Saturday, December 25, 2010

മഞ്ഞുകാലരോഗങ്ങൾ

ചുമ, കഫക്കെട്ട്, തൊണ്ടവേദന, തൊണ്ടചൊറിച്ചിൽ, ദേഹമാസകലം വേദന, ക്ഷീണം, പനി ഇങ്ങനെ പോകുന്നു മഞ്ഞുകാലം വരവേൽക്കുന്ന അസുഖങ്ങളുടെ വിശേഷങ്ങൾ. കൊച്ചുകുട്ടികളുടെ പ്രയാസങ്ങൾ മൂലം കഷ്ടപ്പെടുന്ന മാതാപിതാക്കളും ധാരാളം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും കാലാവസ്ഥാവ്യതിയാനം മൂലം ആ സമയത്ത് വൈറസ് വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതു കൊണ്ടാണ്നാം മുകളിൽ പറഞ്ഞ രോഗങ്ങൾക്ക് അടിമപ്പെടുന്നത്. നന്നായി വിശ്രമിച്ച് ധാരാളം വെള്ളം കുടിച്ചാൽ വൈറൽ പനി തനിയെ മാറിക്കൊള്ളും. അതിന്ക്ഷമ വളരെ അത്യാവശ്യമാണ്‍. ജോലിയിൽ എത്ര തിരക്കുണ്ടായാലും രണ്ടോ മൂന്നോ ദിവസം ലീവെടുത്ത് വിശ്രമിക്കേണ്ടത് ഇത്തരം പനിയുടേയും മറ്റ് അസ്വസ്ഥതകളുടേയും തീവ്രത കുറയ്ക്കും. ഇല്ലെങ്കിൽ പനി മാറിയാലും ക്ഷീണവും മറ്റ് പ്രശ്നങ്ങളും കുറച്ചു കാലത്തേക്ക് ശരീരത്തേയും മനസ്സിനേയും ബുദ്ധിമുട്ടിക്കുകതന്നെ ചെയ്യും. ഇതിലൊക്കെ പ്രധാനം, ഇത്തരം പനി പകരാ൯ വളരെയേറെ സാധ്യതകളുള്ളതുകൊണ്ട്, സാമൂഹ്യജീവികളായ നാം ഓരോരുത്തരും മറ്റുള്ളവ൪ക്കിത് പക൪ത്തിക്കൊടുക്കാതെ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്ന് പ്രത്യേകം പറയേന്ടതില്ലല്ലൊ. കുട്ടികളെ, പനി മാറും വരെ സ്ക്കൂളിൽ അയയ്ക്കേണ്ടതില്ല.

യാത്രകളിലാണ്ഇത്തരം പനികൾ പ്രധാനമായും പക൪ന്നു കിട്ടുന്നത്. മുതി൪ന്നവരും കുട്ടികളും തലമൂടീവയ്യ്ക്കാ൯ ശ്രധിക്കണം. ചെവിയിൽ തണുത്ത കാറ്റടിക്കാതെ യാത്ര അവസാനിപ്പിക്കാനായാൽ നല്ലതാണ്‍. തീരെ ചെറിയ കുട്ടികളെ വളരെ സൂക്ഷ്മതയോടേ തണുപ്പിൽ നിന്ന്പൊതിഞ്ഞു സൂക്ഷിക്കണം.

തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ കുടിക്കാ൯ ശ്രദ്ധിക്കേണ്ട ഈ മഞ്ഞുകാലത്ത്, റെഫ്രിജറേറ്ററിലെ തണുത്ത വെള്ളം കുട്ടികളും മുതി൪ന്നവരും ഒഴിവാക്കുന്നതാണ്നല്ലത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ധാരാളം വെള്ളം കുടിക്കുകയും വേണം. വൈറ്റമി൯ സി അടങ്ങിയ പഴങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വ൪ധിപ്പിക്കാ൯ സഹായിക്കും. പനിയുള്ളവരുമായി ആലിംഗനം ചെയ്യുക, ഹസ്തദാനം നടത്തുക എന്നി രീതിയിലുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നത് രോഗത്തെ വിളിച്ചുവരുത്തുന്നത് ഒഴിവാക്കും.

ഇനി പനി വന്നു കഴിഞ്ഞാലോ, സ്വയം ചികിത്സ വേണ്ട. ചെറിയൊരു പനി വരുമ്പോഴേ, പാരാസെറ്റമോൾ മുതൽ, ചുമമരുന്നുകൾ, അല൪ജി വിരുദ്ധമരുന്നുകൾ, എന്നിവ മുതൽ എന്തിന്‍, ഡോക്ടറുടെ കുറിപ്പടിയോടേ മാത്രം മരുന്നു കടയിൽനിന്നു ലഭ്യമാകേണ്ട ആന്റിബയോട്ടിക്കുകൾ വരെ, സ്വയം വാങ്ങിക്കഴിക്കുന്ന ഒരു പ്രത്യേക മരുന്നുസംസ്ക്കാരം തന്നെ മലയാളി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് വളരെ അപകടകരമാണ്‍. ആവശ്യമില്ലാതെയുള്ള ആന്റിബയോട്ടീക്ക് ഉപയോഗം സാമൂഹ്യദ്രോഹമാണ്‍. കാരണം ഗുരുതരമായ അസുഖങ്ങൾക്ക് പിന്നീട് നമുക്കും മറ്റുള്ളവ൪ക്കും ഈ ആന്റിബയോട്ടിക് ഫലിക്കാതാവും. ജലദോഷപ്പനി വന്നാൽ പനി നിയന്ത്രിക്കാനായി പാരാസെറ്റമോൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഒപ്പം, മൂക്കിലെ സ്രവത്തിന്വെള്ളനിറമാണെങ്കിൽ ഇടക്കിടക്ക് ആവി പിടിക്കണം, പിന്നെ ചെയ്യേണ്ടത് ധാരാളം വെള്ളം കുടിച്ച് വിശ്രമിക്കുക എന്നതാണ്‍. അല൪ജിക്കെതിരെ അവിൽ, സെട്രിസി൯, തുടങ്ങിയ മരുന്നുകൾ കഴിച്ച്, തുമ്മൽ പെട്ടെന്ന് പിടിച്ചു നി൪ത്താ൯ ശ്രമിക്കുന്നതു നന്നല്ല. മൂക്കിലെ സ്രവം ശ്വാസതടസ്സം ഉണ്ടാക്കുന്നുവെങ്കിൽ തുള്ളിമരുന്ന് (ഒട്രിവി൯) ഒഴിക്കാം, പക്ഷേ, ഒരു ദിവസം 3, 4,പ്രാവശ്യം മതി. അധികമായാൽ ഫലം ലഭിക്കില്ല. ചുമ രണ്ടു തരമുണ്ട്, കഫമുള്ളതും (productive cough ), കഫമില്ലാത്ത, അല൪ജി ചുമയും(dry cough), രണ്ടിനും വ്യത്യസ്ഥ മരുന്നാണ്ഉപയോഗിക്കേണ്ടത്. ഡോക്ടറുടെ നി൪ദ്ദേശം തേടണം.


ശരീരം രോഗാണുക്കളെ തുരത്തിയോടീക്കുന്നതിന്റെ ഭാഗമാണ്പനിയെന്ന് നമുക്കറിയാം. അതിനുശേഷം രോഗാണുകളും, അവയുടെ വിഷമയമായ അവശിഷ്ടങ്ങളും ശരീരത്തിൽനിന്നു പുറംതള്ളപ്പെടേണ്ടതുണ്ട്. അതു മൂത്രം വഴി പുറംതള്ളാ൯ ധാരാളം വെള്ളം കുടിക്കുന്നത് സഹായകമാണ്‍.

മൂക്കിലെ സ്രവത്തിന്മഞ്ഞകല൪ന്ന പച്ചനിറമായാൽ ശരീരത്തിൽ ബാക്ടീരിയ കടന്നുകൂടി പ്രവ൪ത്തിച്ചു തുടങ്ങിയതിന്റെ ലക്ഷണമാണ്‍. ഈ സ്ഥിതിയിൽ ആന്റിബയോട്ടിക് കഴിക്കേണ്ടതുണ്ട്. ഡോക്ടറിനെ കണ്ട് അദ്ദേഹത്തിന്റെ നി൪ദ്ദേശപ്രകാരമായിരിക്കണം ഇത് കഴിക്കേണ്ടത്. ഒപ്പം ആവിപിടിക്കുന്നത്, മുഖത്തെ വായൂഅറകളിൽ സ്രവം കട്ടപിടിച്ച് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാ൯ സഹായിക്കും. ശക്തിയായി മൂക്ക് ചീറ്റി സ്രവത്തെ പുറത്ത്കളയുന്ന പ്രവണത ഒഴിവാക്കണം, കാരണം, മ൪ദ്ദവ്യത്യാസങ്ങൾ ക൪ണ്ണപടത്തെ പ്രതികൂലമായി ബാധിക്കും.

Thursday, November 18, 2010

ഭക്ഷണം മരുന്നിനെ സ്വാധീനിക്കുമോ?

"മോളെ, തിരക്കിനിടയില്‍ ഞാന്‍ ഉച്ചയ്‌ക്ക്‌ കഴിക്കാനുള്ള മരുന്നിന്റെ കാര്യം മറന്നുപോയി। ഇത്തിരി വെള്ളം "। കൊച്ചുമകളുടെ കല്യാണനിശ്ചയത്തിന്റെ തിരക്കൊഴിഞ്ഞപ്പോഴാണ്‌ മുത്തച്ഛന്‍ മരുന്നു കഴിക്കുന്ന കാര്യം ഓര്‍ത്തത്‌. വെള്ളം കിട്ടിയതോടെ തിരക്കുപിടിച്ച്‌ ഗുളികകളും ക്യാപ്‌സൂളുകളുമായി അഞ്ചാറുവിധം മരുന്നുകള്‍ ഒരുമിച്ച്‌ വായിലിടാനുള്ള ഭാവം കണ്ടപ്പോള്‍ മകള്‍ക്കൊരു സംശയം. " അച്ഛനിതെന്താ എല്ലാ മരുന്നുംകൂടെ ഒരുമിച്ചു കഴിക്കുന്നത്‌. ഭക്ഷണത്തിന്‌ മുമ്പ്‌ കഴിക്കേണ്ട മരുന്നുകളും ഭക്ഷണം കഴിഞ്ഞുള്ളതും ഒഴിഞ്ഞ വയറ്റില്‍ കഴിക്കേണ്ടതും ഒക്കെ ഒരുമിച്ച്‌ കഴിച്ചാലെങ്ങനെയാ... ഇങ്ങുതന്നേ, ഞാനൊന്നു നോക്കട്ടെ."

" നോക്കാന്‍ ആര്‍ക്കാ നേരം. പ്രായമായില്ലേ.... ഓര്‍മ്മയും കുറഞ്ഞു. എല്ലാംകൂടി ഒരുമിച്ച്‌ കഴിച്ചൂന്ന്‌ കരുതി ഇതുവരെ എനിക്കൊന്നും സംഭവിച്ചിട്ടില്ല. നീ പോയി നിന്റെ ജോലി നോക്ക്‌." അച്ഛന്‍ തന്റെ നയം വ്യക്തമാക്കി.
**********
മനുഷ്യന്റെ ആരോഗ്യത്തിന്‌ ഭക്ഷണവും മരുന്നും ഒരുപോലെ അത്യന്താപേക്ഷിതമാണ്‌. ചില ഭക്ഷണ പാനീയങ്ങള്‍ക്ക്‌ മരുന്നിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനാകും. അതുകൊണ്ട്‌ മരുന്ന്‌ കഴിക്കേണ്ട സമയവും ഭക്ഷണത്തിന്റെ ഇടവേളകളും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ചില ഭക്ഷണപാനീയങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും, എന്നാല്‍ മറ്റു ചിലവ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. മരുന്നിന്റെ രാസഘടനയില്‍ മാറ്റം വരുത്തി, ശരിയായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും ഉണ്ട്‌. എന്നാല്‍ മറ്റു ചില മരുന്നുകള്‍ ഭക്ഷണപദാര്‍ത്ഥങ്ങളുമായി യാതൊരു പ്രവര്‍ത്തനവും ഉണ്ടാക്കുന്നില്ല എന്നു മാത്രമല്ല ഭക്ഷണത്തിന്റെ സാന്നിദ്ധ്യം അവയെ ബാധിക്കുകയേ ഇല്ല. അതുകൊണ്ട്‌ ഒഴിഞ്ഞ വയറ്റില്‍ കഴിക്കേണ്ടവ, ഭക്ഷണത്തിനു മുമ്പ്‌ കഴിക്കേണ്ടവ, ഭക്ഷണത്തിനുശേഷം കഴിക്കേണ്ടവ, അതിരാവിലെ പ്രഭാതഭക്ഷണത്തിന്‌ മുമ്പ്‌ കഴിക്കേണ്ടവ, രാത്രിയില്‍ കിടക്കാന്‍ നേരം കഴിക്കേണ്ടവ എന്നിങ്ങനെ മരുന്നിന്റെ കവറില്‍ ഫാര്‍മസിസ്റ്റ്‌ എഴുതിത്തരുന്ന നിര്‍ദ്ദേശങ്ങള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌.
മരുന്നിനെ ശരീരത്തിനകത്ത്‌ പ്രവര്‍ത്തിക്കാനായി വായിലൂടെ കടത്തിവിടുമ്പോള്‍ ആദ്യം വയറ്റിലെത്തി അവിടുത്തെ അമ്‌ളാവസ്ഥയില്‍ മരുന്ന്‌ ലയിച്ചുചേരുന്നു. അവിടെ നിന്നും ചെറുകുടലിലെത്തുമ്പോഴാണ്‌ മരുന്നിന്റെ രക്തത്തിലേക്കുള്ള ആഗിരണം നടക്കുന്നത്‌. ഓരോ മരുന്നിന്റേയും ഒരു പ്രത്യേക അളവ്‌ രക്തത്തിലെത്തിച്ചേര്‍ന്നാലേ ശരിയാംവണ്ണം രോഗശമനം സാധ്യമാകുകയുള്ളൂ. ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തില്‍ ചില മരുന്നുകളുടെ ആഗിരണം ഗണ്യമായി കുറയും. ഭക്ഷണ പാനീയങ്ങളിലെ ചില ഘടകങ്ങളും മരുന്നിന്റെ ആഗിരണത്തെ കുറയ്‌ക്കുന്നതില്‍ പങ്കുവഹിക്കാറുണ്ട്‌. ഉദാഹരണമായി ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തില്‍ ആഗിരണം വളരെ കുറയുന്ന മരുന്നാണ്‌ അമോക്‌സിസിലിന്‍ (Amoxicillin) എന്ന ആന്റിബയോട്ടിക്‌. ബാക്‌ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ടെട്രാസൈക്ലിന്‍ (Tetracycline), സിപ്രോഫ്‌ളോക്‌സസിന്‍ (Ciprofloxacine), എന്നീ മരുന്നുകളുടെ കൂടെ, കാല്‍സ്യം അടങ്ങിയ മറ്റു മരുന്നുകള്‍, മഗ്നീഷ്യവും അലുമിനിയവും ചേര്‍ന്ന മരുന്നുകള്‍ (അന്റാസിഡ്‌), പാല്‌, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കരുത്‌. ആന്റിബയോട്ടിക്‌ മരുന്നുകളുടെ ആഗിരണം വളരെ കുറയുമെന്നതുകൊണ്ടാണ്‌ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്‌. ബാക്‌ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അളവ്‌ ശരീരത്തിന്‌ ലഭിക്കുകയില്ല.
ഭക്ഷണത്തിന്‌ മുമ്പ്‌ എന്നോ, ഒഴിഞ്ഞ വയറ്റില്‍ കഴിക്കുക എന്നോ, ആണ്‌ മരുന്നിനോടൊപ്പം നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കില്‍ ഭക്ഷണത്തിന്‌ ഒരു മണിക്കൂര്‍ മുമ്പോ, ഭക്ഷണശേഷം 2 മണിക്കൂറിനു ശേഷമോ ആണ്‌ മരുന്ന്‌ കഴിക്കേണ്ടത്‌. കാരണം ചില മരുന്നുകള്‍ ഒഴിഞ്ഞ വയറ്റില്‍ ധാരാളം വെള്ളത്തിന്റെ കൂടെ കഴിക്കുമ്പോള്‍ നന്നായി ആഗിരണം ചെയ്യപ്പെടും. ആഗീരണത്തിന്റെ തോത്‌ ഒരേ നിരക്കിലാവുകയും ചെയ്യും. പക്ഷേ പൂപ്പല്‍ബാധയ്‌ക്കെതിരെ (Antifungal Antibiotic) ഉപയോഗിക്കുന്ന ഗ്രിസിയോഫള്‍വിന്‍
(Griseofulvin) എന്ന മരുന്ന്‌ കൊഴുപ്പ്‌ കലര്‍ന്ന ഭക്ഷണത്തിന്റെ കൂടെ കഴിച്ചാലാണ്‌ മെച്ചപ്പെട്ട ആഗിരണം
ലഭിക്കുന്നത്‌.
അസ്ഥി ദ്രവിക്കുന്നതിനെതിരെയുള്ള (Antiosteoporosis) ചില മരുന്നുകള്‍ (Alendronate) കാപ്പിയുടേയോ ഓറഞ്ച്‌ ജ്യൂസിന്റെയോ കൂടെ കഴിച്ചാല്‍ അറുപതു ശതമാനത്തോളം ആഗിരണം കുറയും. മരുന്നിന്റെ ഉത്‌പാദകര്‍ ഈ മരുന്ന്‌, ഒഴിഞ്ഞ വയറ്റില്‍, പ്രാതലിനു (Break Fast) മുമ്പ്‌ കഴിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. പ്രാതലിന്‌ രണ്ടു മണിക്കൂര്‍ മുമ്പു കഴിക്കുന്നതാണുത്തമം. സെഫുറോക്‌സിം (Cefuroxime) എന്ന ആന്റിബയോട്ടിക്‌, സാക്വിനാവിര്‍ (Saquinavir) എന്ന ആന്റി റിട്രോവൈറല്‍ (Antiritroviral) മരുന്ന്‌, എന്നിവ ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ആഗിരണം കൂടുതലുള്ള മരുന്നുകള്‍ക്കുദാഹരണങ്ങളാണ്‌. മരുന്നിന്റെ അളവ്‌ കുറയ്‌ക്കാമെന്നതുകൊണ്ട്‌ ഭക്ഷണത്തോടൊപ്പം കഴിക്കാനാണ്‌ ഇവ നിര്‍ദ്ദേശിക്കപ്പെടുന്നത്‌.
ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക്‌ കുടലിനുള്ളിലെ ചലനങ്ങളുടെ വേഗത കൂട്ടാനുള്ള കഴിവുണ്ട്‌. എന്നാല്‍ നാരുകള്‍, കൊഴുപ്പ്‌ ഇവ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഈ വേഗതയെ കുറയ്‌ക്കും. ഇവയോടൊപ്പം ഉള്ളിലെത്തുന്ന മരുന്നുകള്‍ കുടലിനുള്ളില്‍ ഏറെ സമയം തങ്ങിനിന്ന്‌ കൂടുതല്‍ ആഗിരണം ചെയ്യപ്പെടും. എന്നാല്‍ വിഷാദരോഗത്തിനെതിരെ (Tricyclic antidepressants) ഉപയോഗിക്കുന്ന അമിട്രിപ്‌റ്റിലിന്‍ (Amitriptyline) നാരുകളുടെ പുറത്ത്‌ പറ്റിപിടിച്ചിരിക്കുന്നതുമൂലം (Adsorption) ഒപ്പം ഉപയോഗിച്ചാല്‍ ഫലപ്രാപ്‌തി ലഭിക്കുകയേ ഇല്ല.
വയറ്റിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ പ്രകോപിപ്പിക്കുന്ന (Gastric irritation) ചില മരുന്നുകളുണ്ട്‌. അയണ്‍ (Iron) ഗുളികകള്‍, നോണ്‍സ്റ്റിറോയ്‌ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി (Non - steroidal anti - inflammatory - NSAIDS) വിഭാഗത്തില്‍പ്പെടുന്ന ആസ്‌പിരിന്‍, ഡൈക്ലോഫിനാക്‌ ഗുളികകള്‍ എന്നിവ ഉദാഹരണങ്ങളാണ്‌. ആമാശയസ്‌തരത്തിലെ പ്രകോപനം ഒഴിവാക്കാന്‍ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുന്നതാണ്‌ നല്ലത്‌. പക്ഷേ തുടര്‍ച്ചയായി വളരെക്കാലം ഇവ കഴിക്കുന്നത്‌ ആമാശയസ്‌തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകാനും അത്‌
ആമാശയ വൃണ (Ulcer) മുണ്ടാക്കുന്ന അവസ്ഥയിലേക്കെത്താനും കാരണമാകും.
മുന്തിരിയുടെ കൂടെ ചില മരുന്നുകള്‍ കഴിക്കുന്നത്‌ മരുന്നിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇരുപതിലധികം മരുന്നുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ (ശിലേൃമരശേീി) അവയെ പല ഘടകങ്ങളാക്കി (breakdown) മാറ്റുന്നതിനുള്ള കഴിവ്‌ മുന്തിരിക്കുണ്ട്‌. കാപ്പിയിലും ശീതളപാനിയങ്ങളിലും മറ്റും അടങ്ങിയിരിക്കുന്ന കഫീനും (caffein) ചില മരുന്നുകളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കും. ശീതളപാനീയങ്ങള്‍, കാപ്പി, ചായ, മുന്തിരി മുതലായവയുടെ പഴച്ചാറുകള്‍ (ഖൗശരല)െ എന്നിവയോടൊപ്പം ഗുളികകളും ക്യാപ്‌സൂളുകളും വിഴുങ്ങുന്ന പ്രവണത പൊതുവെ കണ്ടുവരുന്നുണ്ട്‌. അത്‌ ഒഴിവാക്കുക തന്നെ വേണം. മരുന്നിനോടൊപ്പം തിളപ്പിച്ചാറിയ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നതാണ്‌ നല്ലത്‌.
ചില മരുന്നുകള്‍ മദ്യവുമായി പ്രതിപ്രവര്‍ത്തിക്കും. അലര്‍ജി വിരുദ്ധ മരുന്നുകള്‍ (Antiallergic drugs), മെട്രോനിഡസോള്‍ (Metronidazole) എന്നിവയോടൊപ്പം മദ്യം കഴിക്കുന്നത്‌ ഒഴിവാക്കണം. കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിച്ച്‌ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റാതെ വരുക, ഉറക്കം തൂങ്ങുക എന്നിവ രണ്ടിന്റേയും പൊതുസ്വഭാവമാണ്‌ എന്നതാണ്‌ കാരണം. പുകവലി ശീലമാക്കിയിട്ടുണ്ടെങ്കില്‍ മരുന്നുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. രണ്ടായിരത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയോടൊപ്പം ഉള്ളിലെത്തും; മരുന്നുമായി പ്രതി പ്രവര്‍ത്തനത്തിന്‌ സാധ്യതകളേറെയാണ്‌. ചില മരുന്നുകള്‍ ഔഷധമായല്ലാതെ ദുരുപയോഗം ചെയ്യുന്നത്‌ പൊതുവേ കണ്ടുവരുന്നുണ്ടല്ലോ. അത്തരം ശീലങ്ങളുള്ളവര്‍ (Drug Addicts) മറ്റു മരുന്നുകള്‍ കഴിക്കേണ്ടിവരുമ്പോള്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ വളരെ ആവശ്യമാണ്‌.
വയറ്റിനുള്ളിലെ ആസിഡിന്റെ അമ്‌ളതയും ചില മരുന്നുകളുടെ ആഗിരണത്തെ ബാധിക്കും. പൂപ്പല്‍ ബാധയ്‌ക്കെതിരേ (Antifungal) ഉപയോഗിക്കുന്ന കീറ്റോ കൊണസോള്‍ (Ketoconazole) എന്ന മരുന്ന്‌ ഉദാഹരണമാണ്‌. അമ്‌ള മാദ്ധ്യമത്തിലാണ്‌ ഈ മരുന്ന്‌ ശരിയായി ആഗിരണം ചെയ്യപ്പെടുന്നത്‌. അള്‍സര്‍, നെഞ്ചെരിച്ചില്‍ എന്നിവയ്‌ക്കെതിരെ ആസിഡിന്റെ ഉത്‌പാദനം കുറയ്‌ക്കുന്ന മരുന്നുകളാണ്‌ ഉപയോഗിക്കുന്നത്‌. ആസിഡിന്റെ ഉത്‌പാദനം കുറയ്‌ക്കുന്ന മരുന്നുപയോഗിച്ചു കൊണ്ടിരിക്കുന്ന രോഗികള്‍ പൂപ്പല്‍ബാധയുണ്ടായിട്ട്‌ കീറ്റോകൊണസോള്‍ കഴിക്കേണ്ടതായി വന്നാല്‍ ഒരു അമ്‌ളപാനീയ (കോള) ത്തിനോടൊപ്പമോ നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്‌ ആസിഡിനോടൊപ്പമോ കഴിക്കണം. കാരണം അമ്‌ള മാദ്ധ്യമത്തിലല്ലെങ്കില്‍ ഈ മരുന്ന്‌ ആഗിരണം ചെയ്യപ്പെടുകയില്ല.
ചില മരുന്നുകള്‍ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാനുള്ള നാക്കിന്റെ കഴിവിനെ നഷ്‌ടപ്പെടുത്തും. മെട്രോനിഡസോള്‍ (Metronidazole) എന്ന മരുന്നിന്റെ അനുബന്ധപ്രശ്‌നമാണ്‌ വായില്‍ ഒരു തരം അരുചി (metalic taste) തോന്നിപ്പിക്കുക എന്നത്‌. എന്നാല്‍ മറ്റുചില മരുന്നുകള്‍ വിശപ്പില്ലാതാക്കും. ശരീരത്തിന്‌ അത്യാവശ്യം വേണ്ട പോഷകഘടകങ്ങളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്ന മരുന്നുകളുണ്ട്‌.
ഫുറോസിമൈഡ്‌ (Furosemide) പോലുള്ള, മൂത്രത്തിന്റെ അളവ്‌ കൂടുന്ന വിഭാഗം (Diuretics) മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ പൊട്ടാസിയത്തിന്റെ അളവ്‌ ഗണ്യമായി കുറയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവശ്യംവേണ്ട പൊട്ടാസ്യം നഷ്‌ടപ്പെടുത്തുന്ന ഇത്തരം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന രോഗികള്‍ക്ക്‌ ഒപ്പം കഴിക്കാന്‍ പൊട്ടാസ്യം അടങ്ങിയ മരുന്നുകള്‍ (Potassium Supplements) ഡോക്‌ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ഇല്ലെങ്കില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ (ഏത്തപ്പഴം, ഈന്തപ്പഴം, ബീന്‍സ്‌, ഉരുളക്കിഴങ്ങ്‌, സോയാബീന്‍സ്‌) കഴിക്കാം.
ശരീരത്തിന്റെ ഒരു പ്രത്യേക അവയവത്തിലോ, കലകളിലോ എത്തിച്ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌ അസുഖ
പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണല്ലോ നാം മരുന്നുകള്‍ ഉപയോഗിക്കുന്നത്‌. ഈ ലക്ഷ്യം സാധിക്കുന്നതിന്‌ മരുന്നിന്‌ അത്‌ പ്രവേശിക്കുന്ന ഭാഗത്തുനിന്ന്‌ രക്തത്തില്‍ കലര്‍ന്ന്‌ ഫലം ഉണ്ടാകേണ്ടയിടം വരെ
സഞ്ചരിച്ച്‌, പ്രവര്‍ത്തനശേഷം പുറന്തള്ളപ്പെടേണ്ടതുണ്ട്‌. ഇതിനിടയില്‍ മറ്റു മരുന്നുകളുമായോ, ഭക്ഷണ പാനീയങ്ങളായോ, പോഷകഘടകങ്ങളായോ ഒക്കെ മരുന്ന്‌ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ട്‌, അവയുമായി പ്രവര്‍ത്തിച്ച്‌ മരുന്നിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും സഞ്ചാരഗതിക്കും മാറ്റം സംഭവിക്കാം. മുകളില്‍ പറഞ്ഞവയൊക്കെ മരുന്ന്‌ ഭക്ഷണപാനീയങ്ങളുമായി പ്രവര്‍ത്തിച്ച്‌ ഉണ്ടാക്കാവുന്ന നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളാണ.്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടും മറ്റു പഠനങ്ങള്‍വഴിയും ലഭിച്ചിരിക്കുന്നതും സാധാരണ സംഭവിക്കാവുന്നതുമായ പ്രതിപ്രവര്‍ത്തനങ്ങളാണവ. രോഗികള്‍ ശ്രദ്ധിക്കാത്തതുകൊണ്ട്‌ റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത, പല പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ടാവാം; അതുകൊണ്ട്‌ അറിയാനിരിക്കുന്നവ ഇവയിലേറെയുണ്ടാകും. ഭക്ഷണ പാനീയങ്ങളുമായുള്ള മരുന്നിന്റെ പ്രതിപ്രവര്‍ത്തന പഠന മേഖലയില്‍ രോഗികള്‍ക്കും പങ്കുണ്ട്‌. മരുന്ന്‌ കഴിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന അസാധാരണമായ അനുഭവങ്ങളും ബുദ്ധിമുട്ടുകളും ഭക്ഷണവുമായി ബന്ധപ്പെടുത്തി ശ്രദ്ധിക്കാന്‍ ശ്രമിക്കുക. അങ്ങനെ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയാല്‍ ഡോക്‌ടറുടെ അടുത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുക.
ഓര്‍മ്മിക്കാന്‍
1. മരുന്നിന്റെ കവറിനുപുറത്ത്‌ നിര്‍ദ്ദേശിച്ചിരിക്കുന്നവിധം അതാതു സമയത്ത്‌ മരുന്ന്‌ കഴിക്കാന്‍ ശ്രദ്ധിക്കുക.
2. മരുന്നും ഭക്ഷണവും തമ്മിലുള്ള ഇടവേളകള്‍ കൃത്യമാക്കുക
3. മരുന്ന്‌ കഴിക്കുമ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും ബുദ്ധിമുട്ട്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്‌ടറെ വിവരമറിയിക്കുക.
4. ഒന്നിലധികം മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവയ്‌ക്കിടയിലുള്ള ഇടവേളകള്‍ കൃത്യമായി
ശ്രദ്ധിക്കുക.

Sunday, November 7, 2010

steroid- intake by youth

Steroid intake by youth

ഉത്തേജകമരുന്നുപരിശോധനയിൽ പിടിക്കപ്പെട്ട ക്രിക്കറ്റ് താരത്തെ ടീമിൽനിന്ന് വിലക്കി“. ഇതു പലപ്പൊഴും വാ൪ത്തകളിൽ ഇടം പിടിക്കുന്ന ഒരു കാര്യമാണല്ലോ. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു ടീമുകൾക്ക് അനുമതി കൊടുക്കുമ്പോൾ ഉത്തേജകപരിശോധന പൂ൪ത്തിയാക്കണമെന്ന് സ൪ക്കാ൪ നിഷ്ക്ക൪ഷിക്കാറുണ്ട്. എന്താണ്ഈ ഉത്തേജകമരുന്ന്? എങ്ങനെയാണിതിന്റെ പ്രവ൪ത്തനം? എന്തിനാണ്കായികതാരങ്ങൾ ഇത് കഴിക്കുന്നത്? ഇത് ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷഫലങ്ങളുണ്ടോ?

മനുഷ്യശരീരത്തിൽ സാധാരണയായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോ൪മോണുകളാണ്അനബോളിക് സ്റ്റിറോയിഡുകൾ ( Anabolic steroids). പുരുഷഹോ൪മോൺ ആയ ടെസ്റ്റോസ്റ്റിറോൺ (Testosterone), വള൪ച്ചാഹോ൪മോൺ(growth hormone), ഇ൯സുലി൯, അഡ്രീനൽ ഗ്രന്ഥിഉത്പ്പാദിപ്പിക്കുന്ന ഡി .എച്ച്. . . എന്നിവയാണ്പ്രധാന അനബോളിക് ഹോ൪മോണുകൾ. അനബോളിസം( Anabolism) എന്നാൽ ചെറിയ ത൯മാത്രകളിൽ നിന്ന് ശരീരത്തിനാവശ്യമായ വലിയ ഘടകങ്ങൾ നി൪മ്മിക്കുന്ന പ്രക്രിയയാണ്‍. ഉദാഹരണമായി, അമിനോ ആസിഡുകളിൽനിന്ന് പ്രോട്ടീ൯ ഉത്പ്പാദിപ്പിക്കപ്പെടുന്നത് അനബോളിസമാണ്‍. അനബോളിക് സ്റ്റിറോയിഡുകൾക്ക് ശരീരത്തിലെ മാംസപേശികളിലെ പ്രോട്ടീനിന്റെ അംശത്തെ കൂട്ടി അവയുടെ കാര്യക്ഷമത വ൪ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേക വ്യായാമങ്ങൾ ചെയ്ത്, അവയോടൊപ്പം കൂടിയ അളവ് ഭക്ഷണവും കഴിച്ചാൽ മസിലുകളുടെ കാര്യക്ഷമത വ൪ദ്ധിപ്പിക്കാ൯ കഴിയും. ഇതിനു കുറച്ചു നാളുകൾ കഠിനമായി പ്രയത്നിക്കേണ്ടിവരും. എന്നാൽ പെട്ടെന്ന് മസിലുണ്ടാക്കണമെന്ന ആഗ്രഹമാണ്യുവാക്കളെ അനബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിക്കാ൯ പ്രേരിപ്പിക്കുന്നത്. ശരീരത്തിൽ സാധാരണയായുത്പ്പാദിപ്പികപ്പെടുന്ന ഹോ൪മോണുകൾ കൂടാതെ പുറത്തുനിന്നും ഈ വിഭാഗം അനബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിച്ച് മസിലുകളുടെ പ്രവ൪ത്തനശേഷി വ൪ദ്ധിപ്പിക്കുക എന്നതാണ്ഈ ദുരുപയോഗത്തിന്റെ ലക്ഷ്യം. അനബോളിക് സ്റ്റിറോയിഡുകൾ കഴിക്കുന്നതുവഴി, ശരീരം സാധാരണയായുത്പ്പാദിപ്പിക്കുന്ന ഹോ൪മോണിന്റെ അളവിനേക്കാൾ കൂടുതൽ ഹോ൪മോൺ ശരീരത്തിൽ നിലനിൽക്കുവാനിടയാകും. ഈ വിഭാഗം മരുന്നുകൾ ( ഹോ൪മോണുകൾ) സാധാരണയായി ഇവയുടെ അളവുകുറവുള്ള രോഗികൾക്ക് ഉപയോഗിക്കാ൯ ഉദ്ദേശിക്കുന്നവയാണ്‍. നാഡ്രൊലോ (Nandrolone)എന്നത് പുരുഷമാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റിറോ എന്ന ഹോമോണിന്റെ വിഘടനഫല( metabolite)മായുണ്ടാകുന്നതാണ്‍. മസി ഉണ്ടാക്കുക(muscle growth), വിശപ്പിനെ ഉദ്ദീപിപ്പിക്കുക(appetite stimulant), ചുവന്ന രക്താണുക്ക( RBC, അസ്ഥിയുടെ സാന്ദ്രത( bone density) എന്നിവ കൂട്ടുക, തുടങ്ങിയവ ഇതിന്റെ നല്ല ഗുണങ്ങളാണ്‍. വ്ൃക്കയുടെ പ്രത്തനം തകരാറിലായ രോഗികളി ചുവന്ന രക്താണുക്ക വളരെ കുറവായിരിക്കും. ഈ പ്രശ്നം മൂലം അനീമിയ ഉള്ളവക്ക് ഇത് മരുന്നായി ഇപയോഗിക്കാം. പ്രായമായ സ്ത്രീകളി പൊതുവെ കണ്ടുവരുന്ന അസ്ഥിദ്രവിക്ക (osteoporosis) ലിനും ഇത് മരുന്നായി കൊടുക്കാറുണ്ട്. ഗഭധാരണം തടയാനുള്ള മരുന്നായും(contraceptive), സ്തനാബുദത്തിനെതിരെയും(breast cancer), ഇതുപയോഗിക്കാം. കൌമാരക്കാരി വളച്ചാസംബന്ധമായ പ്രശ്ന( growth disorders)ങ്ങളുണ്ടെങ്കി അതു പരിഹരിക്കാനും ഇത് ഉപയോഗപ്പെടുത്താറുണ്ട്. പക്ഷേ കായികതാരങ്ങളും, ശരീരംഫിറ്റ്ആക്കുവാ൯ ആഗ്രഹിക്കുന്ന യുവജനങ്ങളും ഈ മരുന്നുകൾ ദുരുപയോഗപ്പെടുത്തുന്നു എന്നതാണ്വാസ്തവം. ഈ വിഭാഗം ഹോ൪മോണുകൾ ശരീരത്തിന്ആവശ്യമില്ലാതെ കഴിച്ചാൽ ശരീരത്തിൽ ഇവയുടെ അളവ് കൂടുന്നതു കാരണം പലതരത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാകും. കരളിന്നീ൪വീക്കം, കാ൯സ൪, ഹ്ൃദയസംബന്ധമായ അസുഖങ്ങൾ,- ചെറിയവമുതൽ ഹ്ൃദയാഘാതവും പക്ഷാഘാതവും വരെ‌-, രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടൂതലാകുക, ശരീരത്തിൽ നീരുണ്ടാകുക,പുരുഷ൯മാരിൽ സ്ത്രൈണത കൂടുക, അനീമിയ, മുഖക്കുരു, എന്നിവയെല്ലാം ഈ വിഭാഗം മരുന്നുകളുടെ അനുബന്ധപ്രശ്നങ്ങളിൽ ഉൾപ്പെടുന്നു.

യുവാക്കൾ വളരെ ആവേശത്തോടുകൂടീ ആശ്രയിക്കുന്ന ഒന്നായി മാറികഴിഞ്ഞു മസിൽ പെരുപ്പിക്കാ൯ കഴിവുള്ള മരുന്നുകളുടെ ഉപയോഗം. പക്ഷേ, ഇവയുടെ സ്ഥിരമായ ഉപയോഗം മൂലമുണ്ടാകാവുന്ന അനുബന്ധപ്രശ്നങ്ങൾ അറിഞ്ഞുവെയ്ക്കുകയും അവയ്ക്കെതിരെ എന്തുചെയ്താൽ മതിയാകും എന്ന് ഡോക്ടറോട് ആലോചിക്കേന്ടതും അത്യാവശ്യമാണ്‍.അനബോളിക് സ്റ്റിറോയിഡുകളാണ്ജിമ്മുകളിൽവേഗം മസിലുണ്ടാക്കിത്തരുന്നവഎന്ന നിലയിൽ യുവാക്കൾക്കായി കുറിച്ചുകൊടുക്കുന്നത്. അനബോളിക് എന്ന വാക്ക് സൂചിപ്പിക്കുന്നത് തന്നെ ബിൽഡ് അപ് (build up) എന്നാണ്‍. പ്രോട്ടീനുകളുടെ ഉത്പാദനം വ൪ദ്ധിപ്പിക്കുക എന്നതാണ്ഈ വിഭാഗം സ്റ്റിറോയ്ഡുകളുടെ ഒരു പ്രത്യേകത. പക്ഷേ, മസിലുകൾ പെരുപ്പിക്കാനായി തുട൪ച്ചയായി ഇവ ഉപയോഗിക്കുന്നത് നീതികരിക്കാ൯ പറ്റുന്നതല്ല, മാത്രവുമല്ല, ദുരുപയോഗവുമാണ്‍.

അനബോളിക് സ്റ്റിറോയ്ഡുകളുടെ തുട൪ച്ചയായ ഉപയോഗം കരളിലെ പ്രവ൪ത്തനങ്ങളിൽ പ്രകടമായ മാറ്റം വരുത്തും. ഇവ കരളിൽ കാ൯സറുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. ഇവയുടെ ഉപയോഗം യുവാക്കളുടെ പുരുഷത്വത്തെ ബാധിക്കും (erectile dysfunction). ബീജോത്പാദനത്തെ തടസ്സപ്പെറ്റുത്തുക എന്നത് അനുബന്ധപ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്‍.

20 വയസ്സായ മക ആത്മഹത്യ ചെയ്തതിന്റെ കാരണം അന്വേഷിച്ച ഒരമ്മയ്ക്ക് മോഡലിങ്ങ് മത്സരത്തിന്‍ തയ്യാറായിക്കൊണ്ടിരുന്ന തന്റെ മക ഒരു വഷമായി സ്റ്റിറോയ്ഡ്സ്സ് ഉപയോഗിച്ചുവന്നിരുന്നു എന്ന് കണ്ടെത്താനാ‍യി. വളരെ പെട്ടെന്ന് മാറിമാറി വന്നിരുന്ന അവന്റെ മൂഡു മാറ്റത്തെപ്പറ്റിയും ഡോക്ട അമ്മയ്ക്ക് വിശദീകരണം കൊടുത്തു. സ്റ്റിറോയ്ഡിന്റെ സ്ഥിരമായ ദുരുപയോഗം, ശരീരത്തി സാധാരണയായി നടക്കുന്ന ഹോമോ വ്യവസ്ഥയെ തകിടം മറിക്കും. മരുന്നിന്റെ അളവി(Dose) നനുസരിച്ച് നിരാശയോ(Depression), പേടിയോ(phobia), ഭ്രാന്തമായ ആവേശമോ( mania), അസാധാരണമായ മൂഡ് മാറ്റങ്ങളോ(mood swings) ഒക്കെയായി ഇവ പ്രത്യക്ഷപ്പെട്ടേക്കാം.

സ്റ്റാനോസൊലോ (Stanozolol) എന്ന മരുന്ന് എന്തിനാണ്‍ എന്ന് അന്വേഷിക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരുന്നു. ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷ ഇല്ലാതെ ഈ മരുന്നും അമിതമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. മസിലുപെരുപ്പിക്കാനും, കായികശേഷി വദ്ധിപ്പിക്കാനുമാണ്‍ ഈ ദുരുപയോഗം.

Monday, September 6, 2010

ആസ്ത്മ

സ്ത്മ

ചുമയോടുകൂടിയ വലിവും ശ്വാസതടസ്സവും ചേ൪ന്ന് പെട്ടെന്നാണ്ആസ്തമയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ശ്വാസനാളിയുടെ സങ്കോചം മൂലം പ്രാണവായുവിന്റെ സുഗമമായ പ്രവാഹം തടസ്സപ്പെടുന്നതാണ്അസുഖലക്ഷണങ്ങൾക്കു കാരണം. ഇത് പ്രാണവായുവായ ഓക്സിജന്റെ അളവിൽ കുറവു (Hypoxia)വരുത്തുന്നതു മൂലം ശ്വാസം കൂടുതൽ അളവിൽ ഉള്ളിലേക്കെടുക്കാ൯ ശരീരം പ്രയാസപ്പെടുന്നു. ശരിയായ മരുന്നുപയോഗം ഇൗ പ്രയാസങ്ങളെ മാറ്റി ശരീരത്തെ സാധാരണ നിലയിലെത്തിക്കും. പുറത്തുനിന്നുളള വസ്തുക്കൾ (allergens) കടന്നുചെല്ലുമ്പോൾ വളരെ അസാധാരണമായാണ്ആസ്തമാരോഗികളുടെ ശ്വാസനാളങ്ങൾ പ്രതികരിക്കുന്നത്. അതുകൊണ്ടാണ്രോഗലക്ഷണങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകുന്നത്. എന്നാൽ ഇത്തരം വസ്തുക്കൾ ആസ്ത്മാരോഗികളല്ലാത്തവരിൽ അസാധാരണമായ പ്രതികരണങ്ങൾ ഉണ്ടാക്കുന്നില്ല എന്നതും മനസ്സിലാക്കണം

അല൪ജനുകൾ, പൊടി, പുക, എന്നിവയ്ക്ക് പൊതുവെ രോഗലക്ഷണങ്ങളെ അധികരിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. രോഗത്തിന്റെ കൂടിയ അവസ്ഥയിൽ വ്യായാമത്തിനുപോലും രോഗലക്ഷണങ്ങളെ അധികരിപ്പിക്കാ൯ കഴിയും.

രോഗലക്ഷണങ്ങൾ ഉണ്ടാകുന്ന ഇടവേളകൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ചിലരിൽ ഇടവേളകൾ മണിക്കൂറുകളാകുമ്പോൾ മറ്റു ചില൪ക്ക് മൂന്നോ നാലോ ആഴ്ചകൾ കൂടുമ്പോഴേ രോഗലക്ഷണങ്ങൾ ഉണ്ടാകാറുള്ളു.

ശ്വാസനാളത്തില്നീ൪വീക്കമുണ്ടാകുന്നത് കൊണ്ടാണ്അസ്ത്മാരോഗികൾ അമിതമായി പ്രതികരിക്കുന്നതിനു കാരണം. ഒരിക്കൽ ഇത്തരം നീ൪വീക്കം അല൪ജനുകൾ (allergens), വൈറസുകൾ എന്നിവകൊണ്ട് അധികരിച്ചിട്ടുമുണ്ടാകാം. ഇങ്ങനെ ഒരു തുടക്കം ഉണ്ടായാൽ മാസങ്ങളോളമോ വ൪ഷങ്ങളോളമോ പ്രയാസങ്ങൾ ഇടവിട്ടിടവിട്ട് തുട൪ന്നുണ്ടാകാ൯ സാധ്യതകളേറെയാണ്‍.

ആസ്ത്മക്കെതിരെയുള്ള മരുന്നുകളെപ്പറ്റി

രണ്ടു വ്യത്യസ്തതരം മരുന്നുകളാണ്ഇൗ രോഗത്തെ നിയന്ത്രിച്ചുനി൪ത്താനായി ഉപയോഗപ്രദമാക്കുന്നത്.

1.വളരെ പെട്ടെന്ന് ലക്ഷണങ്ങളെ കുറക്കുന്നവ (reliever medicines)

സങ്കോചിച്ചിരിക്കുന്ന ശ്വാസനാളത്തെ വികസിപ്പിച്ച് പ്രാണവായുവിന്റെ പ്രവാഹം സുഗമാക്കുന്നവയാണ്ഇൗ വിഭാഗം മരുന്നുകൾ(bronshodiators). രോഗിക്ക്, വലിവ്, ശ്വാസതടസ്സം, എന്നീ പ്രയാസങ്ങളിൽനിന്ന് ഉടനടി ആശാസം ലഭിക്കുമെന്നതാണ്പ്രധാനനേട്ടം. രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായാൽ വീണ്ടും ഉടനെതന്നെ ഇൗ വിഭാഗം മരുന്ന് ഉപയോഗിക്കേണ്ടതില്ല. എന്നാൽ ഒരു തവണ ഉപയോഗിച്ചിട്ട് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ ഉടനെ തന്നെ ഒരു പ്രാവശ്യം കൂടി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ല. വളരെ പെട്ടെന്ന് ഫലം ലഭിക്കുമെന്നതുകൊണ്ട് പത്ത്-പതിനഞ്ച് മിനിറ്റിനുള്ളിൽ രോഗിക്ക് ആശ്വാസം കിട്ടും; മണിക്കൂറുകളോളം മരുന്നിന്റെ പ്രവ൪ത്തനം നീണ്ടുനില്ക്കുകയും ചെയ്യും. അസുഖലക്ഷങ്ങൾ ഉണ്ടാകുന്ന ഉടനെതന്നെ ഫലപ്രദമായി ഉപയോഗിക്കേണ്ടവയാണിവ എന്ന് മനസ്സിലായിക്കാണുമല്ലോ. സാല്ബ്യുട്ടമോളോ(Salbutamol), ടെ൪ബ്യുറ്റാലിനോ(Terbutalin) പ്രധാനചേരുവയായുള്ള മരുന്നാണ്ഇൗ വിഭാഗത്തിലുള്ളത്. അസ്താലി൯(asthalin), സാല്ബയ൪(salbair), ബിക്രാനിൽ(bricanyl), അസ്താകൈണ്ട്(asthakind), വെ൯ട്രോലി൯(ventrolin), എന്നീ ബ്രാ൯ഡ് പേരുകളിൽ ഇവ ലഭ്യമാണ്‍.

ലക്ഷണങ്ങളെ തടയുന്നവ (preventer medicines)

ശ്വാസനാളത്തിലുള്ള നീ൪വീക്കത്തെ കുറക്കുന്നതുവഴി, ലക്ഷണങ്ങൾക്ക് കാരണക്കാരായ പുറത്തുനിന്നുള്ള വസ്തുക്കളോടുള്ള അതിന്റെ വ൪ധിതമായ പ്രതികരണത്തെ അമ൪ത്തിവക്കാ൯ ഇവക്കു കഴിയും. അതുകൊണ്ട് എല്ലാ ദിവസവും മുടങ്ങാതെ കുറച്ചുമാസങ്ങളോളം തുട൪ച്ചയായി കഴിക്കേണ്ടതുണ്ട്. ഡോക്ടറുടെ നി൪ദ്ദേശപ്രകാരമല്ലാതെ ഒരു കാരണവശാലും മരുന്ന് നി൪ത്തുകയുമരുത്.

ഇവ രണ്ടു തരത്തിലുണ്ട്.

ബെക്ലോമെതസോണോ(Beclomethasone), ബ്യൂഡിസോണൈഡോ(Budesonide) പ്രധാനചേരുവയായുള്ള മരുന്നുകളാണ്ഒന്നാമത്തേത്. ബെക്ലേറ്റ്(Beclate), ബ്യൂഡികോ൪ട്ട്(Budecort),ബ്യുഡെസ്(budez), പൾമികോ൪ട്ട്(pulmicort), ഫ്ലോഹേല്‍(flohale), എന്നീ ബ്രാ൯ഡ് പേരുകളില്മാ൪ക്കറ്റിൽ ഇവ ലഭ്യമാണ്‍.

സോഡിയം ക്രോമോഗ്ലൈക്കേറ്റ് (sodium cromoglycate) പ്രധാനചേരുവയായുള്ളതാണ്രണ്ടാമത്തേത്.ഇഫിറാൽ (Ifiral), ഫിണ്ടാൽ (fintal), ക്രോമാൽ (cromal) എന്നീ ബ്രാ൯ഡ് പേരുകളാണ്പൊതുവെ കണ്ടുവരുന്നത്.

പ്രതിരോധമരുന്ന്‍ എപ്പോഴെല്ലാം ഉപയോഗിക്കണം?

അസുഖലക്ഷണങ്ങൾ ഇല്ലാത്തപ്പൊഴും മരുന്നുകൾ കഴിച്ചുകൊണ്ടേയിരിക്കണമെന്നത് നമുക്ക് ഉൾക്കൊള്ളാ൯ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‍. പക്ഷെ, പ്രതിരോധമരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്നാൽ ഇടക്കിടക്ക് വലിവിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകുകയില്ല. ഒരു സാധാരണ ജീവിതം നയിക്കുവാ൯ രോഗിയെ സഹായിക്കുക എന്നാതാണ്പ്രതിരോധമരുന്നിന്റെ ദൌത്യം.

Sunday, June 27, 2010

രോഗിയുടെ ആശയവിനിമയം ശരിയായിരുന്നാല്‍..........

ചികില്‍സ ഫലപ്രദമാകണമെങ്കില്‍ഡോക്ടറെ കാണുമ്പോള്‍രോഗിക്ക് നന്നായി ആശയവിനിമയം ചെയ്യുന്നതിനുള്ള കഴിവും സാഹചര്യവും സമയവും ഒത്തുചേരാന്‍സാധിക്കണം. ഇത് പലപ്പോഴും പ്രായോഗികമാകാറില്ല. ഡോക്ടറിന്റെ സമയക്കുറവ്‌, ചിലപ്പോഴൊക്കെ ഒരു പ്രശ്നമായി വന്നേക്കാം. പക്ഷെ ഡോക്ടര്‍വിശദമായി വിവരങ്ങള്‍ചോദിച്ചു മനസ്സിലാക്കാന്‍ശ്രമിച്ചാലും, ചികില്സ, മരുന്നുപയോഗം ഇവയെക്കുറിച്ച് വിശദമായി സംസാരിച്ചാലും, പലപ്പോഴും ക്ഷീണവും ശ്രദ്ധക്കുറവും മൂലം രോഗിക്ക് തന്റെ പ്രശ്നങ്ങള്‍വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാണോ നിര്‍ദ്ദേശങ്ങള്‍അതേപടി മനസ്സിലാക്കാനോ പറ്റാറില്ല. നല്ല ഒരു ഡോക്ടര്‍- രോഗി ബന്ധത്തിനു “മാജിക്ക്‌” ഒന്നും ലഭ്യമല്ല. എന്നാലും, കുറച്ചൊന്നു ശ്രമിച്ചാല്‍ നല്ല ആശയവിനിമയം സ്വായത്തമാക്കി മിടുക്കാനായ ഡോക്ടറുടെ ചികില്‍സ ഫലപ്രദമാക്കാന്‍“ഒരു നല്ല രോഗിക്ക്” സാധിക്കും.

1. ശരീരത്തിനു വന്ന മാറ്റങ്ങള്‍മനസ്സിലാക്കി വച്ച് ഡോക്ടറിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുക.

2. മറ്റെന്തെകിലും അസുഖങ്ങള്‍ഉണ്ടെങ്കില്‍അതെപറ്റി പറയുക.

3. മറ്റു മരുന്നുകള്‍സ്വയം ചികില്‍സക്കായി ഉപയോഗിച്ചിരുന്നുവെങ്കില്‍അതെപറ്റി പറയുന്നതിനു വളരെ പ്രാധാന്യം നല്‍കുക.

4. വളരെ നാളുകളായി മറ്റു മരുന്നുകള്‍ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെങ്കില്‍അത് ഡോക്ടറുടെ ശ്രദ്ധയില്‍കൊണ്ടുവരിക

5. ഏതെന്കിലും മരുന്നുകളോട്, വസ്തുക്കളോട് അലര്‍ജി ഉണ്ടെങ്കില്‍അതും ഡോക്ടറോട് പറയുക.

6. ഒരു പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുണ്ടെങ്കില്‍അത് ചര്‍ച്ച ചെയ്യുക.

7. ഓപറേഷനു തയ്യാരെടുത്തിരിക്കുകയാനെങ്കില്‍അത് പറയണം.

8. സ്ത്രീകള്‍ഗര്ഭിനിയാനെന്കിലും മുലയൂട്ടുന്നുണ്ടെങ്കിലും ഡോക്ടറോട് നിര്‍ബധമായും പറയണം.

9. ഡോക്ടര്‍കുറിക്കുന്ന മരുന്ന് എന്തെങ്കിലും കാരണം മൂലം കഴിക്കാന്‍പറ്റാത്ത സാഹചര്യമാനെന്കില്‍അത് പറയണം.

Tuesday, March 23, 2010

ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും

നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക്‌ (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ്‌ ക്യാന്‍സറിന്റെ ആരംഭം. അതിന്‌ കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്‌ പിന്നീടുണ്ടാകുന്നത്‌. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന്‌ നിയന്ത്രണാതീതമായി പെരുകുന്നവയാണ്‌ ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. പെരുകിക്കൊണ്ടിരിക്കുന്ന പുതിയ കോശങ്ങളെ നശിപ്പിക്കുകയാണ്‌ മരുന്നുകള്‍, റേഡിയേഷന്‍, സര്‍ജറി എന്നീ ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ ചെയ്യുന്നത്‌. അതുകൊണ്ട്‌ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുക എന്നത്‌ പ്രധാനമായ കാര്യമാണ്‌. രോഗം ബാധിച്ച ക്യാന്‍സര്‍ കോശങ്ങളുടെ അളവ്‌ ശരീരത്തില്‍ വര്‍ദ്ധിക്കുന്തോറും ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവയെ നേരിടുവാന്‍ അപര്യാപ്‌തമാകും.
സാധാരണ കോശങ്ങള്‍ക്ക്‌ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ മിക്കപ്പോഴും അവ അത്തരം സാഹചര്യങ്ങളിലാകുവാന്‍ അവസരം ഉണ്ടാകുന്നതു കൊണ്ടാണ്‌. ഉദാഹരണമായി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ തൊലിക്ക്‌ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ മതിയായവയാണ്‌; പലതരം രാസവസ്‌തുക്കള്‍ (പുകയില, മദ്യം, കീടാനാശിനികള്‍, ആസ്‌ബസ്റ്റോസ്‌), വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍, ക്രോമസോം തകരാറുകള്‍, മുതലായ കാന്‍സറിനുകാരണക്കാരായ ഇത്തരം ഘടകങ്ങളെ കാര്‍സിനോജനുകള്‍ എന്ന്‌ വിളിക്കുന്നു. വിട്ടുമാറാത്ത പലതരം രോഗാണുബാധ (ഹെപ്പറ്റൈറ്റിസ്‌ - Hepatitis) വൈറസ്‌, അള്‍സറിനു കാരണമായ ഹെലികോബാക്‌ടര്‍ പൈലോറി എന്ന രോഗാണു) 20% വരെ ക്യാന്‍സറിന്‌ കാരണമാകുന്നു. കൂടാതെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്ത നശൈലി, ഭക്ഷണക്രമം, മദ്യപാനം, പുകവലി ഒക്കെ ഇതിന്‌ കാരണമാണ്‌.
ക്യാന്‍സറില്‍ പുകയിലയ്‌ക്കുള്ള പങ്ക്‌ എന്താണെന്ന്‌ നോക്കാം. ലോകത്താകെ ക്യാന്‍സര്‍മൂലം മരണമടയു ന്നവരില്‍ ഭൂരിഭാഗവും പുകയില ശീലമാക്കിയവരാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം പുകയിലച്ചെടികളുണ്ടെങ്കിലും പ്രധാനമായും നിക്കോട്ടിയാനാ റ്റബാകം (Niocotiana tabaccum) എന്ന ശാസ്‌ത്രീയനാമമുള്ള ചെടിയുടെ മുഴുവന്‍ ഭാഗങ്ങളോ, ഇല മാത്രമായോ പലതരത്തിലുള്ള ഉപഭോഗ വസ്‌തുക്കളായി രൂപം പ്രാപിക്കുന്നു. പുകരൂപത്തില്‍ ഉപയോഗിക്കുന്നവയും (സിഗരറ്റ്‌, ബീഡി) പുകരൂപത്തില്ലാതെ ഉപയോഗി ക്കുന്നവയും ഉണ്ട്‌. പുകരൂപത്തിലല്ലാത്തവയില്‍ റ്റുബാക്കോ ഓറല്‍ സ്റ്റഫും (മൂക്കില്‍പ്പൊടി, പാന്‍പരാഗ്‌), ച്യൂയിംഗ്‌ റ്റുബാക്കോയും (പാന്‍മസാല, ഗുഡ്‌ക) ഉള്‍പ്പെടുന്നു.
4000 ത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്നു. ഒരു സിഗരറ്റില്‍ 0.1 - 2 മി.ഗ്രാം എന്ന തോതില്‍ നിക്കോട്ടിന്‍ എന്ന രാസപദാര്‍ത്ഥവും അതിന്റെ പുകയില്‍ പലതരം പോളിസൈക്ലിക്‌ ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണു (Polycyclic Aromatic Hydrocarbons)കളും അടങ്ങിയിരിക്കുന്നു. പൊതുവെ കാര്‍സിനോജനുകള്‍ എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന ആരോമാറ്റിക അമിനുകള്‍ (Aromatic Amines), ബെന്‍സീന്‍, ഹെവിമെറ്റലുകള്‍ (Heavy metals) എന്നിവയും അതിന്റെ പുകയില്‍ ഉണ്ട്‌. ഇവയെല്ലാംകൂടി സമ്മിശ്രമായി ക്യാന്‍സറിനുള്ള എല്ലാ സാദ്ധ്യതയും ഒരുക്കുന്നു. കൂടാതെ രക്തചംക്രമണ വ്യവസ്ഥയേയും ശ്വാസകോശത്തേയും പലതരത്തില്‍ ഇവ ബാധിക്കുന്നു. ശ്വാസകോശത്തിനുണ്ടാവുന്ന ക്യാന്‍സര്‍ ആണ്‌ പ്രധാനമെങ്കിലും വായ, തൊണ്ട, അന്നനാളം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം ഇവയൊക്കെ ക്യാന്‍സറിനടിമ പ്പെടാനുള്ള സാദ്ധ്യതകളേറെയാണ്‌. ക്യന്‍സറിനുപുറമെ, കൂടിയ ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍, അതുമൂലമുള്ള കൂടിയ രക്തസമ്മര്‍ദ്ദം, രക്തത്തില്‍ ഓക്‌സിജന്റെ കുറഞ്ഞ അളവ്‌, ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ,്‌ ഹോര്‍മോണുകള്‍, എന്നിവയുടെ കൂടിയ അളവ്‌, രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത (തുടര്‍ന്ന്‌ ഹൃദയാഘാതാവും പക്ഷാഘാതവും - േെൃീസല), മലബന്ധം ഇവയൊക്കെ ഉണ്ടാകാം. പുക ഏല്‍ക്കാനിടയാകുന്നതുമൂലം അലര്‍ജി ഉണ്ടാകുവാനും അത്‌ ആസ്‌തമയായിത്തീരുവാനും സാദ്ധ്യതകളേറെയാണ്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ പുകവലിക്കുന്നതും പുക ഏല്‍ക്കാനിടയാകുന്നതും ഗര്‍ഭഛിദ്രം, കാലം തികയും മുമ്പേയുള്ള പ്രസവം (premature
delivery), കുട്ടിക്ക്‌ തൂക്കം കുറവ്‌ എന്നിവയുണ്ടാകാനും സാദ്ധ്യതയുണ്ട്‌.
പഠനങ്ങളനുസരിച്ച്‌ പുകവലിക്കാരില്‍ അള്‍സറിന്റെ നിരക്ക്‌ വളരെ കൂടുതലാണ്‌. ആമാശയത്തിലെ പല പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട്‌ അള്‍സര്‍ ഉണങ്ങുവാന്‍ വളരെ താമസം നേരിടും. ഉണങ്ങിയാലും വീണ്ടും വീണ്ടും ഉണ്ടാകുവാന്‍ സാദ്ധ്യതകളേറെയുമാണ്‌.
സിഗരറ്റിലെ രാസപദാര്‍ത്ഥങ്ങള്‍ കത്തിയെരിഞ്ഞ്‌ പുതിയതരം കാര്‍സിനോജനുകള്‍കൂടി ഉണ്ടാകുന്നു എന്നുള്ളതുകൊണ്ട്‌ പുകവലിക്കുന്ന വ്യക്തിയില്‍ നിന്ന്‌, പുകവലി, ഒരു സാമൂഹിക വിപത്തായി ത്തീരുന്നു. പുകവലിക്കുന്ന സമയത്ത്‌ ചുറ്റും നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിലെ മറ്റാളുകള്‍ക്കും നിരന്തരമായി ഈ കാര്‍സിനോജനുകള്‍ ലഭിക്കുന്നു.
പുകയില്ലാത്ത പുകയില ഉത്‌പന്നങ്ങള്‍ (പാന്‍പരാഗ്‌, പാന്‍മസാല, മൂക്കില്‍പ്പൊടി) എന്നിവയും സിഗരറ്റിനേക്കാള്‍ ഒട്ടും സുരക്ഷിതമല്ല. കാന്‍സറിന്‌ കാരണമായ പലതരം രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന അപകടകാരികളാണിവ. കൂടാതെ പല്ലിനു കേടുമുതല്‍ വായ്‌പ്പുണ്ണ്‌ വരെ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ പര്യാപ്‌തമാണ്‌.
പുകയിലയിലെ രാസപദാര്‍ത്ഥങ്ങള്‍ക്ക്‌ കാര്‍സിനോജനായി മാറാന്‍ ഒരു ആവേഗം (Metabolic activation) ലഭിക്കേണ്ടതുണ്ട്‌. ശ്വാസകോശത്തിലും മറ്റ്‌ ശരീരഭാഗങ്ങളിലുമുള്ള എന്‍സൈമുകളാണ്‌ (Ezymes) ഇത്തരം രാസപ്രവര്‍ത്തനത്തെ സഹായിക്കുന്നത്‌. അങ്ങനെ പുകവലിയില്‍ നിന്ന്‌ ക്യാന്‍സറിലേയ്‌ക്കുള്ള മാര്‍ഗ്ഗം വളരെ എളുപ്പമാക്കിത്തീര്‍ക്കാന്‍ നമ്മുടെ ശരീരം സദാ സന്നദ്ധമായി നില്‍ക്കുന്നു. അതുകൊണ്ട്‌ പുകവലി തുടങ്ങിക്കൊടുത്താല്‍ മാത്രം മതി കാന്‍സറുണ്ടാകുവാന്‍.
എങ്ങനെ പുകവലി നിര്‍ത്താം.
80% പുകവലിക്കാരും അത്‌ നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2,3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന്‌ കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. ശരീരത്തെ സംബന്ധിച്ച്‌ പുകവലി നിര്‍ത്തുക എന്നത്‌ മദ്യപാനം നിര്‍ത്തുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. കാരണം, മദ്യപാനം പെട്ടെന്ന്‌ നിര്‍ത്തിയാല്‍ ശരീരം പ്രതികരിക്കും (withdrawal symptoms). അതുകൊണ്ട്‌ ഡോക്‌ടറുടെ സഹായവും, മരുന്നുകളും, അതിനുമുമ്പ്‌ ഒരു കൗണ്‍സിലിംങ്ങും വളരെ ആവശ്യമാണ്‌. പക്ഷേ പുകവലി നിര്‍ത്തുന്നതുകൊണ്ട്‌ ശരീരം അത്രത്തോളം കാര്യമായി പ്രതികരിക്കില്ല. മനസ്സുറപ്പുണ്ടെങ്കില്‍ ചെറിയ തലവേദന, ഉറക്കമില്ലായ്‌മ, അക്ഷമ എന്നീ ഹൃസ്വകാല ത്തേക്കുണ്ടാകാവുന്ന പ്രതികരണങ്ങളെ ചെറുത്തുനില്‍ക്കാവുന്നതേയുള്ളു. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുണ്ട്‌ (If there is a will, there is way) എന്നത്‌ ഇക്കാര്യത്തില്‍ സ്വീകാര്യമാണ്‌. ചിലര്‍ പെട്ടെന്ന്‌ തീരുമാനമെടുത്ത്‌ നിര്‍ത്തുന്നു. മറ്റു ചിലര്‍ ക്രമേണ കുറച്ച്‌ കുറച്ച്‌ കൊണ്ടു വന്ന്‌ നിര്‍ത്തുന്നു. ആളുകളെ അനുസരിച്ച്‌ ശരീരത്തിന്റെ പ്രതികരണങ്ങളും പലതരത്തിലായിരിക്കും.
പുകവലിയെന്ന ശീലം സ്വയം ഉപേക്ഷിക്കുവാന്‍ പറ്റാത്തവര്‍ക്ക്‌ കൗണ്‍സിലിങ്ങും അതോടൊപ്പം ചികിത്സയും ലഭ്യമാണ്‌. നിക്കോട്ടിന്‍ റീപ്ലെയിസ്‌മെന്റ്‌ തെറാപ്പി (Nicotine Replacement Therapy) നോണ്‍ നിക്കോട്ടിന്‍ ഡ്രഗ്‌ തെറാപ്പി (Non -Nicotine Drug Therapy), ബിഹേവിയറല്‍ തെറാപ്പി (Behavioural Therapy) മറ്റു പലതരം ചികിത്സകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വിജയം സുനിശ്ചയവുമാണ്‌.
പുകവലി നിര്‍ത്താന്‍ ചില വഴികള്‍
1. നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക
2. പുകയിലയുടേയോ പുകയുടേയോ ചെറിയ മണം പോലും തങ്ങി നില്‍ക്കുന്ന സ്ഥലം, വാഹനം, വസ്‌ത്രങ്ങള്‍ ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക.
3. മുമ്പ്‌ പുകവലിക്കാന്‍ സൗകര്യം നല്‍കിയിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യങ്ങളേയും ഒഴിവാക്കുക.
4. സാധ്യമെങ്കില്‍ പുകവലി നിര്‍ത്തിയ വ്യക്തികളോടോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ ആളുകളോടോ നമ്മുടെ തീരുമാനം അറിയിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
5. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ പുകവലി നിര്‍ത്തുകയാണെന്ന നമ്മുടെ തീരുമാനം അറിയിക്കുക. നമ്മെ സഹായിക്കാന്‍ പറയുക.
6. ഉറക്കമില്ലായ്‌മ, അക്ഷമ, ഉല്‍കണ്‌ഠ, ഉത്സാഹമില്ലായ്‌മ, അമിതവിശപ്പ്‌, കൂടിയ ശരീരഭാരം,കുറഞ്ഞ ശ്രദ്ധ കേന്ദ്രീകരണ ശേഷി ഇവയെല്ലാം പുകവലി നിര്‍ത്തിയാല്‍ കുറച്ചു നാളത്തേക്ക്‌ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്‌ (വ്യക്തിയ്‌ക്കനുസരിച്ചും വലിയുടെ തീവ്രതയ്‌ക്കനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാകും) അതുകൊണ്ട്‌ ഇത്തരം പ്രതികരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക.
7. മുകളില്‍പ്പറഞ്ഞ മാനസിക ശാരീരിക മാറ്റങ്ങളെ �അസാദ്ധ്യമായി ഒന്നുമില്ല� (Nothing is impossible) എന്ന ആപ്‌തവാക്യം കൊണ്ട്‌ നേരിടുക. വ്യായാമം ചെയ്യുക, ഒരു ചൂയിംഗം (Chewing gum) ഉപയോഗിക്കുക, വെള്ളം കുടിക്കുക, ഒരു നല്ല സുഹൃത്തിനെ വിളിച്ച്‌ സംസാരിക്കുക, ഒരു നല്ല ബുക്ക്‌ വായിക്കുക, പറ്റുമെങ്കില്‍ നല്ല ഒരു കുളി നടത്തുക, ഒരു പ്രാര്‍ത്ഥന ചൊല്ലുക, ധ്യാനം ശീലമുള്ളവര്‍ അതു ചെയ്യുക, ഇതൊക്കെ പുകവലിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ മറികടക്കാനുള്ള നല്ല ഉപാധികളാണ്‌. ഏറ്റവും നല്ലത്‌ പുകവലികൊണ്ട്‌ മനുഷ്യശരീരത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പടത്തിലേക്ക്‌ ആ സമയത്ത്‌ ഒരു നിമിഷം നോക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ്‌.
8. പുകവലിക്കുന്നയാള്‍ പുകയോടൊപ്പം ശ്വാസം അകത്തേക്ക്‌ വലിക്കുമ്പോള്‍ കൂടിയ അളവില്‍ പ്രാണവായുവും ഉള്ളിലെത്തുന്നുണ്ട്‌. അത്‌ ശരീരത്തിന്‌ അല്‌പം ഗുണം ചെയ്യുന്നുണ്ട്‌. അത്‌ പുകവലിയുടെ സംതൃപ്‌തിക്ക്‌ കാരണമാകുന്ന ഒരു ഘടകമാണ്‌. ഇത്‌ പുകവലി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാക്കാം. പുകവലിക്കണമെന്ന്‌ തോന്നുമ്പോള്‍ എഴുന്നേറ്റ്‌, ഒരു സിഗരറ്റോ ബീഡിയോ ചുരുളോ വലിക്കുന്ന അത്രയും തവണ ദീര്‍ഘമായി ശ്വാസോഛ്വാസം ചെയ്യുക. ശരീരവും മനസ്സും പുകവലിയുടെ സംതൃപ്‌തിയുടെ വലിയൊരു ഭാഗം അനുഭവിക്കും. പുക വലിയോടുള്ള ആര്‍ത്തി അപ്പോഴത്തേയ്‌ക്ക്‌ ശമിക്കുകയും ചെയ്യും
9. നാമും നമുക്ക്‌ ചുറ്റുമുള്ളവരും കൂടി നമ്മുടെ പുകവലികൊണ്ട്‌ നശിക്കുവാന്‍ ഇടയാകുന്നു; ക്യാന്‍സര്‍ എന്ന മഹാവിപത്താണ്‌ ഫലം എന്നത്‌ കൂടെക്കൂടെ മനസ്സിനെ പറഞ്ഞ്‌ പഠിപ്പിക്കുക.
ഒരിക്കല്‍ പൂര്‍ണ്ണമായും പുകവലി നിര്‍ത്തുവാന്‍ സാധിച്ചാല്‍ ഒരു വര്‍ഷത്തേക്കെങ്കിലും അതാവര്‍ത്തിക്കാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിടുവാന്‍ ശ്രദ്ധിക്കുകയും വേണം.

Wednesday, February 24, 2010

അലോപ്പതി മരുന്നുകളുടെ ബാച്ച്‌ നമ്പര്‍

ഒരു മരുന്ന്‌ ഏത്‌ ബാച്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന്‌ മരുന്നിന്റെ ലേബലില്‍ ബാച്ച്‌ നമ്പര്‍ (Batch No.) എന്നതിനുനേരെ രേഖപ്പെടുത്തിയിരിക്കും. പല ദിവസങ്ങളില്‍ പല ബാച്ചുകളിലായാണ്‌ ഒരു മരുന്നിന്റെ ഉത്‌പാദനം നടക്കുന്നത്‌. ഒരുമിച്ച്‌ ഒരു തീയതിയില്‍ ഉത്‌പാദനത്തിനായെടുക്കുന്ന അസംസ്‌കൃതവസ്‌തുക്കള്‍ (raw materials) ക്കെല്ലാം കൂടി (മരുന്നായി രൂപപ്പെട്ടതിനുശേഷവും) ഒരു പ്രത്യേക നമ്പര്‍ കൊടുക്കുന്നു. ഉദാഹരണമായി ഒരു ബാച്ചില്‍ മൂന്നുലക്ഷം ഗുളികകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നുവെങ്കില്‍ ആ മൂന്നുലക്ഷം ഗുളികകള്‍ക്കും ഒരേ ബാച്ച്‌ നമ്പര്‍ തന്നെയാവും രേഖപ്പെടുത്തിയിരിക്കുന്നത്‌.
ബാച്ച്‌ നമ്പറിന്റെ പ്രസക്തി
മരുന്നുകമ്പനികളില്‍ പ്രധാനമായി രണ്ടു വിഭാഗങ്ങളാണ്‌ ഉണ്ടാവുക; ഉത്‌പാദനവിഭാഗവും
(Production Section) ഗുണനിലവാര നിര്‍ണ്ണയ വിഭാഗവും (Quality Control Section) ഉത്‌പാദനത്തിനെടുക്കുന്നതിന്‌ മുമ്പ്‌ എല്ലാ അസംസ്‌കൃത വസ്‌തുക്കളും ഗുണനിലവാരനിര്‍ണ്ണയ (Quality assurance) ത്തിന്‌ വിധേയമാക്കും. പരിശോധനയില്‍ മാനദണ്‌ഡങ്ങള്‍ക്കനുസരിച്ചുള്ള മേന്മയുണ്ടെന്ന്‌ ഉറപ്പായാല്‍ അവ മരുന്നുത്‌പാദനത്തിനായെടുക്കും. മരുന്നുത്‌പാദനത്തിനുശേഷം വീണ്ടും അവ ലബോറട്ടറിലെത്തും. മരുന്നായി മാറിയതിനുശേഷമുള്ള മാനദണ്‌ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാനുള്ള പരിശോധനക (Quality contol tests) ളാണ്‌ പിന്നീട്‌ നടത്തുന്നത്‌. ഗുണനിലവാരനിര്‍ണ്ണയം നടത്തിയതിനുശേഷം ആ ബാച്ചിലെ മരുന്ന്‌ പരിശോധനകള്‍ പാസ്സായിരിക്കുന്നു എന്ന്‌ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍
(Quality Control Manager) ഒപ്പിട്ടതിനുശേഷമാണ്‌ വിതരണത്തിനയയ്‌ക്കുന്നത്‌.
ചെറുകിടമരുന്ന്‌കമ്പനികളില്‍, ഗുണനിലവാര നിര്‍ണ്ണയത്തിനുള്ള ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പലപ്പോഴും കാണുകയില്ല. ഉണ്ടെങ്കില്‍ത്തന്നെ വേണ്ടത്ര സൗകര്യങ്ങളോ യന്ത്രസംവിധാനമോ ഉണ്ടാകുകയുമില്ല. ഇത്തരം സംവിധാനങ്ങളുള്ള മറ്റു ലബോറട്ടറികളില്‍ അയച്ചുകൊടുത്താവും തങ്ങള്‍ ഉണ്ടാക്കിയ മരുന്നിന്റെ ഗുണനിലവാരനിര്‍ണ്ണയം ഇത്തരം കമ്പനികള്‍ നടത്തുന്നത്‌. മതിയായ മൂല്യനിര്‍ണ്ണയം നടത്താതെ മരുന്നുകള്‍ വിതരണത്തിനെത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ ഇതൊരു കാരണമാണ്‌. ലക്ഷക്കണക്കിന്‌ വിലവരുന്ന മരുന്ന്‌, ഉത്‌പാദനത്തിനുശേഷം, മതിയായ നിലവാരം പുലര്‍ത്തുന്നില്ല എന്ന്‌ തെളിയുമ്പോള്‍ അതിനുനേരെ കണ്ണടയ്‌ക്കുന്ന പ്രവണതയും നിലവാരമില്ലാത്ത മരുന്ന്‌ വിതരണത്തിനെത്താന്‍ കാരണമാകും. യന്ത്രസംവിധാനങ്ങളുടെ പ്രവര്‍ത്തനക്രമക്കേടുകൊണ്ടോ പാകപ്പിഴകള്‍കൊണ്ടോ പരിശോധനാഫലങ്ങളില്‍ മാറ്റമുണ്ടാകുന്നത്‌ മറ്റൊരു സാദ്ധ്യതയാണ്‌. കാരണങ്ങളെന്തായാലും വിതരണത്തിന്‌ കമ്പനിയില്‍ നിന്ന്‌ പുറത്തിറങ്ങിയതിനുശേഷവും മരുന്നിന്റെ ഗുണനിലവാരമില്ലായ്‌മ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അപ്പോള്‍ ?നിരോധിച്ച
മരുന്നുകള്‍? എന്ന തലക്കുറിയോടെ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ (Drugs Control Department) പത്രങ്ങളില്‍ പരസ്യം ചെയ്യും. ആ ലിസ്റ്റില്‍ മരുന്നിന്റെ പേരും, നിര്‍മ്മാതാവിന്റെ പേരും, ബാച്ച്‌ നമ്പറും ആണ്‌ ഉണ്ടാവുക. ഇങ്ങനെ നിരോധിക്കപ്പെട്ട മരുന്ന്‌ - അതായത്‌ ഒരു പ്രത്യേക കമ്പനിയുടെ ?പ്രത്യേക ബാച്ച്‌ നമ്പര്‍? ഉള്ള മരുന്ന്‌ - പിന്നീട്‌ വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്‌.
താന്‍ പണം കൊടുത്ത്‌ വാങ്ങുന്ന മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള അവകാശം രോഗിക്കുണ്ട്‌. ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിശോധനാ ലബോറട്ടറികളില്‍ ഇതിനുള്ള സൗകര്യമുണ്ട്‌. കേരളത്തില്‍ തിരുവനന്തപുരത്തുള്ള ഡ്രഗ്‌സ്‌ ടെസ്റ്റിങ്ങ്‌ ലബോറട്ടറി (Drugs testing laboratory) യില്‍ ഗുണനിലവാരം ഉറപ്പുവരുത്തേണ്ട മരുന്നിന്റെ സാമ്പിള്‍ (sample) കൊടുത്ത്‌ ഫീസടച്ചാല്‍ പരിശോധനാഫലം (result) ലഭിക്കും. Drugs testing laboratory, Red cross road, Vanchiyoor Post, Thiruvananthapuram - 35 എന്നതാണ്‌ വിലാസം. പൊതുജനങ്ങള്‍ക്ക്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്‌. സൗജന്യമായി ആശുപത്രിയില്‍ നിന്ന്‌ ലഭിക്കുന്ന മരുന്നിന്റെ ഗുണനിലവാരവും ആവശ്യമെന്ന്‌ തോന്നുന്നപക്ഷം ഈ ലബോറട്ടറിയില്‍ കൊടുത്ത്‌ ഉറപ്പാക്കാം. ചീഫ്‌ ഗവണ്‍മെന്റ്‌ അനലിസ്റ്റ്‌ (Chief Government Analyst) ആണ്‌ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്‌.

Saturday, January 2, 2010

വീട്ടിലൊരു ഫാര്‍മസി

രാത്രികാലങ്ങളിലോ വൈദ്യസഹായം പെട്ടെന്ന്‌ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലോ (അവധി ദിവസം, യാത്ര) ആവാം ചിലപ്പോള്‍ കുട്ടികള്‍ക്ക്‌ അസുഖം പിടിപെടുന്നത്‌. വൈദ്യസഹായം ലഭ്യമാകും വരെ കുട്ടിയെ പരിപാലിക്കാന്‍ ഒരു മരുന്നു പെട്ടി (Medicine Kit) കൈവശം വയ്‌ക്കുന്നത്‌ വളരെ ഉപകാരപ്രദമായിരിക്കും. ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഈ മരുന്നുപെട്ടി കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിക്കണമെന്നതാണ്‌.
1. തെര്‍മോമീറ്റര്‍ (Thermometer)
2. ബാന്‍ഡ്‌എയിഡ്‌ - Adhesive antiseptic dressing
3. അണുവിമുക്തമായ മുറിവുകെട്ടാനുള്ള തുണി/പഞ്ഞി (sterile wound dressings)
4. ബാന്‍ഡേജ്‌ (Bandage)
5. ആന്റിസെപ്‌റ്റിക്‌ ക്രീം / പൗഡര്‍ / സ്‌പ്രേ
6. സ്‌പിരിറ്റ്‌ (Methylated spirit)
7. ആന്റിസെപ്‌റ്റിക്‌ ലോഷന്‍
8. കലാമിന്‍ ലോഷന്‍ - (ചൂടുകുരു പോലെ തൊലിയിലുണ്ടാകുന്ന ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക്‌ ഇത്‌ മര്‍ദ്ദം (apply with out any friction) കൊടുക്കാതെ പതിയെ പുരട്ടുന്നത്‌ നല്ലതാണ്‌.
9. പാരസെറ്റമോള്‍ സിറപ്പ്‌/ഗുളിക
10. ഛര്‍ദ്ദിലിനെതിരെയുള്ള മരുന്നുകള്‍
(കുട്ടികള്‍ക്കുള്ള ഡോസ്‌ എത്രയാണെന്ന്‌ ഡോക്‌ടറിനോട്‌ പ്രത്യേകം ചോദിച്ചറി ഞ്ഞതിനുശേഷം അത്‌ കുറിച്ചുവയ്‌ക്കണം. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നത്‌ പ്രധാനകാര്യം).
11. ഓറല്‍ റീഹൈഡ്രേഷന്‍ സോള്‍ട്ട്‌ (ORS) പായ്‌ക്കറ്റുകള്‍
പെട്ടെന്നുണ്ടാകുന്ന വയറിളക്കം മൂലം കുട്ടി പെട്ടെന്ന്‌ ക്ഷീണാവസ്ഥയിലായേക്കാം. ശരീരത്തിലെ ജലാംശവും , സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും നില നിര്‍ത്തേണ്ടതുണ്ട്‌. അവയും ഊര്‍ജ്ജവും തിരികെ ലഭിക്കാന്‍ ഗ്ലൂക്കോസും മറ്റു മൂലകങ്ങളും അടങ്ങിയ (ORS) പൊടി ലേബലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധം തയ്യാറാക്കി കുറെശ്ശെ
കുട്ടിയെ കുടിപ്പിക്കുക.
12. വയറ്റിനുള്ളിലെ കോച്ചിപ്പിടുത്ത (intestinal colic) ത്തിനെതിരെയുള്ള മരുന്നുകള്‍ - ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം
വാങ്ങി ഉപയോഗിക്കണം.
13. കുട്ടിയുടെ ഏതെങ്കിലും പ്രത്യേക രോഗാവസ്ഥയ്‌ക്കുള്ള മരുന്നുകള്‍
എന്തെങ്കിലും രോഗാവസ്ഥയ്‌ക്കുള്ള മരുന്നുകള്‍ കുട്ടി കഴിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അവയെപ്പറ്റിയുള്ള അടിസ്ഥാ നവിവരങ്ങളും ഡോക്‌ടര്‍ സ്ഥലത്തില്ലാത്തപ്പോള്‍ അതു സംബന്ധിച്ച്‌ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അടിയന്തിരമായി ചെയ്യാനുള്ളതെന്താണെന്നും മനസ്സിലാക്കി വയ്‌ക്കണം.

കുട്ടികള്‍ക്ക്‌ അസുഖം വരുമ്പോള്‍

"ഡോക്‌ടറേ ക്ഷമിക്കണം. ഒരു നിവര്‍ത്തിയുമില്ലാഞ്ഞിട്ടാണ്‌ രാത്രിയില്‍ ഞങ്ങളീ ടാക്‌സി പിടിച്ചുവന്നത്‌. കുട്ടിക്ക്‌ തീരെ സുഖമില്ല. നല്ല പനിയും ഛര്‍ദ്ദിയും. ഒരുപാടു പ്രാവശ്യം വയറും ഇളകി. ഒന്നും കഴിക്കുന്നുമില്ല. എന്റെ കുഞ്ഞ്‌ തളര്‍ന്നു കിടക്കുന്ന കിടപ്പുകണ്ടപ്പോള്‍ സമയമോ സൗകര്യമോ ഒന്നും ആലോചിച്ചില്ല". പാതിരാത്രിയില്‍ കോളിംഗ്‌ബെല്‍ അടിക്കുന്നതുകേട്ട്‌ വാതില്‍ തുറന്നപ്പോള്‍ 5-6 വയസ്സുപ്രായം തോന്നിക്കുന്ന കുഞ്ഞുമായി പരിഭ്രാന്തയായി നില്‍ക്കുന്ന ലക്ഷ്‌മിയെയാണ്‌ ഡോക്‌ടര്‍ കണ്ടത്‌. ലക്ഷ്‌മിയുടെ ക്ഷമാപണം ഒരു ചെറുപുഞ്ചിരിയോടെ കേട്ട്‌ ഡോക്‌ടര്‍ അവരെ ചികിത്സാമുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

അസുഖവിവരങ്ങളെ സംബന്ധിച്ച ഡോക്‌ടറുടെ ചോദ്യങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരങ്ങളായിരുന്നു ലക്ഷ്‌മിക്കുണ്ടായിരുന്നത്‌. കുട്ടിയെ പരിശോധിച്ചശേഷം ഡോക്‌ടര്‍ മരുന്നുകുറിച്ചു. "ഒന്നും പേടിക്കാനില്ല. ഒരു വൈറല്‍ പനിയാണിത്‌ കുറിച്ചിരിക്കുന്ന മരുന്നുകള്‍ വാങ്ങി യഥാസമയം കൊടുക്കണം. ഈ പൊടി തിളപ്പിച്ചാറിയ വെള്ളത്തില്‍ കലര്‍ത്തി ഇടയ്‌ക്കിടയ്‌ക്ക്‌ കുടിപ്പിക്കണം. കൊച്ചുകുട്ടിയാകുമ്പോള്‍ മരുന്നുകഴിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ ഇത്തിരി ബുദ്ധിമുട്ടേണ്ടി വരും. ക്ഷമയോടെ ചെയ്‌താല്‍ മതി അല്ലാതെ പേടിക്കാനൊന്നുമില്ല". ഇത്രയും കേട്ടപ്പോള്‍ ലക്ഷ്‌മിയും ഭര്‍ത്താവും ആശ്വാസത്തോടെ മുഖത്തോടുമുഖം നോക്കി.

അസുഖംവരുമ്പോള്‍ കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നതിനെപ്പറ്റി ഉത്‌കണ്‌ഠാകുലരാകുന്നവരാണ്‌ നമ്മില്‍ ഭൂരിപക്ഷവും. അസുഖമുള്ള സമയത്ത്‌ കുട്ടികളുടെ സ്വഭാവവും ആകെ മാറി വഷളായിരിക്കും. തീരെ കൊച്ചുകുട്ടികള്‍ ഒരു കാരണവുമില്ലാതെ കരഞ്ഞുകൊണ്ടിരിക്കും; അല്ലെങ്കില്‍ അമ്മയുടെ മടിയില്‍ത്തന്നെയിരിക്കണമെന്ന്‌ വാശിപിടിച്ചു കൊണ്ടിരിക്കും. കുറച്ചു കൂടി മുതിര്‍ന്ന കുട്ടികള്‍ മറ്റുചില വാശികള്‍ കാണിക്കുകയും അസ്വസ്ഥരായി കാണപ്പെടുകയും ചെയ്യും. അവര്‍ക്ക്‌ കൂടെയിരുന്ന്‌ കഥകള്‍ വായിച്ച്‌ കൊടുക്കുകയോ ടി.വി. വച്ചുകൊടുക്കുകയോ ചെയ്യാം. അധികം ക്ഷീണമനുഭവപ്പെടാത്ത കുട്ടി ഓടിക്കളിച്ചുനടക്കുകയാണെങ്കില്‍ നിര്‍ബന്ധിച്ച്‌ കിടക്കയില്‍ പിടിച്ചുകിടത്തേണ്ട ആവശ്യമില്ല. കുട്ടികളുടെ സ്വഭാവമാറ്റം എന്തുതന്നെയായിരുന്നാലും നമ്മുടെ കരുതലും സ്‌നേഹവും ചങ്ങാത്തവും വളരെ ആവശ്യമുള്ള സമയമാണിതെന്നു മനസ്സിലാക്കി അവര്‍ക്ക്‌ സുരക്ഷിതത്ത്വബോധം കൊടുക്കാന്‍ തക്ക ക്ഷമയും ഉത്തരവാദിത്വബോധവും മാതാപിതാക്കള്‍ക്ക്‌ ഉണ്ടാവണമെന്നത്‌ പ്രധാനപ്പെട്ട കാര്യമാണ്‌.
അസുഖം വരുന്ന സമയത്ത്‌ മിക്കകുട്ടികള്‍ക്കും വിശപ്പുകാണുകയില്ല. അതുകൊണ്ട്‌ മറ്റുള്ള ദിവസങ്ങളില്‍ കഴിക്കുന്നതുപോലെ കുട്ടി ഭക്ഷണം കഴിക്കണമെന്ന്‌ മാതാപിതാക്കള്‍ നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല. കഴിക്കാന്‍ ഇഷ്‌ടമുള്ള ഭക്ഷണപാനീയ ങ്ങള്‍ കുട്ടി ആവശ്യപ്പെടുന്നുവെങ്കില്‍ കൊടുക്കുക. പക്ഷേ കൊഴുപ്പുനിറഞ്ഞതും മസാല (spicy) നിറഞ്ഞതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇനി 2,3 ദിവസത്തേക്ക്‌ ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും ആശങ്കപ്പെടേ ണ്ടതില്ല. സുഖമാകുമ്പോള്‍ ഈ കുറവ്‌ പരിഹരിക്കാനുള്ളതേ ഉള്ളൂ. പക്ഷേ ദ്രവരൂപത്തിലുള്ള (പാല്‌, പഴച്ചാറുകള്‍, സൂപ്പുകള്‍) മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുട്ടി കഴിക്കുന്നുണ്ടോയെന്നും അതാതുസമയങ്ങളില്‍ മൂത്രമൊഴിക്കുന്നു ണ്ടോയെന്നും ഉറപ്പുവരുത്തണം. ഛര്‍ദ്ദി (omiting), വയറിളക്കം ഇവയെത്തുടര്‍ന്നുണ്ടാകുന്ന ജലനഷ്‌ടം പരിഹരിക്കാനാ വുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കാണിച്ച്‌ ശരീരത്തിലെ ജലാംശം നില നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം.

ഡോക്‌ടറിനെ കാണിക്കുമ്പോള്‍
അസുഖത്തിന്റെ എല്ലാ ലക്ഷണങ്ങളും നിരീക്ഷിച്ചിട്ട്‌ ഡോക്‌ടറോട്‌ പറയുന്നത്‌ രോഗനിര്‍ണ്ണയത്തിന്‌ വളരെ സഹായിക്കും. ഉദാഹരണത്തിന്‌ വയറിളക്കമാണെങ്കില്‍ ഒരു ദിവസം എത്ര പ്രാവശ്യം വയറ്റില്‍ നിന്നുപോയി, മലത്തിന്റെ നിറം, രക്തമോ കഫമോ കലര്‍ന്നിരുന്നോ, വയറുവേദനയുണ്ടോ, ഒപ്പം പനിയുണ്ടോ, മൂത്രത്തിന്റെ ഏകദേശ അളവ്‌ ഇതൊക്കെ ഡോക്‌ടര്‍ ചോദിക്കുമ്പോള്‍ പറയാന്‍ കഴിയുന്നത്‌ വളരെ ഗുണം ചെയ്യും. കഴിഞ്ഞകാലങ്ങളില്‍ വന്നിരുന്ന അസുഖങ്ങളെപ്പറ്റിയും ഡോക്‌ടര്‍ ചോദിക്കാനിടയുണ്ടെന്നതുകൊണ്ട്‌ അതും ഓര്‍ത്തുവയ്‌ക്കുന്നത്‌ നല്ലതാണ്‌. ഇത്തരം കാര്യങ്ങള്‍ ശരിയാംവണ്ണം സാധിക്കണമെങ്കില്‍ കുട്ടിയുമായും ഡോക്‌ടറുമായും നന്നായി ആശയവിനിമയം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക്‌ സാധിക്കണം. ആശയവിനിമയം പൂര്‍ണ്ണമല്ലെങ്കിലും മറ്റുകാരണങ്ങള്‍കൊണ്ടും ആദ്യ സന്ദര്‍ശനം കൊണ്ടുതന്നെ കൊച്ചുകുട്ടികളുടെ ശരിയായ രോഗനിര്‍ണ്ണയം ഡോക്‌ടര്‍ക്ക്‌ സാധിച്ചില്ലെന്നു വരാം. അങ്ങനെയായാല്‍ ഡോക്‌ടര്‍ ചില ലബോറട്ടറി പരിശോധനകള്‍ നിര്‍ദ്ദേശിച്ചേക്കാം. മറ്റുചിലപ്പോള്‍ ഡോക്‌ടര്‍ നാം പ്രതീക്ഷിക്കുന്ന തരം മരുന്നുകള്‍ കുറിച്ചില്ലെന്നും വരാം. ഉദാഹരണമായി വൈറല്‍ പനി, വൈറസുകൊണ്ടുള്ള വയറിളക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടാകുമ്പോള്‍ ശക്തമായ പനിയും മേലുവേദനയും ഉണ്ടായേക്കാം. പലപ്പോഴും പനികുറയാനുള്ള പാരസെറ്റമോള്‍ ഒഴികെ നാം പ്രതീക്ഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഡോക്‌ടര്‍ കുറിക്കുകയുമില്ല. വൈറല്‍ പനിക്ക്‌ ആന്റിബയോട്ടിക്കുകള്‍ പ്രയോജനപ്പെടില്ല.പനിയെ നിയന്ത്രിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. കാരണം പനി കൂടിയാല്‍ കൊച്ചുകുട്ടികളില്‍ അപസ്‌മാരം (febrile fits) പോലുള്ള അവസ്ഥ സാധാരണമാണ്‌. അതുവരാതെ നോക്കണം. ഒപ്പം പാരാസെറ്റമോള്‍ കൂടിയ അളവില്‍ ശരീരത്തിലെത്തുന്നത്‌ നല്ലതല്ല; കരളിനെ ബാധിക്കുമെന്നതും ഓര്‍മ്മ വയ്‌ക്കണം. കുട്ടികള്‍ക്ക്‌ വേണ്ട അളവില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കൊടുക്കണം. പനിയെ നിയന്ത്രിച്ച്‌ ധാരാളം വെള്ളം കുടിച്ച്‌ വിശ്രമിച്ചാല്‍ ഒരാഴ്‌ചകൊണ്ട്‌ ശരീരം തനിയെ സുഖാവസ്ഥ യിലെത്തിക്കോളും. മേല്‍പ്പറഞ്ഞതരം സന്ദര്‍ഭങ്ങളില്‍ കുട്ടിയുടെ പ്രയാസങ്ങള്‍ കണ്ടിട്ട്‌ കാണിച്ചുകൊണ്ടിരുന്ന ഡോക്‌ടറെ ഉപേക്ഷിച്ച്‌ മറ്റു ഡോക്‌ടര്‍മാരെ മാറിമാറിക്കാണുക, ഡോക്‌ടറോട്‌ ആന്റിബയോട്ടിക്കുകള്‍ ചോദിച്ചുവാങ്ങുക എന്നീ പ്രവണതകള്‍ ഒഴിവാക്കണം; ക്ഷമയോടെ ചികിത്സാരീതികള്‍ ഡോക്‌ടര്‍ പറയുംവിധം തുടരണം. എന്നാല്‍, രോഗം മാറാന്‍ പ്രതീക്ഷിക്കുന്ന ഒരു കാലയളവുകഴിഞ്ഞിട്ടും യാതൊരു കുറവും കാണുന്നില്ലെങ്കില്‍ മറ്റൊരു ഡോക്‌ടറിനെ കാണേണ്ടത്‌ അത്യാവശ്യമാണ്‌. അതുവരെ തുടര്‍ന്നുവന്നിരുന്ന ചികിത്സാ രീതികള്‍ അദ്ദേഹത്തോട്‌ വിശദമായി പറയുകയും ചെയ്യണം.

മരുന്നുകൊടുക്കുമ്പോള്‍
ഡോക്‌ടറിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നന്നായി മനസ്സിലാക്കുകയും നിര്‍ബന്ധമായി പ്രാവര്‍ത്തിക മാക്കുകയും ചെയ്യേണ്ടതാണ്‌. ഒരാഴ്‌ചത്തേക്ക്‌ ഡോക്‌ടര്‍ കുറിക്കുന്ന മരുന്ന്‌ -പ്രത്യേകിച്ച്‌ ആന്റിബയോട്ടിക്കുകള്‍- അസുഖത്തിന്‌ ആശ്വാസം കണ്ടുതുടങ്ങു മ്പോള്‍ ഇനിയുള്ള മരുന്ന്‌ അധികഡോസാണ്‌ എന്ന്‌ 'നമുക്ക്‌ തോന്നുന്നതു കൊണ്ട്‌' ഇടയ്‌ക്ക്‌ വച്ച്‌ നിര്‍ത്തരുത്‌. ഇത്‌ കൂടെക്കൂടെ രോഗം ആവര്‍ത്തിക്കാനും മറ്റുപലപ്രശ്‌നങ്ങളിലെത്തിച്ചേരാനും ഇടയാക്കും. മരുന്നുകൊടുക്കുമ്പോള്‍ കുട്ടിയോടുള്ള ആശയവിനിമയം വളരെ പ്രധാനമാണ്‌. കുത്തിവയ്‌പ്‌ എടുക്കേണ്ടതായിട്ടുണ്ടെങ്കില്‍ അത്‌ കുട്ടിയെ പറഞ്ഞ്‌ മനസ്സിലാക്കണം. പറഞ്ഞുകൊടുത്താല്‍ മനസ്സിലാവുന്ന പ്രായമാണെങ്കില്‍ വിശദീകരിക്കുന്നതും നല്ലതാണ്‌. കാരണം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആശയവിനിമയം കുട്ടിക്ക്‌ ഡോക്‌ടറിലും മാതാപിതാക്കളിലുമുള്ള വിശ്വാസത്തെ നഷ്‌ടപ്പെടുത്തും. ഭംഗിയായി മധുരത്തില്‍ പൊതിഞ്ഞ ഗുളികകളെ (ഉദാ: അയണ്‍ ഗുളികകള്‍) മിഠായിയാണെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ കഴിപ്പിക്കുന്ന രീതിയും നന്നല്ല. കാരണം കുട്ടി ആരും കാണാതെ ഇവ എടുത്ത്‌ കഴിക്കാനിടയായാല്‍ മരുന്ന്‌ വിഷബാധ (Drug toxicity)യ്‌ക്ക്‌ കാരണമാകും. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മരുന്നുകള്‍ കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിച്ചുവയ്‌ക്കണമെന്നതാണ്‌. മിക്ക മരുന്നുകളുടേയും ലേബലില്‍ keep away from children എന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ.
കുട്ടികള്‍ക്ക്‌ മരുന്നുകൊടുക്കുമ്പോള്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്‌. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ മിക്കവാറും ദ്രവരൂപ ത്തിലാണ്‌ ലഭ്യമാകുന്നത്‌. മറ്റു ചിലപ്പോള്‍ ഗുളികകളായും (kids tabs) ലഭ്യമാണ്‌. കൊച്ചുകുട്ടികളെ മരുന്നുകഴിപ്പിക്കുന്നത്‌ അവരെ ഭക്ഷണം കഴിപ്പിക്കുന്നതുപോലെതന്നെ ഒരു കലയാണ്‌. അസുഖം വരുമ്പോള്‍ കുട്ടികള്‍ ഭക്ഷണവും മരുന്നും കഴിക്കാന്‍ മടി കാണിക്കും എന്നതാണ്‌ വസ്‌തുത. മരുന്നുകള്‍ ഗുളികരൂപത്തിലാണെങ്കില്‍ കൊച്ചുകുട്ടികള്‍ക്ക്‌ അവ വിഴുങ്ങാന്‍ വളരെ പ്രയാസമായിരിക്കും. അതുകൊണ്ട്‌ പൊടിച്ചതിനുശേഷം തേനിലോ പഞ്ചസാരവെള്ളത്തിലോ കലര്‍ത്തി കൊടുക്കാം. ഗുളിക അതേപടിയോ മുറിച്ചോ വിഴുങ്ങുകയാണെങ്കില്‍ കുട്ടിയെ നിവര്‍ത്തി ഇരുത്തിയിട്ടുവേണം കഴിപ്പിക്കുവാന്‍; ഒരു ഗ്ലാസ്സ്‌ വെള്ളം മുഴുവന്‍ കുടിപ്പിക്കുകയും വേണം. ആമാശയത്തിലെത്തുന്ന ഗുളിക പൊടിഞ്ഞ്‌ വെള്ളത്തോടൊപ്പം ലയിച്ചുചേര്‍ന്നതിനുശേഷമാണ്‌ രക്തത്തിലേക്ക്‌ ആഗീരണം ചെയ്യപ്പെടുന്നത്‌. അതിന്‌ ഒരു ഗ്ലാസ്സ്‌ വെള്ളം മുഴുവനും ആവശ്യമാണ്‌. കൂടാതെ കുറഞ്ഞവെള്ളത്തില്‍ വിഴുങ്ങുമ്പോള്‍ ഗുളിക അന്നനാളത്തില്‍ എവിടെ യെങ്കിലും തങ്ങിനിന്ന്‌ കേടുപാടുകള്‍ വരാനിടയാകുകയും ചെയ്യും. അങ്ങനെയായാല്‍ ആ ഭാഗത്ത്‌ വൃണങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതകളേറെയാണ്‌. ഗുളിക കഴിക്കാന്‍ ഉപയോഗിക്കുന്ന പാനീയം തിളപ്പിച്ചാറിയ വെള്ളമാകുന്നതാണ്‌ നല്ലത്‌. ചൂടുള്ള ചായ, കാപ്പി എന്നിവയും പഴച്ചാറുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയും ഒഴിവാക്കണം. രണ്ടുമൂന്നു കവിള്‍ വെള്ളം ആദ്യം കുട്ടിയെ കുടിപ്പിച്ചതിനുശേഷം നാക്കിന്‌ പുറകിലായി മരുന്ന്‌ വച്ചുകൊടുക്കുക. തുടര്‍ന്ന്‌ ബാക്കിയുള്ള വെള്ളം കുടിപ്പിക്കുക. ഇതാണ്‌ വിഴുങ്ങുവാനുള്ള മരുന്ന്‌ കഴിപ്പിക്കേണ്ട ശരിയായ രീതി.

ചില മരുന്നുകള്‍ ഖരരൂപത്തിലുള്ള തരികളായി (dry syrup) രൂപകല്‍പ്പന ചെയ്യാറുണ്ട്‌. ഇവ ഉപയോഗത്തിന്‌ മുമ്പ്‌ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ നന്നായി കൂട്ടിക്കലര്‍ത്തി(reconstitution) യെടുക്കണമെന്ന്‌ ലേബലില്‍ നിര്‍ദ്ദേശി ച്ചിട്ടുണ്ടാകും.
Direction for reconstitution : slowly add boiled and cooled water upto the mark on the bottle and shake vigorously. Adjust the volume upto the mark by adding more water if necessary. പഞ്ചസാരയോ, മധുരം പ്രദാനം ചെയ്യുന്ന മറ്റുരാസ പദാര്‍ത്ഥങ്ങളോ ഇത്തരം മരുന്നുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. വെള്ളം കൂടി ചേരുമ്പോള്‍ പൂപ്പല്‍ (fungus) പോലുള്ള സൂക്ഷ്‌മജീവികള്‍ക്ക്‌ വളരാന്‍ അനുയോജ്യമായ സാഹചര്യം വന്നുചേരും. അതുകൊണ്ട്‌ ഇപ്രകാരം കൂട്ടിക്കലര്‍ത്തി യെടുക്കുന്ന മരുന്നിന്റെ ഗുണവും വീര്യവും സ്ഥിരത (stability)യും പിന്നീട്‌ നാം കൈകാര്യം ചെയ്യുന്നതിന നുസരിച്ചിരിക്കും. വെള്ളവുമായി കൂട്ടിക്കലര്‍ത്തും മുമ്പ്‌ മരുന്നടങ്ങിയിട്ടുള്ള കുപ്പി ഒന്നുരണ്ടുപ്രാവശ്യം തട്ടണം. (Gently tap the bottle before mixing). മരുന്നുപൊടി കുപ്പിക്കുള്ളില്‍ നന്നായി അമര്‍ന്നിരിക്കുകയാണെങ്കില്‍ ഒന്ന്‌ ഇളക്കിയെടുക്കുന്നത്‌ വെള്ളം ചേര്‍ക്കുമ്പോള്‍ കൂടിക്കലരാന്‍ എളുപ്പമാകുന്നതിന്‌ വേണ്ടിയാണിത്‌. നന്നായി തിളപ്പിച്ചിട്ട്‌ വെള്ളം തണുത്തതിനുശേഷമേ മരുന്നുമായി കൂട്ടിക്കലര്‍ത്താവൂ. രണ്ടുപ്രാവശ്യമായി വേണം വെള്ളം കൂട്ടി ചേര്‍ക്കുവാന്‍; ഓരോ പ്രാവശ്യവും നന്നായി ഇളക്കി കൂട്ടിക്കലര്‍ത്താന്‍ ശ്രദ്ധിക്കുകയും വേണം. പിന്നീട്‌ കൂട്ടിക്കലര്‍ത്തിയ മരുന്നിന്റെ അളവിന നുപാതമായ കുപ്പി തിരഞ്ഞെടുത്ത്‌ നന്നായി കഴുകി ഉണങ്ങിയതിനുശേഷം, സാദ്ധ്യമെങ്കില്‍ അണുവിമുക്ത മാക്കിയിട്ട്‌ ഒഴിച്ചുവയ്‌ക്കണം. പിന്നീട്‌ ഈ മരുന്ന്‌ സൂക്ഷിച്ചുവയ്‌ക്കേണ്ട താപനിലയും ലേബലില്‍ പറഞ്ഞിട്ടുണ്ടാവും. സൂര്യപ്രകാശമേല്‍ക്കാത്ത തവിട്ടുനിറമുള്ള ഗ്ലാസ്സുകുപ്പിയില്‍ സൂക്ഷിക്കുന്നതാണുത്തമം. ചില മരുന്നുകളില്‍ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നതുകൊണ്ടാണ്‌ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്‌. ലേബലിലുള്ള നിര്‍ദ്ദേശം ഇപ്രകാരമാ യിരിക്കും. This mix and reconstituted suspension should be stored in a cool, dry, dark place.

ഇനിയാണ്‌ എത്രനാള്‍ ഇവ ഉപയോഗിക്കാമെന്നുള്ള വളരെ പ്രധാനമായ നിര്‍ദ്ദേശം. This reconstituted suspension should be used within five days of preparation. തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ ഉപയോഗത്തിന്‌ തൊട്ടുമുമ്പ്‌ ദ്രവരൂപത്തിലാക്കുന്ന ഇത്തരം മരുന്നുകള്‍ 5 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം. അതുകഴിഞ്ഞ്‌ അത്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം. ചില ആന്റിബയോട്ടിക്കുകളുടെ ലേബലില്‍ കൂട്ടിക്കലര്‍ത്തിയെടുത്തതിന്‌ ശേഷം 14 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം എന്ന നിര്‍ദ്ദേശമാവും ഉണ്ടാവുക. അങ്ങനെ ഉപയോഗിക്കുന്നുവെങ്കില്‍ റഫ്രിജറേറ്ററില്‍ വച്ച്‌ വേണം ഈ രണ്ടാഴ്‌ചക്കാലം മരുന്ന്‌ സൂക്ഷിക്കേണ്ടത്‌. അത്‌ കഴിഞ്ഞ്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം.

മിക്കവാറും മരുന്നുകള്‍ ദ്രവരൂപത്തിലായിരിക്കും കൊച്ചുകുട്ടികള്‍ക്കായി രൂപ കല്‍പ്പന ചെയ്യപ്പെടുന്നത്‌. നന്നായി മധുരം കലര്‍ത്തിയിട്ടുള്ള സിറപ്പോ മറ്റുതരം മിശ്രിതമോ (suspensions, solutions) ആയിട്ടായിരിക്കും അവ ലഭ്യമാകുന്നത്‌. അത്തരം മരുന്നുകളുടെ ലേബല്‍ ശ്രദ്ധിച്ചുവായിച്ചാല്‍ വെമസല ംലഹഹ യലളീൃല ൗലെ എന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ കാണാം. മരുന്ന്‌, കുപ്പിയില്‍ കുറച്ചുനേരം ഇരിക്കുമ്പോള്‍ മരുന്നിന്റെ പ്രധാനരാസവസ്‌തു ഉള്‍പ്പെടെയുള്ള ചേരുവകള്‍ കുപ്പിയുടെ അടിയില്‍ ഊറിക്കൂടാനിടയാകും. നന്നായി കുലുക്കിയശേഷം ഉപയോഗിച്ചില്ലെങ്കില്‍ രോഗശമനത്തിന്‌ ആവശ്യമായ മരുന്ന്‌ ശരീരത്തിന്‌ ലഭിക്കില്ല. അതുകൊണ്ട്‌ കുലുക്കിയതിനുശേഷമേ മരുന്ന്‌ അളന്നെടുത്ത്‌ കൊടുക്കാവൂ.

ദ്രവരൂപത്തിലുള്ള മരുന്നുകള്‍ പെട്ടെന്ന്‌ കേടാകുന്നവയാണ്‌. ഒരിക്കല്‍ തുറന്നുപയോഗിച്ചുകഴിഞ്ഞാല്‍ അന്തരീക്ഷ ത്തിലുള്ള അപകടകാരികളായ സൂക്ഷ്‌മാണുക്കള്‍ കുപ്പിക്കുള്ളില്‍ കയറിക്കൂടാനിടയുണ്ട്‌. പഞ്ചസാരയും ജലാംശവും അവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. അതുകൊണ്ട്‌ ഒരിക്കല്‍ തുറന്നാല്‍ മരുന്ന്‌ 4 ആഴ്‌ച വരെയേ ഉപയോഗിക്കാവൂ. (റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതാണ്‌ ഉത്തമം) അതിനുശേഷം മരുന്ന്‌ കുപ്പിയില്‍ ബാക്കിയുണ്ടെങ്കില്‍ പിന്നീടൊരവസ രത്തില്‍ കുട്ടിക്ക്‌ അസുഖം വരുമ്പോള്‍ ഉപയോഗി ക്കാനായി സൂക്ഷിച്ചു വയ്‌ക്കരുത്‌; കൊടുക്കുകയുമരുത്‌. 4 ആഴ്‌ചയ്‌ക്കു ള്ളില്‍ മരുന്നില്‍ എന്തെങ്കിലും നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോഗിക്കേണ്ടതില്ല. എന്തെങ്കിലും രാസമാറ്റം നടന്നതിന്റെ ഫലമാകാം ഈ നിറമാറ്റം.