Monday, December 5, 2011

പ്രമേഹത്തിനു മരുന്നു കഴിക്കുന്നുണ്ടെങ്കില്

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാല്‍

വിളര്‍ച്ച, തളര്‍ച്ച, കൂടിയ ഹൃദയ മിടിപ്പ്, മങ്ങിയ കാഴ്ച, വിശപ്പ് ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരവസ്ഥയാണ്
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിക്കപ്പുറം കുറയുമ്പോള്‍ നമുക്ക് തോന്നുന്നത്. സാധാരണയായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്
100 മില്ലി ലിറ്ററില്‍ 80 - 120 മില്ലിഗ്രാം എന്നതാണ്.

ഈ അളവ് 70 മില്ലിഗ്രാമില്‍ കുറഞ്ഞു പോയാല്‍ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ വന്നു ചേരും.

ശരീരം മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടെ പ്രതികരിക്കും. പ്രമേഹ രോഗമുള്ളവര്‍ അതിനെതിരെ ഉള്ള മരുന്നുകള്‍ കൂടിയ അളവില്‍ ഉപയോഗിക്കുമ്പോള്‍
ഹൈപ്പോഗ്ലൈസീമിയ ഉണ്ടായേക്കാം. പ്രമേഹ രോഗത്തിനെതിരെ ഭക്ഷണത്തിന് മുന്‍പ് കഴിക്കേണ്ട മരുന്നുകള്‍ കഴിച്ചതിനു ശേഷം
യഥാസമയം ഭക്ഷണം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറയും. പ്രമേഹ രോഗം ഇല്ലാത്തവരിലും ഹൈപ്പോഗ്ലൈസീമിയ
പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം.

ചിലതരം മരുന്നുകളുടെ ദീര്‍ഘ കാലമായുള്ള ഉപയോഗം , ഹോര്‍മോണുകളുടെ കുറവ്, നിരന്തരമായ പട്ടിണി ,
ചില അവയവങ്ങളുടെ തകരാറ്, മദ്യപാനം, രോഗാണു ബാധയെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന ഉപചയ പ്രവര്‍ത്തനങ്ങളുടെ തകരാറ് ,
ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന വിഷം എന്നിവയെല്ലാം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്ന ഘടകങ്ങള്‍ ആണ് .

കാരണങ്ങള്‍ എന്തായിരുന്നാലും എത്രയും വേഗം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിശ്ചിത അളവിലേക്ക് ഉയര്‍ത്തുക എന്നതാണ് ചികിത്സ.
പ്രമേഹ രോഗമുള്ളവര്‍ അതിനെതിരെയുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ പലപ്പോഴും ഹൈപ്പോഗ്ലൈസീമിയക്ക് അടിമപ്പെടാറുണ്ട്. ചെറുതായി ലക്ഷണങ്ങള്‍
കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തുടങ്ങാനായാല്‍ ഹൈപ്പോഗ്ലൈസീമിയയുടെ സങ്കീര്‍ണ്ണമായ അപകടങ്ങളില്‍ നിന്നും ഒഴിവാകാം.

ഗ്ലൂക്കോസ് അടങ്ങിയ ഗുളികകള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ പ്രമേഹ രോഗികള്‍ എപ്പോഴും കയ്യില്‍ കരുതണം. വിളര്‍ച്ച , തളര്‍ച്ച ,
കൂടിയ ഹൃദയമിടിപ്പ്, മങ്ങിയ കാഴ്ച, തലക്കറക്കം എന്നിവ പ്രകടമാകുമ്പോള്‍ തന്നെ ഇവ കഴിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ
നിലയിലേക്ക് എത്തിക്കണം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിക്കപ്പുറം കുറയുമ്പോള്‍ അത് തലച്ചോറിനെയാണ് പ്രധാനമായും
ബാധിക്കുന്നത്. അബോധാവസ്ഥ മുതല്‍ തലച്ചോറിന്റെ കേടുപാടുകളിലോ മരണത്തിലോ എത്തിച്ചേര്‍ന്നേക്കാവുന്ന സ്ഥിതിയാണത്.
അതിനാല്‍ വളരെ സൂക്ഷിക്കേണ്ട ഒരു അപകടാവസ്ഥയാണിത്. പലപ്പോഴും അബോധാവസ്ഥയിലാകും മുമ്പ് ശരീരത്തില്‍ മുന്നറിയിപ്പുകള്‍
ഒന്നുംതന്നെ പ്രകടമായില്ലെന്നു വരാം. അങ്ങനെയായാല്‍ മുന്‍കരുതല്‍ എടുക്കുവാനുള്ള സാവകാശം രോഗിക്ക് ലഭിക്കാന്‍ സാധ്യത വളരെ
കുറയും. വിദേശ രാജ്യങ്ങളില്‍ ഞാന്‍ "പ്രമേഹ രോഗിയാണ്" എന്നെഴുതിയ ഒരു കാര്‍ഡ് കയ്യില്‍ കെട്ടുന്ന ഒരു രീതിയുണ്ട്. പെട്ടെന്ന്
അബോധാവസ്ഥയില്‍ ആകുന്ന രോഗിക്ക് പ്രഥമ ചികിത്സ ലഭ്യമാകാന്‍ ഇതു സഹായിക്കും.