Saturday, January 2, 2010

കുട്ടികള്‍ക്ക്‌ അസുഖം വരുമ്പോള്‍

"ഡോക്‌ടറേ ക്ഷമിക്കണം. ഒരു നിവര്‍ത്തിയുമില്ലാഞ്ഞിട്ടാണ്‌ രാത്രിയില്‍ ഞങ്ങളീ ടാക്‌സി പിടിച്ചുവന്നത്‌. കുട്ടിക്ക്‌ തീരെ സുഖമില്ല. നല്ല പനിയും ഛര്‍ദ്ദിയും. ഒരുപാടു പ്രാവശ്യം വയറും ഇളകി. ഒന്നും കഴിക്കുന്നുമില്ല. എന്റെ കുഞ്ഞ്‌ തളര്‍ന്നു കിടക്കുന്ന കിടപ്പുകണ്ടപ്പോള്‍ സമയമോ സൗകര്യമോ ഒന്നും ആലോചിച്ചില്ല". പാതിരാത്രിയില്‍ കോളിംഗ്‌ബെല്‍ അടിക്കുന്നതുകേട്ട്‌ വാതില്‍ തുറന്നപ്പോള്‍ 5-6 വയസ്സുപ്രായം തോന്നിക്കുന്ന കുഞ്ഞുമായി പരിഭ്രാന്തയായി നില്‍ക്കുന്ന ലക്ഷ്‌മിയെയാണ്‌ ഡോക്‌ടര്‍ കണ്ടത്‌. ലക്ഷ്‌മിയുടെ ക്ഷമാപണം ഒരു ചെറുപുഞ്ചിരിയോടെ കേട്ട്‌ ഡോക്‌ടര്‍ അവരെ ചികിത്സാമുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

അസുഖവിവരങ്ങളെ സംബന്ധിച്ച ഡോക്‌ടറുടെ ചോദ്യങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരങ്ങളായിരുന്നു ലക്ഷ്‌മിക്കുണ്ടായിരുന്നത്‌. കുട്ടിയെ പരിശോധിച്ചശേഷം ഡോക്‌ടര്‍ മരുന്നുകുറിച്ചു. "ഒന്നും പേടിക്കാനില്ല. ഒരു വൈറല്‍ പനിയാണിത്‌ കുറിച്ചിരിക്കുന്ന മരുന്നുകള്‍ വാങ്ങി യഥാസമയം കൊടുക്കണം. ഈ പൊടി തിളപ്പിച്ചാറിയ വെള്ളത്തില്‍ കലര്‍ത്തി ഇടയ്‌ക്കിടയ്‌ക്ക്‌ കുടിപ്പിക്കണം. കൊച്ചുകുട്ടിയാകുമ്പോള്‍ മരുന്നുകഴിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ ഇത്തിരി ബുദ്ധിമുട്ടേണ്ടി വരും. ക്ഷമയോടെ ചെയ്‌താല്‍ മതി അല്ലാതെ പേടിക്കാനൊന്നുമില്ല". ഇത്രയും കേട്ടപ്പോള്‍ ലക്ഷ്‌മിയും ഭര്‍ത്താവും ആശ്വാസത്തോടെ മുഖത്തോടുമുഖം നോക്കി.

അസുഖംവരുമ്പോള്‍ കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നതിനെപ്പറ്റി ഉത്‌കണ്‌ഠാകുലരാകുന്നവരാണ്‌ നമ്മില്‍ ഭൂരിപക്ഷവും. അസുഖമുള്ള സമയത്ത്‌ കുട്ടികളുടെ സ്വഭാവവും ആകെ മാറി വഷളായിരിക്കും. തീരെ കൊച്ചുകുട്ടികള്‍ ഒരു കാരണവുമില്ലാതെ കരഞ്ഞുകൊണ്ടിരിക്കും; അല്ലെങ്കില്‍ അമ്മയുടെ മടിയില്‍ത്തന്നെയിരിക്കണമെന്ന്‌ വാശിപിടിച്ചു കൊണ്ടിരിക്കും. കുറച്ചു കൂടി മുതിര്‍ന്ന കുട്ടികള്‍ മറ്റുചില വാശികള്‍ കാണിക്കുകയും അസ്വസ്ഥരായി കാണപ്പെടുകയും ചെയ്യും. അവര്‍ക്ക്‌ കൂടെയിരുന്ന്‌ കഥകള്‍ വായിച്ച്‌ കൊടുക്കുകയോ ടി.വി. വച്ചുകൊടുക്കുകയോ ചെയ്യാം. അധികം ക്ഷീണമനുഭവപ്പെടാത്ത കുട്ടി ഓടിക്കളിച്ചുനടക്കുകയാണെങ്കില്‍ നിര്‍ബന്ധിച്ച്‌ കിടക്കയില്‍ പിടിച്ചുകിടത്തേണ്ട ആവശ്യമില്ല. കുട്ടികളുടെ സ്വഭാവമാറ്റം എന്തുതന്നെയായിരുന്നാലും നമ്മുടെ കരുതലും സ്‌നേഹവും ചങ്ങാത്തവും വളരെ ആവശ്യമുള്ള സമയമാണിതെന്നു മനസ്സിലാക്കി അവര്‍ക്ക്‌ സുരക്ഷിതത്ത്വബോധം കൊടുക്കാന്‍ തക്ക ക്ഷമയും ഉത്തരവാദിത്വബോധവും മാതാപിതാക്കള്‍ക്ക്‌ ഉണ്ടാവണമെന്നത്‌ പ്രധാനപ്പെട്ട കാര്യമാണ്‌.
അസുഖം വരുന്ന സമയത്ത്‌ മിക്കകുട്ടികള്‍ക്കും വിശപ്പുകാണുകയില്ല. അതുകൊണ്ട്‌ മറ്റുള്ള ദിവസങ്ങളില്‍ കഴിക്കുന്നതുപോലെ കുട്ടി ഭക്ഷണം കഴിക്കണമെന്ന്‌ മാതാപിതാക്കള്‍ നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല. കഴിക്കാന്‍ ഇഷ്‌ടമുള്ള ഭക്ഷണപാനീയ ങ്ങള്‍ കുട്ടി ആവശ്യപ്പെടുന്നുവെങ്കില്‍ കൊടുക്കുക. പക്ഷേ കൊഴുപ്പുനിറഞ്ഞതും മസാല (spicy) നിറഞ്ഞതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇനി 2,3 ദിവസത്തേക്ക്‌ ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും ആശങ്കപ്പെടേ ണ്ടതില്ല. സുഖമാകുമ്പോള്‍ ഈ കുറവ്‌ പരിഹരിക്കാനുള്ളതേ ഉള്ളൂ. പക്ഷേ ദ്രവരൂപത്തിലുള്ള (പാല്‌, പഴച്ചാറുകള്‍, സൂപ്പുകള്‍) മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുട്ടി കഴിക്കുന്നുണ്ടോയെന്നും അതാതുസമയങ്ങളില്‍ മൂത്രമൊഴിക്കുന്നു ണ്ടോയെന്നും ഉറപ്പുവരുത്തണം. ഛര്‍ദ്ദി (omiting), വയറിളക്കം ഇവയെത്തുടര്‍ന്നുണ്ടാകുന്ന ജലനഷ്‌ടം പരിഹരിക്കാനാ വുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കാണിച്ച്‌ ശരീരത്തിലെ ജലാംശം നില നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം.

ഡോക്‌ടറിനെ കാണിക്കുമ്പോള്‍
അസുഖത്തിന്റെ എല്ലാ ലക്ഷണങ്ങളും നിരീക്ഷിച്ചിട്ട്‌ ഡോക്‌ടറോട്‌ പറയുന്നത്‌ രോഗനിര്‍ണ്ണയത്തിന്‌ വളരെ സഹായിക്കും. ഉദാഹരണത്തിന്‌ വയറിളക്കമാണെങ്കില്‍ ഒരു ദിവസം എത്ര പ്രാവശ്യം വയറ്റില്‍ നിന്നുപോയി, മലത്തിന്റെ നിറം, രക്തമോ കഫമോ കലര്‍ന്നിരുന്നോ, വയറുവേദനയുണ്ടോ, ഒപ്പം പനിയുണ്ടോ, മൂത്രത്തിന്റെ ഏകദേശ അളവ്‌ ഇതൊക്കെ ഡോക്‌ടര്‍ ചോദിക്കുമ്പോള്‍ പറയാന്‍ കഴിയുന്നത്‌ വളരെ ഗുണം ചെയ്യും. കഴിഞ്ഞകാലങ്ങളില്‍ വന്നിരുന്ന അസുഖങ്ങളെപ്പറ്റിയും ഡോക്‌ടര്‍ ചോദിക്കാനിടയുണ്ടെന്നതുകൊണ്ട്‌ അതും ഓര്‍ത്തുവയ്‌ക്കുന്നത്‌ നല്ലതാണ്‌. ഇത്തരം കാര്യങ്ങള്‍ ശരിയാംവണ്ണം സാധിക്കണമെങ്കില്‍ കുട്ടിയുമായും ഡോക്‌ടറുമായും നന്നായി ആശയവിനിമയം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക്‌ സാധിക്കണം. ആശയവിനിമയം പൂര്‍ണ്ണമല്ലെങ്കിലും മറ്റുകാരണങ്ങള്‍കൊണ്ടും ആദ്യ സന്ദര്‍ശനം കൊണ്ടുതന്നെ കൊച്ചുകുട്ടികളുടെ ശരിയായ രോഗനിര്‍ണ്ണയം ഡോക്‌ടര്‍ക്ക്‌ സാധിച്ചില്ലെന്നു വരാം. അങ്ങനെയായാല്‍ ഡോക്‌ടര്‍ ചില ലബോറട്ടറി പരിശോധനകള്‍ നിര്‍ദ്ദേശിച്ചേക്കാം. മറ്റുചിലപ്പോള്‍ ഡോക്‌ടര്‍ നാം പ്രതീക്ഷിക്കുന്ന തരം മരുന്നുകള്‍ കുറിച്ചില്ലെന്നും വരാം. ഉദാഹരണമായി വൈറല്‍ പനി, വൈറസുകൊണ്ടുള്ള വയറിളക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടാകുമ്പോള്‍ ശക്തമായ പനിയും മേലുവേദനയും ഉണ്ടായേക്കാം. പലപ്പോഴും പനികുറയാനുള്ള പാരസെറ്റമോള്‍ ഒഴികെ നാം പ്രതീക്ഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഡോക്‌ടര്‍ കുറിക്കുകയുമില്ല. വൈറല്‍ പനിക്ക്‌ ആന്റിബയോട്ടിക്കുകള്‍ പ്രയോജനപ്പെടില്ല.പനിയെ നിയന്ത്രിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. കാരണം പനി കൂടിയാല്‍ കൊച്ചുകുട്ടികളില്‍ അപസ്‌മാരം (febrile fits) പോലുള്ള അവസ്ഥ സാധാരണമാണ്‌. അതുവരാതെ നോക്കണം. ഒപ്പം പാരാസെറ്റമോള്‍ കൂടിയ അളവില്‍ ശരീരത്തിലെത്തുന്നത്‌ നല്ലതല്ല; കരളിനെ ബാധിക്കുമെന്നതും ഓര്‍മ്മ വയ്‌ക്കണം. കുട്ടികള്‍ക്ക്‌ വേണ്ട അളവില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കൊടുക്കണം. പനിയെ നിയന്ത്രിച്ച്‌ ധാരാളം വെള്ളം കുടിച്ച്‌ വിശ്രമിച്ചാല്‍ ഒരാഴ്‌ചകൊണ്ട്‌ ശരീരം തനിയെ സുഖാവസ്ഥ യിലെത്തിക്കോളും. മേല്‍പ്പറഞ്ഞതരം സന്ദര്‍ഭങ്ങളില്‍ കുട്ടിയുടെ പ്രയാസങ്ങള്‍ കണ്ടിട്ട്‌ കാണിച്ചുകൊണ്ടിരുന്ന ഡോക്‌ടറെ ഉപേക്ഷിച്ച്‌ മറ്റു ഡോക്‌ടര്‍മാരെ മാറിമാറിക്കാണുക, ഡോക്‌ടറോട്‌ ആന്റിബയോട്ടിക്കുകള്‍ ചോദിച്ചുവാങ്ങുക എന്നീ പ്രവണതകള്‍ ഒഴിവാക്കണം; ക്ഷമയോടെ ചികിത്സാരീതികള്‍ ഡോക്‌ടര്‍ പറയുംവിധം തുടരണം. എന്നാല്‍, രോഗം മാറാന്‍ പ്രതീക്ഷിക്കുന്ന ഒരു കാലയളവുകഴിഞ്ഞിട്ടും യാതൊരു കുറവും കാണുന്നില്ലെങ്കില്‍ മറ്റൊരു ഡോക്‌ടറിനെ കാണേണ്ടത്‌ അത്യാവശ്യമാണ്‌. അതുവരെ തുടര്‍ന്നുവന്നിരുന്ന ചികിത്സാ രീതികള്‍ അദ്ദേഹത്തോട്‌ വിശദമായി പറയുകയും ചെയ്യണം.

മരുന്നുകൊടുക്കുമ്പോള്‍
ഡോക്‌ടറിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നന്നായി മനസ്സിലാക്കുകയും നിര്‍ബന്ധമായി പ്രാവര്‍ത്തിക മാക്കുകയും ചെയ്യേണ്ടതാണ്‌. ഒരാഴ്‌ചത്തേക്ക്‌ ഡോക്‌ടര്‍ കുറിക്കുന്ന മരുന്ന്‌ -പ്രത്യേകിച്ച്‌ ആന്റിബയോട്ടിക്കുകള്‍- അസുഖത്തിന്‌ ആശ്വാസം കണ്ടുതുടങ്ങു മ്പോള്‍ ഇനിയുള്ള മരുന്ന്‌ അധികഡോസാണ്‌ എന്ന്‌ 'നമുക്ക്‌ തോന്നുന്നതു കൊണ്ട്‌' ഇടയ്‌ക്ക്‌ വച്ച്‌ നിര്‍ത്തരുത്‌. ഇത്‌ കൂടെക്കൂടെ രോഗം ആവര്‍ത്തിക്കാനും മറ്റുപലപ്രശ്‌നങ്ങളിലെത്തിച്ചേരാനും ഇടയാക്കും. മരുന്നുകൊടുക്കുമ്പോള്‍ കുട്ടിയോടുള്ള ആശയവിനിമയം വളരെ പ്രധാനമാണ്‌. കുത്തിവയ്‌പ്‌ എടുക്കേണ്ടതായിട്ടുണ്ടെങ്കില്‍ അത്‌ കുട്ടിയെ പറഞ്ഞ്‌ മനസ്സിലാക്കണം. പറഞ്ഞുകൊടുത്താല്‍ മനസ്സിലാവുന്ന പ്രായമാണെങ്കില്‍ വിശദീകരിക്കുന്നതും നല്ലതാണ്‌. കാരണം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആശയവിനിമയം കുട്ടിക്ക്‌ ഡോക്‌ടറിലും മാതാപിതാക്കളിലുമുള്ള വിശ്വാസത്തെ നഷ്‌ടപ്പെടുത്തും. ഭംഗിയായി മധുരത്തില്‍ പൊതിഞ്ഞ ഗുളികകളെ (ഉദാ: അയണ്‍ ഗുളികകള്‍) മിഠായിയാണെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ കഴിപ്പിക്കുന്ന രീതിയും നന്നല്ല. കാരണം കുട്ടി ആരും കാണാതെ ഇവ എടുത്ത്‌ കഴിക്കാനിടയായാല്‍ മരുന്ന്‌ വിഷബാധ (Drug toxicity)യ്‌ക്ക്‌ കാരണമാകും. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മരുന്നുകള്‍ കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിച്ചുവയ്‌ക്കണമെന്നതാണ്‌. മിക്ക മരുന്നുകളുടേയും ലേബലില്‍ keep away from children എന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ.
കുട്ടികള്‍ക്ക്‌ മരുന്നുകൊടുക്കുമ്പോള്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്‌. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ മിക്കവാറും ദ്രവരൂപ ത്തിലാണ്‌ ലഭ്യമാകുന്നത്‌. മറ്റു ചിലപ്പോള്‍ ഗുളികകളായും (kids tabs) ലഭ്യമാണ്‌. കൊച്ചുകുട്ടികളെ മരുന്നുകഴിപ്പിക്കുന്നത്‌ അവരെ ഭക്ഷണം കഴിപ്പിക്കുന്നതുപോലെതന്നെ ഒരു കലയാണ്‌. അസുഖം വരുമ്പോള്‍ കുട്ടികള്‍ ഭക്ഷണവും മരുന്നും കഴിക്കാന്‍ മടി കാണിക്കും എന്നതാണ്‌ വസ്‌തുത. മരുന്നുകള്‍ ഗുളികരൂപത്തിലാണെങ്കില്‍ കൊച്ചുകുട്ടികള്‍ക്ക്‌ അവ വിഴുങ്ങാന്‍ വളരെ പ്രയാസമായിരിക്കും. അതുകൊണ്ട്‌ പൊടിച്ചതിനുശേഷം തേനിലോ പഞ്ചസാരവെള്ളത്തിലോ കലര്‍ത്തി കൊടുക്കാം. ഗുളിക അതേപടിയോ മുറിച്ചോ വിഴുങ്ങുകയാണെങ്കില്‍ കുട്ടിയെ നിവര്‍ത്തി ഇരുത്തിയിട്ടുവേണം കഴിപ്പിക്കുവാന്‍; ഒരു ഗ്ലാസ്സ്‌ വെള്ളം മുഴുവന്‍ കുടിപ്പിക്കുകയും വേണം. ആമാശയത്തിലെത്തുന്ന ഗുളിക പൊടിഞ്ഞ്‌ വെള്ളത്തോടൊപ്പം ലയിച്ചുചേര്‍ന്നതിനുശേഷമാണ്‌ രക്തത്തിലേക്ക്‌ ആഗീരണം ചെയ്യപ്പെടുന്നത്‌. അതിന്‌ ഒരു ഗ്ലാസ്സ്‌ വെള്ളം മുഴുവനും ആവശ്യമാണ്‌. കൂടാതെ കുറഞ്ഞവെള്ളത്തില്‍ വിഴുങ്ങുമ്പോള്‍ ഗുളിക അന്നനാളത്തില്‍ എവിടെ യെങ്കിലും തങ്ങിനിന്ന്‌ കേടുപാടുകള്‍ വരാനിടയാകുകയും ചെയ്യും. അങ്ങനെയായാല്‍ ആ ഭാഗത്ത്‌ വൃണങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതകളേറെയാണ്‌. ഗുളിക കഴിക്കാന്‍ ഉപയോഗിക്കുന്ന പാനീയം തിളപ്പിച്ചാറിയ വെള്ളമാകുന്നതാണ്‌ നല്ലത്‌. ചൂടുള്ള ചായ, കാപ്പി എന്നിവയും പഴച്ചാറുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയും ഒഴിവാക്കണം. രണ്ടുമൂന്നു കവിള്‍ വെള്ളം ആദ്യം കുട്ടിയെ കുടിപ്പിച്ചതിനുശേഷം നാക്കിന്‌ പുറകിലായി മരുന്ന്‌ വച്ചുകൊടുക്കുക. തുടര്‍ന്ന്‌ ബാക്കിയുള്ള വെള്ളം കുടിപ്പിക്കുക. ഇതാണ്‌ വിഴുങ്ങുവാനുള്ള മരുന്ന്‌ കഴിപ്പിക്കേണ്ട ശരിയായ രീതി.

ചില മരുന്നുകള്‍ ഖരരൂപത്തിലുള്ള തരികളായി (dry syrup) രൂപകല്‍പ്പന ചെയ്യാറുണ്ട്‌. ഇവ ഉപയോഗത്തിന്‌ മുമ്പ്‌ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ നന്നായി കൂട്ടിക്കലര്‍ത്തി(reconstitution) യെടുക്കണമെന്ന്‌ ലേബലില്‍ നിര്‍ദ്ദേശി ച്ചിട്ടുണ്ടാകും.
Direction for reconstitution : slowly add boiled and cooled water upto the mark on the bottle and shake vigorously. Adjust the volume upto the mark by adding more water if necessary. പഞ്ചസാരയോ, മധുരം പ്രദാനം ചെയ്യുന്ന മറ്റുരാസ പദാര്‍ത്ഥങ്ങളോ ഇത്തരം മരുന്നുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. വെള്ളം കൂടി ചേരുമ്പോള്‍ പൂപ്പല്‍ (fungus) പോലുള്ള സൂക്ഷ്‌മജീവികള്‍ക്ക്‌ വളരാന്‍ അനുയോജ്യമായ സാഹചര്യം വന്നുചേരും. അതുകൊണ്ട്‌ ഇപ്രകാരം കൂട്ടിക്കലര്‍ത്തി യെടുക്കുന്ന മരുന്നിന്റെ ഗുണവും വീര്യവും സ്ഥിരത (stability)യും പിന്നീട്‌ നാം കൈകാര്യം ചെയ്യുന്നതിന നുസരിച്ചിരിക്കും. വെള്ളവുമായി കൂട്ടിക്കലര്‍ത്തും മുമ്പ്‌ മരുന്നടങ്ങിയിട്ടുള്ള കുപ്പി ഒന്നുരണ്ടുപ്രാവശ്യം തട്ടണം. (Gently tap the bottle before mixing). മരുന്നുപൊടി കുപ്പിക്കുള്ളില്‍ നന്നായി അമര്‍ന്നിരിക്കുകയാണെങ്കില്‍ ഒന്ന്‌ ഇളക്കിയെടുക്കുന്നത്‌ വെള്ളം ചേര്‍ക്കുമ്പോള്‍ കൂടിക്കലരാന്‍ എളുപ്പമാകുന്നതിന്‌ വേണ്ടിയാണിത്‌. നന്നായി തിളപ്പിച്ചിട്ട്‌ വെള്ളം തണുത്തതിനുശേഷമേ മരുന്നുമായി കൂട്ടിക്കലര്‍ത്താവൂ. രണ്ടുപ്രാവശ്യമായി വേണം വെള്ളം കൂട്ടി ചേര്‍ക്കുവാന്‍; ഓരോ പ്രാവശ്യവും നന്നായി ഇളക്കി കൂട്ടിക്കലര്‍ത്താന്‍ ശ്രദ്ധിക്കുകയും വേണം. പിന്നീട്‌ കൂട്ടിക്കലര്‍ത്തിയ മരുന്നിന്റെ അളവിന നുപാതമായ കുപ്പി തിരഞ്ഞെടുത്ത്‌ നന്നായി കഴുകി ഉണങ്ങിയതിനുശേഷം, സാദ്ധ്യമെങ്കില്‍ അണുവിമുക്ത മാക്കിയിട്ട്‌ ഒഴിച്ചുവയ്‌ക്കണം. പിന്നീട്‌ ഈ മരുന്ന്‌ സൂക്ഷിച്ചുവയ്‌ക്കേണ്ട താപനിലയും ലേബലില്‍ പറഞ്ഞിട്ടുണ്ടാവും. സൂര്യപ്രകാശമേല്‍ക്കാത്ത തവിട്ടുനിറമുള്ള ഗ്ലാസ്സുകുപ്പിയില്‍ സൂക്ഷിക്കുന്നതാണുത്തമം. ചില മരുന്നുകളില്‍ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നതുകൊണ്ടാണ്‌ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്‌. ലേബലിലുള്ള നിര്‍ദ്ദേശം ഇപ്രകാരമാ യിരിക്കും. This mix and reconstituted suspension should be stored in a cool, dry, dark place.

ഇനിയാണ്‌ എത്രനാള്‍ ഇവ ഉപയോഗിക്കാമെന്നുള്ള വളരെ പ്രധാനമായ നിര്‍ദ്ദേശം. This reconstituted suspension should be used within five days of preparation. തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ ഉപയോഗത്തിന്‌ തൊട്ടുമുമ്പ്‌ ദ്രവരൂപത്തിലാക്കുന്ന ഇത്തരം മരുന്നുകള്‍ 5 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം. അതുകഴിഞ്ഞ്‌ അത്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം. ചില ആന്റിബയോട്ടിക്കുകളുടെ ലേബലില്‍ കൂട്ടിക്കലര്‍ത്തിയെടുത്തതിന്‌ ശേഷം 14 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം എന്ന നിര്‍ദ്ദേശമാവും ഉണ്ടാവുക. അങ്ങനെ ഉപയോഗിക്കുന്നുവെങ്കില്‍ റഫ്രിജറേറ്ററില്‍ വച്ച്‌ വേണം ഈ രണ്ടാഴ്‌ചക്കാലം മരുന്ന്‌ സൂക്ഷിക്കേണ്ടത്‌. അത്‌ കഴിഞ്ഞ്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം.

മിക്കവാറും മരുന്നുകള്‍ ദ്രവരൂപത്തിലായിരിക്കും കൊച്ചുകുട്ടികള്‍ക്കായി രൂപ കല്‍പ്പന ചെയ്യപ്പെടുന്നത്‌. നന്നായി മധുരം കലര്‍ത്തിയിട്ടുള്ള സിറപ്പോ മറ്റുതരം മിശ്രിതമോ (suspensions, solutions) ആയിട്ടായിരിക്കും അവ ലഭ്യമാകുന്നത്‌. അത്തരം മരുന്നുകളുടെ ലേബല്‍ ശ്രദ്ധിച്ചുവായിച്ചാല്‍ വെമസല ംലഹഹ യലളീൃല ൗലെ എന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ കാണാം. മരുന്ന്‌, കുപ്പിയില്‍ കുറച്ചുനേരം ഇരിക്കുമ്പോള്‍ മരുന്നിന്റെ പ്രധാനരാസവസ്‌തു ഉള്‍പ്പെടെയുള്ള ചേരുവകള്‍ കുപ്പിയുടെ അടിയില്‍ ഊറിക്കൂടാനിടയാകും. നന്നായി കുലുക്കിയശേഷം ഉപയോഗിച്ചില്ലെങ്കില്‍ രോഗശമനത്തിന്‌ ആവശ്യമായ മരുന്ന്‌ ശരീരത്തിന്‌ ലഭിക്കില്ല. അതുകൊണ്ട്‌ കുലുക്കിയതിനുശേഷമേ മരുന്ന്‌ അളന്നെടുത്ത്‌ കൊടുക്കാവൂ.

ദ്രവരൂപത്തിലുള്ള മരുന്നുകള്‍ പെട്ടെന്ന്‌ കേടാകുന്നവയാണ്‌. ഒരിക്കല്‍ തുറന്നുപയോഗിച്ചുകഴിഞ്ഞാല്‍ അന്തരീക്ഷ ത്തിലുള്ള അപകടകാരികളായ സൂക്ഷ്‌മാണുക്കള്‍ കുപ്പിക്കുള്ളില്‍ കയറിക്കൂടാനിടയുണ്ട്‌. പഞ്ചസാരയും ജലാംശവും അവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. അതുകൊണ്ട്‌ ഒരിക്കല്‍ തുറന്നാല്‍ മരുന്ന്‌ 4 ആഴ്‌ച വരെയേ ഉപയോഗിക്കാവൂ. (റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതാണ്‌ ഉത്തമം) അതിനുശേഷം മരുന്ന്‌ കുപ്പിയില്‍ ബാക്കിയുണ്ടെങ്കില്‍ പിന്നീടൊരവസ രത്തില്‍ കുട്ടിക്ക്‌ അസുഖം വരുമ്പോള്‍ ഉപയോഗി ക്കാനായി സൂക്ഷിച്ചു വയ്‌ക്കരുത്‌; കൊടുക്കുകയുമരുത്‌. 4 ആഴ്‌ചയ്‌ക്കു ള്ളില്‍ മരുന്നില്‍ എന്തെങ്കിലും നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോഗിക്കേണ്ടതില്ല. എന്തെങ്കിലും രാസമാറ്റം നടന്നതിന്റെ ഫലമാകാം ഈ നിറമാറ്റം.

8 comments:

Unknown said...

അസുഖംവരുമ്പോള്‍ കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നതിനെപ്പറ്റി

വി. കെ ആദര്‍ശ് said...

വിലപ്പെട്ട അറിവുകള്‍

നന്ദന said...

വളരെ ഉപകാരമുള്ള ലേഖനങ്ങളാണ് എല്ലാം
നന്ദി ലീന

Cherolickal Family said...

വളരെ ഉപകാരമുള്ള ലേഖനങ്ങളാണ് എല്ലാം
നന്ദി ലീന

Rajan Kailas said...

thku leena.....good informations....

Rajan Kailas said...

good..thank u leena

Rajan Kailas said...

good..thank u leena

Rajan Kailas said...

good..thank u leena