ദ്ദേശം വളരെ പ്രധാനമാണ്‌. കുറെ നാളത്തേക്ക്‌ അലര്‍ജിലക്ഷണങ്ങള്‍ കുറച്ച്‌, ശരീരത്തിന്‌ സംരക്ഷണം നല്‍കുന്ന ഇമ്മ്യൂണോതെറാപ്പിയും (Immuno therapy) വൈദ്യശാസ്‌ത്രം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.

9. മരുന്നുകളുടെ പ്രവര്‍ത്തനം എങ്ങനെയാണ്‌ ?
അലര്‍ജിയുടെ ലക്ഷണങ്ങള്‍ കുറയ്‌ക്കുകയാണ്‌ അലര്‍ജി ഉണ്ടായതിനുശേഷമുള്ള മരുന്നുപയോഗം കൊണ്ട്‌ സാദ്ധ്യമാകുന്നത്‌. നമ്മുടെ ശരീരത്തിനകത്ത്‌ കടക്കുന്ന അലര്‍ജനുകളെ സ്വാഭാവികമായി പുറന്തള്ളുവാനുള്ള ശേഷി ശരീരത്തിനുണ്ട്‌. (ജലദോഷം മരുന്നുകഴിച്ചാല്‍ ഒരാഴ്‌ചകൊണ്ടുമാറും; കഴിച്ചില്ലെങ്കില്‍ 7 ദിവസംകൊണ്ട്‌ മാറും എന്ന തമാശ പൊതുവെ അറിവുള്ളതാണല്ലോ) ഇതിന്‌ ഏറെ സമയം വേണം. അതുവരെ ക്ഷമിക്കുവാനുള്ള കരുത്ത്‌ ആളുകള്‍ക്കില്ല. അതുകൊണ്ട്‌ മരുന്നുകള്‍ ഉപയോഗിക്കുന്നു.
അലര്‍ജനുകളെ എതിര്‍ക്കാനായി ശരീരം ഉണ്ടാക്കിയെടുക്കുന്ന ആന്റിബോഡികളുടെ പ്രവര്‍ത്തനത്തെയാണ്‌ അലര്‍ജി വിരുദ്ധമരുന്നുകള്‍ (antiallergic drugs) ആദ്യമെ എതിര്‍ക്കുന്നത്‌. ചുമ ലക്ഷണമായിട്ടുണ്ടെങ്കില്‍ ചുമയുടെ കേന്ദ്രസ്ഥാനത്തെ മന്ദീഭവിപ്പിച്ച്‌ ചുമ കുറയ്‌ക്കുന്നു. ചൊറിച്ചിലാണ്‌ അലര്‍ജിയുടെ രൂപം എങ്കില്‍ നാഡികളുടെ അഗ്രഭാഗത്ത്‌ ഒരു മരവിപ്പ്‌ ഉണ്ടാക്കി ചൊറിച്ചില്‍ കുറയ്‌ക്കുന്നു. ലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കുവാനുയുള്ള ശ്രമത്തിനിടയില്‍ അനുബന്ധപ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു. ചിലവ കേന്ദ്ര നാഡീവ്യൂഹ (Central Nervous System) പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു. അതുവഴി ഉറക്കം വരുത്തുന്നു (sedative action ). കൂടാതെ വായും തൊണ്ടയും വരളുക, കാഴ്‌ച മങ്ങുക, വെളിച്ചത്തോടുള്ള അസാധാരണ പ്രതികരണം (Photosensitivity), മരുന്നിനോടുള്ള ശരീരത്തിന്റെ പ്രതികൂലപ്രതികരണം വഴിയുള്ള മഞ്ഞപ്പിത്തം എന്നിവയൊക്കെ ഉദാഹരണങ്ങളാണ്‌. ശരിയായ അളവില്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ ദീര്‍ഘകാല ഉപയോഗത്തിന്‌ ഇവ ഉപകരിക്കൂ.

10. അലര്‍ജിയുടെ ലക്ഷണങ്ങള്‍ പ്രകടമാകാതെ തടയുവാനുള്ള മരുന്നുകള്‍ ലഭ്യമാണോ?
സ്ഥിരമായി ഒരു പ്രത്യേക അലര്‍ജനോട്‌ ശരീരം പ്രതികരിക്കുന്നു എന്ന്‌ തെളിഞ്ഞാല്‍ അവയെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ അതായത്‌ ഹിസ്റ്റമിന്‍പോലുള്ള രാസപദാര്‍ത്ഥങ്ങളുടെ ഉത്‌പാദനം തടയുന്ന മരുന്നുകള്‍ നേരത്തെ തന്നെ ഉപയോഗിച്ചാല്‍ (Prophylatic) ലക്ഷണങ്ങളെ തടയാം. ഹിസ്റ്റമിന്റെ ഉത്‌പാദനം നടത്തുന്ന മാസ്റ്റ്‌ കോശങ്ങളെ (mast cells) അലര്‍ജനുകള്‍ക്കെതിരെ പ്രതികരിക്കാതെ സ്ഥിരപ്പെടുത്തു (stabilization) കയാണ്‌ ഇവ (Mast cell stabilizers) ചെയ്യുന്നത്‌ . ഇങ്ങനെ സ്ഥിരത കൈവരിക്കുന്നതുകൊണ്ട്‌, അതുവരെ അലര്‍ജനായിരുന്ന വസ്‌തുക്കളുമായി പിന്നീട്‌ ബന്ധപ്പെടുമ്പോള്‍ ശരീരം പണ്ടത്തേതുപോലെ അലര്‍ജി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ പ്രതികരിക്കുകയില്ല എന്നതാണ്‌ നേട്ടം.

11. അലര്‍ജിക്കെതിരെ മരുന്നുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ എന്തൊക്കെയാണ്‌ ?
അലര്‍ജിവിരുദ്ധമരുന്നുകള്‍ക്ക്‌ പല തലമുറകളുണ്ട്‌. അതില്‍ ആദ്യത്തെ തലമുറയില്‍പ്പെട്ടവ (Ist Generation ) യ്‌ക്ക്‌ തലച്ചോറിന്റെ നാഡീകേന്ദ്രത്തെ മന്ദീഭവിപ്പിക്കുകയെന്ന അനുബന്ധപ്രശ്‌നം ഉണ്ട്‌. ആളുകള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെട്ടരിക്കും. ഫിനറമിന്‍ മാലിയേറ്റ്‌ (ബ്രാന്റ്‌ നെയിം - അവില്‍), ക്ലോര്‍ഫിനറമിന്‍ മാലിയേറ്റ്‌ എന്നിവ ഇതില്‍പ്പെട്ടവയാണ്‌. ഗുളിക രൂപത്തില്‍ ഇവ ലഭ്യമാണ്‌. ഉറക്കം തൂങ്ങുന്നതും, ശ്രദ്ധ കേന്ദ്രീകരിയ്‌ക്കാന്‍ പറ്റാതെ വരുന്നതും തലച്ചോറിലെ നാഡീകേന്ദ്രം മന്ദീഭവിക്കുന്നതുമൂലമുള്ള പ്രശ്‌ന ങ്ങളായതുകൊണ്ട്‌ വാഹനമോടിക്കുക, യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ശ്രദ്ധ കൂടുതല്‍ പതിപ്പിക്കേണ്ട ജോലികള്‍ കഴിവതും ഇവ കഴിക്കുമ്പോള്‍ ഒഴിവാക്കേണ്ടതുണ്ട്‌. വൈദ്യോപദേശം കൂടാതെ ഇവ കഴിക്കുന്നത്‌ ഒട്ടും സുരക്ഷിതമല്ല. ഈ വിഭാഗത്തില്‍പ്പെട്ട മരുന്നുകളോടൊപ്പം മറ്റ്‌ ഛഠഇ മരുന്നുകള്‍-പ്രസിക്രിപ്‌ഷന്‍ ഇല്ലാതെ തന്നെ വാങ്ങാവുന്ന over the counter വിഭാഗത്തില്‍പ്പെട്ട; ഉദ: (ഉറക്കഗുളികള്‍, വേദനസംഹാരികള്‍) - കഴിക്കുംമുമ്പേ ഡോക്‌ടറുടെ ഉപദേശം തേടണം. മദ്യം ഇവയുമായി പ്രതിപ്രവര്‍ത്തന (interaction) ത്തിലേര്‍പ്പെടുമെന്നുള്ളതുകൊണ്ട്‌ ഇവ കഴിക്കുന്ന ദിവസങ്ങളില്‍ മദ്യം ഒഴിവാക്കുന്നതും മദ്യപിക്കാറുണ്ടെങ്കില്‍ ഡോക്‌ടറോട്‌ രോഗവിവരങ്ങള്‍ പറയുന്ന സമയത്ത്‌ അത്‌ തുറന്നുപറയുന്നതും ഇവയുടെ ഗുണകരമായ ഉപയോഗത്തിന്‌ വഴിതെളിയ്‌ക്കും. അലര്‍ജി കണ്ടുപിടിക്കുവാന്‍ തൊലിയുടെ ടെസ്റ്റുകള്‍ (skin prick test) ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ശരിയായ റിസല്‍ട്ട്‌ ലഭിക്കുവാന്‍ 4 ദിവസം മുമ്പേ ഇവയുടെ ഉപയോഗം നിര്‍ത്തേണ്ടതാണ്‌. ആസ്‌ത്‌മയുള്ളവര്‍ അലര്‍ജിവിരുദ്ധമരുന്നുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതും ശ്രദ്ധേയമാണ്‌.
രണ്ടാമത്തെ തലമുറ (2nd generation) യില്‍പ്പെട്ട സെട്രിസിന്‍ (cetirizine) ഉള്‍പ്പെടുന്നവയ്‌ക്ക്‌ കൂടുല്‍ നല്ല ഗുണങ്ങളും വളരെ കുറഞ്ഞ അനുബന്ധപ്രശ്‌നങ്ങളുമാണ്‌ പ്രതീക്ഷിക്കുന്നതെങ്കിലും മുകളില്‍പ്പറഞ്ഞ എല്ലാത്തരത്തിലുള്ള പ്രശ്‌നങ്ങളും ആളുകള്‍ക്കനുസരിച്ച്‌ കൂടിയും കുറഞ്ഞും ഇവയ്‌ക്കും ഉണ്ടാകാനിടയുണ്ട്‌. കേന്ദ്രനാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്നില്ല എന്ന്‌ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
വായ്‌ വരളുന്നത്‌ അനുബന്ധപ്രശ്‌നമായതിനാല്‍ ചൂടുവെള്ളംകൊണ്ട്‌ ഇടയ്‌ക്കിടെ വായ കഴുകുന്നതും മിഠായി തിന്നുന്നതും നല്ലതാണ്‌. മൗത്ത്‌വാഷി (Mouth wash) ന്റെ അധിക ഉപയോഗം ഒഴിവാക്കണം. മൗത്ത്‌ വാഷിന്റെ ഉപയോഗം വായ്‌ക്കുള്ളിലെ ആവശ്യമുള്ള ഗുണകരമായ അണുക്കളെ നശിപ്പിക്കുമെന്ന്‌ മാത്രമല്ല അവയിലുള്ള ആല്‍ക്കഹോളിന്റെ അംശം വായ വരളുന്നതിന്‌ ആക്കം കൂട്ടുകയും ചെയ്യും.
ഗര്‍ഭകാലത്ത്‌ ഗര്‍ഭിണികള്‍ ഇവയുടെ ഉപയോഗം ഒഴിവാക്കണം; ആ സമയത്തുള്ള ഉപയോഗം സുരക്ഷിതമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടില്ലാത്തതുതന്നെ കാരണം. പ്രത്യേകിച്ചും അവസാനത്തെ മൂന്നു മാസങ്ങളില്‍ ഇവ തീര്‍ത്തും ഒഴിവാക്കണമെന്ന്‌ ചില നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നു. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക്‌ തലച്ചോറില്‍ അപസ്‌മാരം പോലുള്ള അവസ്ഥ വന്നുചേരാനിടയുള്ളതുകൊണ്ടാണിത്‌. മുലപ്പാലിലൂടെ വളരെ ചെറിയ അംശം ഉപയോഗശേഷം പുറന്തള്ളപ്പെടാനിട യുള്ളതുകൊണ്ട്‌ മുലയൂട്ടുന്ന അമ്മമാര്‍ ഇവയുപയോഗിക്കാന്‍ പാടില്ല.
പ്രായമായവരില്‍ ഭൂരിഭാഗവും ഇവയുടെ അനുബന്ധപ്രശ്‌നങ്ങളോട്‌ പ്രതികരിക്കാന്‍ സാദ്ധ്യതയുണ്ട്‌. മന്ദത, താഴ്‌ന്ന രക്തസമ്മര്‍ദ്ദം, മൂത്രതടസ്സം, മുതലായവ പ്രതികരണത്തില്‍ ഉള്‍പ്പെടുന്നു. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഉറക്കമില്ലായ്‌മയുള്‍പ്പെടുന്ന അനുബന്ധപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാനിടയുണ്ട്‌. വയറ്റില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട്‌ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ്‌ നല്ലത്‌.

11. എന്താണ്‌ ആസ്‌ത്‌മ
ശ്വാസനാളത്തിന്റെ വര്‍ദ്ധിതപ്രതിരോധശേഷി അലര്‍ജനുകളെ എതിരിടാന്‍ വേണ്ടി ശ്വാസനാളം സങ്കോചിപ്പിക്കുക, ചുമ, കൂടുതല്‍ കഫം (excessive secretion of viscid mucus) ഉത്‌പാദിപ്പിക്കുക എന്നീ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമ്പോള്‍ ശബ്‌ദത്തോടുകൂടിയ ശ്വാസോഛ്വാസവും ശ്വാസതടസ്സവും ഉണ്ടാകും. ശ്വാസനാളത്തിനുള്ളിലുള്ള നീര്‍വീക്കവും കൂടിച്ചേരുമ്പോള്‍ അത്‌ ആസ്‌തമയാകുന്നു. ആഘാതങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നത്‌ തടയാനായി മരുന്നുകള്‍ ഇങ്ങ്‌ജക്ഷനുകളായും ഇന്‍ഹലേറ്ററുകളായും ലഭ്യമാണ്‌. ചുരുങ്ങിയിരിക്കുന്ന ശ്വാസകോശത്തെ വികസിപ്പിച്ചാണ്‌ രോഗശമനം നല്‍കുന്നത്‌. ആസ്‌തമ കൂടുതലായാല്‍ ഇവ വേണ്ടത്ര ഫലിക്കാതായേക്കാം അതു കൊണ്ട്‌ സ്റ്റിറോയ്‌ഡ്‌സ്‌ കൂടി ചികിത്സയില്‍ ഉള്‍പ്പെടുത്താറുണ്ട്‌.

12. ആസ്‌ത്‌മ രോഗികള്‍ തുടര്‍ച്ചയായി സ്റ്റിറോയിഡ്‌സ്‌ (steroids) ഉപയോഗിക്കുന്നതുകൊന്ട്
അനുബന്ധപ്രശ്‌നങ്ങളുണ്ടാകില്ലേ ?.
മരുന്നുലോകത്തിലെ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ അനുബന്ധപ്രശ്‌നങ്ങളെ വളരെ ലഘൂകരിക്കുന്നുണ്ട്‌. വായില്‍ക്കൂടി (Orally) കഴിക്കുമ്പോള്‍ മറ്റു മരുന്നുകളേപ്പോലെതന്നെ സ്റ്റിറോയ്‌ഡ്‌സും രക്തത്തിലെത്തിച്ചേര്‍ന്നതിനുശേഷമാണ്‌ പ്രവര്‍ത്തനം തുടങ്ങുന്നത്‌. കുറെക്കാലം
ഉപയോഗിക്കുമ്പോള്‍ അനുബന്ധപ്രശ്‌നങ്ങള്‍ പ്രതികൂലമായിത്തീരും. രോഗപ്രതിരോധശേഷി കുറയുന്നതു (immuno suppression) മൂലം ഏതുതരം രോഗാണുബാധയ്‌ക്കും സാദ്ധ്യതയുണ്ടാകുക, ശരീരഭാരം കൂടുക, അഡ്രിനല്‍ കോര്‍ട്ടക്‌സ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാവുക ഇവയൊക്കെ അതിലുള്‍പ്പെടുന്നു. എന്നാല്‍ പുതിയ മീറ്റേര്‍ഡ്‌ ഡോസ്‌ ഇന്‍ഹേലേഴ്‌സ്‌ (MDI) വഴി സ്റ്റിറോയ്‌ഡ്‌സ്‌ വായിലേക്ക്‌ സ്‌പ്രേ ചെയ്‌ത്‌ ശ്വാസത്തോടൊപ്പം വലി ച്ചെടുക്കാമെന്നുള്ളതു കൊണ്ട്‌ രക്തത്തില്‍ എത്തുന്നതേ ഇല്ല. അതുകൊണ്ടുതന്നെ പ്രതികൂലപ്രശ്‌നങ്ങളും ഇല്ല. ഉദാഹരണത്തിന്‌ ബെക്ലേറ്റ്‌ -200 ഇന്‍ഹേലര്‍. ബെക്ലോമെതസോണ്‍ എന്ന സ്റ്റിറോയിഡാണിത്‌. ഒരു ഡോസില്‍ 200 മൈക്രോഗ്രാം (Microgram) മരുന്നേ അടങ്ങിയിട്ടുള്ളൂ; ശ്വാസനാളത്തിലും ശ്വാസകോശത്തിലും എത്തിച്ചേര്‍ന്ന്‌ രോഗശമനവും ലഭിക്കും.
രക്തത്തില്‍ കലരാത്തതുകൊണ്ട്‌ സ്ഥിരമായ ഉപയോഗം മറ്റ്‌ പ്രതികൂല പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും വായിലൂടെ വലിക്കുമ്പോള്‍ വളരെ ചെറിയ അംശംപോലും തങ്ങിനിന്നാല്‍ വായ്‌ക്കുള്ളിലെ പ്രതിരോധശേഷി കുറയാനും ഫംഗസ്‌ ബാധയ്‌ക്കും (Oral candidiasis) കാരണമാകും. ചെറുചൂടുവെള്ളം കൊണ്ട്‌ വായ കഴകുകയാണ്‌ പ്രതിവിധിയായി ചെയ്യാവുന്നത്‌. രണ്ടാമത്തെ പ്രശ്‌നം, നേരിട്ട്‌ സ്‌പ്രേ ചെയ്യുമ്പോള്‍ സ്വനതന്തുക്കളെ (Vocal cords) ബാധിച്ച്‌ നീര്‍വീക്കം ഉണ്ടാകാനും തത്‌ഫലമായി ശബ്‌ദം പരുപരുത്തതായി (Hoarseness) തീരാനും സാദ്ധ്യത ഏറെയാണെന്നതുതന്നെ.
മൂന്നാമതായി, വായിലേയ്‌ക്ക്‌ സ്‌പ്രേ ചെയ്യുന്ന സമയത്തുതന്നെ ശ്വാസം ഉള്ളിലേക്ക്‌ വലിക്കേണ്ടതുണ്ട്‌ (Hand-lung Cordination). ഇത്‌ പ്രായമായവര്‍ക്കും തീരെ ചെറിയ കുട്ടികള്‍ക്കും വളരെ ബുദ്ധിമുട്ടാണ്‌.
മുകളില്‍പ്പറഞ്ഞ മൂന്നു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സ്‌പേസര്‍ (Spacer) എന്ന ഉപകരണം മരുന്നിനോടൊപ്പം വാങ്ങുന്നത്‌ നല്ലതാണ്‌. രണ്ടറ്റവും തുറന്ന, കൂടിയ നടുഭാഗവ്യാസമുള്ള പ്ലാസ്റ്റിക്‌ ജാറാണ്‌ സ്‌പേസര്‍. ഒരറ്റം ഇന്‍ഹേലര്‍ (MDI) ഉറപ്പിക്കുവാനും മറ്റേ അറ്റം വായ്‌ക്കുള്ളില്‍ വയ്‌ക്കുവാനുമായിട്ടാണ്‌ ഇതിന്റെ രൂപകല്‌പന. ഒരറ്റത്ത്‌ മരുന്ന്‌ അടങ്ങിയ ഇന്‍ഹേലര്‍ (MDI) ഉറപ്പിച്ചതിനുശേഷം മറ്റേ അറ്റം വായയ്‌ക്കുള്ളില്‍ വയ്‌ക്കുക. മരുന്ന്‌ സ്‌പേസറിനുള്ളിലേക്ക്‌ സ്‌പ്രേ ചെയ്യുകയാണ്‌ അടുത്തപടി. സ്‌പേസറിനുള്ളിലെ വായുമായി മരുന്നിന്റെ തന്മാത്രകള്‍ കലരും. അതിനുശേഷം പതുക്കെ വായിലൂടെ മരുന്ന്‌ വലിച്ചെടുത്താല്‍ മതിയാകും. സ്‌പ്രേ ചെയ്യുമ്പോള്‍ തന്നെ ശ്വാസം ഉള്ളിലേക്ക്‌ എടുക്കുന്നത്‌ (Hand lung Co-ordination) ബുദ്ധിമുട്ടുള്ളവര്‍ക്ക്‌ വളരെ സഹായകരമാണ്‌ ഈ രീതി.

13. മാനസീക സമ്മര്‍ദ്ദ (Stress) വും ആസ്‌തമയും തമ്മില്‍ ബന്ധമുണ്ടോ ?
തീര്‍ച്ചയായും. മനസ്സിന്റെ സമാധാനം (Peace of Mind) വളരെ സുപ്രധാനമായ കാര്യമാണ്‌. സമ്മര്‍ദ്ദങ്ങള്‍ എപ്പോഴും ആസ്‌തമയുടെ ലക്ഷണങ്ങള്‍ കൂട്ടും. പല മരുന്നുകള്‍ ചെയ്‌തിട്ടും ആസ്‌തമയ്‌ക്ക്‌ ഒരു കുറവും ലഭിക്കാത്തവര്‍, ധ്യാനവും
(Meditation) പ്രാര്‍ത്ഥനയും വഴി സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌.

11 comments:

Unknown said...

അലര്‍ജി എന്ന വാക്ക്‌ ഗ്രീക്ക്‌ ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌

ഹരീഷ് തൊടുപുഴ said...

മാഡം;
സാധാരണക്കാരനായ എനിക്ക് ഈ ലേഖനം വളരെയേറെ ഉപകരിക്കുന്ന ഒന്നാണ്. വളരെയേറെ നന്ദി...
ഒരു സംശയം കൂടി ചോദിച്ചോട്ടെ;
എന്റെ അമ്മ ഇന്നലെ കൈയ്ക്കുവേദന മൂലം മരുന്നു വാങ്ങിച്ചു കഴിച്ചു; കഴിച്ചപ്പോള്‍ മുതല്‍ അമ്മയുടെ മേല്‍ചുണ്ട് തടിച്ചിരിക്കുകയാണ്. അതു തന്നെ മാറുമൊ? അതിനിനിയും ഡോക്ടറെ കാണേണ്ടതുണ്ടോ? ചിക്കെന്‍ ഗുനിയ വന്ന സമയത്തും അന്ന് മരുന്നുപയോഗിച്ചപ്പോള്‍ അലര്‍ജി ഉണ്ടായിരുന്നു. ഇതില്‍ നിന്നും മനസിലാക്കേണ്ടത് എന്താണ്? അമ്മയുടെ ശരീരം അലര്‍ജെറ്റിക് ആണെന്നാണോ? അമ്മയ്ക്ക് 62 വയസ്സോളമായി..
ഒരു നിര്‍ദ്ദേശം തരാമൊ??

ശ്രീ said...

ഈ ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധിയ്ക്കുന്നത്. എല്ലാവര്‍ക്കും വളരെ പ്രയോജനപ്രദമായ ഒന്ന്.

തുടരുക, ആശംസകള്‍!

Appu Adyakshari said...

വളരെ വളരെ നന്ദി... എല്ലാം അറിയാൻ പാടില്ലാഞ്ഞ വിവരങ്ങൾ (അലർജി എന്ന് വാക്കൊഴികെ).

ആദ്യ പാരഗ്രാഫിൽ കാണുന്ന അക‌ഉട എന്ന വാക്കെന്താണ്? അക്ഷരപിശാചാണോ?

Rejeesh Sanathanan said...

വളരെ ഉപകാരപ്രദമായ ലേഖനം

Unknown said...

dear leena.
words in medical field can be borrowed from either greek, french or some other sources. i referred and found so. other versions may be there. thnks 4 the information.

dear harish, thanks for d gd words.
u ve to consult the Dr. who prescribed d drug, as sn as posble.
then d Dr also become come to know about d adverse drug reactions. so a help 4 ur mother as wll as ur Dr. allergy, d second time with the same drug , chances of allergy towrds d drug. tk care.

Unknown said...

dr sree, thanks.

dr appu. thanks for d boost. i ll tru to avoid spellg mstakes.

dr. mallu on chage

thanq

Unknown said...
This comment has been removed by the author.
Anonymous said...

valare vilappetta arivukal.

thanks

ശ്രീ said...
This comment has been removed by the author.
MaAtToOsS said...

greaT