Friday, January 16, 2009

പൂമ്പൊടി മരുന്നും ആഹാരവും

തേനീച്ചപോലുള്ള പ്രാണികള്‍ ശേഖരിച്ച്‌ അവരുടെ ആഹാരത്തിനായി കരുതി വയ്‌ക്കുന്ന പൂമ്പൊടി (Pollen) വളരെ ഊര്‍ജ്ജം അടങ്ങിയിരിക്കുന്ന ഒന്നാണ്‌. മനുഷ്യന്റെ സമീകൃതാഹാരത്തിനു തകുന്ന അമിനോ ആസിഡുകള്‍ (Amino acids), മിനറലുകള്‍ (Minerals), എന്‍സൈമുകള്‍ (Enzymes), അറിയപ്പെടുന്ന മിക്കവാറും വൈറ്റമിനുകള്‍ (Vitamines) ഇവയെല്ലാം പൂമ്പൊടിയിലുണ്ട്‌. കൂടാതെ മരുന്നായും ഇവയ്‌ക്ക്‌ വളരെ ഉപയോഗമുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. വയറ്റിലുണ്ടാകുന്ന അള്‍സര്‍ (Ulcer), പ്രൊസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, കരളിന്റെ കേടുപാടുകള്‍ പരിഹരിക്കല്‍, രോഗാണുബാധ തടയല്‍ എന്നിവയിലെല്ലാം പൂമ്പൊടിയ്‌ക്ക്‌ പ്രാധാന്യമുണ്ട്‌.

ചില ആളുകളില്‍ പൂമ്പൊടി അലര്‍ജി (Allergy) ഉണ്ടാക്കുമെങ്കിലും ആസ്‌മയ്‌ക്കെതിരായും അമിതഭാരമുള്ളവരുടെ തൂക്കം കുറയ്‌ക്കുക, ദഹനപ്രക്രിയയുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കുക, പ്രായമാകല്‍ പ്രക്രിയയുടെ നിരക്കു കുറയ്‌ക്കുക തുടങ്ങി കാന്‍സറിനെ തടുക്കാന്‍ വരെ പൂമ്പൊടിക്ക്‌ കഴിവുണ്ട്‌. പ്രാണികള്‍ അവയുടെ തേനിലാണ്‌ പൂമ്പൊടി ശേഖരിക്കുക എന്നതാണ്‌ നമുക്ക്‌ പ്രയോജന കരമായ കാര്യം. പൂക്കളുടെ വൈവിധ്യമനുസരിച്ച്‌ പൂമ്പൊടിയുടെ എണ്ണവും തേനിന്റെ ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും.

മുന്തിരിപ്പൂക്കളില്‍ നിന്നും തേനീച്ച ശേഖരിക്കുന്ന 10 ഗ്രാം തേനില്‍ ഒരു ലക്ഷത്തില്‍പ്പരം പൂമ്പൊടിയാണുള്ളത്‌. പൂമ്പൊടിയും തേനും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധമാണ്‌ തേനിന്റെ അലര്‍ജി, മിക്കവാറും പൂമ്പൊടിയുടെ അലര്‍ജിയായി കരുതാന്‍ കാരണം.
വൈറ്റമിനുകളും കലോറി മൂല്യവും ചികിത്സാമൂല്യവുമുള്ള മറ്റു ഘടകങ്ങളും അടങ്ങിയിരിക്കുന്നതു കൊണ്ട്‌ തേന്‍ ഔഷധമായി കണക്കാക്കപ്പെടുന്നു.

കാന്‍സറിന്റെ ചികിത്സയില്‍ വരെ തേന്‍ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. ജനറല്‍ ഫെഡറല്‍ ബോര്‍ഡ്‌ ഓഫ്‌ ഹെല്‍ത്ത്‌ (General federal Board of health) പൂമ്പൊടി മരുന്നായി ഉപയോഗിക്കുന്നതിന്‌ അംഗീകാരം കൊടുത്തിട്ടുണ്ട്‌. എല്ലാത്തിനും ഉപരി മുറിവുണക്കാനുള്ള തേനിന്റെ കഴിവിനെപ്പറ്റി പരക്കെ അറിവുള്ളതാണ്‌. മൂന്നുതരം പ്രവര്‍ത്തനശൈലികളാണ്‌ തേനിന്റെ മുറിവുണക്കല്‍ പ്രക്രിയയിലുള്ളത്‌.

(1) ഗ്ലൂക്കോസ്‌, ഫ്രക്‌ടോസ്‌ (Glucose fructose) എന്നീ രണ്ടിനം പഞ്ചസാരകള്‍ തേനില്‍ അടങ്ങിയിരി ക്കുന്നു. മുറിവിനു പുറമേ അല്ലെങ്കില്‍ പൊള്ളിയ ഭാഗത്ത്‌ പുരട്ടുമ്പോള്‍ ഈ രണ്ടുതരം പഞ്ചസാരകളും അതില്‍ നിന്ന്‌ ശരീരം പുറന്തള്ളുന്നതിനാല്‍ ഊറിവരുന്ന വസ്‌തുകളേയും ജലാംശത്തേയും ആഗിരണം ചെയ്യുകയും അതുവഴി പഴുക്കാന്‍ കാരണമാകുന്ന ബാക്‌ടീരിയയേയും ഫംഗസിനേയും ഒരു തരം ഉണക്കല്‍ പ്രക്രിയ (drying out) യ്‌ക്ക്‌ വിധേയമാക്കി അവയുടെ വളര്‍ച്ചാ നിരക്ക്‌ കുറയ്‌ക്കുകയും ചെയ്യുന്നു.

(2) ശുദ്ധമായ തേനില്‍ ഗ്ലൂക്കോസ്‌ ഓക്‌സിഡേസ്‌ (Glucose oxidase) എന്ന ഒരു എന്‍സൈം (Enzyme) അടങ്ങിയിട്ടുണ്ട്‌. മുറിവില്‍ ജലാംശത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇത്‌ ഒരു വീര്യം കുറഞ്ഞ ആന്റി സെപ്‌റ്റിക്‌ (Antiseptic) ആയ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ (Hydrogen Peroxide) ഉത്‌പാദിപ്പിക്കുകയും അതുവഴി രോഗാണുബാധ ഉണ്ടാകാതെ മുറിവുണക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാസപ്രക്രിയയ്‌ക്ക്‌ വിധായമാക്കി മാര്‍ക്കറ്റില്‍ കിട്ടുന്ന തേനില്‍ ഈ എന്‍സൈം നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നതുകൊണ്ട്‌ ശുദ്ധമായ തേനാണ്‌ ഉപയോഗിക്കേണ്ടത്‌. നല്ല സൂര്യപ്രകാശവും ചൂട്‌ ഏല്‍ക്കാനിടയായാലും ഈ എന്‍സൈം നശിപ്പിക്കപ്പെടും. അതുകൊണ്ട്‌ ശുദ്ധമായ തേന്‍ സൂക്ഷിച്ചുവയ്‌ക്കുമ്പോള്‍ സൂര്യപ്രകാശവും ചൂടും ഏല്‍ക്കാനിടയാകാതെ ശ്രദ്ധിക്കേണ്ടതാണ്‌.

(3) ശുദ്ധമായ തേനില്‍ അടങ്ങിയിരിക്കുന്ന പൂമ്പൊടിയും എന്‍സൈമുകളും പുതിയ ശരീരകലകളുടെ വളര്‍ച്ചയെ ഉദ്ദിപിപ്പിക്കുന്നു.

മുറിവുണങ്ങാനും, പൊള്ളലിനും തേന്‍ മഹത്തരമാകുന്നത്‌ ഈ കഴിവുകള്‍കൊണ്ടാണ്‌.


Saturday, January 3, 2009

മരുന്നിന്റെ ലേബല്‍ 2

പ്രധാന മരുന്നിനുമുകളില്‍ Rj എന്നൊരു അടയാളം കാണാം. താങ്കള്‍ കഴിക്കുക (you take) എന്നര്‍ത്ഥം വരുന്ന (Receipe) എന്ന ലാറ്റിന്‍ വാക്കിന്റെ ആദ്യക്ഷരമായ R ഉം റോമാക്കാരുടെ സൗഖ്യദായകമായ (God of healing) ജൂപ്പിറ്റര്‍ (Jupiter) ദേവനെ പ്രതിനിധീകരിക്കുന്ന J യും ചേര്‍ന്നതാണ്‌ Rj ഈ അടയാളം ജൂപ്പിറ്റര്‍ദേവന്റെ കണ്ണിലെ കൃഷ്‌ണമണിയെ പ്രതിനിധാനം ചെയ്യുന്നു എന്നും വ്യാഖ്യാനമുണ്ട്‌. എന്തായാലും (ദൈവനാമത്തില്‍) താഴെ പറയുന്ന മരുന്ന്‌ താങ്കള്‍ കഴിക്കുക - (In the name of God) you take the following medicines - എന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌. Rj നെ തുടര്‍ന്ന്‌ മരുന്നിന്റെ പേരാണുണ്ടാവുക.

ജെനറിക്‌ പേരിനോടൊപ്പം IP, BP, USP, BNF എന്ന അക്ഷരങ്ങള്‍ കാണാറുണ്ട്‌. IP എന്നാല്‍ Indian Pharmacopoeia എന്നും BP എന്നാല്‍ British Pharmacopoeia എന്നും USP എന്നാല്‍ Unites States Pharmacopoeia എന്നും BNF എന്നാല്‍ British National Formulary എന്നുമാണ്‌ വിവക്ഷ. മരുന്നുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതതു രാജ്യത്തെ അംഗീകൃത പുസ്‌തകങ്ങളാണിവ. അതുപ്രകാരം എല്ലാ മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ്‌ ഈ മരുന്ന്‌ ഉണ്ടാക്കി യിരിക്കുന്നത്‌ എന്നാണ്‌ ഈ അക്ഷരങ്ങള്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആയുര്‍വേദമരുന്നുകളില്‍ ഇതിന്റെ സ്ഥാനത്ത്‌ സഹസ്രയോഗം, അഷ്‌ടാംഗഹൃദയം എന്നൊക്കെ കാണാം. പ്രധാന രാസവസ്‌തു (active pharmaceutical ingredient) കൂടാതെ മറ്റു ചിലവ കൂടി മരുന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. മരുന്ന്‌ കേടു കൂടാതെ സംരക്ഷിക്കുന്നതിനുള്ള രാസവസ്‌തുക്കള്‍ (preservatives), മധുരം പ്രദാനം ചെയ്യുന്ന രാസവസ്‌തുക്കള്‍, പലതരം നിറങ്ങള്‍ എന്നിവയാണവ. ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (FDA) അംഗീകരിച്ചിട്ടുള്ള രാസവസ്‌തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ട്‌. ഇവയെപ്പറ്റിയും പ്രധാന മരുന്നിനു താഴെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കും. അവയുടെ അളവിനുനേരെ q.s എന്ന്‌ എഴുതിയിരിക്കുന്നതും കാണാം. quantity sufficient അതായത്‌ ആവശ്യത്തിന്‌ / പാകത്തിന്‌ ഉള്ള അളവ്‌ ചേര്‍ത്തിരിക്കുന്ന എന്നര്‍ത്ഥം.

മരുന്നുകുപ്പിയുടേയോ, കവറിന്റേയോ പുറത്ത്‌ പ്രത്യേക വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന മരുന്നിന്റെ തലക്കുറിയാണ്‌ ലേബല്‍. 1940 ലെ ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ട്‌ പ്രകാരം ഓരോ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ ഉള്‍പ്പെടുത്തിരിക്കണം എന്ന്‌ അനുശാസിക്കുന്നു. മരുന്നിനെപ്പറ്റിയും അതിന്റെ ശരിയായ ഉപയോഗത്തെപ്പറ്റിയും പ്രധാന നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ അടങ്ങിയിരിക്കുന്നു. ഒരു മരുന്നിന്റെ ലേബല്‍ എങ്ങനെ ചെയ്യണമെന്നതി നെപ്പറ്റി ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്‍ (FIP) അവരുടെ വെബ്‌സെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്‌.