Wednesday, February 24, 2010

അലോപ്പതി മരുന്നുകളുടെ ബാച്ച്‌ നമ്പര്‍

ഒരു മരുന്ന്‌ ഏത്‌ ബാച്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന്‌ മരുന്നിന്റെ ലേബലില്‍ ബാച്ച്‌ നമ്പര്‍ (Batch No.) എന്നതിനുനേരെ രേഖപ്പെടുത്തിയിരിക്കും. പല ദിവസങ്ങളില്‍ പല ബാച്ചുകളിലായാണ്‌ ഒരു മരുന്നിന്റെ ഉത്‌പാദനം നടക്കുന്നത്‌. ഒരുമിച്ച്‌ ഒരു തീയതിയില്‍ ഉത്‌പാദനത്തിനായെടുക്കുന്ന അസംസ്‌കൃതവസ്‌തുക്കള്‍ (raw materials) ക്കെല്ലാം കൂടി (മരുന്നായി രൂപപ്പെട്ടതിനുശേഷവും) ഒരു പ്രത്യേക നമ്പര്‍ കൊടുക്കുന്നു. ഉദാഹരണമായി ഒരു ബാച്ചില്‍ മൂന്നുലക്ഷം ഗുളികകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നുവെങ്കില്‍ ആ മൂന്നുലക്ഷം ഗുളികകള്‍ക്കും ഒരേ ബാച്ച്‌ നമ്പര്‍ തന്നെയാവും രേഖപ്പെടുത്തിയിരിക്കുന്നത്‌.
ബാച്ച്‌ നമ്പറിന്റെ പ്രസക്തി
മരുന്നുകമ്പനികളില്‍ പ്രധാനമായി രണ്ടു വിഭാഗങ്ങളാണ്‌ ഉണ്ടാവുക; ഉത്‌പാദനവിഭാഗവും
(Production Section) ഗുണനിലവാര നിര്‍ണ്ണയ വിഭാഗവും (Quality Control Section) ഉത്‌പാദനത്തിനെടുക്കുന്നതിന്‌ മുമ്പ്‌ എല്ലാ അസംസ്‌കൃത വസ്‌തുക്കളും ഗുണനിലവാരനിര്‍ണ്ണയ (Quality assurance) ത്തിന്‌ വിധേയമാക്കും. പരിശോധനയില്‍ മാനദണ്‌ഡങ്ങള്‍ക്കനുസരിച്ചുള്ള മേന്മയുണ്ടെന്ന്‌ ഉറപ്പായാല്‍ അവ മരുന്നുത്‌പാദനത്തിനായെടുക്കും. മരുന്നുത്‌പാദനത്തിനുശേഷം വീണ്ടും അവ ലബോറട്ടറിലെത്തും. മരുന്നായി മാറിയതിനുശേഷമുള്ള മാനദണ്‌ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാനുള്ള പരിശോധനക (Quality contol tests) ളാണ്‌ പിന്നീട്‌ നടത്തുന്നത്‌. ഗുണനിലവാരനിര്‍ണ്ണയം നടത്തിയതിനുശേഷം ആ ബാച്ചിലെ മരുന്ന്‌ പരിശോധനകള്‍ പാസ്സായിരിക്കുന്നു എന്ന്‌ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍
(Quality Control Manager) ഒപ്പിട്ടതിനുശേഷമാണ്‌ വിതരണത്തിനയയ്‌ക്കുന്നത്‌.
ചെറുകിടമരുന്ന്‌കമ്പനികളില്‍, ഗുണനിലവാര നിര്‍ണ്ണയത്തിനുള്ള ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പലപ്പോഴും കാണുകയില്ല. ഉണ്ടെങ്കില്‍ത്തന്നെ വേണ്ടത്ര സൗകര്യങ്ങളോ യന്ത്രസംവിധാനമോ ഉണ്ടാകുകയുമില്ല. ഇത്തരം സംവിധാനങ്ങളുള്ള മറ്റു ലബോറട്ടറികളില്‍ അയച്ചുകൊടുത്താവും തങ്ങള്‍ ഉണ്ടാക്കിയ മരുന്നിന്റെ ഗുണനിലവാരനിര്‍ണ്ണയം ഇത്തരം കമ്പനികള്‍ നടത്തുന്നത്‌. മതിയായ മൂല്യനിര്‍ണ്ണയം നടത്താതെ മരുന്നുകള്‍ വിതരണത്തിനെത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ ഇതൊരു കാരണമാണ്‌. ലക്ഷക്കണക്കിന്‌ വിലവരുന്ന മരുന്ന്‌, ഉത്‌പാദനത്തിനുശേഷം, മതിയായ നിലവാരം പുലര്‍ത്തുന്നില്ല എന്ന്‌ തെളിയുമ്പോള്‍ അതിനുനേരെ കണ്ണടയ്‌ക്കുന്ന പ്രവണതയും നിലവാരമില്ലാത്ത മരുന്ന്‌ വിതരണത്തിനെത്താന്‍ കാരണമാകും. യന്ത്രസംവിധാനങ്ങളുടെ പ്രവര്‍ത്തനക്രമക്കേടുകൊണ്ടോ പാകപ്പിഴകള്‍കൊണ്ടോ പരിശോധനാഫലങ്ങളില്‍ മാറ്റമുണ്ടാകുന്നത്‌ മറ്റൊരു സാദ്ധ്യതയാണ്‌. കാരണങ്ങളെന്തായാലും വിതരണത്തിന്‌ കമ്പനിയില്‍ നിന്ന്‌ പുറത്തിറങ്ങിയതിനുശേഷവും മരുന്നിന്റെ ഗുണനിലവാരമില്ലായ്‌മ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അപ്പോള്‍ ?നിരോധിച്ച
മരുന്നുകള്‍? എന്ന തലക്കുറിയോടെ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ (Drugs Control Department) പത്രങ്ങളില്‍ പരസ്യം ചെയ്യും. ആ ലിസ്റ്റില്‍ മരുന്നിന്റെ പേരും, നിര്‍മ്മാതാവിന്റെ പേരും, ബാച്ച്‌ നമ്പറും ആണ്‌ ഉണ്ടാവുക. ഇങ്ങനെ നിരോധിക്കപ്പെട്ട മരുന്ന്‌ - അതായത്‌ ഒരു പ്രത്യേക കമ്പനിയുടെ ?പ്രത്യേക ബാച്ച്‌ നമ്പര്‍? ഉള്ള മരുന്ന്‌ - പിന്നീട്‌ വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്‌.
താന്‍ പണം കൊടുത്ത്‌ വാങ്ങുന്ന മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള അവകാശം രോഗിക്കുണ്ട്‌. ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിശോധനാ ലബോറട്ടറികളില്‍ ഇതിനുള്ള സൗകര്യമുണ്ട്‌. കേരളത്തില്‍ തിരുവനന്തപുരത്തുള്ള ഡ്രഗ്‌സ്‌ ടെസ്റ്റിങ്ങ്‌ ലബോറട്ടറി (Drugs testing laboratory) യില്‍ ഗുണനിലവാരം ഉറപ്പുവരുത്തേണ്ട മരുന്നിന്റെ സാമ്പിള്‍ (sample) കൊടുത്ത്‌ ഫീസടച്ചാല്‍ പരിശോധനാഫലം (result) ലഭിക്കും. Drugs testing laboratory, Red cross road, Vanchiyoor Post, Thiruvananthapuram - 35 എന്നതാണ്‌ വിലാസം. പൊതുജനങ്ങള്‍ക്ക്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്‌. സൗജന്യമായി ആശുപത്രിയില്‍ നിന്ന്‌ ലഭിക്കുന്ന മരുന്നിന്റെ ഗുണനിലവാരവും ആവശ്യമെന്ന്‌ തോന്നുന്നപക്ഷം ഈ ലബോറട്ടറിയില്‍ കൊടുത്ത്‌ ഉറപ്പാക്കാം. ചീഫ്‌ ഗവണ്‍മെന്റ്‌ അനലിസ്റ്റ്‌ (Chief Government Analyst) ആണ്‌ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്‌.

3 comments:

Unknown said...

...

sainualuva said...

നന്ദി ഈ അറിവിന്‌ ....

Unknown said...

നന്ദി തിരിച്ചും ഉണ്ട്, ഈ സന്ദര്‍ശനത്തിന്......,നല്ല വാക്കുകള്‍ക്കും