Wednesday, November 5, 2008

പ്ലാസ്റ്റിക്കിന്റെ ഉപയോഗം ശ്രദ്ധയോടെ

പ്ലാസ്റ്റിക്കിനെപ്പറ്റിയും പല തരം പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴും ഉപയോഗശേഷം ഉപേക്ഷിക്കുമ്പോഴും മനുഷ്യനും പ്രകൃതിയ്‌ക്കും വരുന്ന പ്രശ്‌നങ്ങളെപ്പറ്റിയും നമുക്ക്‌ വളരെ അവബോധം ഉണ്ട്‌. പക്ഷേ നാം ഒരു ലോഭവും കൂടാതെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഓരോരു ത്തരും ബോധപൂര്‍വ്വം ഇവയുടെ ഉപയോഗനിരക്ക്‌ കുറയ്‌ക്കുക എന്നത്‌ പ്രാവര്‍ത്തികമാക്കാ വുന്നതാണ്‌. ഉപയോഗശേഷം ഉപേക്ഷിക്കപ്പെട്ടവ എന്തുചെയ്യണമെന്നതിന്റെ ചര്‍ച്ചകളെ തുടര്‍ന്നുള്ള പ്രാഥമിക സംരംഭങ്ങളെപ്പറ്റിയും പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിച്ച്‌ ആറായി തരം തിരിച്ച്‌ റീസൈക്കിള്‍ ചെയ്യുവാനാണ്‌ ഇത്തരം സംരംഭങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും മാധ്യമങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ വാങ്ങുമ്പോള്‍ പല വിഭാഗത്തില്‍പ്പെട്ട പ്ലാസ്റ്റിക്കുകളെ തിരിച്ചറിയുവാനായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്ന്‌ അറിഞ്ഞുവെയ്‌ക്കുന്നത്‌ നന്നായിരിക്കും.
പല വിഭാഗത്തില്‍പ്പെട്ട പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങളെ പ്രധാനമായും 1 മുതല്‍ 7 വരെ കോഡ്‌ നമ്പര്‍ നല്‍കി തരംതിരിച്ചിരിക്കുന്നു. ലേബലിലോ പാത്രങ്ങളുടെ മറ്റുഭാഗങ്ങളിലോ ഇത്തരം നമ്പറുകളോ ചുരുക്കപ്പേരുകളോ രേഖപ്പെടുത്തിയിരിക്കും. നമ്മുടെയൊക്കെ വീടുകളിലെ ഫ്രിഡ്‌ജില്‍ കയറിക്കൂടിയിരിക്കുന്ന കുടിവെള്ള കുപ്പികളും ലഘുപാനീയ (soft drinks) കുപ്പികളും ഒന്ന്‌ നിരീക്ഷിക്കാം. ലേബലിലോ മറ്റെവിടെയെങ്കിലുമോ PET (പോളി എഥിലിന്‍ റ്റെറി താലേറ്റ്‌ എന്നതിന്റെ ചുരുക്കപ്പേരാണ്‌ PET) എന്നോ ത്രികോണാകൃതിക്കുള്ളില്‍ നമ്പര്‍ ഒന്ന്‌ - .... എന്നോ രേഖപ്പെടുത്തിയിട്ടുണ്ടാകും. Please destroy the bottle after use / crush the bottle after use എന്ന നിര്‍ദ്ദേശവുംകാണാം. കടയില്‍ നിന്ന്‌ മറ്റാവശ്യങ്ങള്‍ക്ക്‌ പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ വാങ്ങുമ്പോഴും PET എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ ശ്രദ്ധിക്കുക. കാരണം ഈ ഗ്രേഡില്‍പ്പെട്ട പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിക്കുവാന്‍ വേണ്ടി മാത്രമാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്‌. റീസൈക്കിള്‍ ചെയ്‌തെടുത്താലേ വീണ്ടുമുള്ള ഉപയോഗത്തിന്‌ സാദ്ധ്യമാകൂ. പക്ഷേ ഇവയൊക്കെ നമ്മുടെ ഫ്രിഡ്‌ജിലും വഴിയോരത്തുമൊക്കെ കിടക്കുകയല്ലേ.
നമ്പര്‍ 2 (ഹൈഡന്‍സിറ്റി പോളി എഥിലീന്‍ HDPE), നമ്പര്‍ 3 (പോളിവിനൈല്‍ക്ലോറൈഡ്‌ - PVC), നമ്പര്‍ 4 (ലോഡെന്‍സിറ്റി പോളി എഥിലീന്‍- LDPE, പെറ്റിക്കോട്ട്‌ ബാഗുകള്‍, ഭക്ഷണം പൊതിയാനുള്ള പേപ്പറുകള്‍), നമ്പര്‍ 6 (പോളിസ്റ്റൈറീന്‍), നമ്പര്‍ 7 (പോളികാര്‍ബണേറ്റ്‌ - വാട്ടര്‍ബോട്ടിലുകള്‍, ബേബി ബോട്ടിലുകള്‍) എന്നിങ്ങനെയാണ്‌ പല വിഭാഗത്തില്‍പ്പെട്ട പ്ലാസ്റ്റിക്‌ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പോളിമെറുകളുടെ കോഡിങ്ങ്‌. പാത്രങ്ങളില്‍ നമ്പറുകളോ ചുരുക്കപ്പേരുകളോ ഉണ്ടോ എന്ന്‌ നോക്കി ഇവയൊന്നും വീണ്ടും വീണ്ടും കഴുകിയെടുത്തുള്ള ഉപയോഗിത്തിനുള്ളവയല്ലെന്ന്‌ ഓര്‍മ്മവയ്‌ക്കുക.
നമ്പര്‍ 5 (പോളിപ്രൊപിലീന്‍ - PP) എന്ന വിഭാഗം പ്ലാസ്റ്റിക്‌ ആണ്‌ ആശാവഹമായുള്ളത്‌. ഇവ വീണ്ടും വീണ്ടും കഴുകിയെടുത്ത്‌ ഭക്ഷണപാനീയങ്ങള്‍ സൂക്ഷിക്കുവാനായി സുരക്ഷിതമാണെന്ന്‌ ഗവേഷണവൃത്തങ്ങള്‍ പറയുന്നു. മറ്റു വിഭാഗത്തില്‍പ്പെട്ടവ (1,2,3,4,6,7 നമ്പര്‍ കോഡിങ്ങ്‌ ഉള്ളവ) വീണ്ടും വീണ്ടും കഴുകുമ്പോഴും ഭക്ഷണപാനീയങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കുമ്പോഴും പലതരം രാസപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നു. ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഭക്ഷണപാനീയങ്ങളിലേക്ക്‌ ഊറിയിറങ്ങി കാന്‍സറിന്‌ കാരണമാകുവാനും ഹോര്‍മോണുകള്‍ക്ക്‌ ക്ഷതം വരുത്താനും ഇടയാക്കുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട്‌ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുവാന്‍ ഗുണമേന്മയുള്ളതും സുരക്ഷിതവുമായ നമ്പര്‍ 5 അഥവ PP എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.
എത്ര തന്നെ സുരക്ഷിതമാണെന്നവകാശപ്പെടുന്ന പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങളായാലും ചൂടുള്ള ഭക്ഷണപാനീയങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോഴും ചൂടുള്ള അവസ്ഥയിലും (മൈക്രോവേവ്‌ അവന്‍, സൂര്യപ്രകാശം, തീയ്‌) അവയില്‍ നിന്ന്‌ അപകടകാരികളായ രാസവസ്‌തുക്കള്‍ ഊറിയിറ ങ്ങാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന്‌ പരിതിസ്ഥിതിഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്തേക്ക്‌ വമിക്കുന്ന രാസവസ്‌തുക്കളും (ഡയോക്‌സിന്‍) അന്തരീക്ഷത്തില്‍ കലരുന്നത്‌ വിനാശകരമാണ്‌.
പല വിഭാഗത്തില്‍പ്പെട്ട പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങളെപ്പറ്റിയും റീസൈക്കിള്‍ ചെയ്‌തെടുക്കുന്നതിന്റെ പിന്നിലുള്ള കാരണങ്ങളെപ്പറ്റിയും മനസ്സിലാക്കികഴിഞ്ഞു. ഇനി ചെയ്യേണ്ടത്‌ ഇത്രമാത്രം; തുടങ്ങി വച്ചിരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്‌ ശേഖരണത്തില്‍ നമുക്കും പങ്കുചേരാം. പ്രകൃതിയെ സംരക്ഷിക്കാം.

1 comment:

ലീന said...

പ്ലാസ്റ്റിക്‌ ശേഖരണത്തില്‍ നമുക്കും പങ്കുചേരാം. പ്രകൃതിയെ സംരക്ഷിക്കാം.