Monday, June 1, 2009

ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും

നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക്‌ (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ്‌ ക്യാന്‍സറിന്റെ ആരംഭം. അതിന്‌ കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്‌ പിന്നീടുണ്ടാകുന്നത്‌. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന്‌ നിയന്ത്രണാതീതമായി പെരുകുന്നവയാണ്‌ ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

പെരുകിക്കൊണ്ടിരിക്കുന്ന പുതിയ കോശങ്ങളെ നശിപ്പിക്കുകയാണ്‌ മരുന്നുകള്‍, റേഡിയേഷന്‍, സര്‍ജറി എന്നീ ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ ചെയ്യുന്നത്‌. അതുകൊണ്ട്‌ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുക എന്നത്‌ പ്രധാനമായ കാര്യമാണ്‌. രോഗം ബാധിച്ച ക്യാന്‍സര്‍ കോശങ്ങളുടെ അളവ്‌ ശരീരത്തില്‍ വര്‍ദ്ധിക്കുന്തോറും ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവയെ നേരിടുവാന്‍ അപര്യാപ്‌തമാകും.
സാധാരണ കോശങ്ങള്‍ക്ക്‌ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ മിക്കപ്പോഴും അവ അത്തരം സാഹചര്യങ്ങളിലാകുവാന്‍ അവസരം ഉണ്ടാകുന്നതു കൊണ്ടാണ്‌. ഉദാഹരണമായി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ തൊലിക്ക്‌ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ മതിയായവയാണ്‌; പലതരം രാസവസ്‌തുക്കള്‍ (പുകയില, മദ്യം, കീടാനാശിനികള്‍, ആസ്‌ബസ്റ്റോസ്‌), വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍, ക്രോമസോം തകരാറുകള്‍, മുതലായ കാന്‍സറിനുകാരണക്കാരായ ഇത്തരം ഘടകങ്ങളെ കാര്‍സിനോജനുകള്‍ എന്ന്‌ വിളിക്കുന്നു. വിട്ടുമാറാത്ത പലതരം രോഗാണുബാധ (ഹെപ്പറ്റൈറ്റിസ്‌ - Hepatitis) വൈറസ്‌, അള്‍സറിനു കാരണമായ ഹെലികോബാക്‌ടര്‍ പൈലോറി എന്ന രോഗാണു) 20% വരെ ക്യാന്‍സറിന്‌ കാരണമാകുന്നു. കൂടാതെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്ത നശൈലി, ഭക്ഷണക്രമം, മദ്യപാനം, പുകവലി ഒക്കെ ഇതിന്‌ കാരണമാണ്‌.

ക്യാന്‍സറില്‍ പുകയിലയ്‌ക്കുള്ള പങ്ക്‌ എന്താണെന്ന്‌ നോക്കാം. ലോകത്താകെ ക്യാന്‍സര്‍മൂലം മരണമടയു ന്നവരില്‍ ഭൂരിഭാഗവും പുകയില ശീലമാക്കിയവരാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം പുകയിലച്ചെടികളുണ്ടെങ്കിലും പ്രധാനമായും നിക്കോട്ടിയാനാ റ്റബാകം (Niocotiana tabaccum) എന്ന ശാസ്‌ത്രീയനാമമുള്ള ചെടിയുടെ മുഴുവന്‍ ഭാഗങ്ങളോ, ഇല മാത്രമായോ പലതരത്തിലുള്ള ഉപഭോഗ വസ്‌തുക്കളായി രൂപം പ്രാപിക്കുന്നു. പുകരൂപത്തില്‍ ഉപയോഗിക്കുന്നവയും (സിഗരറ്റ്‌, ബീഡി) പുകരൂപത്തില്ലാതെ ഉപയോഗി ക്കുന്നവയും ഉണ്ട്‌. പുകരൂപത്തിലല്ലാത്തവയില്‍ റ്റുബാക്കോ ഓറല്‍ സ്റ്റഫും (മൂക്കില്‍പ്പൊടി, പാന്‍പരാഗ്‌), ച്യൂയിംഗ്‌ റ്റുബാക്കോയും (പാന്‍മസാല, ഗുഡ്‌ക) ഉള്‍പ്പെടുന്നു.
4000 ത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്നു. ഒരു സിഗരറ്റില്‍ 0.1 - 2 മി.ഗ്രാം എന്ന തോതില്‍ നിക്കോട്ടിന്‍ എന്ന രാസപദാര്‍ത്ഥവും അതിന്റെ പുകയില്‍ പലതരം പോളിസൈക്ലിക്‌ ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണു (Polycyclic Aromatic Hydrocarbons)കളും അടങ്ങിയിരിക്കുന്നു. പൊതുവെ കാര്‍സിനോജനുകള്‍ എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന ആരോമാറ്റിക അമിനുകള്‍ (Aromatic Amines), ബെന്‍സീന്‍, ഹെവിമെറ്റലുകള്‍ (Heavy metals) എന്നിവയും അതിന്റെ പുകയില്‍ ഉണ്ട്‌. ഇവയെല്ലാംകൂടി സമ്മിശ്രമായി ക്യാന്‍സറിനുള്ള എല്ലാ സാദ്ധ്യതയും ഒരുക്കുന്നു. കൂടാതെ രക്തചംക്രമണ വ്യവസ്ഥയേയും (cardio vascular system) ശ്വാസകോശത്തേയും പലതരത്തില്‍ ഇവ ബാധിക്കുന്നു.

ശ്വാസകോശത്തിനുണ്ടാവുന്ന ക്യാന്‍സര്‍ ആണ്‌ പ്രധാനമെങ്കിലും വായ, തൊണ്ട, അന്നനാളം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം ഇവയൊക്കെ ക്യാന്‍സറിനടിമ പ്പെടാനുള്ള സാദ്ധ്യതകളേറെയാണ്‌. ക്യന്‍സറിനുപുറമെ, കൂടിയ ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍, അതുമൂലമുള്ള കൂടിയ രക്തസമ്മര്‍ദ്ദം, രക്തത്തില്‍ ഓക്‌സിജന്റെ കുറഞ്ഞ അളവ്‌, ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ,്‌ ഹോര്‍മോണുകള്‍, എന്നിവയുടെ കൂടിയ അളവ്‌, രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത (തുടര്‍ന്ന്‌ ഹൃദയാഘാതാവും പക്ഷാഘാതവും - stroke), മലബന്ധം ഇവയൊക്കെ ഉണ്ടാകാം. പുക ഏല്‍ക്കാനിടയാകുന്നതുമൂലം അലര്‍ജി ഉണ്ടാകുവാനും അത്‌ ആസ്‌തമയായിത്തീരുവാനും സാദ്ധ്യതകളേറെയാണ്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ പുകവലിക്കുന്നതും പുക ഏല്‍ക്കാനിടയാകുന്നതും ഗര്‍ഭഛിദ്രം, കാലം തികയും മുമ്പേയുള്ള പ്രസവം (premature
delivery), കുട്ടിക്ക്‌ തൂക്കം കുറവ്‌ എന്നിവയുണ്ടാകാനും സാദ്ധ്യതയുണ്ട്‌.
പഠനങ്ങളനുസരിച്ച്‌ പുകവലിക്കാരില്‍ അള്‍സറിന്റെ നിരക്ക്‌ വളരെ കൂടുതലാണ്‌. ആമാശയത്തിലെ പല പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട്‌ അള്‍സര്‍ ഉണങ്ങുവാന്‍ വളരെ താമസം നേരിടും. ഉണങ്ങിയാലും വീണ്ടും വീണ്ടും ഉണ്ടാകുവാന്‍ സാദ്ധ്യതകളേറെയുമാണ്‌.

സിഗരറ്റിലെ രാസപദാര്‍ത്ഥങ്ങള്‍ കത്തിയെരിഞ്ഞ്‌ പുതിയതരം കാര്‍സിനോജനുകള്‍കൂടി ഉണ്ടാകുന്നു എന്നുള്ളതുകൊണ്ട്‌ പുകവലിക്കുന്ന വ്യക്തിയില്‍ നിന്ന്‌, പുകവലി, ഒരു സാമൂഹിക വിപത്തായി ത്തീരുന്നു. പുകവലിക്കുന്ന സമയത്ത്‌ ചുറ്റും നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിലെ മറ്റാളുകള്‍ക്കും നിരന്തരമായി ഈ കാര്‍സിനോജനുകള്‍ ലഭിക്കുന്നു.

പുകയില്ലാത്ത പുകയില ഉത്‌പന്നങ്ങള്‍ (പാന്‍പരാഗ്‌, പാന്‍മസാല, മൂക്കില്‍പ്പൊടി) എന്നിവയും സിഗരറ്റിനേക്കാള്‍ ഒട്ടും സുരക്ഷിതമല്ല. കാന്‍സറിന്‌ കാരണമായ പലതരം രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന അപകടകാരികളാണിവ. കൂടാതെ പല്ലിനു കേടുമുതല്‍ വായ്‌പ്പുണ്ണ്‌ വരെ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ പര്യാപ്‌തമാണ്‌.
പുകയിലയിലെ രാസപദാര്‍ത്ഥങ്ങള്‍ക്ക്‌ കാര്‍സിനോജനായി മാറാന്‍ ഒരു ആവേഗം (Metabolic activation) ലഭിക്കേണ്ടതുണ്ട്‌. ശ്വാസകോശത്തിലും മറ്റ്‌ ശരീരഭാഗങ്ങളിലുമുള്ള എന്‍സൈമുകളാണ്‌ (Ezymes) ഇത്തരം രാസപ്രവര്‍ത്തനത്തെ സഹായിക്കുന്നത്‌. അങ്ങനെ പുകവലിയില്‍ നിന്ന്‌ ക്യാന്‍സറിലേയ്‌ക്കുള്ള മാര്‍ഗ്ഗം വളരെ എളുപ്പമാക്കിത്തീര്‍ക്കാന്‍ നമ്മുടെ ശരീരം സദാ സന്നദ്ധമായി നില്‍ക്കുന്നു. അതുകൊണ്ട്‌ പുകവലി തുടങ്ങിക്കൊടുത്താല്‍ മാത്രം മതി കാന്‍സറുണ്ടാകുവാന്‍.
എങ്ങനെ പുകവലി നിര്‍ത്താം.

80% പുകവലിക്കാരും അത്‌ നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2,3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന്‌ കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. ശരീരത്തെ സംബന്ധിച്ച്‌ പുകവലി നിര്‍ത്തുക എന്നത്‌ മദ്യപാനം നിര്‍ത്തുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. കാരണം, മദ്യപാനം പെട്ടെന്ന്‌ നിര്‍ത്തിയാല്‍ ശരീരം പ്രതികരിക്കും (withdrawal symptoms). അതുകൊണ്ട്‌ ഡോക്‌ടറുടെ സഹായവും, മരുന്നുകളും, അതിനുമുമ്പ്‌ ഒരു കൗണ്‍സിലിംങ്ങും വളരെ ആവശ്യമാണ്‌. പക്ഷേ പുകവലി നിര്‍ത്തുന്നതുകൊണ്ട്‌ ശരീരം അത്രത്തോളം കാര്യമായി പ്രതികരിക്കില്ല. മനസ്സുറപ്പുണ്ടെങ്കില്‍ ചെറിയ തലവേദന, ഉറക്കമില്ലായ്‌മ, അക്ഷമ എന്നീ ഹൃസ്വകാല ത്തേക്കുണ്ടാകാവുന്ന പ്രതികരണങ്ങളെ ചെറുത്തുനില്‍ക്കാവുന്നതേയുള്ളു. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുണ്ട്‌ (If there is a will, there is way) എന്നത്‌ ഇക്കാര്യത്തില്‍ സ്വീകാര്യമാണ്‌. ചിലര്‍ പെട്ടെന്ന്‌ തീരുമാനമെടുത്ത്‌ നിര്‍ത്തുന്നു. മറ്റു ചിലര്‍ ക്രമേണ കുറച്ച്‌ കുറച്ച്‌ കൊണ്ടു വന്ന്‌ നിര്‍ത്തുന്നു. ആളുകളെ അനുസരിച്ച്‌ ശരീരത്തിന്റെ പ്രതികരണങ്ങളും പലതരത്തിലായിരിക്കും.
പുകവലിയെന്ന ശീലം സ്വയം ഉപേക്ഷിക്കുവാന്‍ പറ്റാത്തവര്‍ക്ക്‌ കൗണ്‍സിലിങ്ങും അതോടൊപ്പം ചികിത്സയും ലഭ്യമാണ്‌. നിക്കോട്ടിന്‍ റീപ്ലെയിസ്‌മെന്റ്‌ തെറാപ്പി (Nicotine Replacement Therapy) നോണ്‍ നിക്കോട്ടിന്‍ ഡ്രഗ്‌ തെറാപ്പി (Non -Nicotine Drug Therapy), ബിഹേവിയറല്‍ തെറാപ്പി (Behavioural Therapy) മറ്റു പലതരം ചികിത്സകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വിജയം സുനിശ്ചയവുമാണ്‌.
പുകവലി നിര്‍ത്താന്‍ ചില വഴികള്‍

1. നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക

2. പുകയിലയുടേയോ പുകയുടേയോ ചെറിയ മണം പോലും തങ്ങി നില്‍ക്കുന്ന സ്ഥലം, വാഹനം, വസ്‌ത്രങ്ങള്‍ ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക.

3. മുമ്പ്‌ പുകവലിക്കാന്‍ സൗകര്യം നല്‍കിയിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യ ങ്ങളേയും ഒഴിവാക്കുക.

4. സാധ്യമെങ്കില്‍ പുകവലി നിര്‍ത്തിയ വ്യക്തികളോടോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ ആളുകളോടോ നമ്മുടെ തീരുമാനം അറിയിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.

5. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ പുകവലി നിര്‍ത്തുക യാണെന്ന നമ്മുടെ തീരുമാനം അറിയിക്കുക. നമ്മെ സഹായിക്കാന്‍ പറയുക.

6. ഉറക്കമില്ലായ്‌മ, അക്ഷമ, ഉല്‍കണ്‌ഠ, ഉത്സാഹമില്ലായ്‌മ, അമിതവിശപ്പ്‌, കൂടിയ ശരീരഭാരം, കുറഞ്ഞ ശ്രദ്ധകേന്ദ്രീകരണശേഷി ഇവയെല്ലാം പുകവലി നിര്‍ത്തിയാല്‍ കുറച്ചു നാളത്തേക്ക്‌ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്‌ (വ്യക്തിയ്‌ക്കനുസരിച്ചും വലിയുടെ തീവ്രതയ്‌ക്കനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാകും) അതുകൊണ്ട്‌ ഇത്തരം പ്രതികരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക.

7. മുകളില്‍പ്പറഞ്ഞ മാനസിക ശാരീരിക മാറ്റങ്ങളെ "അസാദ്ധ്യമായി ഒന്നുമില്ല" ("Nothing is impossible") എന്ന ആപ്‌തവാക്യം കൊണ്ട്‌ നേരിടുക. വ്യായാമം ചെയ്യുക, ഒരു ചൂയിംഗം (Chewing gum) ഉപയോഗിക്കുക, വെള്ളം കുടിക്കുക, ഒരു നല്ല സുഹൃത്തിനെ വിളിച്ച്‌ സംസാരിക്കുക, ഒരു നല്ല ബുക്ക്‌ വായിക്കുക, പറ്റുമെങ്കില്‍ നല്ല ഒരു കുളി നടത്തുക, ഒരു പ്രാര്‍ത്ഥന ചൊല്ലുക, ധ്യാനം ശീലമുള്ളവര്‍ അതു ചെയ്യുക, ഇതൊക്കെ പുകവലിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ മറികടക്കാനുള്ള നല്ല ഉപാധികളാണ്‌. ഏറ്റവും നല്ലത്‌ പുകവലികൊണ്ട്‌ മനുഷ്യശരീരത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊ ള്ളുന്ന ഒരു പടത്തിലേക്ക്‌ ആ സമയത്ത്‌ ഒരു നിമിഷം നോക്കാനുള്ള സാഹചര്യം ഉണ്ടാക്കുക യെന്നതാണ്‌.

8. പുകവലിക്കുന്നയാള്‍ പുകയോടൊപ്പം ശ്വാസം അകത്തേക്ക്‌ വലിക്കുമ്പോള്‍ കൂടിയ അളവില്‍ പ്രാണ വായുവും ഉള്ളിലെത്തുന്നുണ്ട്‌. അത്‌ ശരീരത്തിന്‌ അല്‌പം ഗുണം ചെയ്യുന്നുണ്ട്‌. അത്‌ പുകവലിയുടെ സംതൃപ്‌തിക്ക്‌ കാരണമാകുന്ന ഒരു ഘടകമാണ്‌. ഇത്‌ പുകവലി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാക്കാം. പുകവലിക്കണമെന്ന്‌ തോന്നുമ്പോള്‍ എഴുന്നേറ്റ്‌, ഒരു സിഗരറ്റോ ബീഡിയോ ചുരുളോ വലിക്കുന്ന അത്രയും തവണ ദീര്‍ഘമായി ശ്വാസോഛ്വാസം ചെയ്യുക. ശരീരവും മനസ്സും പുകവലിയുടെ സംതൃപ്‌തിയുടെ വലിയൊരു ഭാഗം അനുഭവിക്കും. പുക വലിയോടുള്ള ആര്‍ത്തി അപ്പോഴത്തേയ്‌ക്ക്‌ ശമിക്കുകയും ചെയ്യും

9. നാമും നമുക്ക്‌ ചുറ്റുമുള്ളവരും കൂടി നമ്മുടെ പുകവലികൊണ്ട്‌ നശിക്കുവാന്‍ ഇടയാകുന്നു; ക്യാന്‍സര്‍ എന്ന മഹാവിപത്താണ്‌ ഫലം എന്നത്‌ കൂടെക്കൂടെ മനസ്സിനെ പറഞ്ഞ്‌ പഠിപ്പിക്കുക.
ഒരിക്കല്‍ പൂര്‍ണ്ണമായും പുകവലി നിര്‍ത്തുവാന്‍ സാധിച്ചാല്‍ ഒരു വര്‍ഷത്തേക്കെങ്കിലും അതാവര്‍ത്തിക്കാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിടുവാന്‍ ശ്രദ്ധിക്കുകയും വേണം.

4 comments:

Unknown said...

ഇന്നലെ പുകയില വിരുദ്ധ ദിനം ആയിരുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ നിര്‍ദ്ദേശ പ്രകാരം സിഗററ്റ് പാക്കറ്റുകളില്‍ പുകയില ജന്യ രോഗങ്ങളുടെ ചിത്രം കൂടി ആലേഖനം ചെയ്‌താണ് ഇന്നു മുതല്‍ പുകയില ഉത്പന്നങ്ങള്‍ ഭാരതത്തില്‍ ലഭ്യമാകുന്നത്.

Junaid | ജുനൈദ് said...

നല്ല ലേഖനം :)

Anonymous said...

നല്ല ലേഖനം. എല്ലാ വസ്തുതകളും നന്നായി പ്രതിപാദിച്ചിരിക്കുന്നു.

ഞാനും പണ്ടൊരിക്കല്‍ കസിന്‍സിന്റെ കൂടെ ഒരു പുകവലി ശ്രമം നടത്തിയിട്ടുണ്ട്. പക്ഷെ അന്ന് ചുമച്ചു മരിച്ച എനിക്ക് ഈ ശീലം നിര്‍ത്താന്‍ ഈ ലേഖനത്തില്‍ പറഞ്ഞ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായില്ല, ;)

പുകവലി നിര്‍ത്തിയാല്‍ ലൈംഗിക ജീവിതം മെച്ചപ്പെടുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു

mkuttypattambi said...

പുകവലിയെ കുറിച്ച് എഴുതിയത് വായിച്ചു നന്നായിട്ടുണ്ട് ഞാന്‍ പുകവലി നിര്‍തിയ ആളാണ് ഒരുപാട് ഗുണ്ങ്ങള്‍ അത്കൊണ്ട് എനിക്ക് ഉണ്ടായി നിര്‍ത്താന്‍ പറ്റില്ല എന്ന് പറയുന്നത് വെറുതെയാണ് വലിക്കുന്നവന്‍ വിചാരിച്ചാല്‍ മതി പിന്നെ ഈ ശീലം നമുക്ക് ജന്മനാകിട്ടിയതല്ലല്ലോ നമ്മള്‍ തന്നെ ഉണ്ടാക്കിയതാണ് , വെറുതേ കാശ് കൊടുത്ത് രോഗം വാങ്ങി, രോഗം മാ‍റ്റാന്‍ കാശ് കൊടുക്കുന്നു .ഒന്നു ചിന്തിക്കുക പുകവലി നിര്‍ത്തുക അത് നമ്മള്‍ക്കും സമൂഹത്തിന്നും നല്ലതാണ് ഇനിയും ഇങ്ങനെയുള്ള മരുന്നറിവുകള്‍ പ്രതീക്ഷിക്കുന്നു