Friday, October 9, 2009

ജലദോഷപ്പനി

മഴക്കാലത്ത്‌ ജലദോഷം (common cold) , ജലദോഷപ്പനി (flu) ഇവ വരാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ ഇവയെ എങ്ങനെ നേരിടുമെന്ന്‌ ശരിയായി അറിയുന്നവര്‍ വളരെ ചുരുക്കമാണ്‌. അലര്‍ജി വിരുദ്ധ മരുന്നുകള്‍, (അവില്‍ (Avil) - എന്ന്‌ കമ്പനിപ്പേരുള്ള മരുന്ന്‌ സ്വയം ചികിത്സയ്‌ക്കായി പൊതുവെ ഉപയോഗിച്ചുകാണുന്നു), ചുമയ്‌ക്കെതിരെയുള്ള മരുന്നുകള്‍, മൂക്കിലൊഴിക്കുന്ന തുള്ളി മരുന്നുകള്‍, പനി തടയാനുള്ള മരുന്നുകള്‍, ഏതെങ്കിലും ആന്റിബയോട്ടിക്കുകള്‍, ഇതൊന്നുമല്ലെങ്കില്‍ ഏതിന്റെയെങ്കിലുമൊക്കെ മിശ്രിതങ്ങളടങ്ങിയ മരുന്നുകള്‍ ഇവയൊക്കെ മാറിമാറിയോ, ഒരുമിച്ചോ മരുന്നുകടയില്‍ നിന്ന്‌ സ്വയം വാങ്ങിക്കഴിച്ചാണ്‌ പലരും മഴക്കാലപ്പനികളെ ശമിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. എല്ലാം പരീക്ഷിച്ച്‌ രോഗം മറ്റൊരു രീതിയില്‍ അധികരിക്കുമ്പോള്‍ ഡോക്‌ടറുടെ അടുത്തെത്തും. പിന്നെ ചികിത്സയില്‍ ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തേണ്ടി വരും, ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വാങ്ങി ചികിത്സാചെലവ്‌ കൂടുതലാവുകയും ചെയ്യും.

മഴക്കാലത്ത്‌ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മനുഷ്യശരീരത്തിന്റെ സഹജമായ രോഗപ്രതിരോധശേഷി വളരെ കുറഞ്ഞിരിക്കും. വൈറസുപോലുള്ള രോഗാണുക്കളുടെ ശക്തി കൂടിയിരിക്കും. പലതരത്തില്‍പ്പെട്ട വൈറസുകളാണ്‌ ജലദോഷം വരുത്തുന്നത്‌. ഓരോ പ്രാവശ്യവും രോഗബാധവരുത്തുന്ന വൈറസുകള്‍ഘടനയിലും സ്വഭാവത്തിലും പലതരത്തില്‍ വ്യത്യസ്‌തത യുള്ളവയാണ്‌; തന്നെയുമല്ല പുതിയ അണുക്കള്‍ ഉണ്ടാകുമ്പോള്‍ ഘടനും സ്വഭാവവും മാറ്റാനുള്ള (mutation) കഴിവും ബാക്‌ടീരിയകളെക്കാള്‍ വളരെ കൂടുതലായി വൈറസുകള്‍ക്കുണ്ട്‌. അതുകൊണ്ട്‌ ഓരോ തരം വൈറസിനെതിരെയും മരുന്നുകളും വാക്‌സിനുകളും കണ്ടുപിടിച്ച്‌ കൂടെക്കൂടെ വരുന്ന വൈറസുബാധയ്‌ക്കെതിരെ ഉപയോഗിക്കുന്നത്‌ പ്രായോഗികമല്ല. അതുകൊണ്ട്‌ വൈറസുകള്‍ ശരീരത്തെ ആക്രമിക്കാതെ സൂക്ഷിക്കുന്നതാണ്‌ ഏറ്റവും നല്ല പ്രതിവിധി. വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി നിലനിര്‍ത്താനും വീണ്ടെടുക്കാനും നല്ലതാണ്‌. ഇതടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കുന്നതും വളരെ ഗുണം ചെയ്യും. ഗുളികയാണ്‌ തിരെഞ്ഞെടുക്കുന്നതെങ്കില്‍ ദിവസം രണ്ടുനേരം കഴിച്ചാല്‍ മതിയാകും; അളവ്‌ കൂടരുത്‌. മറ്റ്‌ മരുന്നുകള്‍ കഴിക്കുന്നവരും വൃക്കയ്‌ക്ക്‌ പ്രശ്‌നങ്ങളുള്ളവരും ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക.

ഇനി ജലദോഷപ്പനി വന്നുകഴിഞ്ഞാല്‍ തുമ്മല്‍, ചുമ ഇവയെ പെട്ടെന്ന്‌ പിടിച്ചുനിര്‍ത്തുന്ന മരുന്നുകള്‍ കഴിക്കരുത്‌. മൂക്കിലെ സ്രവങ്ങളുടെ അളവ്‌ കൂടുക, ചുമ വഴി കഫം പുറന്തള്ളുക, ശരീരത്തിന്റെ താപ നില ഉയര്‍ത്തുക എന്നീ പ്രക്രിയകളിലൂടെ ശരീരം വൈറസിനെ എതിര്‍ക്കുകയും അവയുടെ അവശിഷ്‌ടങ്ങളെ പുറന്തള്ളുകയുമാണ്‌ ചെയ്യുന്നത്‌. ഈ പ്രതിരോധപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമ്പോള്‍ രോഗം വഷളാകും. സ്വാഭാവികമായും ശരീരം തനിയെ ഒരാഴ്‌ചകൊണ്ട്‌ വൈറസിനെ എതിര്‍ത്ത്‌ സുഖാവസ്ഥയിലെത്തിക്കോളും. ധാരാളം വെള്ളം കുടിച്ച്‌ (മൂത്രം വഴിയും രോഗാണുക്കളുടെ അവശിഷ്‌ടങ്ങള്‍ പുറന്തള്ളപ്പെടും) വിശ്രമിക്കുകയാണ്‌ രോഗി ചെയ്യേണ്ടത്‌. ഇതിനുള്ള ക്ഷമ പലര്‍ക്കും ഇല്ല. പനിയെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. പ്രത്യേകിച്ച്‌ കൊച്ചുകുട്ടികളില്‍ പനികൂടിയാല്‍ അപസ്‌മാരം പോലുള്ള (Febril Fits) അവസ്ഥ സാധാരണമാണ്‌. ദേഹം നനഞ്ഞ തുണി കൊണ്ട്‌ തുടയ്‌ക്കുകയോ, പാരസെറ്റമോള്‍ ദിവസത്തില്‍ 3,4 പ്രാവശ്യം (അളവ്‌ കൂടിയാല്‍ കരളിനെ ബാധിക്കും) കൊടുക്കുകയോ ചെയ്‌ത്‌ പനിയെ നിയന്ത്രിച്ച്‌ നിര്‍ത്തണം. തുമ്മലിനെ പിടിച്ചുനിര്‍ത്തിയാല്‍ തലയ്‌ക്കുള്ളിലെ വായുഅറകളില്‍ (sinus pores) ഈ സ്രവങ്ങള്‍ കട്ടിപിടിച്ചിരിക്കാനും പിന്നീട്‌ അതില്‍ ബാക്‌ടീരിയകളുടെ ആക്രമണം ഉണ്ടാകാനും (sinusitis) ഇടയാക്കും. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തലവേദനയാകും ഫലം; ചികിത്സ സങ്കീര്‍ണ്ണമാകും. കഫത്തോടുകൂടിയ ചുമയെ പിടിച്ചുനിര്‍ത്തുന്നത്‌ നെഞ്ചുഭാഗത്ത്‌ സ്രവങ്ങള്‍ കട്ടിപിടിച്ച്‌ അണുബാധയുണ്ടാകാന്‍ ഇടയാക്കും.

1.ജലദോഷപ്പനിയെ നേരിടാന്‍ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ധാരാളം വെള്ളം (തിളപ്പിച്ചിട്ട്‌, ചെറുചൂടോടെ) കുടിച്ച്‌ നന്നായി വിശ്രമിക്കുക. രോഗാണുക്കളെയും വിഷകരമായ അവയുടെ അവശി ഷ്‌ടങ്ങളെ മൂത്രം വഴി പുറന്തള്ളുക, പനിമൂലം കോശങ്ങളില്‍ നിന്ന്‌ നഷ്‌ടപ്പെടുന്ന ജലനിഷ്‌ടം പരിഹരിക്കുക (to avoid dehydration), ചുമച്ചു തുപ്പുമ്പോഴും മൂക്കിലൂടെയും കഫം അയഞ്ഞ്‌ എളുപ്പത്തില്‍ പുറന്തള്ളുക എന്നിവയ്‌ക്ക്‌ വെള്ളം കുടിക്കുന്നത്‌ വളരെ ഗുണം ചെയ്യും.

2. ദഹിക്കാന്‍ എളുപ്പമുള്ള ലഘുഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ദഹനവ്യൂഹം (Digestive system) ഉള്‍പ്പെടെ വൈറസിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടികൂടിയതും, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിച്ച്‌ ജോലിഭാരം കൂട്ടുന്നത്‌ അഭികാമ്യമല്ല.

3.വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളോ, വൈറ്റമിന്‍ സി. ഗുളികകളോ (അളവ്‌ ദിവസം 2 നേരത്തില്‍ കൂടരുത്‌) കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.

4.മുഖത്തും നെഞ്ചത്തും ആവി പിടിക്കുന്നത്‌ കഫം എളുപ്പത്തില്‍ പുറന്തള്ളാന്‍ വളറെയേറെ സഹായിക്കും.

(ചുമ അധികരിച്ച്‌ കഫം പുറന്തള്ളാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ കഫം അയഞ്ഞുകിട്ടുന്ന ചുമ മരുന്നുകള്‍ (അമോണിയം ക്ലോറൈഡ്‌, ബ്രോംഹെക്‌സിന്‍ -Bromhexine, ആംബ്രോക്‌സോള്‍ - Ambroxol) കഴിക്കാം. ഇത്‌ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമാകുന്നതാണ്‌ നല്ലത്‌. കൊഡീന്‍ (Codein), ഡൈഫിന്‍ ഹൈഡ്രാമിന്‍ (Dephenhydramine) എന്നീ വിഭാഗം ചുമ മരുന്നുകള്‍ (Cough syrups) ചുമ പെട്ടെന്ന്‌ പിടിച്ചുനിര്‍ത്തുന്ന വിഭാഗം മരുന്നുകളാണ്‌; കഫമില്ലാത്ത, അലര്‍ജിചുമ (Drugs for non-productive cough) യ്‌ക്കാണ്‌ ഇവ ഉപയോഗിക്കേണ്ടത്‌ എന്നത്‌ സ്വയം ചികിത്സയാണെങ്കില്‍ ചുമ മരുന്നു വാങ്ങുമ്പോള്‍ പ്രത്യേകം ഓര്‍മ്മവയ്‌ക്കുക.)

5. മൂക്കടഞ്ഞ്‌ ശ്വാസം കിട്ടാതെ വരുമ്പോള്‍ (പ്രത്യേകിച്ച്‌ കൊച്ചുകുട്ടികള്‍ക്ക്‌ രാത്രിയില്‍) വളരെ പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ സൈലോമെറ്റസോളിന്‍ (Xylometazoline) (കമ്പനിനാമം otrivin) ഒന്നോ രണ്ടോ തുള്ളി 8-10 മണിക്കൂര്‍ ഇടവിട്ട്‌ മൂക്കിലൊഴിക്കാം. അളവ്‌ കൂടരുത്‌; 5 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ഉപയോഗിക്കയുമരുത്‌.

വൈറസ്‌ ബാധ കൊണ്ട്‌ ശരീരം ദുര്‍ബ്ബലമായിരിക്കുന്ന അവസ്ഥയില്‍ ബാക്‌ടീരിയകൂടി കടന്നുകൂടാന്‍ സാദ്ധ്യതയുണ്ട്‌. മൂക്കില്‍ നിന്നുവരുന്ന സ്രവത്തിനും കഫത്തിനും ഇളം മഞ്ഞകലര്‍ന്ന പച്ചനിറമായാല്‍ ബാക്‌ടീരിയ ബാധിച്ചിരിക്കുന്നുവെന്ന്‌ ഉറപ്പിക്കാം. ശക്തമായ തലവേദനയും ഉണ്ടാവാം. എത്രയും വേഗം ഡോക്‌ടറിനെ കാണണം; ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതാണ്‌ പ്രതിവിധി. ഡോക്‌ടര്‍ നിര്‍ദ്ദേശിക്കും വിധം പറയുന്ന കാലയളവുവരെ യഥാവിധി കഴിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

Saturday, July 4, 2009

നിര്‍ജലീകരണം (Dehydration)

ശരീരത്തില്‍ വെളളം കുറഞ്ഞാ‍ല്‍ (Dehydration)


ശരീരത്തിന്റെ എഴുപത്തഞ്ചു ശതമാനത്തോളം വെളളമാണ്‍; കോശങ്ങളി(intracellular space)ലാണ്. ഇതില്‍ ഭൂരിഭാഗവും. ബാക്കിയുളളത് കോശങ്ങ്ള്‍ക്ക് പുറത്തുളള(extracellular space) ഭാഗത്താണ്.വെളളം ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് ഉപയോഗപ്പെടുത്തുകയും പുറന്തളളപ്പെടുകയും ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. വ്ൃക്ക(kidney)യോടു ചേ൪ന്നു പ്രവര്‍ത്തിക്കുന്ന എ.ഡി.എച്ച് (Anti-Diuretic Hormone – ADH) എന്ന ഹോ൪മോണാണ്‍ വെള്ളത്തെ എപ്പോഴൊക്കെയാണ് മൂത്രം വഴി പുറന്തള്ളേണ്ടത് എപ്പോഴാണ് ശരീരത്തില്‍ സംഭരിച്ചു വക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.

ശ്വാ‍സോഛ്വാസം ചെയ്യുമ്പോഴും(breathe), വിയര്‍ക്കുമ്പോഴും(sweat),കുടല്‍ മാലിന്യം പുറന്തളളുമ്പോഴും, മൂത്രം വഴിയും, ശരീരത്തില്‍നിന്ന് ജലാംശം നഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുളള നഷ്ടം വെളളം കുടിക്കുന്നതിനനുസരിച്ചു നികത്തപ്പെട്ടുകൊണ്ടേയിരിക്കും.

പക്ഷേ ഇങ്ങനെ ശരീരം നിലനിര്‍ത്തുന്ന സംതുലനാവസ്ഥ ചിലപ്പോഴൊക്കെ പല കാരണങ്ങള്‍ കൊണ്ടും തകിടം മറിയാറുണ്ട്. നാം കുടിക്കുന്നതിലേറെ വെളളം ശരീരത്തില്‍നിന്ന് പുറന്തളളപ്പെടുന്ന സാഹചര്യങ്ങളോ, അസുഖങ്ങളോ ഉണ്ടാകുമ്പോഴാണിത് സംഭവിക്കുന്നത്. ഇതിനെ നിര്‍ജലീകരണം(Dehydration) എന്ന് പറയാം.

നിര്‍ജലീകരണത്തിനുള്ള കാ‍രണങ്ങള്‍

വയറിളക്കമാണ് (diarrhoea) ശരീരത്തില്‍ നിന്ന് വളരെ വേഗത്തില്‍ ധാരാളമായി വെളളം നഷ്ടപ്പെടുന്നതില്‍ പ്രധാനകാരണം. ഛര്‍ദ്ദി(vomiting)യും തുല്യപ്രാധാന്യം വഹിക്കുന്നു. വയറിനുള്ളില്‍ കടന്നുകൂടുന്ന രോഗാണുക്കളെ(infectious organisms)യോ വിഷാംശ(toxic substances)ങ്ങളേയോ അലര്‍ജിവസ്തുക്കളെയോ(allergens) പുറന്തളളാനായി ശരീരത്തിന്റെ പ്രതിരോധസംവിധാനം(defence mechanism)പ്രവര്‍ത്തിക്കുമ്പോഴാണ് വയറിളക്കമോ, ഛര്‍ദ്ദിയോ, ചിലപ്പോള്‍ രണ്ടും കൂടിയോ ഉണ്ടാകുന്നത്. പൊളളലേല്‍ക്കുമ്പോള്‍ കേടുപാടുവന്ന തൊലിയിലൂടെയും, നല്ല പനി കഴിഞ്ഞ് വിയര്‍ക്കുമ്പോഴും, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോഴുമൊക്കെ ശരീരം നിലനിര്‍ത്തുന്ന വെളളത്തിന്റെ സംതുലനാവസ്ഥ താറുമാറാകും; നിര്‍ജലീകരണം(dehydration) അനുഭവപ്പെടും. പഞ്ചസാരയുടെ കൂടിയ അളവിനെ ശരീരം നിയന്ത്രിക്കുന്നത് മൂത്രത്തിലൂടെ പുറന്തളളിക്കൊണ്ടാണ്.ഈ പ്രക്രിയക്കുവേണ്ടി ധാരാളം വെളളവും മൂത്രത്തിലൂടെ പുറന്തളളപ്പെടും. തൊലിപ്പുറമെ നീരുണ്ടാകുന്നതരം അസുഖങ്ങളിലും നിര്‍ജലീകരണത്തിനു സാദ്ധ്യതയുണ്ട്. അന്തരീക്ഷത്തില്‍ ചൂടുകൂടുമ്പോഴും, വ്യയാമം ചെയ്യുമ്പോഴും,ശരീരത്തില്‍നിന്ന് വിയര്‍പ്പായി ധാരാളം വെളളം നഷ്ടപ്പെടുമല്ലോ. രോഗാണുബാധയെ തുടര്‍ന്നുണ്ടാകുന്ന പനിയാണെങ്കില്‍ ഇടവിട്ട് പനിക്കുന്നത് നമുക്ക് പരിചിതമാണ്. പനി വിടുമ്പോഴുണ്ടാകുന്ന വിയര്‍പ്പുവഴിയും വെളളം ധാരാളമായി നഷ്ടപ്പെടുന്നു.


പ്രത്യാഘാതങ്ങള്‍

നിര്‍ജലീകരണം (Dehydration) എന്ന അവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ചെറിയ തലവേദന മുതല്‍ രക്തസമ്മര്‍ദ്ദം കുറയുന്നതുകൊണ്ടുണ്ടാകുന്ന(lowered BP) ഷോക്ക്(hypovoleimic shock) വരെ ശരീരത്തില്‍ വെളളത്തിന്റെ കുറവിനനുസരിച്ച് പ്രത്യക്ഷപ്പെടാം. തലച്ചോറിലേക്കുളള രക്തപ്രവാഹം കുറയുന്നതുകൊണ്ട് അബോധാവസ്ഥയിലായി കോമ(coma)യിലെത്തുന്ന അവസ്ഥയും വന്നു ചേരാം. തുടര്‍ന്ന് മറ്റുളള അവയവങ്ങള്‍ കൂടി പ്രവര്‍ത്തനരഹിതമായാല്‍ മരണം വരെ സംഭവിക്കാം. വ്ൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുന്നതും (kidney failure) അസാധാരണമല്ല. ശരിയായ സമയത്ത് കണ്ടെത്തി ചികിത്സിക്കാനായാലേ വ്ൃക്കയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാ‍കൂ. നിര്‍ജലീകരണം തുടര്‍ന്നുകൊണ്ടിരുന്നാല്‍ രക്തസമ്മര്‍ദ്ദം കുറയുകയും, തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കുളള രക്തയോട്ടം കുറയുകയും ചെയ്യും. ചൂടുസംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളാണ് മറ്റ്ചിലത്. വിയര്‍പ്പു വഴി വെളളം ധാരാളമായി നഷ്ടപ്പെടുമ്പോള്‍ തകരാറിലാകുന്നത് തുടര്‍ച്ചയായി വ്യായമത്തിലേര്‍പ്പെടുന്ന മസിലുകളുടെ സുഗമമായ പ്രവര്‍ത്ത്നമാണ്; മസിലുകളില്‍ കോച്ചിപ്പിടുത്തം (heat cramps) അനുഭവപ്പെടാനിടയാകും.

ലക്ഷണങ്ങള്‍

തലവേദന, തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഇടുമിച്ച മുഖം(flushed face), കണ്ണുകളില്‍ ഭാരം അനുഭവപ്പെടുക(sunken eyes), വായ വരളുക(dry mouth), തൊലി വരളുക(dry skin), മൂത്രത്തിന്റെ അളവ് നന്നേ കുറവാകുക, മൂത്രം നല്ല മഞ്ഞ നിറത്തില്‍ പോകുക, ചിലപ്പോള്‍ മൂത്രം ഒട്ടും തന്നെ പോകാതിരിക്കുക, വിയര്‍ക്കാതിരിക്കുക, ഒരു പക്ഷെ അബോധാവസ്ഥയിലാകുക, ഇതൊക്കെയാണ് പ്രകടമാകുന്ന ലക്ഷണങ്ങള്‍. രോഗിയെ കിടത്തിയിട്ട് കാലുകള്‍ ഒരു തലയിണയിലോ മറ്റോ ഉയര്‍ത്തിവെയ്ക്കുന്നത് നല്ലതാണ്. ഒപ്പം കാറ്റു കൊളളാനുളള സൗകര്യവും ചെയ്തുകൊടുക്കും.ബോധാവസ്ഥയിലാണെങ്കില്‍ കുറച്ചുവെളളം കൂടികുടിപ്പിച്ചാല്‍ പ്രാഥമികമായ പരിചരണമായി. അബോധാവസ്ഥയിലാണ് രോഗിയെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം.

ചികിത്സ

നിര്‍ജലീകരണം ഏതു വിധമാണെങ്കിലും നഷ്ടപ്പെട്ട ജലാംശത്തെ വീണ്ടെടുക്കുക (fluid replacement or rehydration) എന്നതാണ് പ്രധാന ചികിത്സ. വയറിളക്കം പോലുളള പ്രശ്നത്തേത്തുടര്‍ന്നാണെങ്കില്‍ ഓറല്‍ റീഹൈഡ്രേഷന്‍ സോള്‍ട്ട് (oral rehydration salt-ORS) തിളപ്പിച്ചാറിയ വെളളത്തില്‍ കലക്കി ഇടക്കിടക്ക് കുടിപ്പിക്കാം. ഓരോ മലവിസര്‍ജ്ജനതിനുശേഷവും ഒരു കപ്പ് (250 മി.ല്ലി) ഓ.അര്‍.എസ് മിശ്രിതം നഷ്ടപ്പെട്ട ജലാംശത്തെ വീണ്ടെടുക്കാനാകും. ഗ്ലൂക്കോസും സോഡിയം, പൊട്ടാസ്യം പോലുളള മറ്റ് ലവണങ്ങളും ഉള്‍പ്പെട്ട ഈ മിശ്രിതം ശരീരത്തിലെ നഷ്ടപ്പെട്ട ഊര്‍ജ്ജത്തേയും ലവണങ്ങളെയും(electrolytes) വീണ്ടെടുക്കും. വീടുകളില്‍ ഉപ്പിട്ട കഞ്ഞിവെളളവും കരിക്കിന്‍ വെളളവും ലഭ്യമെങ്കില്‍ ഇവയും നഷ്ടപ്പെട്ട ജലാംശത്തെയും ഊര്‍ജ്ജത്തേയും ലവണങ്ങളേയും വീണ്ടെടുക്കും.

ഛര്‍ദ്ദി പോലുളള പ്രശ്നം കൂടിയുണ്ടെങ്കില്‍ വായിലൂടെയുളള ചികിത്സ വഴി ജലാംശത്തെ വീണ്ടെടുക്കുക പ്രയാസമാണ്. വൈദ്യസഹായം തേടുകതന്നെ വേണം. രക്തക്കുഴലുകള്‍ വഴി ജലത്തേയും ലവണങ്ങളേയും (electrolytes) വീണ്ടെടുക്കുകയാണ് പോംവഴി. നിര്‍ജലീകരണം മൂലം രക്തസമ്മര്‍ദ്ദം കുറഞ്ഞ് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കിലും രോഗിയെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കണം. കാരണം ഇത്തരം സാഹചര്യങ്ങളിലും ജലനഷ്ടത്തെ വീണ്ടെടുക്കാന്‍ വീട്ടിലുളള സ്വയംചികിത്സക്കു കഴിയില്ല. രക്തക്കുഴലുകള്‍ വഴി പലതരം മരുന്നുകള്‍ കയറ്റിയാലേ ചികിത്സ വിജയിക്കൂ. ഇത്തരം ചികിത്സയുടെ വിജയം അളക്കുന്നത് രോഗി പുറന്തളളുന്ന മൂത്രത്തിന്റെ അളവ് പരിശോധിച്ചിട്ടാ‍ണ്.കാരണം ശരീരത്തില്‍ ജലമില്ലാത്തപ്പോള്‍ വ്ൃക്ക ജലത്തെ പുറന്തളളാതെ സംഭരിച്ചു വക്കുന്നതിന്റെ ഫലമായി മൂത്രം വളരെ കുറവേ ഉണ്ടാകൂ. പക്ഷെ ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍ വ്ൃക്ക അത് തിരിച്ചറിയുകയും വര്‍ദ്ധിതമായ അളവില്‍ മൂത്രം പുറന്തളളുകയും ചെയ്യും.

അണുബാധ കൊണ്ട് പനി, ഛര്‍ദ്ദി, വയറിളക്കം, എന്നീ പ്രശ്നങ്ങള്‍ കൂടിയുണ്ടെങ്കില്‍ നിര്‍ജലീകരണത്തിനുളള ചികിത്സക്കുപുറമേ രോഗത്തിന്റെ ശരിയായ കാരണത്തിനും ചികിത്സ നല്‍കണം.


തടയാനുളള വഴികള്‍

1.ദിവസവും 8 ഗ്ലാസ്സ് വെളളം കുടിക്കാ൯ ശ്രദ്ധിക്കണം
(പ്രത്യേകിച്ച് വേനല്‍ക്കാലത്ത്)

2.കാര്‍ബണ്‍ ഡൈഒക്സൈഡ് ലയിപ്പിച്ചതും കഫീന്‍ അടങ്ങിയതുമായ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കണം.
3.തൊലിയെ കഴിയുന്നിടത്തോളം സൂര്യപ്രകാശമേല്‍ക്കാതെ സംരക്ഷിക്കണം

4.വ്യായാമം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന ജലനഷ്ടം അപ്പോഴപ്പോള്‍ നികത്തുവാന്‍ ശ്രദ്ധിക്കണം.






Monday, June 29, 2009

കുടിവെള്ളം കുടിക്കാന്‍ അനുയോജ്യമോ?

കുടിക്കുവാന്‍ അനുയോജ്യമായ വെള്ളം (potable water) നമുക്ക്‌ ലഭിക്കുന്നത്‌ പല സ്രോതസ്സുകളില്‍ നിന്നാണല്ലോ. ജലസേചന വകുപ്പ്‌ വഴി ലഭിക്കുന്ന പൈപ്പുവെള്ളവും പലതരം രാസ പ്രക്രിയകള്‍ വഴി ശുദ്ധീകരിക്കുന്നതാണെന്ന്‌ നമുക്കറിയാം. ഇതിനും ചില മാന ദണ്‌ഡങ്ങള്‍ പാലിക്കുകയും ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്‌. വെള്ളം ഒരു നല്ല ലായകമാണ്‌. അതുകൊണ്ട്‌ പരിസര സംരക്ഷണസമിതി (Environmental Protection Agency - EPA) വെള്ളത്തില്‍ ലയിച്ചുചേരുന്ന 64 തരം മാലിന്യവസ്‌തുക്കളുടെ (pollutants) അളവുകള്‍ക്ക്‌ മാനദണ്‌ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

വെള്ളം എവിടെ നിന്നായാലും (കിണറ്‌, പൈപ്പ്‌, കുപ്പിവെള്ളം, മറ്റ്‌ ജലസ്രോതസ്സുകള്‍) അതിന്റെ ശുദ്ധി പരീക്ഷിച്ചറിയാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. മലിനീകരണ നിയന്ത്രണബോര്‍ഡ്‌ (pollution control board) അനുശാസിക്കുന്ന മാനദണ്‌ഡങ്ങള്‍ക്കനുസരിച്ച്‌ നമുക്ക്‌ ലഭ്യമാകുന്ന വെള്ളം കുടിക്കാന്‍ യോഗ്യമാണോ എന്ന്‌ പരിശോധിച്ചറിയാന്‍ ലബോറട്ടറികളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ ഇത്‌ ഉപയോഗപ്പെടുത്താം. രാസപരിശോധനയും അണുക്കള്‍ ഉണ്ടോ എന്നറിയാനുള്ള (മൈക്രോബയോളജി പരിശോധന) പരിശോധനയും ഉള്‍പ്പെടെ പലതും നമുക്ക്‌ ഇത്തരം ലബോറട്ടറികളില്‍ നിന്ന്‌ ചെയ്‌തു കിട്ടും.

കുടിവെളളം കുപ്പിയിലാക്കുമ്പോള്‍

കുടിവെള്ളം പോലും പണം കൊടുത്ത്‌ വാങ്ങേണ്ടതിലെത്തി നില്‍ക്കുന്നതാണ്‌ ഇന്നത്തെ നമ്മുടെ ആധുനികത. കുടിവെള്ളം കുപ്പിയിലാക്കുമ്പോള്‍ അത്‌ കുപ്പിവെള്ളം (Bottled water) എന്നോ ധാതുജലം (mineral water) എന്നോ ഒക്കെ നാം പറയുന്നു. മറ്റ്‌ പല ഉത്‌പന്നങ്ങളേയും പോലെ കുടിവെള്ളത്തിനും ചില മാനദണ്‌ഡങ്ങള്‍ പാലിക്കണമെന്ന്‌ ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ (Baureau of Indian standard) അനുശാസിക്കുന്നു. അത്തരം മാന ദണ്‌ഡങ്ങള്‍ പാലിക്കുന്ന ഉത്‌പന്നങ്ങള്‍ക്കാണല്ലോ ISI മുദ്ര ലഭിക്കുക. കുടിവെള്ളത്തിനുണ്ടാകേണ്ട ഗുണനിലവാരം എന്താവണമെന്ന്‌ ലോകാരോഗ്യസംഘടക തുടങ്ങിയ അന്തരാഷ്‌ട്ര സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നു. രാസപരിശോധനയിലും, മൈക്രോബയോളജി പരിശോധനയിലും, വിശിഷ്യാ കാഴ്‌ചയിലും വേണ്ടതായ ഗുണനിലവാര സൂചികകള്‍ ദേശീയതലത്തിലും നിര്‍വ്വചിക്കപ്പെടുന്നുണ്ട്‌. ലേബലിലേയ്‌ക്കൊന്ന്‌ നോക്കിയാല്‍ ultra filtered, uv treated, ozonized എന്നൊക്കെ കാണാം. മാനദണ്‌ഡങ്ങള്‍ പാലിക്കപ്പെടണ മെങ്കില്‍ പ്രധാനമായും ഈ വെള്ളം അണുവിമുക്തമായിരിക്കണം. 0.2 മൈക്രോഗ്രാം നമ്പറിലുള്ള അരിപ്പകൊണ്ടു അണുക്കളെ അരിച്ചെടുക്കുമ്പോള്‍ ഈ വെള്ളം ഒരു തരത്തില്‍ അണുവിമുക്ത മാകുന്നു. സ്റ്റെറിലൈസേഷന്‍ (sterilization) എന്ന പ്രക്രിയ വഴിയും അണുനശീകരണം നടത്താം. പ്രഷര്‍കുക്കറിന്റെ ഏകദേശ തത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോക്ലേവ്‌ (atuoclave) എന്ന ഉപകരണത്തില്‍ വച്ച്‌ മര്‍ദ്ദവും ആവിയും ഉപയോഗിച്ചാണ്‌ വ്യാവസായികമായി ഇത്‌ നടത്തുക. 15 പൗണ്ട്‌ മര്‍ദ്ദത്തില്‍, 1200c ചൂടില്‍, അരമണിക്കൂര്‍ ഓട്ടോക്ലേവ്‌ (autoclave) ചെയ്യുമ്പോള്‍ അണുനശീകരണം നടക്കുന്നു. സാധാരണയായി നമ്മുടെ വീട്ടില്‍ വെള്ളം 5 മിനിറ്റ്‌ വെട്ടിത്തിളപ്പിച്ച്‌ ഒരു പരിധി വരെ അണുനശീകരണം നടത്താം. 15-20 മിനിറ്റുവരെ തിളപ്പിക്കുന്നതാണ്‌ ഉത്തമം.

ചിലതരം വാതകങ്ങള്‍ ഉപയോഗിച്ചും വ്യാവസായികമായി അണുനശീകരണം നടത്താം. ഇന്‍ഫോറെഡ്‌ റേഡിയേഷന്‍ (infrared radiation) അള്‍ട്രവയലറ്റ്‌ റേഡിയേഷന്‍
(ultraviolet radiation) ഗാമാ റേഡിയേന്‍ (Gamma radiation) എന്നിവയാണ്‌ അവ. ലളിത മായി പറഞ്ഞാല്‍ അള്‍ട്രാവയലറ്റ്‌ റേഡിയേഷന്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കപ്പെട്ട കുടിവെള്ളമാണ്‌ നാം വാങ്ങുന്നത്‌. ഓസോണൈസ്‌ഡ്‌ (ozonized) എന്നതാണ്‌ അടുത്തത്‌. ഓസോണ്‍ (ozone) എന്ന വാതകം ഒരു ഓക്‌സീകാരി (oxidant) ആണ്‌. ഓക്‌സീകരണം (oxidation) എന്ന രാസ പ്രവര്‍ത്തനം നടക്കും. ക്ലോറിന്‍ ഉപയോഗിച്ച്‌ ക്ലോറിനേഷന്‍ വഴി വെള്ളം ശുദ്ധീകരിക്കുന്നതുപോലെ തന്നെ അത്യാധുനികമായ ജലശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്‌ ഓസോണൈസേഷന്‍ (ozonosation). ഓക്‌സീകരണം (oxidation) വഴിയാണ്‌ അണു ക്കളെ നശിപ്പിക്കുന്നത്‌.

ഇതു പോലെ പലതരത്തില്‍ അണുവിമുക്തമാക്കപ്പെട്ട കുടിവെള്ളം എങ്ങനെ സൂക്ഷിക്ക ണമെന്നും ലേബലില്‍ നിര്‍ദ്ദേശമുണ്ട്‌ . Store in a cool place. അപ്പോള്‍ cool place എന്ന തിന്റെ മാനദണ്‌ഡം അറിയേണ്ടേ.. 80c നും 250c ഇടയിലുള്ള ചൂടാണിത്‌. ഒരിക്കല്‍ തുറന്നു പയോഗിച്ച കുപ്പിയില്‍ വെള്ളം ബാക്കിയുണ്ടെങ്കില്‍ പുറത്തുനിന്നും പുതിയ അണുക്കള്‍ കയറികൂടാനും പെരുകാനും സാദ്ധ്യതയുണ്ടല്ലോ. അതുകൊണ്ട്‌ cool place ല്‍ അതായത്‌ ഫ്രിഡ്‌ജിന്റെ ഏറ്റവും താഴ്‌ന്ന തട്ടില്‍ സൂക്ഷിക്കുക. ഈ വെള്ളത്തിലേക്ക്‌ വീട്ടിലിരിക്കുന്ന വെള്ളം ഒഴിച്ച്‌, വീണ്ടും കുപ്പി നിറച്ച്‌, ഫ്രിഡ്‌ജില്‍ സൂക്ഷിച്ചുവയ്‌ക്കുന്ന പ്രവണത ഒഴിവാക്കുന്നതാണ്‌ ഉത്തമം. ഇനിയാണ്‌ നാം സാധാരണയായി ശ്രദ്ധിക്കാറുള്ള എക്‌സ്‌പയറി തീയതി ( Expiry date ). Best before 6 months from the date of packaging . Date of Packaging നോക്കുക; 6മാസത്തിനുള്ളിലാണ്‌ നാമത്‌ വാങ്ങുന്നതെന്ന്‌ ഉറപ്പുവരുത്തുക. ഉപയോഗശേഷം പ്ലാസ്റ്റിക്‌ കുപ്പികള്‍ നശിപ്പിച്ചുകളയുവാനും ലേബലില്‍ നിര്‍ദ്ദേമുണ്ട്‌. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക്‌ കൊണ്ടല്ല കുപ്പികള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ (PET) എന്നതുകൊണ്ടാണിത്‌. പ്ലാസ്റ്റിക്‌ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്‌സൈയ്‌ന്‍ ( Dioxane )എന്ന രാസവസ്‌തു കാന്‍സറിന്‌ കാരണമാകുമെന്നതു കൊണ്ട്‌ കത്തിച്ചല്ല പ്ലാസ്റ്റിക്‌ നശിപ്പിക്കേണ്ടത്‌ എന്ന കാര്യവും ഓര്‍മ്മയില്‍ വയ്‌ക്കുമല്ലോ

Monday, June 1, 2009

ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും

നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക്‌ (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ്‌ ക്യാന്‍സറിന്റെ ആരംഭം. അതിന്‌ കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്‌ പിന്നീടുണ്ടാകുന്നത്‌. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന്‌ നിയന്ത്രണാതീതമായി പെരുകുന്നവയാണ്‌ ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

പെരുകിക്കൊണ്ടിരിക്കുന്ന പുതിയ കോശങ്ങളെ നശിപ്പിക്കുകയാണ്‌ മരുന്നുകള്‍, റേഡിയേഷന്‍, സര്‍ജറി എന്നീ ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ ചെയ്യുന്നത്‌. അതുകൊണ്ട്‌ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുക എന്നത്‌ പ്രധാനമായ കാര്യമാണ്‌. രോഗം ബാധിച്ച ക്യാന്‍സര്‍ കോശങ്ങളുടെ അളവ്‌ ശരീരത്തില്‍ വര്‍ദ്ധിക്കുന്തോറും ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവയെ നേരിടുവാന്‍ അപര്യാപ്‌തമാകും.
സാധാരണ കോശങ്ങള്‍ക്ക്‌ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ മിക്കപ്പോഴും അവ അത്തരം സാഹചര്യങ്ങളിലാകുവാന്‍ അവസരം ഉണ്ടാകുന്നതു കൊണ്ടാണ്‌. ഉദാഹരണമായി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ തൊലിക്ക്‌ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ മതിയായവയാണ്‌; പലതരം രാസവസ്‌തുക്കള്‍ (പുകയില, മദ്യം, കീടാനാശിനികള്‍, ആസ്‌ബസ്റ്റോസ്‌), വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍, ക്രോമസോം തകരാറുകള്‍, മുതലായ കാന്‍സറിനുകാരണക്കാരായ ഇത്തരം ഘടകങ്ങളെ കാര്‍സിനോജനുകള്‍ എന്ന്‌ വിളിക്കുന്നു. വിട്ടുമാറാത്ത പലതരം രോഗാണുബാധ (ഹെപ്പറ്റൈറ്റിസ്‌ - Hepatitis) വൈറസ്‌, അള്‍സറിനു കാരണമായ ഹെലികോബാക്‌ടര്‍ പൈലോറി എന്ന രോഗാണു) 20% വരെ ക്യാന്‍സറിന്‌ കാരണമാകുന്നു. കൂടാതെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്ത നശൈലി, ഭക്ഷണക്രമം, മദ്യപാനം, പുകവലി ഒക്കെ ഇതിന്‌ കാരണമാണ്‌.

ക്യാന്‍സറില്‍ പുകയിലയ്‌ക്കുള്ള പങ്ക്‌ എന്താണെന്ന്‌ നോക്കാം. ലോകത്താകെ ക്യാന്‍സര്‍മൂലം മരണമടയു ന്നവരില്‍ ഭൂരിഭാഗവും പുകയില ശീലമാക്കിയവരാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം പുകയിലച്ചെടികളുണ്ടെങ്കിലും പ്രധാനമായും നിക്കോട്ടിയാനാ റ്റബാകം (Niocotiana tabaccum) എന്ന ശാസ്‌ത്രീയനാമമുള്ള ചെടിയുടെ മുഴുവന്‍ ഭാഗങ്ങളോ, ഇല മാത്രമായോ പലതരത്തിലുള്ള ഉപഭോഗ വസ്‌തുക്കളായി രൂപം പ്രാപിക്കുന്നു. പുകരൂപത്തില്‍ ഉപയോഗിക്കുന്നവയും (സിഗരറ്റ്‌, ബീഡി) പുകരൂപത്തില്ലാതെ ഉപയോഗി ക്കുന്നവയും ഉണ്ട്‌. പുകരൂപത്തിലല്ലാത്തവയില്‍ റ്റുബാക്കോ ഓറല്‍ സ്റ്റഫും (മൂക്കില്‍പ്പൊടി, പാന്‍പരാഗ്‌), ച്യൂയിംഗ്‌ റ്റുബാക്കോയും (പാന്‍മസാല, ഗുഡ്‌ക) ഉള്‍പ്പെടുന്നു.
4000 ത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്നു. ഒരു സിഗരറ്റില്‍ 0.1 - 2 മി.ഗ്രാം എന്ന തോതില്‍ നിക്കോട്ടിന്‍ എന്ന രാസപദാര്‍ത്ഥവും അതിന്റെ പുകയില്‍ പലതരം പോളിസൈക്ലിക്‌ ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണു (Polycyclic Aromatic Hydrocarbons)കളും അടങ്ങിയിരിക്കുന്നു. പൊതുവെ കാര്‍സിനോജനുകള്‍ എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന ആരോമാറ്റിക അമിനുകള്‍ (Aromatic Amines), ബെന്‍സീന്‍, ഹെവിമെറ്റലുകള്‍ (Heavy metals) എന്നിവയും അതിന്റെ പുകയില്‍ ഉണ്ട്‌. ഇവയെല്ലാംകൂടി സമ്മിശ്രമായി ക്യാന്‍സറിനുള്ള എല്ലാ സാദ്ധ്യതയും ഒരുക്കുന്നു. കൂടാതെ രക്തചംക്രമണ വ്യവസ്ഥയേയും (cardio vascular system) ശ്വാസകോശത്തേയും പലതരത്തില്‍ ഇവ ബാധിക്കുന്നു.

ശ്വാസകോശത്തിനുണ്ടാവുന്ന ക്യാന്‍സര്‍ ആണ്‌ പ്രധാനമെങ്കിലും വായ, തൊണ്ട, അന്നനാളം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം ഇവയൊക്കെ ക്യാന്‍സറിനടിമ പ്പെടാനുള്ള സാദ്ധ്യതകളേറെയാണ്‌. ക്യന്‍സറിനുപുറമെ, കൂടിയ ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍, അതുമൂലമുള്ള കൂടിയ രക്തസമ്മര്‍ദ്ദം, രക്തത്തില്‍ ഓക്‌സിജന്റെ കുറഞ്ഞ അളവ്‌, ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ,്‌ ഹോര്‍മോണുകള്‍, എന്നിവയുടെ കൂടിയ അളവ്‌, രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത (തുടര്‍ന്ന്‌ ഹൃദയാഘാതാവും പക്ഷാഘാതവും - stroke), മലബന്ധം ഇവയൊക്കെ ഉണ്ടാകാം. പുക ഏല്‍ക്കാനിടയാകുന്നതുമൂലം അലര്‍ജി ഉണ്ടാകുവാനും അത്‌ ആസ്‌തമയായിത്തീരുവാനും സാദ്ധ്യതകളേറെയാണ്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ പുകവലിക്കുന്നതും പുക ഏല്‍ക്കാനിടയാകുന്നതും ഗര്‍ഭഛിദ്രം, കാലം തികയും മുമ്പേയുള്ള പ്രസവം (premature
delivery), കുട്ടിക്ക്‌ തൂക്കം കുറവ്‌ എന്നിവയുണ്ടാകാനും സാദ്ധ്യതയുണ്ട്‌.
പഠനങ്ങളനുസരിച്ച്‌ പുകവലിക്കാരില്‍ അള്‍സറിന്റെ നിരക്ക്‌ വളരെ കൂടുതലാണ്‌. ആമാശയത്തിലെ പല പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട്‌ അള്‍സര്‍ ഉണങ്ങുവാന്‍ വളരെ താമസം നേരിടും. ഉണങ്ങിയാലും വീണ്ടും വീണ്ടും ഉണ്ടാകുവാന്‍ സാദ്ധ്യതകളേറെയുമാണ്‌.

സിഗരറ്റിലെ രാസപദാര്‍ത്ഥങ്ങള്‍ കത്തിയെരിഞ്ഞ്‌ പുതിയതരം കാര്‍സിനോജനുകള്‍കൂടി ഉണ്ടാകുന്നു എന്നുള്ളതുകൊണ്ട്‌ പുകവലിക്കുന്ന വ്യക്തിയില്‍ നിന്ന്‌, പുകവലി, ഒരു സാമൂഹിക വിപത്തായി ത്തീരുന്നു. പുകവലിക്കുന്ന സമയത്ത്‌ ചുറ്റും നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിലെ മറ്റാളുകള്‍ക്കും നിരന്തരമായി ഈ കാര്‍സിനോജനുകള്‍ ലഭിക്കുന്നു.

പുകയില്ലാത്ത പുകയില ഉത്‌പന്നങ്ങള്‍ (പാന്‍പരാഗ്‌, പാന്‍മസാല, മൂക്കില്‍പ്പൊടി) എന്നിവയും സിഗരറ്റിനേക്കാള്‍ ഒട്ടും സുരക്ഷിതമല്ല. കാന്‍സറിന്‌ കാരണമായ പലതരം രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന അപകടകാരികളാണിവ. കൂടാതെ പല്ലിനു കേടുമുതല്‍ വായ്‌പ്പുണ്ണ്‌ വരെ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ പര്യാപ്‌തമാണ്‌.
പുകയിലയിലെ രാസപദാര്‍ത്ഥങ്ങള്‍ക്ക്‌ കാര്‍സിനോജനായി മാറാന്‍ ഒരു ആവേഗം (Metabolic activation) ലഭിക്കേണ്ടതുണ്ട്‌. ശ്വാസകോശത്തിലും മറ്റ്‌ ശരീരഭാഗങ്ങളിലുമുള്ള എന്‍സൈമുകളാണ്‌ (Ezymes) ഇത്തരം രാസപ്രവര്‍ത്തനത്തെ സഹായിക്കുന്നത്‌. അങ്ങനെ പുകവലിയില്‍ നിന്ന്‌ ക്യാന്‍സറിലേയ്‌ക്കുള്ള മാര്‍ഗ്ഗം വളരെ എളുപ്പമാക്കിത്തീര്‍ക്കാന്‍ നമ്മുടെ ശരീരം സദാ സന്നദ്ധമായി നില്‍ക്കുന്നു. അതുകൊണ്ട്‌ പുകവലി തുടങ്ങിക്കൊടുത്താല്‍ മാത്രം മതി കാന്‍സറുണ്ടാകുവാന്‍.
എങ്ങനെ പുകവലി നിര്‍ത്താം.

80% പുകവലിക്കാരും അത്‌ നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2,3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന്‌ കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. ശരീരത്തെ സംബന്ധിച്ച്‌ പുകവലി നിര്‍ത്തുക എന്നത്‌ മദ്യപാനം നിര്‍ത്തുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. കാരണം, മദ്യപാനം പെട്ടെന്ന്‌ നിര്‍ത്തിയാല്‍ ശരീരം പ്രതികരിക്കും (withdrawal symptoms). അതുകൊണ്ട്‌ ഡോക്‌ടറുടെ സഹായവും, മരുന്നുകളും, അതിനുമുമ്പ്‌ ഒരു കൗണ്‍സിലിംങ്ങും വളരെ ആവശ്യമാണ്‌. പക്ഷേ പുകവലി നിര്‍ത്തുന്നതുകൊണ്ട്‌ ശരീരം അത്രത്തോളം കാര്യമായി പ്രതികരിക്കില്ല. മനസ്സുറപ്പുണ്ടെങ്കില്‍ ചെറിയ തലവേദന, ഉറക്കമില്ലായ്‌മ, അക്ഷമ എന്നീ ഹൃസ്വകാല ത്തേക്കുണ്ടാകാവുന്ന പ്രതികരണങ്ങളെ ചെറുത്തുനില്‍ക്കാവുന്നതേയുള്ളു. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുണ്ട്‌ (If there is a will, there is way) എന്നത്‌ ഇക്കാര്യത്തില്‍ സ്വീകാര്യമാണ്‌. ചിലര്‍ പെട്ടെന്ന്‌ തീരുമാനമെടുത്ത്‌ നിര്‍ത്തുന്നു. മറ്റു ചിലര്‍ ക്രമേണ കുറച്ച്‌ കുറച്ച്‌ കൊണ്ടു വന്ന്‌ നിര്‍ത്തുന്നു. ആളുകളെ അനുസരിച്ച്‌ ശരീരത്തിന്റെ പ്രതികരണങ്ങളും പലതരത്തിലായിരിക്കും.
പുകവലിയെന്ന ശീലം സ്വയം ഉപേക്ഷിക്കുവാന്‍ പറ്റാത്തവര്‍ക്ക്‌ കൗണ്‍സിലിങ്ങും അതോടൊപ്പം ചികിത്സയും ലഭ്യമാണ്‌. നിക്കോട്ടിന്‍ റീപ്ലെയിസ്‌മെന്റ്‌ തെറാപ്പി (Nicotine Replacement Therapy) നോണ്‍ നിക്കോട്ടിന്‍ ഡ്രഗ്‌ തെറാപ്പി (Non -Nicotine Drug Therapy), ബിഹേവിയറല്‍ തെറാപ്പി (Behavioural Therapy) മറ്റു പലതരം ചികിത്സകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വിജയം സുനിശ്ചയവുമാണ്‌.
പുകവലി നിര്‍ത്താന്‍ ചില വഴികള്‍

1. നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക

2. പുകയിലയുടേയോ പുകയുടേയോ ചെറിയ മണം പോലും തങ്ങി നില്‍ക്കുന്ന സ്ഥലം, വാഹനം, വസ്‌ത്രങ്ങള്‍ ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക.

3. മുമ്പ്‌ പുകവലിക്കാന്‍ സൗകര്യം നല്‍കിയിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യ ങ്ങളേയും ഒഴിവാക്കുക.

4. സാധ്യമെങ്കില്‍ പുകവലി നിര്‍ത്തിയ വ്യക്തികളോടോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ ആളുകളോടോ നമ്മുടെ തീരുമാനം അറിയിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.

5. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ പുകവലി നിര്‍ത്തുക യാണെന്ന നമ്മുടെ തീരുമാനം അറിയിക്കുക. നമ്മെ സഹായിക്കാന്‍ പറയുക.

6. ഉറക്കമില്ലായ്‌മ, അക്ഷമ, ഉല്‍കണ്‌ഠ, ഉത്സാഹമില്ലായ്‌മ, അമിതവിശപ്പ്‌, കൂടിയ ശരീരഭാരം, കുറഞ്ഞ ശ്രദ്ധകേന്ദ്രീകരണശേഷി ഇവയെല്ലാം പുകവലി നിര്‍ത്തിയാല്‍ കുറച്ചു നാളത്തേക്ക്‌ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്‌ (വ്യക്തിയ്‌ക്കനുസരിച്ചും വലിയുടെ തീവ്രതയ്‌ക്കനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാകും) അതുകൊണ്ട്‌ ഇത്തരം പ്രതികരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക.

7. മുകളില്‍പ്പറഞ്ഞ മാനസിക ശാരീരിക മാറ്റങ്ങളെ "അസാദ്ധ്യമായി ഒന്നുമില്ല" ("Nothing is impossible") എന്ന ആപ്‌തവാക്യം കൊണ്ട്‌ നേരിടുക. വ്യായാമം ചെയ്യുക, ഒരു ചൂയിംഗം (Chewing gum) ഉപയോഗിക്കുക, വെള്ളം കുടിക്കുക, ഒരു നല്ല സുഹൃത്തിനെ വിളിച്ച്‌ സംസാരിക്കുക, ഒരു നല്ല ബുക്ക്‌ വായിക്കുക, പറ്റുമെങ്കില്‍ നല്ല ഒരു കുളി നടത്തുക, ഒരു പ്രാര്‍ത്ഥന ചൊല്ലുക, ധ്യാനം ശീലമുള്ളവര്‍ അതു ചെയ്യുക, ഇതൊക്കെ പുകവലിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ മറികടക്കാനുള്ള നല്ല ഉപാധികളാണ്‌. ഏറ്റവും നല്ലത്‌ പുകവലികൊണ്ട്‌ മനുഷ്യശരീരത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊ ള്ളുന്ന ഒരു പടത്തിലേക്ക്‌ ആ സമയത്ത്‌ ഒരു നിമിഷം നോക്കാനുള്ള സാഹചര്യം ഉണ്ടാക്കുക യെന്നതാണ്‌.

8. പുകവലിക്കുന്നയാള്‍ പുകയോടൊപ്പം ശ്വാസം അകത്തേക്ക്‌ വലിക്കുമ്പോള്‍ കൂടിയ അളവില്‍ പ്രാണ വായുവും ഉള്ളിലെത്തുന്നുണ്ട്‌. അത്‌ ശരീരത്തിന്‌ അല്‌പം ഗുണം ചെയ്യുന്നുണ്ട്‌. അത്‌ പുകവലിയുടെ സംതൃപ്‌തിക്ക്‌ കാരണമാകുന്ന ഒരു ഘടകമാണ്‌. ഇത്‌ പുകവലി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാക്കാം. പുകവലിക്കണമെന്ന്‌ തോന്നുമ്പോള്‍ എഴുന്നേറ്റ്‌, ഒരു സിഗരറ്റോ ബീഡിയോ ചുരുളോ വലിക്കുന്ന അത്രയും തവണ ദീര്‍ഘമായി ശ്വാസോഛ്വാസം ചെയ്യുക. ശരീരവും മനസ്സും പുകവലിയുടെ സംതൃപ്‌തിയുടെ വലിയൊരു ഭാഗം അനുഭവിക്കും. പുക വലിയോടുള്ള ആര്‍ത്തി അപ്പോഴത്തേയ്‌ക്ക്‌ ശമിക്കുകയും ചെയ്യും

9. നാമും നമുക്ക്‌ ചുറ്റുമുള്ളവരും കൂടി നമ്മുടെ പുകവലികൊണ്ട്‌ നശിക്കുവാന്‍ ഇടയാകുന്നു; ക്യാന്‍സര്‍ എന്ന മഹാവിപത്താണ്‌ ഫലം എന്നത്‌ കൂടെക്കൂടെ മനസ്സിനെ പറഞ്ഞ്‌ പഠിപ്പിക്കുക.
ഒരിക്കല്‍ പൂര്‍ണ്ണമായും പുകവലി നിര്‍ത്തുവാന്‍ സാധിച്ചാല്‍ ഒരു വര്‍ഷത്തേക്കെങ്കിലും അതാവര്‍ത്തിക്കാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിടുവാന്‍ ശ്രദ്ധിക്കുകയും വേണം.

Sunday, March 22, 2009

സ്വയം ചികിത്സ

"ഈയിടെയായി എന്റെ മോള്‍ക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ പനി. ആദ്യത്തെ പ്രാവശ്യമൊക്കെ ഡോക്‌ടറിനെ കാണിച്ചു. ലീവ്‌ ഒക്കെ തീരാറായി. ഇപ്പോ പാരസെറ്റമോള്‍ സിറപ്പ്‌ വാങ്ങി വച്ചിരിക്കുവാ. പനി തുടങ്ങുന്നൂന്ന്‌ കാണുമ്പോള്‍ ഞാനതെടുത്തങ്ങ്‌ കൊടുത്തേക്കും. നിവൃത്തിയില്ലെങ്കിലേ ഡോക്‌ടറിനെ കാണൂ"
2 വയസ്സുള്ള കുഞ്ഞിന്‌ പനിവരുമ്പോള്‍ കൊടുക്കാനായി വീട്ടില്‍ മരുന്ന്‌ കരുതിവച്ചിരിക്കുന്ന ജോലിക്കാരിയായ അമ്മയുടെ വാക്കുകളാണിത്‌. സ്വയം ചികിത്സ എത്രത്തോളം ആശാസ്യമാണെന്ന റിയുവാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്‌ക്കേണ്ടേ.
അസുഖത്തിന്‌ പ്രതിവിധി ലഭ്യമാക്കുക എന്ന ഗുണത്തോടൊപ്പം തന്നെ അനുബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഒരു മരുന്നും ഇല്ലെന്നത്‌ സത്യമായ വസ്‌തുത. ശരീരത്തിനുള്ളില്‍ കടന്നുചെല്ലുന്ന അളവിനനുസരിച്ച്‌ മരുന്ന്‌ രോഗശമനപദാര്‍ത്ഥവും അതുപോലെ തന്നെ വിഷവും ആയിത്തീരുന്നു എന്നത്‌ യാഥാര്‍ത്ഥ്യം. രോഗിയുടെ പ്രായം, അസുഖത്തിന്റെ തീവ്രത (severity), ശരീരത്തിനുള്ളില്‍ വച്ച്‌ മരുന്നിന്‌ സംഭവിക്കുന്ന രാസമാറ്റം, പ്രതിവിധിയോടൊപ്പം രോഗിയുടെ മറ്റ്‌ അവയവങ്ങളെ മരുന്ന്‌ ബാധിക്കുന്ന വിധം, കരള്‍, ഹൃദയം, വൃക്ക തുടങ്ങിയ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അവ തമ്മില്‍ത്തമ്മിലും ശരീരത്തിലും ഉണ്ടാകാവുന്ന വിരുദ്ധപ്രവര്‍ത്തനങ്ങള്‍ (Drug interactions) മുതലായ ഘടകങ്ങളെ വിശകലനം ചെയ്‌തിട്ടാണ്‌ സമര്‍ത്ഥനായ ഒരു ഡോക്‌ടര്‍ മരുന്നിന്റെ കുറിപ്പടി തയ്യാറാക്കുന്നത്‌.

വായില്‍ക്കൂടി കഴിക്കുന്ന പല മരുന്നുകളും വയറ്റില്‍ നിന്ന്‌ ആദ്യമെത്തുന്നതും (First pass metabolism) ശരീരത്തിന്‌ പ്രയോജനപ്രദമാകാനും ഉപയോഗം കഴിഞ്ഞ്‌ പുറന്തള്ളപ്പെടാനും പാക ത്തില്‍ പലതരത്തിലും രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌ കരളില്‍ വച്ചാണ്‌. പക്ഷേ കരളിന്‌ രോഗം ബാധിച്ചിട്ടുള്ള രോഗിക്ക്‌ ചില മരുന്നുകളെ ഇത്തരം രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. അതുപോലെ തന്നെ വൃക്കകള്‍ക്ക്‌ തകരാറുണ്ടെങ്കില്‍, കഴിക്കുന്ന മരുന്നിനെ ഉപയോഗശേഷം പുറന്തള്ളാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. തുടര്‍ന്ന്‌ മരുന്ന്‌ ശരീരത്തിലടിഞ്ഞുകൂടുകയും കൂടുതല്‍ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്ക്‌ വഴിതുറക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പല മരുന്നുകളും കഴിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുള്ളതുകൊണ്ട്‌ സ്വയം ചികിത്സ വളരെ അപകടസാദ്ധ്യതയുള്ളതാണെന്ന്‌ പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്‌. മദ്യപന്മാര്‍ക്ക്‌ പല മരുന്നുകളും മദ്യം കൂടെ ഉപയോഗിക്കുന്നതുകൊണ്ട്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടാക്കും. "വലിയ ആളുകള്‍ക്ക്‌ കൊടുക്കുന്ന മരുന്നിന്റെ അളവല്ല ചെറിയ കുട്ടികള്‍ക്ക്‌ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്‌ ". ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ അവ തമ്മില്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാനും കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക്‌ എത്തിച്ചേരാനും സാദ്ധ്യതയുണ്ട്‌. ഇതൊന്നും മനസ്സിലാക്കാതെയാണ്‌ പൊതുവെ 'സ്വയം ചികിത്സ' നടക്കുന്നത്‌. മരുന്നിന്റെ ലേബലില്‍ ഇങ്ങനെ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെപ്പറ്റി വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അലര്‍ജിക്കുള്ളവ (Anti Allergics), വേദനയ്‌ക്കുള്ളവ (pain killers), പുളിച്ചു തികട്ടലിനും വയറു കമ്പിക്കലിനും ഉള്ളവ (Antacids), ചുമ (Cough syrups), ഉറക്കമില്ലായ്‌മ (sedatives), മലശോധന (laxatives) എന്നിവയ്‌ക്കുള്ളവ, വിറ്റാമിനുകള്‍ (vitamins) ആന്റിബയോട്ടിക്കുകള്‍ (Antibiotics) ആരോഗ്യദായകങ്ങള്‍ (Health supplements) എന്നിവയാണ്‌ സ്വയം ചികിത്സയ്‌ക്കായി വിറ്റഴിയപ്പെടുന്നതും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ വാങ്ങാവുന്നതുമായ OTC (Over the counter) മരുന്നുകള്‍.

വളരെ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രം, വൈദ്യസഹായം കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തപ്പോള്‍, സ്വയം ചികിത്സയ്‌ക്കായി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളവയാണ്‌ OTC മരുന്നുകള്‍. വാങ്ങുമ്പോള്‍ അവ ഉപയോഗി ക്കേണ്ട വിധം ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ മനസ്സിലാക്കുകയും വേണം. വളരെ നാളുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ അത്യാവശ്യമാണ്‌.
ഡോക്‌ടറുടെ കുറിപ്പടിയില്‍ നിന്ന്‌ സ്വന്തം കുറിപ്പടിയിലേക്കുള്ള മാറ്റം വഴി OTC മരുന്നുകള്‍ തന്നിഷ്‌ടപ്രകാരം ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലതുമാത്രം മനസ്സിലാക്കുന്നത്‌ ഒഴിവാക്കാവുന്ന വിപത്തുകളില്‍ നിന്ന്‌ ശരീരത്തെ രക്ഷിക്കാന്‍ സഹായിക്കും. ഏറ്റവും നല്ല വേദന സംഹാരി (pain killer) എന്ന്‌ കരുതപ്പെടുന്ന പാരാസെറ്റാമോള്‍, കൂടുതല്‍ അളവില്‍ കഴിച്ചാല്‍ കരളിനും അതിന്റെ പ്രവര്‍ത്തനത്തിനും പ്രതികൂലമാകുന്നു എന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. മദ്യപാനിയാണ്‌ രോഗിയെങ്കില്‍ കരളും അതിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിഷലിപ്‌തമായിത്തീരുന്നു. ഹൃദ്രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കാന്‍ വേദനാ സംഹാരികളായ പാരസെറ്റമോളിനും ഐബുപ്രോഫനും (Ibuprofen) ശീഘ്രത്തില്‍ കഴിയുന്നു. കരളിനെ ബാധിക്കുമെന്നുള്ളതു കൊണ്ട്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ആസ്‌പിരിന്‍ (Aspirin) കൊടുക്കാന്‍ പാടില്ല എന്ന്‌ നിഷ്‌ക്കര്‍ഷിക്ക പ്പെട്ടിരിക്കുന്നു. മുതിര്‍ന്നവര്‍ വേദന, വാതം എന്നിവയ്‌ക്ക്‌ ആസ്‌പിരിന്‍ തുടര്‍ച്ചയായി ഉപയോഗിക്കു ന്നതും നല്ലതല്ല. ആമാശയത്തിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ അസ്വസ്ഥമാക്കാനുള്ള (Irritation) പ്രവണത ആസ്‌പിരിന്റെ അനുബന്ധ പ്രശ്‌നങ്ങളില്‍ വച്ച്‌ ഏറ്റവും രൂക്ഷമായതാണെന്നു തന്നെ കാരണം. അതേ തുടര്‍ന്ന്‌ ആമാശയത്തിലും കുടലിനുള്ളിലും രക്തസ്രാവം ഉണ്ടാകാനും അത്‌ അള്‍സറായിത്തീരാനും സാദ്ധ്യതകളേറെയാണ്‌. വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധം പല രൂപ ഭേദങ്ങളില്‍ ആസ്‌പിരിന്‍ ലഭ്യമാണ്‌. സ്വയം ചികിത്സിക്കുമ്പോള്‍ ഇവയൊന്നും പ്രയോജനപ്രദമാക്കാന്‍ രോഗികള്‍ക്ക്‌ പറ്റാറില്ല. കരള്‍ വിഷമയമായിത്തീരുമെന്നുള്ളതു കൊണ്ട്‌ നിമിസ്യൂലൈഡ്‌ (Nimesulide) എന്ന മരുന്ന്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ കൊടുക്കരുതെന്ന്‌ ലോകാരോഗ്യസംഘടന (World Health Organisation) നിഷ്‌ക്കര്‍ഷിക്കുന്നു. അമേരിക്കപോലുള്ള രാഷ്‌ട്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞ ഈ മരുന്ന്‌ ഇന്ത്യയില്‍ വളരെയധികമായി ഉപയോഗത്തിലിരിക്കുന്നു.

കഫ്‌സിറപ്പുകളിലും ജലദോഷത്തിനുള്ള മരുന്നുകളിലും അടങ്ങിയിരിക്കുന്ന ഫിനൈല്‍ പ്രൊപനോളമീന്‍ (Phenyl propanolamine) എന്ന ചേരുവയ്‌ക്ക്‌ പക്ഷാഘാതം ഉണ്ടാക്കാന്‍ കഴിവുണ്ടെന്ന്‌ തെളിഞ്ഞതുകൊണ്ട്‌ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കൂടാതെ പ്രമേഹം, ഗ്ലൂക്കോമ, പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം മുതലായവയ്‌ക്കും ഈ രാസപദാര്‍ത്ഥം ഇടയാക്കുമത്രേ (MIMS).
കഫത്തോടുകൂടിയ ചുമയ്‌ക്കും (Productive cough) കഫമില്ലാത്ത ചുമയ്‌ക്കും, (Allergic cough) മരുന്നുകള്‍ വെവ്വേറയാണ്‌. പനി ഒരു രോഗലക്ഷണം മാത്രമാണ്‌. ശരീരം ഈ വിധം പ്രതികരിക്കുമ്പോള്‍ അതിനെ മരുന്ന്‌ കഴിച്ച്‌ ശമിപ്പിക്കേണ്ട ആവശ്യമില്ല. ശരീരത്തിന്റെ താപനില ക്രമാതീതമായി വര്‍ദ്ധിക്കാതെ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മതി.

വയറ്റില്‍ കടന്നു കൂടുന്ന രോഗാണുക്കളെ വയറിളക്കം വഴി ശരീരം തന്നെ പുറന്തള്ളിക്കൊള്ളും. അതിനനുവദിക്കാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ പിന്നീട്‌ ടൈഫോയ്‌ഡ്‌ (Typhoid) പോലുള്ളവയ്‌ക്ക്‌ ചികിത്സ തേടേണ്ടിവരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ വരും.
ഡോക്‌ടറുടെ കുറുപ്പടിപ്രകാരമല്ലാതെ വൈറല്‍ പനി, അലര്‍ജി കൊണ്ടുള്ള തുമ്മല്‍, കഫ മില്ലാത്ത ചുമ, ഫ്‌ളൂ, തൊണ്ടവേദന ഇവയ്‌ക്ക്‌ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ട ആവശ്യമില്ല. പകരം ശരീരത്തിന്റെ പ്രതിരോധശേഷി ഉപയോഗപ്പെടുത്തുന്നതാണ്‌ നല്ലത്‌.
പകര്‍ച്ചപനി തനിയെ ശമികക്കുന്ന രോഗങ്ങളില്‍ (Self limiting diseases) പെടുന്നവയാണ്‌. പകര്‍ച്ചപ്പനിക്ക്‌ കാരണമാകുന്ന വൈറസിനെതിരെ സാധാരണ മരുന്ന്‌ പ്രയോഗിക്കാറില്ല.

വൈറല്‍ പനി ബാധിച്ചാല്‍ അഞ്ചുമുതല്‍ ഏഴു ദിവസം വരെയുള്ള കാലയളവുകൊണ്ട്‌ രോഗം ശനിയെ ശമിച്ചുകൊള്ളും. നന്നായി വിശ്രമിക്കുക മാത്രമേ വേണ്ടൂ. രോഗലക്ഷണങ്ങള്‍ കുറയാനും ശാരീരിക വിഷമതകള്‍ പേശീ വേദന, ശരീരവേദന പരിഹരി ക്കാനുമുള്ള മരന്നുകളാവും ഡോക്‌ടര്‍ നല്‍കുന്നത്‌. ശരീരത്തിനാവശ്യമുള്ള ബാക്‌ടീരിയകളെ നശിപ്പിക്കുക എന്ന ദുഷ്‌കൃത്യമാണ്‌ വൈറല്‍ പനിയ്‌ക്ക്‌ സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതുമൂലം നാം നടത്തുന്നത്‌. ഇത്‌ വൈറസിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയാവും ചെയ്യുക. പിന്നീട്‌ ഈ ആന്റിബയോട്ടിക്‌ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ശരിയായ പ്രയോജനം ലഭിക്കുകയും ഇല്ല. വൈറസിനോടൊപ്പം ബാക്‌ടീരിയ കൂടി ബാധിക്കുന്നതിന്റെ ഫലമായാണ്‌ കഫക്കെട്ടും ചുമയും തൊണ്ടവേദനയും ഉണ്ടാകുന്നത്‌. ഇത്തരം ബാക്‌ടീരിയക്കെതിരെ ആന്റിബയോട്ടി ക്കുകള്‍ കഴിക്കേണ്ടി വരും.
ഡോക്‌ടറെ കാണാന്‍ സമയം കണ്ടെത്താനുള്ള മടി, കണ്ടാലും അതുകഴിഞ്ഞാല്‍ നേരിടേണ്ടി വന്നേക്കാവുന്ന ടെസ്റ്റുകള്‍, അവയുടെ ഭാരിച്ച ചെലവുകള്‍ ഇവയൊക്കെയാണ്‌ സ്വയം ചികിത്സയ്‌ക്കായി നമ്മെ പ്രേരിപ്പിക്കുന്നത്‌. പണക്കാരനെന്നോ പാവപ്പെട്ടനെന്നോ, അറിവുള്ളവരെന്നോ അറിവില്ലാത്ത വരെന്നോ ഭേദമില്ലാതെ വളരെപ്പേര്‍ സ്വയം ചികിത്സ നടത്തുന്നു എന്നതാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. സാക്ഷരതയാണ്‌ നമ്മുടെ നാട്ടില്‍ സ്വയം ചികിത്സയ്‌ക്ക്‌ പ്രചോദനം നല്‍കുന്ന മറ്റൊരു പ്രധാന കാരണം. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നതോര്‍ക്കുക. ഒരാള്‍ക്ക്‌ പ്രത്യേക ലക്ഷണങ്ങളുടെയോ രോഗത്തിന്റെയോ ശമനാര്‍ത്ഥം ഡോക്‌ടര്‍ കുറിച്ച മരുന്ന്‌ സമാന ലക്ഷണമോ രോഗമോ വരുമ്പോള്‍ കഴിക്കുന്നതു കണ്ടു വരുന്നു. ഏതു മരുന്നാണ്‌ സ്വന്തം രോഗാവസ്ഥയ്‌ക്ക്‌ കഴിക്കേണ്ടത്‌ എന്നറിയാമെന്നുള്ള ഒരു മരുന്നു സംസ്‌ക്കാരം (Drug Culture) നമ്മുടെ നാട്ടില്‍ ഉടലെടു ത്തിട്ടുള്ളതായി കാണുന്നു. ഇവയൊക്കെയാണ്‌ പലപ്പോഴും പുതിയ പുതിയ അസുഖങ്ങളിലേക്കും സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നത്‌.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ :
1. ചെറിയ അസുഖങ്ങള്‍ക്കുമാത്രം വളരെ ശ്രദ്ധയോടുകൂടി OTC മരുന്നുകള്‍ ഉപയോഗിച്ച്‌ സ്വയം ചികിത്സ നടത്തുക.
2. മരുന്നിന്റെ ലേബലിലുള്ള വിവരങ്ങള്‍ ശ്രദ്ധിച്ച്‌ വായിക്കുക.
3. വാങ്ങുന്ന മരുന്നിനെപ്പറ്റിയുള്ള എല്ലാ സംശയങ്ങളും ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ ദുരീകരിക്കുക.
4. ഒരു സമയം എത്ര അളവ്‌ മരുന്ന്‌ (Dosage Schedule) കഴിക്കണമെന്നുള്ളത്‌ കൃത്യമായി അറിയുക.
5. രണ്ടു മാത്രകള്‍ (Doses) ക്കിടയ്‌ക്കുള്ള സമയം കൃത്യമായി പാലിക്കുക (അധികമായ അളവ്‌ ശരീരത്തിനുള്ളില്‍ കടന്ന്‌ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാനുള്ള മുന്‍കരുതലാണിത്‌)
6. ഒന്നില്‍ കൂടുതല്‍ ചേരുവകള്‍ (ingredients) അടങ്ങിയിട്ടുള്ള മരുന്നുകള്‍ സ്വയം ചികിത്സ യ്‌ക്ക്‌ ഉപയോഗിക്കാതിരിക്കുക.
7. എന്തെങ്കിലും അനുബന്ധപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായി തോന്നിയാലുടന്‍ ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
8. മദ്യത്തോടൊപ്പം, ശരീരത്തിനുള്ളില്‍ പല മരുന്നുകളും വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാ നിടയുള്ളതുകൊണ്ട്‌ മദ്യം ഉപയോഗിക്കുന്നവര്‍ വിദഗ്‌ദ്ധാഭിപ്രായം സ്വീകരിച്ചുമാത്രം ചികിത്സ നടത്തുക.

Wednesday, February 4, 2009

വെള്ളം - ജീവന്റെ ഹേതു

ജീവന്റെ നിലനില്‍പ്പിന്‌ ഏറ്റവും പ്രധാനം വെള്ളമാണല്ലോ. രാസപരമായി വളരെ സ്ഥിരതയുള്ളതു കൊണ്ട്‌ (Chemical stability) വളരെയധികം മൂലകങ്ങളെയും രാസപദാര്‍ത്ഥങ്ങളെയും ലയിപ്പിക്കാനുള്ള കഴിവ്‌ വെള്ളത്തിനുണ്ട്‌. അതുകൊണ്ടാണ്‌ ഒരു നല്ല ലായകമായ ജലത്തെ ധാതുജലം (mineral water) എന്ന വാക്കുകൊണ്ട്‌ തന്നെ സൂചിപ്പിക്കുന്നത്‌. മനുഷ്യ ശരീരത്തിന്റെ എഴുപതുശതമാനത്തോളം വെള്ള മാണെന്ന്‌ നമുക്കറിയാം. ശുദ്ധജലത്തിനു പുറമെ വെള്ളരിക്കാ, തണ്ണിമത്തന്‍ പോലുള്ള പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നും ധാരാളം ജലാംശം നമുക്ക്‌ ലഭിക്കുവാന്‍ പ്രകൃതിപോലും ഒരുങ്ങി നില്‍ക്കുന്നു.
വെള്ളം - ഒരു മരുന്ന്‌
പല അസുഖങ്ങള്‍ക്കും വെള്ളം മരുന്നായിത്തന്നെ കണക്കാക്കി ഉപയോഗിക്കാനാവും. ശ്വാസകോശ സംബന്ധമായ അസുഖത്തിന്‌ - ഉദാഹരണമായി അണുബാധ വന്നിട്ട്‌ കഫവും അത്‌ പുറന്തള്ളാന്‍ ചുമയും (respiratory tract infections) ഉണ്ടാകുമ്പോള്‍ - എട്ട്‌ ഗ്ലാസ്സുവരെ തിളപ്പിച്ചാറിയ വെള്ളം ദിവസേന കുടിക്കുന്നത്‌ വളരെ നല്ലതാണ്‌. കഫം (mucus) കട്ടിപിടിച്ച്‌ ശ്വാസകോശഭാഗങ്ങളില്‍ തങ്ങി നില്‍ക്കാതെ വലിഞ്ഞു കിട്ടുന്നതിനും ചുമയ്‌ക്കുമ്പോള്‍ എളുപ്പത്തില്‍ പുറത്തേക്ക്‌ പോകുന്നതിനും വളരെ പ്രയോജനകരമാണിത്‌. അതുവഴി ശ്വാസോച്ഛ്വാസം എളുപ്പമാകാനും ഇത്‌ സഹായിക്കും.
തൊണ്ടയില്‍ നീര്‍വീക്കമാണെങ്കില്‍ (sore throat) ചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌ കവിള്‍കൊള്ളുന്നത്‌ (Gargle) വളരെ നല്ലതാണ്‌. ഖര രൂപത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തൊണ്ടവഴി ഇറങ്ങിപ്പോകുന്നത്‌ ബുദ്ധിമുട്ടാകുന്ന ഈ അവസ്ഥയില്‍ പാനീയങ്ങള്‍ കുടിച്ച്‌ ശരീരത്തിന്റെ പോഷകക്കുറവ്‌ നികത്താനും ശ്രദ്ധിക്കണം.
മൂത്രത്തില്‍ പഴുപ്പ്‌ (urinary tract infections) വരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതോ ടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്‌ രോഗാണുക്കളെയും അവശിഷ്‌ടങ്ങളെയും മൂത്രത്തിലൂടെ പുറന്തള്ളുക എന്നത്‌. ചായ, കാപ്പി, കോള, മദ്യം, മസാല കലര്‍ന്ന ഭക്ഷണം എന്നിവ മൂത്രാശയത്തെ പ്രകോപിപ്പിക്കും (irritate) എന്നതുകൊണ്ട്‌ 10 ഗ്ലാസ്സുവരെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ്‌ ഏറ്റവും സുരക്ഷിത മായത്‌. അപ്രകാരം മൂത്രത്തിന്റെ അളവ്‌ കൂടുകയും രോഗാണുക്കളും അവയുടെ അവശിഷ്‌ടങ്ങളും എളുപ്പ ത്തില്‍ പുറന്തള്ളപ്പെടുകയും ചെയ്യും.
സൈനസൈറ്റിസ്‌ (sinusitis) എന്ന അവസ്ഥയില്‍ മൂക്കില്‍ നിന്നും വരുന്ന സ്രവം (mucus) മഞ്ഞ നിറമോ, മഞ്ഞകലര്‍ന്ന പച്ചനിറമോ ആയി മാറിക്കഴിഞ്ഞാല്‍ അണുബാധയുണ്ടെന്നുറപ്പിക്കാം. തലകുനിച്ചു നോക്കിയാല്‍ വേദനയോ ഭാരക്കൂടുതലോ തോന്നുകയും ചെയ്യും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ്‌ ഫലപ്രദം. ഒപ്പം 10 ഗ്ലാസ്സുവരെ വെള്ളം കുടിക്കുന്നത്‌ മൂക്കിലെ സ്രവം അയഞ്ഞുകിട്ടാനും എളുപ്പത്തില്‍ പുറന്തള്ളപ്പെടാനും സഹായിക്കും.
ആരോഗ്യമുള്ള വൃക്കകള്‍ക്കും അവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ദിവസവും രണ്ടു ലിറ്ററോളം വെള്ളം ആവശ്യമുണ്ട്‌. മൂത്രം നേര്‍ത്ത (Dilute) തായി പോകുമ്പോള്‍ വൃക്കയില്‍ കല്ല്‌ ഉണ്ടാകുവാനുള്ള സാദ്ധ്യതകള്‍ വളരെ കുറവാണ്‌. ഒരിക്കല്‍ കല്ല്‌ ഉണ്ടായിക്കഴിഞ്ഞാല്‍ കഫീനടങ്ങിയ പാനീയങ്ങള്‍ ഒഴിവാ ക്കുന്നതാണ്‌ നല്ലത്‌. കാരണം കൂടുതല്‍ യൂറിക്‌ ആസ്‌ഡ്‌ ഉണ്ടാക്കുവാനുള്ള കഫീന്റെ കഴിവ്‌ വൃക്കയിലെ കല്ലുകളുടെ പുറന്തള്ളലിനെ മന്ദഗതിയിലാക്കും. ദിവസേന 2 ലിറ്ററോളം മൂത്രം പുറന്തള്ളാന്‍ പാകത്തില്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത്‌ കല്ലിനെ പുറന്തള്ളാനും അത്‌ ഉണ്ടാവാതിരിക്കാനും ഏറ്റവും ഉത്തമം.
മസിലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും വെള്ളം അനിവാര്യമാണ്‌. പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്ജം ഉപയോഗിച്ചശേഷം പുറന്തള്ളപ്പെടുന്ന ലാക്‌ടിക്‌ ആസിഡ്‌ മസിലുകളില്‍ കെട്ടിക്കിടക്കാതെയും മതിയായ രക്തയോട്ടം ലഭിക്കുന്നതിനും മസിലുകള്‍ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്‌.
പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ നീര്‍വീക്കം പ്രശ്‌നമായവരും ധാരാളം വെള്ളം കുടിക്കണം. ശരിയായ മലശോധന ഉണ്ടാകാതെ വരുന്നത്‌ പ്രായം ചെന്നവരില്‍ കാണുന്ന ഒരു വലിയ പ്രശ്‌നം തന്നെയാണ്‌. പ്രകൃതിദത്തമായ നാരുകളടങ്ങിയ ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുകയോ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഇസാപഗോള്‍ (Isapgol Husk Powder) പൊടി വെള്ളത്തില്‍ കലക്കി കുടിക്കുകയോ ഒക്കെയാവാം പരിഹാരം. പക്ഷേ ഇതോടൊപ്പം പറ്റുന്നിടത്തോളം വെള്ളം കൂടി വയറ്റിലെത്തിയാലേ ഇത്തരം ചികിത്സ പ്രയോജനപ്പെടൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പ്രായം കൂടുംതോറും നമ്മുടെ ശരീരത്തിലെ ജലാംശം കുറഞ്ഞുവരും. പ്രായമാകുമ്പോള്‍ തൊലി ചുളുങ്ങാനും, സന്ധികളില്‍ പിടുത്തമനുഭവപ്പെടാനുമൊക്കെ കാരണമിതാണ്‌. 6 മുതല്‍ 8 ഗ്ലാസ്സുവരെ വെള്ളം ദിവസേന ശരീരത്തിനാവശ്യമുണ്ട്‌. മൂത്രം വെള്ളനിറത്തിലോ, ചെറിയ മഞ്ഞനിറം കലര്‍ന്നോ ആണ്‌ പോകേണ്ടത്‌. മഞ്ഞനിറം കൂടിയാല്‍ ആവശ്യത്തിന്‌ വെള്ളം ശരീരത്തിന്‌ ലഭിക്കുന്നില്ല എന്നര്‍ത്ഥം.
വെള്ളം തന്നെ പലതരം രാസപ്രക്രിയകള്‍ക്ക്‌ വിധേയമാക്കി ശുദ്ധീകരിക്കാറുണ്ട്‌. 6 തരം വെള്ളമാണ്‌ ഔദ്യോഗികമായി (official monographs) ചികിത്സയ്‌ക്കും മരുന്നുത്‌പാദനത്തിനും ആയി ഉപയോഗിക്കു ന്നത്‌. മാലിന്യങ്ങള്‍ നീക്കം ചെയ്‌ത്‌ രോഗാണുവിമുക്തമാക്കിയാണ്‌ ഇത്തരം വെള്ളത്തിന്റെ ഉത്‌പാദനം. ഇങ്‌ജക്ഷനുകള്‍ക്കായി വെള്ളം ശുദ്ധീകരിച്ചെടുക്കുന്നത്‌ (sterile water for injection) വളരെ സൂക്ഷ്‌മത യോടെയാണ്‌. ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌.

Friday, January 16, 2009

പൂമ്പൊടി മരുന്നും ആഹാരവും

തേനീച്ചപോലുള്ള പ്രാണികള്‍ ശേഖരിച്ച്‌ അവരുടെ ആഹാരത്തിനായി കരുതി വയ്‌ക്കുന്ന പൂമ്പൊടി (Pollen) വളരെ ഊര്‍ജ്ജം അടങ്ങിയിരിക്കുന്ന ഒന്നാണ്‌. മനുഷ്യന്റെ സമീകൃതാഹാരത്തിനു തകുന്ന അമിനോ ആസിഡുകള്‍ (Amino acids), മിനറലുകള്‍ (Minerals), എന്‍സൈമുകള്‍ (Enzymes), അറിയപ്പെടുന്ന മിക്കവാറും വൈറ്റമിനുകള്‍ (Vitamines) ഇവയെല്ലാം പൂമ്പൊടിയിലുണ്ട്‌. കൂടാതെ മരുന്നായും ഇവയ്‌ക്ക്‌ വളരെ ഉപയോഗമുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. വയറ്റിലുണ്ടാകുന്ന അള്‍സര്‍ (Ulcer), പ്രൊസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, കരളിന്റെ കേടുപാടുകള്‍ പരിഹരിക്കല്‍, രോഗാണുബാധ തടയല്‍ എന്നിവയിലെല്ലാം പൂമ്പൊടിയ്‌ക്ക്‌ പ്രാധാന്യമുണ്ട്‌.

ചില ആളുകളില്‍ പൂമ്പൊടി അലര്‍ജി (Allergy) ഉണ്ടാക്കുമെങ്കിലും ആസ്‌മയ്‌ക്കെതിരായും അമിതഭാരമുള്ളവരുടെ തൂക്കം കുറയ്‌ക്കുക, ദഹനപ്രക്രിയയുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കുക, പ്രായമാകല്‍ പ്രക്രിയയുടെ നിരക്കു കുറയ്‌ക്കുക തുടങ്ങി കാന്‍സറിനെ തടുക്കാന്‍ വരെ പൂമ്പൊടിക്ക്‌ കഴിവുണ്ട്‌. പ്രാണികള്‍ അവയുടെ തേനിലാണ്‌ പൂമ്പൊടി ശേഖരിക്കുക എന്നതാണ്‌ നമുക്ക്‌ പ്രയോജന കരമായ കാര്യം. പൂക്കളുടെ വൈവിധ്യമനുസരിച്ച്‌ പൂമ്പൊടിയുടെ എണ്ണവും തേനിന്റെ ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും.

മുന്തിരിപ്പൂക്കളില്‍ നിന്നും തേനീച്ച ശേഖരിക്കുന്ന 10 ഗ്രാം തേനില്‍ ഒരു ലക്ഷത്തില്‍പ്പരം പൂമ്പൊടിയാണുള്ളത്‌. പൂമ്പൊടിയും തേനും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധമാണ്‌ തേനിന്റെ അലര്‍ജി, മിക്കവാറും പൂമ്പൊടിയുടെ അലര്‍ജിയായി കരുതാന്‍ കാരണം.
വൈറ്റമിനുകളും കലോറി മൂല്യവും ചികിത്സാമൂല്യവുമുള്ള മറ്റു ഘടകങ്ങളും അടങ്ങിയിരിക്കുന്നതു കൊണ്ട്‌ തേന്‍ ഔഷധമായി കണക്കാക്കപ്പെടുന്നു.

കാന്‍സറിന്റെ ചികിത്സയില്‍ വരെ തേന്‍ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. ജനറല്‍ ഫെഡറല്‍ ബോര്‍ഡ്‌ ഓഫ്‌ ഹെല്‍ത്ത്‌ (General federal Board of health) പൂമ്പൊടി മരുന്നായി ഉപയോഗിക്കുന്നതിന്‌ അംഗീകാരം കൊടുത്തിട്ടുണ്ട്‌. എല്ലാത്തിനും ഉപരി മുറിവുണക്കാനുള്ള തേനിന്റെ കഴിവിനെപ്പറ്റി പരക്കെ അറിവുള്ളതാണ്‌. മൂന്നുതരം പ്രവര്‍ത്തനശൈലികളാണ്‌ തേനിന്റെ മുറിവുണക്കല്‍ പ്രക്രിയയിലുള്ളത്‌.

(1) ഗ്ലൂക്കോസ്‌, ഫ്രക്‌ടോസ്‌ (Glucose fructose) എന്നീ രണ്ടിനം പഞ്ചസാരകള്‍ തേനില്‍ അടങ്ങിയിരി ക്കുന്നു. മുറിവിനു പുറമേ അല്ലെങ്കില്‍ പൊള്ളിയ ഭാഗത്ത്‌ പുരട്ടുമ്പോള്‍ ഈ രണ്ടുതരം പഞ്ചസാരകളും അതില്‍ നിന്ന്‌ ശരീരം പുറന്തള്ളുന്നതിനാല്‍ ഊറിവരുന്ന വസ്‌തുകളേയും ജലാംശത്തേയും ആഗിരണം ചെയ്യുകയും അതുവഴി പഴുക്കാന്‍ കാരണമാകുന്ന ബാക്‌ടീരിയയേയും ഫംഗസിനേയും ഒരു തരം ഉണക്കല്‍ പ്രക്രിയ (drying out) യ്‌ക്ക്‌ വിധേയമാക്കി അവയുടെ വളര്‍ച്ചാ നിരക്ക്‌ കുറയ്‌ക്കുകയും ചെയ്യുന്നു.

(2) ശുദ്ധമായ തേനില്‍ ഗ്ലൂക്കോസ്‌ ഓക്‌സിഡേസ്‌ (Glucose oxidase) എന്ന ഒരു എന്‍സൈം (Enzyme) അടങ്ങിയിട്ടുണ്ട്‌. മുറിവില്‍ ജലാംശത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇത്‌ ഒരു വീര്യം കുറഞ്ഞ ആന്റി സെപ്‌റ്റിക്‌ (Antiseptic) ആയ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ (Hydrogen Peroxide) ഉത്‌പാദിപ്പിക്കുകയും അതുവഴി രോഗാണുബാധ ഉണ്ടാകാതെ മുറിവുണക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാസപ്രക്രിയയ്‌ക്ക്‌ വിധായമാക്കി മാര്‍ക്കറ്റില്‍ കിട്ടുന്ന തേനില്‍ ഈ എന്‍സൈം നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നതുകൊണ്ട്‌ ശുദ്ധമായ തേനാണ്‌ ഉപയോഗിക്കേണ്ടത്‌. നല്ല സൂര്യപ്രകാശവും ചൂട്‌ ഏല്‍ക്കാനിടയായാലും ഈ എന്‍സൈം നശിപ്പിക്കപ്പെടും. അതുകൊണ്ട്‌ ശുദ്ധമായ തേന്‍ സൂക്ഷിച്ചുവയ്‌ക്കുമ്പോള്‍ സൂര്യപ്രകാശവും ചൂടും ഏല്‍ക്കാനിടയാകാതെ ശ്രദ്ധിക്കേണ്ടതാണ്‌.

(3) ശുദ്ധമായ തേനില്‍ അടങ്ങിയിരിക്കുന്ന പൂമ്പൊടിയും എന്‍സൈമുകളും പുതിയ ശരീരകലകളുടെ വളര്‍ച്ചയെ ഉദ്ദിപിപ്പിക്കുന്നു.

മുറിവുണങ്ങാനും, പൊള്ളലിനും തേന്‍ മഹത്തരമാകുന്നത്‌ ഈ കഴിവുകള്‍കൊണ്ടാണ്‌.


Saturday, January 3, 2009

മരുന്നിന്റെ ലേബല്‍ 2

പ്രധാന മരുന്നിനുമുകളില്‍ Rj എന്നൊരു അടയാളം കാണാം. താങ്കള്‍ കഴിക്കുക (you take) എന്നര്‍ത്ഥം വരുന്ന (Receipe) എന്ന ലാറ്റിന്‍ വാക്കിന്റെ ആദ്യക്ഷരമായ R ഉം റോമാക്കാരുടെ സൗഖ്യദായകമായ (God of healing) ജൂപ്പിറ്റര്‍ (Jupiter) ദേവനെ പ്രതിനിധീകരിക്കുന്ന J യും ചേര്‍ന്നതാണ്‌ Rj ഈ അടയാളം ജൂപ്പിറ്റര്‍ദേവന്റെ കണ്ണിലെ കൃഷ്‌ണമണിയെ പ്രതിനിധാനം ചെയ്യുന്നു എന്നും വ്യാഖ്യാനമുണ്ട്‌. എന്തായാലും (ദൈവനാമത്തില്‍) താഴെ പറയുന്ന മരുന്ന്‌ താങ്കള്‍ കഴിക്കുക - (In the name of God) you take the following medicines - എന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌. Rj നെ തുടര്‍ന്ന്‌ മരുന്നിന്റെ പേരാണുണ്ടാവുക.

ജെനറിക്‌ പേരിനോടൊപ്പം IP, BP, USP, BNF എന്ന അക്ഷരങ്ങള്‍ കാണാറുണ്ട്‌. IP എന്നാല്‍ Indian Pharmacopoeia എന്നും BP എന്നാല്‍ British Pharmacopoeia എന്നും USP എന്നാല്‍ Unites States Pharmacopoeia എന്നും BNF എന്നാല്‍ British National Formulary എന്നുമാണ്‌ വിവക്ഷ. മരുന്നുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതതു രാജ്യത്തെ അംഗീകൃത പുസ്‌തകങ്ങളാണിവ. അതുപ്രകാരം എല്ലാ മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ്‌ ഈ മരുന്ന്‌ ഉണ്ടാക്കി യിരിക്കുന്നത്‌ എന്നാണ്‌ ഈ അക്ഷരങ്ങള്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആയുര്‍വേദമരുന്നുകളില്‍ ഇതിന്റെ സ്ഥാനത്ത്‌ സഹസ്രയോഗം, അഷ്‌ടാംഗഹൃദയം എന്നൊക്കെ കാണാം. പ്രധാന രാസവസ്‌തു (active pharmaceutical ingredient) കൂടാതെ മറ്റു ചിലവ കൂടി മരുന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. മരുന്ന്‌ കേടു കൂടാതെ സംരക്ഷിക്കുന്നതിനുള്ള രാസവസ്‌തുക്കള്‍ (preservatives), മധുരം പ്രദാനം ചെയ്യുന്ന രാസവസ്‌തുക്കള്‍, പലതരം നിറങ്ങള്‍ എന്നിവയാണവ. ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (FDA) അംഗീകരിച്ചിട്ടുള്ള രാസവസ്‌തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ട്‌. ഇവയെപ്പറ്റിയും പ്രധാന മരുന്നിനു താഴെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കും. അവയുടെ അളവിനുനേരെ q.s എന്ന്‌ എഴുതിയിരിക്കുന്നതും കാണാം. quantity sufficient അതായത്‌ ആവശ്യത്തിന്‌ / പാകത്തിന്‌ ഉള്ള അളവ്‌ ചേര്‍ത്തിരിക്കുന്ന എന്നര്‍ത്ഥം.

മരുന്നുകുപ്പിയുടേയോ, കവറിന്റേയോ പുറത്ത്‌ പ്രത്യേക വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന മരുന്നിന്റെ തലക്കുറിയാണ്‌ ലേബല്‍. 1940 ലെ ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ട്‌ പ്രകാരം ഓരോ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ ഉള്‍പ്പെടുത്തിരിക്കണം എന്ന്‌ അനുശാസിക്കുന്നു. മരുന്നിനെപ്പറ്റിയും അതിന്റെ ശരിയായ ഉപയോഗത്തെപ്പറ്റിയും പ്രധാന നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ അടങ്ങിയിരിക്കുന്നു. ഒരു മരുന്നിന്റെ ലേബല്‍ എങ്ങനെ ചെയ്യണമെന്നതി നെപ്പറ്റി ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്‍ (FIP) അവരുടെ വെബ്‌സെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്‌.