Monday, September 6, 2010

ആസ്ത്മ

സ്ത്മ

ചുമയോടുകൂടിയ വലിവും ശ്വാസതടസ്സവും ചേ൪ന്ന് പെട്ടെന്നാണ്ആസ്തമയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ശ്വാസനാളിയുടെ സങ്കോചം മൂലം പ്രാണവായുവിന്റെ സുഗമമായ പ്രവാഹം തടസ്സപ്പെടുന്നതാണ്അസുഖലക്ഷണങ്ങൾക്കു കാരണം. ഇത് പ്രാണവായുവായ ഓക്സിജന്റെ അളവിൽ കുറവു (Hypoxia)വരുത്തുന്നതു മൂലം ശ്വാസം കൂടുതൽ അളവിൽ ഉള്ളിലേക്കെടുക്കാ൯ ശരീരം പ്രയാസപ്പെടുന്നു. ശരിയായ മരുന്നുപയോഗം ഇൗ പ്രയാസങ്ങളെ മാറ്റി ശരീരത്തെ സാധാരണ നിലയിലെത്തിക്കും. പുറത്തുനിന്നുളള വസ്തുക്കൾ (allergens) കടന്നുചെല്ലുമ്പോൾ വളരെ അസാധാരണമായാണ്ആസ്തമാരോഗികളുടെ ശ്വാസനാളങ്ങൾ പ്രതികരിക്കുന്നത്. അതുകൊണ്ടാണ്രോഗലക്ഷണങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകുന്നത്. എന്നാൽ ഇത്തരം വസ്തുക്കൾ ആസ്ത്മാരോഗികളല്ലാത്തവരിൽ അസാധാരണമായ പ്രതികരണങ്ങൾ ഉണ്ടാക്കുന്നില്ല എന്നതും മനസ്സിലാക്കണം

അല൪ജനുകൾ, പൊടി, പുക, എന്നിവയ്ക്ക് പൊതുവെ രോഗലക്ഷണങ്ങളെ അധികരിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. രോഗത്തിന്റെ കൂടിയ അവസ്ഥയിൽ വ്യായാമത്തിനുപോലും രോഗലക്ഷണങ്ങളെ അധികരിപ്പിക്കാ൯ കഴിയും.

രോഗലക്ഷണങ്ങൾ ഉണ്ടാകുന്ന ഇടവേളകൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ചിലരിൽ ഇടവേളകൾ മണിക്കൂറുകളാകുമ്പോൾ മറ്റു ചില൪ക്ക് മൂന്നോ നാലോ ആഴ്ചകൾ കൂടുമ്പോഴേ രോഗലക്ഷണങ്ങൾ ഉണ്ടാകാറുള്ളു.

ശ്വാസനാളത്തില്നീ൪വീക്കമുണ്ടാകുന്നത് കൊണ്ടാണ്അസ്ത്മാരോഗികൾ അമിതമായി പ്രതികരിക്കുന്നതിനു കാരണം. ഒരിക്കൽ ഇത്തരം നീ൪വീക്കം അല൪ജനുകൾ (allergens), വൈറസുകൾ എന്നിവകൊണ്ട് അധികരിച്ചിട്ടുമുണ്ടാകാം. ഇങ്ങനെ ഒരു തുടക്കം ഉണ്ടായാൽ മാസങ്ങളോളമോ വ൪ഷങ്ങളോളമോ പ്രയാസങ്ങൾ ഇടവിട്ടിടവിട്ട് തുട൪ന്നുണ്ടാകാ൯ സാധ്യതകളേറെയാണ്‍.

ആസ്ത്മക്കെതിരെയുള്ള മരുന്നുകളെപ്പറ്റി

രണ്ടു വ്യത്യസ്തതരം മരുന്നുകളാണ്ഇൗ രോഗത്തെ നിയന്ത്രിച്ചുനി൪ത്താനായി ഉപയോഗപ്രദമാക്കുന്നത്.

1.വളരെ പെട്ടെന്ന് ലക്ഷണങ്ങളെ കുറക്കുന്നവ (reliever medicines)

സങ്കോചിച്ചിരിക്കുന്ന ശ്വാസനാളത്തെ വികസിപ്പിച്ച് പ്രാണവായുവിന്റെ പ്രവാഹം സുഗമാക്കുന്നവയാണ്ഇൗ വിഭാഗം മരുന്നുകൾ(bronshodiators). രോഗിക്ക്, വലിവ്, ശ്വാസതടസ്സം, എന്നീ പ്രയാസങ്ങളിൽനിന്ന് ഉടനടി ആശാസം ലഭിക്കുമെന്നതാണ്പ്രധാനനേട്ടം. രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായാൽ വീണ്ടും ഉടനെതന്നെ ഇൗ വിഭാഗം മരുന്ന് ഉപയോഗിക്കേണ്ടതില്ല. എന്നാൽ ഒരു തവണ ഉപയോഗിച്ചിട്ട് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ ഉടനെ തന്നെ ഒരു പ്രാവശ്യം കൂടി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ല. വളരെ പെട്ടെന്ന് ഫലം ലഭിക്കുമെന്നതുകൊണ്ട് പത്ത്-പതിനഞ്ച് മിനിറ്റിനുള്ളിൽ രോഗിക്ക് ആശ്വാസം കിട്ടും; മണിക്കൂറുകളോളം മരുന്നിന്റെ പ്രവ൪ത്തനം നീണ്ടുനില്ക്കുകയും ചെയ്യും. അസുഖലക്ഷങ്ങൾ ഉണ്ടാകുന്ന ഉടനെതന്നെ ഫലപ്രദമായി ഉപയോഗിക്കേണ്ടവയാണിവ എന്ന് മനസ്സിലായിക്കാണുമല്ലോ. സാല്ബ്യുട്ടമോളോ(Salbutamol), ടെ൪ബ്യുറ്റാലിനോ(Terbutalin) പ്രധാനചേരുവയായുള്ള മരുന്നാണ്ഇൗ വിഭാഗത്തിലുള്ളത്. അസ്താലി൯(asthalin), സാല്ബയ൪(salbair), ബിക്രാനിൽ(bricanyl), അസ്താകൈണ്ട്(asthakind), വെ൯ട്രോലി൯(ventrolin), എന്നീ ബ്രാ൯ഡ് പേരുകളിൽ ഇവ ലഭ്യമാണ്‍.

ലക്ഷണങ്ങളെ തടയുന്നവ (preventer medicines)

ശ്വാസനാളത്തിലുള്ള നീ൪വീക്കത്തെ കുറക്കുന്നതുവഴി, ലക്ഷണങ്ങൾക്ക് കാരണക്കാരായ പുറത്തുനിന്നുള്ള വസ്തുക്കളോടുള്ള അതിന്റെ വ൪ധിതമായ പ്രതികരണത്തെ അമ൪ത്തിവക്കാ൯ ഇവക്കു കഴിയും. അതുകൊണ്ട് എല്ലാ ദിവസവും മുടങ്ങാതെ കുറച്ചുമാസങ്ങളോളം തുട൪ച്ചയായി കഴിക്കേണ്ടതുണ്ട്. ഡോക്ടറുടെ നി൪ദ്ദേശപ്രകാരമല്ലാതെ ഒരു കാരണവശാലും മരുന്ന് നി൪ത്തുകയുമരുത്.

ഇവ രണ്ടു തരത്തിലുണ്ട്.

ബെക്ലോമെതസോണോ(Beclomethasone), ബ്യൂഡിസോണൈഡോ(Budesonide) പ്രധാനചേരുവയായുള്ള മരുന്നുകളാണ്ഒന്നാമത്തേത്. ബെക്ലേറ്റ്(Beclate), ബ്യൂഡികോ൪ട്ട്(Budecort),ബ്യുഡെസ്(budez), പൾമികോ൪ട്ട്(pulmicort), ഫ്ലോഹേല്‍(flohale), എന്നീ ബ്രാ൯ഡ് പേരുകളില്മാ൪ക്കറ്റിൽ ഇവ ലഭ്യമാണ്‍.

സോഡിയം ക്രോമോഗ്ലൈക്കേറ്റ് (sodium cromoglycate) പ്രധാനചേരുവയായുള്ളതാണ്രണ്ടാമത്തേത്.ഇഫിറാൽ (Ifiral), ഫിണ്ടാൽ (fintal), ക്രോമാൽ (cromal) എന്നീ ബ്രാ൯ഡ് പേരുകളാണ്പൊതുവെ കണ്ടുവരുന്നത്.

പ്രതിരോധമരുന്ന്‍ എപ്പോഴെല്ലാം ഉപയോഗിക്കണം?

അസുഖലക്ഷണങ്ങൾ ഇല്ലാത്തപ്പൊഴും മരുന്നുകൾ കഴിച്ചുകൊണ്ടേയിരിക്കണമെന്നത് നമുക്ക് ഉൾക്കൊള്ളാ൯ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‍. പക്ഷെ, പ്രതിരോധമരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്നാൽ ഇടക്കിടക്ക് വലിവിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകുകയില്ല. ഒരു സാധാരണ ജീവിതം നയിക്കുവാ൯ രോഗിയെ സഹായിക്കുക എന്നാതാണ്പ്രതിരോധമരുന്നിന്റെ ദൌത്യം.

Sunday, June 27, 2010

രോഗിയുടെ ആശയവിനിമയം ശരിയായിരുന്നാല്‍..........

ചികില്‍സ ഫലപ്രദമാകണമെങ്കില്‍ഡോക്ടറെ കാണുമ്പോള്‍രോഗിക്ക് നന്നായി ആശയവിനിമയം ചെയ്യുന്നതിനുള്ള കഴിവും സാഹചര്യവും സമയവും ഒത്തുചേരാന്‍സാധിക്കണം. ഇത് പലപ്പോഴും പ്രായോഗികമാകാറില്ല. ഡോക്ടറിന്റെ സമയക്കുറവ്‌, ചിലപ്പോഴൊക്കെ ഒരു പ്രശ്നമായി വന്നേക്കാം. പക്ഷെ ഡോക്ടര്‍വിശദമായി വിവരങ്ങള്‍ചോദിച്ചു മനസ്സിലാക്കാന്‍ശ്രമിച്ചാലും, ചികില്സ, മരുന്നുപയോഗം ഇവയെക്കുറിച്ച് വിശദമായി സംസാരിച്ചാലും, പലപ്പോഴും ക്ഷീണവും ശ്രദ്ധക്കുറവും മൂലം രോഗിക്ക് തന്റെ പ്രശ്നങ്ങള്‍വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാണോ നിര്‍ദ്ദേശങ്ങള്‍അതേപടി മനസ്സിലാക്കാനോ പറ്റാറില്ല. നല്ല ഒരു ഡോക്ടര്‍- രോഗി ബന്ധത്തിനു “മാജിക്ക്‌” ഒന്നും ലഭ്യമല്ല. എന്നാലും, കുറച്ചൊന്നു ശ്രമിച്ചാല്‍ നല്ല ആശയവിനിമയം സ്വായത്തമാക്കി മിടുക്കാനായ ഡോക്ടറുടെ ചികില്‍സ ഫലപ്രദമാക്കാന്‍“ഒരു നല്ല രോഗിക്ക്” സാധിക്കും.

1. ശരീരത്തിനു വന്ന മാറ്റങ്ങള്‍മനസ്സിലാക്കി വച്ച് ഡോക്ടറിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുക.

2. മറ്റെന്തെകിലും അസുഖങ്ങള്‍ഉണ്ടെങ്കില്‍അതെപറ്റി പറയുക.

3. മറ്റു മരുന്നുകള്‍സ്വയം ചികില്‍സക്കായി ഉപയോഗിച്ചിരുന്നുവെങ്കില്‍അതെപറ്റി പറയുന്നതിനു വളരെ പ്രാധാന്യം നല്‍കുക.

4. വളരെ നാളുകളായി മറ്റു മരുന്നുകള്‍ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെങ്കില്‍അത് ഡോക്ടറുടെ ശ്രദ്ധയില്‍കൊണ്ടുവരിക

5. ഏതെന്കിലും മരുന്നുകളോട്, വസ്തുക്കളോട് അലര്‍ജി ഉണ്ടെങ്കില്‍അതും ഡോക്ടറോട് പറയുക.

6. ഒരു പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുണ്ടെങ്കില്‍അത് ചര്‍ച്ച ചെയ്യുക.

7. ഓപറേഷനു തയ്യാരെടുത്തിരിക്കുകയാനെങ്കില്‍അത് പറയണം.

8. സ്ത്രീകള്‍ഗര്ഭിനിയാനെന്കിലും മുലയൂട്ടുന്നുണ്ടെങ്കിലും ഡോക്ടറോട് നിര്‍ബധമായും പറയണം.

9. ഡോക്ടര്‍കുറിക്കുന്ന മരുന്ന് എന്തെങ്കിലും കാരണം മൂലം കഴിക്കാന്‍പറ്റാത്ത സാഹചര്യമാനെന്കില്‍അത് പറയണം.

Tuesday, March 23, 2010

ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും

നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക്‌ (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ്‌ ക്യാന്‍സറിന്റെ ആരംഭം. അതിന്‌ കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്‌ പിന്നീടുണ്ടാകുന്നത്‌. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന്‌ നിയന്ത്രണാതീതമായി പെരുകുന്നവയാണ്‌ ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. പെരുകിക്കൊണ്ടിരിക്കുന്ന പുതിയ കോശങ്ങളെ നശിപ്പിക്കുകയാണ്‌ മരുന്നുകള്‍, റേഡിയേഷന്‍, സര്‍ജറി എന്നീ ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ ചെയ്യുന്നത്‌. അതുകൊണ്ട്‌ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുക എന്നത്‌ പ്രധാനമായ കാര്യമാണ്‌. രോഗം ബാധിച്ച ക്യാന്‍സര്‍ കോശങ്ങളുടെ അളവ്‌ ശരീരത്തില്‍ വര്‍ദ്ധിക്കുന്തോറും ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവയെ നേരിടുവാന്‍ അപര്യാപ്‌തമാകും.
സാധാരണ കോശങ്ങള്‍ക്ക്‌ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ മിക്കപ്പോഴും അവ അത്തരം സാഹചര്യങ്ങളിലാകുവാന്‍ അവസരം ഉണ്ടാകുന്നതു കൊണ്ടാണ്‌. ഉദാഹരണമായി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ തൊലിക്ക്‌ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ മതിയായവയാണ്‌; പലതരം രാസവസ്‌തുക്കള്‍ (പുകയില, മദ്യം, കീടാനാശിനികള്‍, ആസ്‌ബസ്റ്റോസ്‌), വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍, ക്രോമസോം തകരാറുകള്‍, മുതലായ കാന്‍സറിനുകാരണക്കാരായ ഇത്തരം ഘടകങ്ങളെ കാര്‍സിനോജനുകള്‍ എന്ന്‌ വിളിക്കുന്നു. വിട്ടുമാറാത്ത പലതരം രോഗാണുബാധ (ഹെപ്പറ്റൈറ്റിസ്‌ - Hepatitis) വൈറസ്‌, അള്‍സറിനു കാരണമായ ഹെലികോബാക്‌ടര്‍ പൈലോറി എന്ന രോഗാണു) 20% വരെ ക്യാന്‍സറിന്‌ കാരണമാകുന്നു. കൂടാതെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്ത നശൈലി, ഭക്ഷണക്രമം, മദ്യപാനം, പുകവലി ഒക്കെ ഇതിന്‌ കാരണമാണ്‌.
ക്യാന്‍സറില്‍ പുകയിലയ്‌ക്കുള്ള പങ്ക്‌ എന്താണെന്ന്‌ നോക്കാം. ലോകത്താകെ ക്യാന്‍സര്‍മൂലം മരണമടയു ന്നവരില്‍ ഭൂരിഭാഗവും പുകയില ശീലമാക്കിയവരാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം പുകയിലച്ചെടികളുണ്ടെങ്കിലും പ്രധാനമായും നിക്കോട്ടിയാനാ റ്റബാകം (Niocotiana tabaccum) എന്ന ശാസ്‌ത്രീയനാമമുള്ള ചെടിയുടെ മുഴുവന്‍ ഭാഗങ്ങളോ, ഇല മാത്രമായോ പലതരത്തിലുള്ള ഉപഭോഗ വസ്‌തുക്കളായി രൂപം പ്രാപിക്കുന്നു. പുകരൂപത്തില്‍ ഉപയോഗിക്കുന്നവയും (സിഗരറ്റ്‌, ബീഡി) പുകരൂപത്തില്ലാതെ ഉപയോഗി ക്കുന്നവയും ഉണ്ട്‌. പുകരൂപത്തിലല്ലാത്തവയില്‍ റ്റുബാക്കോ ഓറല്‍ സ്റ്റഫും (മൂക്കില്‍പ്പൊടി, പാന്‍പരാഗ്‌), ച്യൂയിംഗ്‌ റ്റുബാക്കോയും (പാന്‍മസാല, ഗുഡ്‌ക) ഉള്‍പ്പെടുന്നു.
4000 ത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്നു. ഒരു സിഗരറ്റില്‍ 0.1 - 2 മി.ഗ്രാം എന്ന തോതില്‍ നിക്കോട്ടിന്‍ എന്ന രാസപദാര്‍ത്ഥവും അതിന്റെ പുകയില്‍ പലതരം പോളിസൈക്ലിക്‌ ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണു (Polycyclic Aromatic Hydrocarbons)കളും അടങ്ങിയിരിക്കുന്നു. പൊതുവെ കാര്‍സിനോജനുകള്‍ എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന ആരോമാറ്റിക അമിനുകള്‍ (Aromatic Amines), ബെന്‍സീന്‍, ഹെവിമെറ്റലുകള്‍ (Heavy metals) എന്നിവയും അതിന്റെ പുകയില്‍ ഉണ്ട്‌. ഇവയെല്ലാംകൂടി സമ്മിശ്രമായി ക്യാന്‍സറിനുള്ള എല്ലാ സാദ്ധ്യതയും ഒരുക്കുന്നു. കൂടാതെ രക്തചംക്രമണ വ്യവസ്ഥയേയും ശ്വാസകോശത്തേയും പലതരത്തില്‍ ഇവ ബാധിക്കുന്നു. ശ്വാസകോശത്തിനുണ്ടാവുന്ന ക്യാന്‍സര്‍ ആണ്‌ പ്രധാനമെങ്കിലും വായ, തൊണ്ട, അന്നനാളം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം ഇവയൊക്കെ ക്യാന്‍സറിനടിമ പ്പെടാനുള്ള സാദ്ധ്യതകളേറെയാണ്‌. ക്യന്‍സറിനുപുറമെ, കൂടിയ ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍, അതുമൂലമുള്ള കൂടിയ രക്തസമ്മര്‍ദ്ദം, രക്തത്തില്‍ ഓക്‌സിജന്റെ കുറഞ്ഞ അളവ്‌, ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ,്‌ ഹോര്‍മോണുകള്‍, എന്നിവയുടെ കൂടിയ അളവ്‌, രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത (തുടര്‍ന്ന്‌ ഹൃദയാഘാതാവും പക്ഷാഘാതവും - േെൃീസല), മലബന്ധം ഇവയൊക്കെ ഉണ്ടാകാം. പുക ഏല്‍ക്കാനിടയാകുന്നതുമൂലം അലര്‍ജി ഉണ്ടാകുവാനും അത്‌ ആസ്‌തമയായിത്തീരുവാനും സാദ്ധ്യതകളേറെയാണ്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ പുകവലിക്കുന്നതും പുക ഏല്‍ക്കാനിടയാകുന്നതും ഗര്‍ഭഛിദ്രം, കാലം തികയും മുമ്പേയുള്ള പ്രസവം (premature
delivery), കുട്ടിക്ക്‌ തൂക്കം കുറവ്‌ എന്നിവയുണ്ടാകാനും സാദ്ധ്യതയുണ്ട്‌.
പഠനങ്ങളനുസരിച്ച്‌ പുകവലിക്കാരില്‍ അള്‍സറിന്റെ നിരക്ക്‌ വളരെ കൂടുതലാണ്‌. ആമാശയത്തിലെ പല പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട്‌ അള്‍സര്‍ ഉണങ്ങുവാന്‍ വളരെ താമസം നേരിടും. ഉണങ്ങിയാലും വീണ്ടും വീണ്ടും ഉണ്ടാകുവാന്‍ സാദ്ധ്യതകളേറെയുമാണ്‌.
സിഗരറ്റിലെ രാസപദാര്‍ത്ഥങ്ങള്‍ കത്തിയെരിഞ്ഞ്‌ പുതിയതരം കാര്‍സിനോജനുകള്‍കൂടി ഉണ്ടാകുന്നു എന്നുള്ളതുകൊണ്ട്‌ പുകവലിക്കുന്ന വ്യക്തിയില്‍ നിന്ന്‌, പുകവലി, ഒരു സാമൂഹിക വിപത്തായി ത്തീരുന്നു. പുകവലിക്കുന്ന സമയത്ത്‌ ചുറ്റും നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിലെ മറ്റാളുകള്‍ക്കും നിരന്തരമായി ഈ കാര്‍സിനോജനുകള്‍ ലഭിക്കുന്നു.
പുകയില്ലാത്ത പുകയില ഉത്‌പന്നങ്ങള്‍ (പാന്‍പരാഗ്‌, പാന്‍മസാല, മൂക്കില്‍പ്പൊടി) എന്നിവയും സിഗരറ്റിനേക്കാള്‍ ഒട്ടും സുരക്ഷിതമല്ല. കാന്‍സറിന്‌ കാരണമായ പലതരം രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന അപകടകാരികളാണിവ. കൂടാതെ പല്ലിനു കേടുമുതല്‍ വായ്‌പ്പുണ്ണ്‌ വരെ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ പര്യാപ്‌തമാണ്‌.
പുകയിലയിലെ രാസപദാര്‍ത്ഥങ്ങള്‍ക്ക്‌ കാര്‍സിനോജനായി മാറാന്‍ ഒരു ആവേഗം (Metabolic activation) ലഭിക്കേണ്ടതുണ്ട്‌. ശ്വാസകോശത്തിലും മറ്റ്‌ ശരീരഭാഗങ്ങളിലുമുള്ള എന്‍സൈമുകളാണ്‌ (Ezymes) ഇത്തരം രാസപ്രവര്‍ത്തനത്തെ സഹായിക്കുന്നത്‌. അങ്ങനെ പുകവലിയില്‍ നിന്ന്‌ ക്യാന്‍സറിലേയ്‌ക്കുള്ള മാര്‍ഗ്ഗം വളരെ എളുപ്പമാക്കിത്തീര്‍ക്കാന്‍ നമ്മുടെ ശരീരം സദാ സന്നദ്ധമായി നില്‍ക്കുന്നു. അതുകൊണ്ട്‌ പുകവലി തുടങ്ങിക്കൊടുത്താല്‍ മാത്രം മതി കാന്‍സറുണ്ടാകുവാന്‍.
എങ്ങനെ പുകവലി നിര്‍ത്താം.
80% പുകവലിക്കാരും അത്‌ നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2,3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന്‌ കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. ശരീരത്തെ സംബന്ധിച്ച്‌ പുകവലി നിര്‍ത്തുക എന്നത്‌ മദ്യപാനം നിര്‍ത്തുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. കാരണം, മദ്യപാനം പെട്ടെന്ന്‌ നിര്‍ത്തിയാല്‍ ശരീരം പ്രതികരിക്കും (withdrawal symptoms). അതുകൊണ്ട്‌ ഡോക്‌ടറുടെ സഹായവും, മരുന്നുകളും, അതിനുമുമ്പ്‌ ഒരു കൗണ്‍സിലിംങ്ങും വളരെ ആവശ്യമാണ്‌. പക്ഷേ പുകവലി നിര്‍ത്തുന്നതുകൊണ്ട്‌ ശരീരം അത്രത്തോളം കാര്യമായി പ്രതികരിക്കില്ല. മനസ്സുറപ്പുണ്ടെങ്കില്‍ ചെറിയ തലവേദന, ഉറക്കമില്ലായ്‌മ, അക്ഷമ എന്നീ ഹൃസ്വകാല ത്തേക്കുണ്ടാകാവുന്ന പ്രതികരണങ്ങളെ ചെറുത്തുനില്‍ക്കാവുന്നതേയുള്ളു. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുണ്ട്‌ (If there is a will, there is way) എന്നത്‌ ഇക്കാര്യത്തില്‍ സ്വീകാര്യമാണ്‌. ചിലര്‍ പെട്ടെന്ന്‌ തീരുമാനമെടുത്ത്‌ നിര്‍ത്തുന്നു. മറ്റു ചിലര്‍ ക്രമേണ കുറച്ച്‌ കുറച്ച്‌ കൊണ്ടു വന്ന്‌ നിര്‍ത്തുന്നു. ആളുകളെ അനുസരിച്ച്‌ ശരീരത്തിന്റെ പ്രതികരണങ്ങളും പലതരത്തിലായിരിക്കും.
പുകവലിയെന്ന ശീലം സ്വയം ഉപേക്ഷിക്കുവാന്‍ പറ്റാത്തവര്‍ക്ക്‌ കൗണ്‍സിലിങ്ങും അതോടൊപ്പം ചികിത്സയും ലഭ്യമാണ്‌. നിക്കോട്ടിന്‍ റീപ്ലെയിസ്‌മെന്റ്‌ തെറാപ്പി (Nicotine Replacement Therapy) നോണ്‍ നിക്കോട്ടിന്‍ ഡ്രഗ്‌ തെറാപ്പി (Non -Nicotine Drug Therapy), ബിഹേവിയറല്‍ തെറാപ്പി (Behavioural Therapy) മറ്റു പലതരം ചികിത്സകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വിജയം സുനിശ്ചയവുമാണ്‌.
പുകവലി നിര്‍ത്താന്‍ ചില വഴികള്‍
1. നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക
2. പുകയിലയുടേയോ പുകയുടേയോ ചെറിയ മണം പോലും തങ്ങി നില്‍ക്കുന്ന സ്ഥലം, വാഹനം, വസ്‌ത്രങ്ങള്‍ ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക.
3. മുമ്പ്‌ പുകവലിക്കാന്‍ സൗകര്യം നല്‍കിയിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യങ്ങളേയും ഒഴിവാക്കുക.
4. സാധ്യമെങ്കില്‍ പുകവലി നിര്‍ത്തിയ വ്യക്തികളോടോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ ആളുകളോടോ നമ്മുടെ തീരുമാനം അറിയിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
5. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ പുകവലി നിര്‍ത്തുകയാണെന്ന നമ്മുടെ തീരുമാനം അറിയിക്കുക. നമ്മെ സഹായിക്കാന്‍ പറയുക.
6. ഉറക്കമില്ലായ്‌മ, അക്ഷമ, ഉല്‍കണ്‌ഠ, ഉത്സാഹമില്ലായ്‌മ, അമിതവിശപ്പ്‌, കൂടിയ ശരീരഭാരം,കുറഞ്ഞ ശ്രദ്ധ കേന്ദ്രീകരണ ശേഷി ഇവയെല്ലാം പുകവലി നിര്‍ത്തിയാല്‍ കുറച്ചു നാളത്തേക്ക്‌ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്‌ (വ്യക്തിയ്‌ക്കനുസരിച്ചും വലിയുടെ തീവ്രതയ്‌ക്കനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാകും) അതുകൊണ്ട്‌ ഇത്തരം പ്രതികരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക.
7. മുകളില്‍പ്പറഞ്ഞ മാനസിക ശാരീരിക മാറ്റങ്ങളെ �അസാദ്ധ്യമായി ഒന്നുമില്ല� (Nothing is impossible) എന്ന ആപ്‌തവാക്യം കൊണ്ട്‌ നേരിടുക. വ്യായാമം ചെയ്യുക, ഒരു ചൂയിംഗം (Chewing gum) ഉപയോഗിക്കുക, വെള്ളം കുടിക്കുക, ഒരു നല്ല സുഹൃത്തിനെ വിളിച്ച്‌ സംസാരിക്കുക, ഒരു നല്ല ബുക്ക്‌ വായിക്കുക, പറ്റുമെങ്കില്‍ നല്ല ഒരു കുളി നടത്തുക, ഒരു പ്രാര്‍ത്ഥന ചൊല്ലുക, ധ്യാനം ശീലമുള്ളവര്‍ അതു ചെയ്യുക, ഇതൊക്കെ പുകവലിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ മറികടക്കാനുള്ള നല്ല ഉപാധികളാണ്‌. ഏറ്റവും നല്ലത്‌ പുകവലികൊണ്ട്‌ മനുഷ്യശരീരത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പടത്തിലേക്ക്‌ ആ സമയത്ത്‌ ഒരു നിമിഷം നോക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ്‌.
8. പുകവലിക്കുന്നയാള്‍ പുകയോടൊപ്പം ശ്വാസം അകത്തേക്ക്‌ വലിക്കുമ്പോള്‍ കൂടിയ അളവില്‍ പ്രാണവായുവും ഉള്ളിലെത്തുന്നുണ്ട്‌. അത്‌ ശരീരത്തിന്‌ അല്‌പം ഗുണം ചെയ്യുന്നുണ്ട്‌. അത്‌ പുകവലിയുടെ സംതൃപ്‌തിക്ക്‌ കാരണമാകുന്ന ഒരു ഘടകമാണ്‌. ഇത്‌ പുകവലി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാക്കാം. പുകവലിക്കണമെന്ന്‌ തോന്നുമ്പോള്‍ എഴുന്നേറ്റ്‌, ഒരു സിഗരറ്റോ ബീഡിയോ ചുരുളോ വലിക്കുന്ന അത്രയും തവണ ദീര്‍ഘമായി ശ്വാസോഛ്വാസം ചെയ്യുക. ശരീരവും മനസ്സും പുകവലിയുടെ സംതൃപ്‌തിയുടെ വലിയൊരു ഭാഗം അനുഭവിക്കും. പുക വലിയോടുള്ള ആര്‍ത്തി അപ്പോഴത്തേയ്‌ക്ക്‌ ശമിക്കുകയും ചെയ്യും
9. നാമും നമുക്ക്‌ ചുറ്റുമുള്ളവരും കൂടി നമ്മുടെ പുകവലികൊണ്ട്‌ നശിക്കുവാന്‍ ഇടയാകുന്നു; ക്യാന്‍സര്‍ എന്ന മഹാവിപത്താണ്‌ ഫലം എന്നത്‌ കൂടെക്കൂടെ മനസ്സിനെ പറഞ്ഞ്‌ പഠിപ്പിക്കുക.
ഒരിക്കല്‍ പൂര്‍ണ്ണമായും പുകവലി നിര്‍ത്തുവാന്‍ സാധിച്ചാല്‍ ഒരു വര്‍ഷത്തേക്കെങ്കിലും അതാവര്‍ത്തിക്കാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിടുവാന്‍ ശ്രദ്ധിക്കുകയും വേണം.

Wednesday, February 24, 2010

അലോപ്പതി മരുന്നുകളുടെ ബാച്ച്‌ നമ്പര്‍

ഒരു മരുന്ന്‌ ഏത്‌ ബാച്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന്‌ മരുന്നിന്റെ ലേബലില്‍ ബാച്ച്‌ നമ്പര്‍ (Batch No.) എന്നതിനുനേരെ രേഖപ്പെടുത്തിയിരിക്കും. പല ദിവസങ്ങളില്‍ പല ബാച്ചുകളിലായാണ്‌ ഒരു മരുന്നിന്റെ ഉത്‌പാദനം നടക്കുന്നത്‌. ഒരുമിച്ച്‌ ഒരു തീയതിയില്‍ ഉത്‌പാദനത്തിനായെടുക്കുന്ന അസംസ്‌കൃതവസ്‌തുക്കള്‍ (raw materials) ക്കെല്ലാം കൂടി (മരുന്നായി രൂപപ്പെട്ടതിനുശേഷവും) ഒരു പ്രത്യേക നമ്പര്‍ കൊടുക്കുന്നു. ഉദാഹരണമായി ഒരു ബാച്ചില്‍ മൂന്നുലക്ഷം ഗുളികകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നുവെങ്കില്‍ ആ മൂന്നുലക്ഷം ഗുളികകള്‍ക്കും ഒരേ ബാച്ച്‌ നമ്പര്‍ തന്നെയാവും രേഖപ്പെടുത്തിയിരിക്കുന്നത്‌.
ബാച്ച്‌ നമ്പറിന്റെ പ്രസക്തി
മരുന്നുകമ്പനികളില്‍ പ്രധാനമായി രണ്ടു വിഭാഗങ്ങളാണ്‌ ഉണ്ടാവുക; ഉത്‌പാദനവിഭാഗവും
(Production Section) ഗുണനിലവാര നിര്‍ണ്ണയ വിഭാഗവും (Quality Control Section) ഉത്‌പാദനത്തിനെടുക്കുന്നതിന്‌ മുമ്പ്‌ എല്ലാ അസംസ്‌കൃത വസ്‌തുക്കളും ഗുണനിലവാരനിര്‍ണ്ണയ (Quality assurance) ത്തിന്‌ വിധേയമാക്കും. പരിശോധനയില്‍ മാനദണ്‌ഡങ്ങള്‍ക്കനുസരിച്ചുള്ള മേന്മയുണ്ടെന്ന്‌ ഉറപ്പായാല്‍ അവ മരുന്നുത്‌പാദനത്തിനായെടുക്കും. മരുന്നുത്‌പാദനത്തിനുശേഷം വീണ്ടും അവ ലബോറട്ടറിലെത്തും. മരുന്നായി മാറിയതിനുശേഷമുള്ള മാനദണ്‌ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാനുള്ള പരിശോധനക (Quality contol tests) ളാണ്‌ പിന്നീട്‌ നടത്തുന്നത്‌. ഗുണനിലവാരനിര്‍ണ്ണയം നടത്തിയതിനുശേഷം ആ ബാച്ചിലെ മരുന്ന്‌ പരിശോധനകള്‍ പാസ്സായിരിക്കുന്നു എന്ന്‌ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍
(Quality Control Manager) ഒപ്പിട്ടതിനുശേഷമാണ്‌ വിതരണത്തിനയയ്‌ക്കുന്നത്‌.
ചെറുകിടമരുന്ന്‌കമ്പനികളില്‍, ഗുണനിലവാര നിര്‍ണ്ണയത്തിനുള്ള ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പലപ്പോഴും കാണുകയില്ല. ഉണ്ടെങ്കില്‍ത്തന്നെ വേണ്ടത്ര സൗകര്യങ്ങളോ യന്ത്രസംവിധാനമോ ഉണ്ടാകുകയുമില്ല. ഇത്തരം സംവിധാനങ്ങളുള്ള മറ്റു ലബോറട്ടറികളില്‍ അയച്ചുകൊടുത്താവും തങ്ങള്‍ ഉണ്ടാക്കിയ മരുന്നിന്റെ ഗുണനിലവാരനിര്‍ണ്ണയം ഇത്തരം കമ്പനികള്‍ നടത്തുന്നത്‌. മതിയായ മൂല്യനിര്‍ണ്ണയം നടത്താതെ മരുന്നുകള്‍ വിതരണത്തിനെത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ ഇതൊരു കാരണമാണ്‌. ലക്ഷക്കണക്കിന്‌ വിലവരുന്ന മരുന്ന്‌, ഉത്‌പാദനത്തിനുശേഷം, മതിയായ നിലവാരം പുലര്‍ത്തുന്നില്ല എന്ന്‌ തെളിയുമ്പോള്‍ അതിനുനേരെ കണ്ണടയ്‌ക്കുന്ന പ്രവണതയും നിലവാരമില്ലാത്ത മരുന്ന്‌ വിതരണത്തിനെത്താന്‍ കാരണമാകും. യന്ത്രസംവിധാനങ്ങളുടെ പ്രവര്‍ത്തനക്രമക്കേടുകൊണ്ടോ പാകപ്പിഴകള്‍കൊണ്ടോ പരിശോധനാഫലങ്ങളില്‍ മാറ്റമുണ്ടാകുന്നത്‌ മറ്റൊരു സാദ്ധ്യതയാണ്‌. കാരണങ്ങളെന്തായാലും വിതരണത്തിന്‌ കമ്പനിയില്‍ നിന്ന്‌ പുറത്തിറങ്ങിയതിനുശേഷവും മരുന്നിന്റെ ഗുണനിലവാരമില്ലായ്‌മ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അപ്പോള്‍ ?നിരോധിച്ച
മരുന്നുകള്‍? എന്ന തലക്കുറിയോടെ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ (Drugs Control Department) പത്രങ്ങളില്‍ പരസ്യം ചെയ്യും. ആ ലിസ്റ്റില്‍ മരുന്നിന്റെ പേരും, നിര്‍മ്മാതാവിന്റെ പേരും, ബാച്ച്‌ നമ്പറും ആണ്‌ ഉണ്ടാവുക. ഇങ്ങനെ നിരോധിക്കപ്പെട്ട മരുന്ന്‌ - അതായത്‌ ഒരു പ്രത്യേക കമ്പനിയുടെ ?പ്രത്യേക ബാച്ച്‌ നമ്പര്‍? ഉള്ള മരുന്ന്‌ - പിന്നീട്‌ വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്‌.
താന്‍ പണം കൊടുത്ത്‌ വാങ്ങുന്ന മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള അവകാശം രോഗിക്കുണ്ട്‌. ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിശോധനാ ലബോറട്ടറികളില്‍ ഇതിനുള്ള സൗകര്യമുണ്ട്‌. കേരളത്തില്‍ തിരുവനന്തപുരത്തുള്ള ഡ്രഗ്‌സ്‌ ടെസ്റ്റിങ്ങ്‌ ലബോറട്ടറി (Drugs testing laboratory) യില്‍ ഗുണനിലവാരം ഉറപ്പുവരുത്തേണ്ട മരുന്നിന്റെ സാമ്പിള്‍ (sample) കൊടുത്ത്‌ ഫീസടച്ചാല്‍ പരിശോധനാഫലം (result) ലഭിക്കും. Drugs testing laboratory, Red cross road, Vanchiyoor Post, Thiruvananthapuram - 35 എന്നതാണ്‌ വിലാസം. പൊതുജനങ്ങള്‍ക്ക്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്‌. സൗജന്യമായി ആശുപത്രിയില്‍ നിന്ന്‌ ലഭിക്കുന്ന മരുന്നിന്റെ ഗുണനിലവാരവും ആവശ്യമെന്ന്‌ തോന്നുന്നപക്ഷം ഈ ലബോറട്ടറിയില്‍ കൊടുത്ത്‌ ഉറപ്പാക്കാം. ചീഫ്‌ ഗവണ്‍മെന്റ്‌ അനലിസ്റ്റ്‌ (Chief Government Analyst) ആണ്‌ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്‌.

Saturday, January 2, 2010

വീട്ടിലൊരു ഫാര്‍മസി

രാത്രികാലങ്ങളിലോ വൈദ്യസഹായം പെട്ടെന്ന്‌ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലോ (അവധി ദിവസം, യാത്ര) ആവാം ചിലപ്പോള്‍ കുട്ടികള്‍ക്ക്‌ അസുഖം പിടിപെടുന്നത്‌. വൈദ്യസഹായം ലഭ്യമാകും വരെ കുട്ടിയെ പരിപാലിക്കാന്‍ ഒരു മരുന്നു പെട്ടി (Medicine Kit) കൈവശം വയ്‌ക്കുന്നത്‌ വളരെ ഉപകാരപ്രദമായിരിക്കും. ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഈ മരുന്നുപെട്ടി കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിക്കണമെന്നതാണ്‌.
1. തെര്‍മോമീറ്റര്‍ (Thermometer)
2. ബാന്‍ഡ്‌എയിഡ്‌ - Adhesive antiseptic dressing
3. അണുവിമുക്തമായ മുറിവുകെട്ടാനുള്ള തുണി/പഞ്ഞി (sterile wound dressings)
4. ബാന്‍ഡേജ്‌ (Bandage)
5. ആന്റിസെപ്‌റ്റിക്‌ ക്രീം / പൗഡര്‍ / സ്‌പ്രേ
6. സ്‌പിരിറ്റ്‌ (Methylated spirit)
7. ആന്റിസെപ്‌റ്റിക്‌ ലോഷന്‍
8. കലാമിന്‍ ലോഷന്‍ - (ചൂടുകുരു പോലെ തൊലിയിലുണ്ടാകുന്ന ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക്‌ ഇത്‌ മര്‍ദ്ദം (apply with out any friction) കൊടുക്കാതെ പതിയെ പുരട്ടുന്നത്‌ നല്ലതാണ്‌.
9. പാരസെറ്റമോള്‍ സിറപ്പ്‌/ഗുളിക
10. ഛര്‍ദ്ദിലിനെതിരെയുള്ള മരുന്നുകള്‍
(കുട്ടികള്‍ക്കുള്ള ഡോസ്‌ എത്രയാണെന്ന്‌ ഡോക്‌ടറിനോട്‌ പ്രത്യേകം ചോദിച്ചറി ഞ്ഞതിനുശേഷം അത്‌ കുറിച്ചുവയ്‌ക്കണം. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നത്‌ പ്രധാനകാര്യം).
11. ഓറല്‍ റീഹൈഡ്രേഷന്‍ സോള്‍ട്ട്‌ (ORS) പായ്‌ക്കറ്റുകള്‍
പെട്ടെന്നുണ്ടാകുന്ന വയറിളക്കം മൂലം കുട്ടി പെട്ടെന്ന്‌ ക്ഷീണാവസ്ഥയിലായേക്കാം. ശരീരത്തിലെ ജലാംശവും , സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും നില നിര്‍ത്തേണ്ടതുണ്ട്‌. അവയും ഊര്‍ജ്ജവും തിരികെ ലഭിക്കാന്‍ ഗ്ലൂക്കോസും മറ്റു മൂലകങ്ങളും അടങ്ങിയ (ORS) പൊടി ലേബലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധം തയ്യാറാക്കി കുറെശ്ശെ
കുട്ടിയെ കുടിപ്പിക്കുക.
12. വയറ്റിനുള്ളിലെ കോച്ചിപ്പിടുത്ത (intestinal colic) ത്തിനെതിരെയുള്ള മരുന്നുകള്‍ - ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം
വാങ്ങി ഉപയോഗിക്കണം.
13. കുട്ടിയുടെ ഏതെങ്കിലും പ്രത്യേക രോഗാവസ്ഥയ്‌ക്കുള്ള മരുന്നുകള്‍
എന്തെങ്കിലും രോഗാവസ്ഥയ്‌ക്കുള്ള മരുന്നുകള്‍ കുട്ടി കഴിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അവയെപ്പറ്റിയുള്ള അടിസ്ഥാ നവിവരങ്ങളും ഡോക്‌ടര്‍ സ്ഥലത്തില്ലാത്തപ്പോള്‍ അതു സംബന്ധിച്ച്‌ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അടിയന്തിരമായി ചെയ്യാനുള്ളതെന്താണെന്നും മനസ്സിലാക്കി വയ്‌ക്കണം.

കുട്ടികള്‍ക്ക്‌ അസുഖം വരുമ്പോള്‍

"ഡോക്‌ടറേ ക്ഷമിക്കണം. ഒരു നിവര്‍ത്തിയുമില്ലാഞ്ഞിട്ടാണ്‌ രാത്രിയില്‍ ഞങ്ങളീ ടാക്‌സി പിടിച്ചുവന്നത്‌. കുട്ടിക്ക്‌ തീരെ സുഖമില്ല. നല്ല പനിയും ഛര്‍ദ്ദിയും. ഒരുപാടു പ്രാവശ്യം വയറും ഇളകി. ഒന്നും കഴിക്കുന്നുമില്ല. എന്റെ കുഞ്ഞ്‌ തളര്‍ന്നു കിടക്കുന്ന കിടപ്പുകണ്ടപ്പോള്‍ സമയമോ സൗകര്യമോ ഒന്നും ആലോചിച്ചില്ല". പാതിരാത്രിയില്‍ കോളിംഗ്‌ബെല്‍ അടിക്കുന്നതുകേട്ട്‌ വാതില്‍ തുറന്നപ്പോള്‍ 5-6 വയസ്സുപ്രായം തോന്നിക്കുന്ന കുഞ്ഞുമായി പരിഭ്രാന്തയായി നില്‍ക്കുന്ന ലക്ഷ്‌മിയെയാണ്‌ ഡോക്‌ടര്‍ കണ്ടത്‌. ലക്ഷ്‌മിയുടെ ക്ഷമാപണം ഒരു ചെറുപുഞ്ചിരിയോടെ കേട്ട്‌ ഡോക്‌ടര്‍ അവരെ ചികിത്സാമുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

അസുഖവിവരങ്ങളെ സംബന്ധിച്ച ഡോക്‌ടറുടെ ചോദ്യങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരങ്ങളായിരുന്നു ലക്ഷ്‌മിക്കുണ്ടായിരുന്നത്‌. കുട്ടിയെ പരിശോധിച്ചശേഷം ഡോക്‌ടര്‍ മരുന്നുകുറിച്ചു. "ഒന്നും പേടിക്കാനില്ല. ഒരു വൈറല്‍ പനിയാണിത്‌ കുറിച്ചിരിക്കുന്ന മരുന്നുകള്‍ വാങ്ങി യഥാസമയം കൊടുക്കണം. ഈ പൊടി തിളപ്പിച്ചാറിയ വെള്ളത്തില്‍ കലര്‍ത്തി ഇടയ്‌ക്കിടയ്‌ക്ക്‌ കുടിപ്പിക്കണം. കൊച്ചുകുട്ടിയാകുമ്പോള്‍ മരുന്നുകഴിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ ഇത്തിരി ബുദ്ധിമുട്ടേണ്ടി വരും. ക്ഷമയോടെ ചെയ്‌താല്‍ മതി അല്ലാതെ പേടിക്കാനൊന്നുമില്ല". ഇത്രയും കേട്ടപ്പോള്‍ ലക്ഷ്‌മിയും ഭര്‍ത്താവും ആശ്വാസത്തോടെ മുഖത്തോടുമുഖം നോക്കി.

അസുഖംവരുമ്പോള്‍ കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നതിനെപ്പറ്റി ഉത്‌കണ്‌ഠാകുലരാകുന്നവരാണ്‌ നമ്മില്‍ ഭൂരിപക്ഷവും. അസുഖമുള്ള സമയത്ത്‌ കുട്ടികളുടെ സ്വഭാവവും ആകെ മാറി വഷളായിരിക്കും. തീരെ കൊച്ചുകുട്ടികള്‍ ഒരു കാരണവുമില്ലാതെ കരഞ്ഞുകൊണ്ടിരിക്കും; അല്ലെങ്കില്‍ അമ്മയുടെ മടിയില്‍ത്തന്നെയിരിക്കണമെന്ന്‌ വാശിപിടിച്ചു കൊണ്ടിരിക്കും. കുറച്ചു കൂടി മുതിര്‍ന്ന കുട്ടികള്‍ മറ്റുചില വാശികള്‍ കാണിക്കുകയും അസ്വസ്ഥരായി കാണപ്പെടുകയും ചെയ്യും. അവര്‍ക്ക്‌ കൂടെയിരുന്ന്‌ കഥകള്‍ വായിച്ച്‌ കൊടുക്കുകയോ ടി.വി. വച്ചുകൊടുക്കുകയോ ചെയ്യാം. അധികം ക്ഷീണമനുഭവപ്പെടാത്ത കുട്ടി ഓടിക്കളിച്ചുനടക്കുകയാണെങ്കില്‍ നിര്‍ബന്ധിച്ച്‌ കിടക്കയില്‍ പിടിച്ചുകിടത്തേണ്ട ആവശ്യമില്ല. കുട്ടികളുടെ സ്വഭാവമാറ്റം എന്തുതന്നെയായിരുന്നാലും നമ്മുടെ കരുതലും സ്‌നേഹവും ചങ്ങാത്തവും വളരെ ആവശ്യമുള്ള സമയമാണിതെന്നു മനസ്സിലാക്കി അവര്‍ക്ക്‌ സുരക്ഷിതത്ത്വബോധം കൊടുക്കാന്‍ തക്ക ക്ഷമയും ഉത്തരവാദിത്വബോധവും മാതാപിതാക്കള്‍ക്ക്‌ ഉണ്ടാവണമെന്നത്‌ പ്രധാനപ്പെട്ട കാര്യമാണ്‌.
അസുഖം വരുന്ന സമയത്ത്‌ മിക്കകുട്ടികള്‍ക്കും വിശപ്പുകാണുകയില്ല. അതുകൊണ്ട്‌ മറ്റുള്ള ദിവസങ്ങളില്‍ കഴിക്കുന്നതുപോലെ കുട്ടി ഭക്ഷണം കഴിക്കണമെന്ന്‌ മാതാപിതാക്കള്‍ നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല. കഴിക്കാന്‍ ഇഷ്‌ടമുള്ള ഭക്ഷണപാനീയ ങ്ങള്‍ കുട്ടി ആവശ്യപ്പെടുന്നുവെങ്കില്‍ കൊടുക്കുക. പക്ഷേ കൊഴുപ്പുനിറഞ്ഞതും മസാല (spicy) നിറഞ്ഞതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇനി 2,3 ദിവസത്തേക്ക്‌ ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും ആശങ്കപ്പെടേ ണ്ടതില്ല. സുഖമാകുമ്പോള്‍ ഈ കുറവ്‌ പരിഹരിക്കാനുള്ളതേ ഉള്ളൂ. പക്ഷേ ദ്രവരൂപത്തിലുള്ള (പാല്‌, പഴച്ചാറുകള്‍, സൂപ്പുകള്‍) മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുട്ടി കഴിക്കുന്നുണ്ടോയെന്നും അതാതുസമയങ്ങളില്‍ മൂത്രമൊഴിക്കുന്നു ണ്ടോയെന്നും ഉറപ്പുവരുത്തണം. ഛര്‍ദ്ദി (omiting), വയറിളക്കം ഇവയെത്തുടര്‍ന്നുണ്ടാകുന്ന ജലനഷ്‌ടം പരിഹരിക്കാനാ വുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കാണിച്ച്‌ ശരീരത്തിലെ ജലാംശം നില നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം.

ഡോക്‌ടറിനെ കാണിക്കുമ്പോള്‍
അസുഖത്തിന്റെ എല്ലാ ലക്ഷണങ്ങളും നിരീക്ഷിച്ചിട്ട്‌ ഡോക്‌ടറോട്‌ പറയുന്നത്‌ രോഗനിര്‍ണ്ണയത്തിന്‌ വളരെ സഹായിക്കും. ഉദാഹരണത്തിന്‌ വയറിളക്കമാണെങ്കില്‍ ഒരു ദിവസം എത്ര പ്രാവശ്യം വയറ്റില്‍ നിന്നുപോയി, മലത്തിന്റെ നിറം, രക്തമോ കഫമോ കലര്‍ന്നിരുന്നോ, വയറുവേദനയുണ്ടോ, ഒപ്പം പനിയുണ്ടോ, മൂത്രത്തിന്റെ ഏകദേശ അളവ്‌ ഇതൊക്കെ ഡോക്‌ടര്‍ ചോദിക്കുമ്പോള്‍ പറയാന്‍ കഴിയുന്നത്‌ വളരെ ഗുണം ചെയ്യും. കഴിഞ്ഞകാലങ്ങളില്‍ വന്നിരുന്ന അസുഖങ്ങളെപ്പറ്റിയും ഡോക്‌ടര്‍ ചോദിക്കാനിടയുണ്ടെന്നതുകൊണ്ട്‌ അതും ഓര്‍ത്തുവയ്‌ക്കുന്നത്‌ നല്ലതാണ്‌. ഇത്തരം കാര്യങ്ങള്‍ ശരിയാംവണ്ണം സാധിക്കണമെങ്കില്‍ കുട്ടിയുമായും ഡോക്‌ടറുമായും നന്നായി ആശയവിനിമയം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക്‌ സാധിക്കണം. ആശയവിനിമയം പൂര്‍ണ്ണമല്ലെങ്കിലും മറ്റുകാരണങ്ങള്‍കൊണ്ടും ആദ്യ സന്ദര്‍ശനം കൊണ്ടുതന്നെ കൊച്ചുകുട്ടികളുടെ ശരിയായ രോഗനിര്‍ണ്ണയം ഡോക്‌ടര്‍ക്ക്‌ സാധിച്ചില്ലെന്നു വരാം. അങ്ങനെയായാല്‍ ഡോക്‌ടര്‍ ചില ലബോറട്ടറി പരിശോധനകള്‍ നിര്‍ദ്ദേശിച്ചേക്കാം. മറ്റുചിലപ്പോള്‍ ഡോക്‌ടര്‍ നാം പ്രതീക്ഷിക്കുന്ന തരം മരുന്നുകള്‍ കുറിച്ചില്ലെന്നും വരാം. ഉദാഹരണമായി വൈറല്‍ പനി, വൈറസുകൊണ്ടുള്ള വയറിളക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടാകുമ്പോള്‍ ശക്തമായ പനിയും മേലുവേദനയും ഉണ്ടായേക്കാം. പലപ്പോഴും പനികുറയാനുള്ള പാരസെറ്റമോള്‍ ഒഴികെ നാം പ്രതീക്ഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഡോക്‌ടര്‍ കുറിക്കുകയുമില്ല. വൈറല്‍ പനിക്ക്‌ ആന്റിബയോട്ടിക്കുകള്‍ പ്രയോജനപ്പെടില്ല.പനിയെ നിയന്ത്രിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. കാരണം പനി കൂടിയാല്‍ കൊച്ചുകുട്ടികളില്‍ അപസ്‌മാരം (febrile fits) പോലുള്ള അവസ്ഥ സാധാരണമാണ്‌. അതുവരാതെ നോക്കണം. ഒപ്പം പാരാസെറ്റമോള്‍ കൂടിയ അളവില്‍ ശരീരത്തിലെത്തുന്നത്‌ നല്ലതല്ല; കരളിനെ ബാധിക്കുമെന്നതും ഓര്‍മ്മ വയ്‌ക്കണം. കുട്ടികള്‍ക്ക്‌ വേണ്ട അളവില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കൊടുക്കണം. പനിയെ നിയന്ത്രിച്ച്‌ ധാരാളം വെള്ളം കുടിച്ച്‌ വിശ്രമിച്ചാല്‍ ഒരാഴ്‌ചകൊണ്ട്‌ ശരീരം തനിയെ സുഖാവസ്ഥ യിലെത്തിക്കോളും. മേല്‍പ്പറഞ്ഞതരം സന്ദര്‍ഭങ്ങളില്‍ കുട്ടിയുടെ പ്രയാസങ്ങള്‍ കണ്ടിട്ട്‌ കാണിച്ചുകൊണ്ടിരുന്ന ഡോക്‌ടറെ ഉപേക്ഷിച്ച്‌ മറ്റു ഡോക്‌ടര്‍മാരെ മാറിമാറിക്കാണുക, ഡോക്‌ടറോട്‌ ആന്റിബയോട്ടിക്കുകള്‍ ചോദിച്ചുവാങ്ങുക എന്നീ പ്രവണതകള്‍ ഒഴിവാക്കണം; ക്ഷമയോടെ ചികിത്സാരീതികള്‍ ഡോക്‌ടര്‍ പറയുംവിധം തുടരണം. എന്നാല്‍, രോഗം മാറാന്‍ പ്രതീക്ഷിക്കുന്ന ഒരു കാലയളവുകഴിഞ്ഞിട്ടും യാതൊരു കുറവും കാണുന്നില്ലെങ്കില്‍ മറ്റൊരു ഡോക്‌ടറിനെ കാണേണ്ടത്‌ അത്യാവശ്യമാണ്‌. അതുവരെ തുടര്‍ന്നുവന്നിരുന്ന ചികിത്സാ രീതികള്‍ അദ്ദേഹത്തോട്‌ വിശദമായി പറയുകയും ചെയ്യണം.

മരുന്നുകൊടുക്കുമ്പോള്‍
ഡോക്‌ടറിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നന്നായി മനസ്സിലാക്കുകയും നിര്‍ബന്ധമായി പ്രാവര്‍ത്തിക മാക്കുകയും ചെയ്യേണ്ടതാണ്‌. ഒരാഴ്‌ചത്തേക്ക്‌ ഡോക്‌ടര്‍ കുറിക്കുന്ന മരുന്ന്‌ -പ്രത്യേകിച്ച്‌ ആന്റിബയോട്ടിക്കുകള്‍- അസുഖത്തിന്‌ ആശ്വാസം കണ്ടുതുടങ്ങു മ്പോള്‍ ഇനിയുള്ള മരുന്ന്‌ അധികഡോസാണ്‌ എന്ന്‌ 'നമുക്ക്‌ തോന്നുന്നതു കൊണ്ട്‌' ഇടയ്‌ക്ക്‌ വച്ച്‌ നിര്‍ത്തരുത്‌. ഇത്‌ കൂടെക്കൂടെ രോഗം ആവര്‍ത്തിക്കാനും മറ്റുപലപ്രശ്‌നങ്ങളിലെത്തിച്ചേരാനും ഇടയാക്കും. മരുന്നുകൊടുക്കുമ്പോള്‍ കുട്ടിയോടുള്ള ആശയവിനിമയം വളരെ പ്രധാനമാണ്‌. കുത്തിവയ്‌പ്‌ എടുക്കേണ്ടതായിട്ടുണ്ടെങ്കില്‍ അത്‌ കുട്ടിയെ പറഞ്ഞ്‌ മനസ്സിലാക്കണം. പറഞ്ഞുകൊടുത്താല്‍ മനസ്സിലാവുന്ന പ്രായമാണെങ്കില്‍ വിശദീകരിക്കുന്നതും നല്ലതാണ്‌. കാരണം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആശയവിനിമയം കുട്ടിക്ക്‌ ഡോക്‌ടറിലും മാതാപിതാക്കളിലുമുള്ള വിശ്വാസത്തെ നഷ്‌ടപ്പെടുത്തും. ഭംഗിയായി മധുരത്തില്‍ പൊതിഞ്ഞ ഗുളികകളെ (ഉദാ: അയണ്‍ ഗുളികകള്‍) മിഠായിയാണെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ കഴിപ്പിക്കുന്ന രീതിയും നന്നല്ല. കാരണം കുട്ടി ആരും കാണാതെ ഇവ എടുത്ത്‌ കഴിക്കാനിടയായാല്‍ മരുന്ന്‌ വിഷബാധ (Drug toxicity)യ്‌ക്ക്‌ കാരണമാകും. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മരുന്നുകള്‍ കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിച്ചുവയ്‌ക്കണമെന്നതാണ്‌. മിക്ക മരുന്നുകളുടേയും ലേബലില്‍ keep away from children എന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ.
കുട്ടികള്‍ക്ക്‌ മരുന്നുകൊടുക്കുമ്പോള്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്‌. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ മിക്കവാറും ദ്രവരൂപ ത്തിലാണ്‌ ലഭ്യമാകുന്നത്‌. മറ്റു ചിലപ്പോള്‍ ഗുളികകളായും (kids tabs) ലഭ്യമാണ്‌. കൊച്ചുകുട്ടികളെ മരുന്നുകഴിപ്പിക്കുന്നത്‌ അവരെ ഭക്ഷണം കഴിപ്പിക്കുന്നതുപോലെതന്നെ ഒരു കലയാണ്‌. അസുഖം വരുമ്പോള്‍ കുട്ടികള്‍ ഭക്ഷണവും മരുന്നും കഴിക്കാന്‍ മടി കാണിക്കും എന്നതാണ്‌ വസ്‌തുത. മരുന്നുകള്‍ ഗുളികരൂപത്തിലാണെങ്കില്‍ കൊച്ചുകുട്ടികള്‍ക്ക്‌ അവ വിഴുങ്ങാന്‍ വളരെ പ്രയാസമായിരിക്കും. അതുകൊണ്ട്‌ പൊടിച്ചതിനുശേഷം തേനിലോ പഞ്ചസാരവെള്ളത്തിലോ കലര്‍ത്തി കൊടുക്കാം. ഗുളിക അതേപടിയോ മുറിച്ചോ വിഴുങ്ങുകയാണെങ്കില്‍ കുട്ടിയെ നിവര്‍ത്തി ഇരുത്തിയിട്ടുവേണം കഴിപ്പിക്കുവാന്‍; ഒരു ഗ്ലാസ്സ്‌ വെള്ളം മുഴുവന്‍ കുടിപ്പിക്കുകയും വേണം. ആമാശയത്തിലെത്തുന്ന ഗുളിക പൊടിഞ്ഞ്‌ വെള്ളത്തോടൊപ്പം ലയിച്ചുചേര്‍ന്നതിനുശേഷമാണ്‌ രക്തത്തിലേക്ക്‌ ആഗീരണം ചെയ്യപ്പെടുന്നത്‌. അതിന്‌ ഒരു ഗ്ലാസ്സ്‌ വെള്ളം മുഴുവനും ആവശ്യമാണ്‌. കൂടാതെ കുറഞ്ഞവെള്ളത്തില്‍ വിഴുങ്ങുമ്പോള്‍ ഗുളിക അന്നനാളത്തില്‍ എവിടെ യെങ്കിലും തങ്ങിനിന്ന്‌ കേടുപാടുകള്‍ വരാനിടയാകുകയും ചെയ്യും. അങ്ങനെയായാല്‍ ആ ഭാഗത്ത്‌ വൃണങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതകളേറെയാണ്‌. ഗുളിക കഴിക്കാന്‍ ഉപയോഗിക്കുന്ന പാനീയം തിളപ്പിച്ചാറിയ വെള്ളമാകുന്നതാണ്‌ നല്ലത്‌. ചൂടുള്ള ചായ, കാപ്പി എന്നിവയും പഴച്ചാറുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയും ഒഴിവാക്കണം. രണ്ടുമൂന്നു കവിള്‍ വെള്ളം ആദ്യം കുട്ടിയെ കുടിപ്പിച്ചതിനുശേഷം നാക്കിന്‌ പുറകിലായി മരുന്ന്‌ വച്ചുകൊടുക്കുക. തുടര്‍ന്ന്‌ ബാക്കിയുള്ള വെള്ളം കുടിപ്പിക്കുക. ഇതാണ്‌ വിഴുങ്ങുവാനുള്ള മരുന്ന്‌ കഴിപ്പിക്കേണ്ട ശരിയായ രീതി.

ചില മരുന്നുകള്‍ ഖരരൂപത്തിലുള്ള തരികളായി (dry syrup) രൂപകല്‍പ്പന ചെയ്യാറുണ്ട്‌. ഇവ ഉപയോഗത്തിന്‌ മുമ്പ്‌ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ നന്നായി കൂട്ടിക്കലര്‍ത്തി(reconstitution) യെടുക്കണമെന്ന്‌ ലേബലില്‍ നിര്‍ദ്ദേശി ച്ചിട്ടുണ്ടാകും.
Direction for reconstitution : slowly add boiled and cooled water upto the mark on the bottle and shake vigorously. Adjust the volume upto the mark by adding more water if necessary. പഞ്ചസാരയോ, മധുരം പ്രദാനം ചെയ്യുന്ന മറ്റുരാസ പദാര്‍ത്ഥങ്ങളോ ഇത്തരം മരുന്നുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. വെള്ളം കൂടി ചേരുമ്പോള്‍ പൂപ്പല്‍ (fungus) പോലുള്ള സൂക്ഷ്‌മജീവികള്‍ക്ക്‌ വളരാന്‍ അനുയോജ്യമായ സാഹചര്യം വന്നുചേരും. അതുകൊണ്ട്‌ ഇപ്രകാരം കൂട്ടിക്കലര്‍ത്തി യെടുക്കുന്ന മരുന്നിന്റെ ഗുണവും വീര്യവും സ്ഥിരത (stability)യും പിന്നീട്‌ നാം കൈകാര്യം ചെയ്യുന്നതിന നുസരിച്ചിരിക്കും. വെള്ളവുമായി കൂട്ടിക്കലര്‍ത്തും മുമ്പ്‌ മരുന്നടങ്ങിയിട്ടുള്ള കുപ്പി ഒന്നുരണ്ടുപ്രാവശ്യം തട്ടണം. (Gently tap the bottle before mixing). മരുന്നുപൊടി കുപ്പിക്കുള്ളില്‍ നന്നായി അമര്‍ന്നിരിക്കുകയാണെങ്കില്‍ ഒന്ന്‌ ഇളക്കിയെടുക്കുന്നത്‌ വെള്ളം ചേര്‍ക്കുമ്പോള്‍ കൂടിക്കലരാന്‍ എളുപ്പമാകുന്നതിന്‌ വേണ്ടിയാണിത്‌. നന്നായി തിളപ്പിച്ചിട്ട്‌ വെള്ളം തണുത്തതിനുശേഷമേ മരുന്നുമായി കൂട്ടിക്കലര്‍ത്താവൂ. രണ്ടുപ്രാവശ്യമായി വേണം വെള്ളം കൂട്ടി ചേര്‍ക്കുവാന്‍; ഓരോ പ്രാവശ്യവും നന്നായി ഇളക്കി കൂട്ടിക്കലര്‍ത്താന്‍ ശ്രദ്ധിക്കുകയും വേണം. പിന്നീട്‌ കൂട്ടിക്കലര്‍ത്തിയ മരുന്നിന്റെ അളവിന നുപാതമായ കുപ്പി തിരഞ്ഞെടുത്ത്‌ നന്നായി കഴുകി ഉണങ്ങിയതിനുശേഷം, സാദ്ധ്യമെങ്കില്‍ അണുവിമുക്ത മാക്കിയിട്ട്‌ ഒഴിച്ചുവയ്‌ക്കണം. പിന്നീട്‌ ഈ മരുന്ന്‌ സൂക്ഷിച്ചുവയ്‌ക്കേണ്ട താപനിലയും ലേബലില്‍ പറഞ്ഞിട്ടുണ്ടാവും. സൂര്യപ്രകാശമേല്‍ക്കാത്ത തവിട്ടുനിറമുള്ള ഗ്ലാസ്സുകുപ്പിയില്‍ സൂക്ഷിക്കുന്നതാണുത്തമം. ചില മരുന്നുകളില്‍ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നതുകൊണ്ടാണ്‌ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്‌. ലേബലിലുള്ള നിര്‍ദ്ദേശം ഇപ്രകാരമാ യിരിക്കും. This mix and reconstituted suspension should be stored in a cool, dry, dark place.

ഇനിയാണ്‌ എത്രനാള്‍ ഇവ ഉപയോഗിക്കാമെന്നുള്ള വളരെ പ്രധാനമായ നിര്‍ദ്ദേശം. This reconstituted suspension should be used within five days of preparation. തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ ഉപയോഗത്തിന്‌ തൊട്ടുമുമ്പ്‌ ദ്രവരൂപത്തിലാക്കുന്ന ഇത്തരം മരുന്നുകള്‍ 5 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം. അതുകഴിഞ്ഞ്‌ അത്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം. ചില ആന്റിബയോട്ടിക്കുകളുടെ ലേബലില്‍ കൂട്ടിക്കലര്‍ത്തിയെടുത്തതിന്‌ ശേഷം 14 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം എന്ന നിര്‍ദ്ദേശമാവും ഉണ്ടാവുക. അങ്ങനെ ഉപയോഗിക്കുന്നുവെങ്കില്‍ റഫ്രിജറേറ്ററില്‍ വച്ച്‌ വേണം ഈ രണ്ടാഴ്‌ചക്കാലം മരുന്ന്‌ സൂക്ഷിക്കേണ്ടത്‌. അത്‌ കഴിഞ്ഞ്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം.

മിക്കവാറും മരുന്നുകള്‍ ദ്രവരൂപത്തിലായിരിക്കും കൊച്ചുകുട്ടികള്‍ക്കായി രൂപ കല്‍പ്പന ചെയ്യപ്പെടുന്നത്‌. നന്നായി മധുരം കലര്‍ത്തിയിട്ടുള്ള സിറപ്പോ മറ്റുതരം മിശ്രിതമോ (suspensions, solutions) ആയിട്ടായിരിക്കും അവ ലഭ്യമാകുന്നത്‌. അത്തരം മരുന്നുകളുടെ ലേബല്‍ ശ്രദ്ധിച്ചുവായിച്ചാല്‍ വെമസല ംലഹഹ യലളീൃല ൗലെ എന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ കാണാം. മരുന്ന്‌, കുപ്പിയില്‍ കുറച്ചുനേരം ഇരിക്കുമ്പോള്‍ മരുന്നിന്റെ പ്രധാനരാസവസ്‌തു ഉള്‍പ്പെടെയുള്ള ചേരുവകള്‍ കുപ്പിയുടെ അടിയില്‍ ഊറിക്കൂടാനിടയാകും. നന്നായി കുലുക്കിയശേഷം ഉപയോഗിച്ചില്ലെങ്കില്‍ രോഗശമനത്തിന്‌ ആവശ്യമായ മരുന്ന്‌ ശരീരത്തിന്‌ ലഭിക്കില്ല. അതുകൊണ്ട്‌ കുലുക്കിയതിനുശേഷമേ മരുന്ന്‌ അളന്നെടുത്ത്‌ കൊടുക്കാവൂ.

ദ്രവരൂപത്തിലുള്ള മരുന്നുകള്‍ പെട്ടെന്ന്‌ കേടാകുന്നവയാണ്‌. ഒരിക്കല്‍ തുറന്നുപയോഗിച്ചുകഴിഞ്ഞാല്‍ അന്തരീക്ഷ ത്തിലുള്ള അപകടകാരികളായ സൂക്ഷ്‌മാണുക്കള്‍ കുപ്പിക്കുള്ളില്‍ കയറിക്കൂടാനിടയുണ്ട്‌. പഞ്ചസാരയും ജലാംശവും അവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. അതുകൊണ്ട്‌ ഒരിക്കല്‍ തുറന്നാല്‍ മരുന്ന്‌ 4 ആഴ്‌ച വരെയേ ഉപയോഗിക്കാവൂ. (റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതാണ്‌ ഉത്തമം) അതിനുശേഷം മരുന്ന്‌ കുപ്പിയില്‍ ബാക്കിയുണ്ടെങ്കില്‍ പിന്നീടൊരവസ രത്തില്‍ കുട്ടിക്ക്‌ അസുഖം വരുമ്പോള്‍ ഉപയോഗി ക്കാനായി സൂക്ഷിച്ചു വയ്‌ക്കരുത്‌; കൊടുക്കുകയുമരുത്‌. 4 ആഴ്‌ചയ്‌ക്കു ള്ളില്‍ മരുന്നില്‍ എന്തെങ്കിലും നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോഗിക്കേണ്ടതില്ല. എന്തെങ്കിലും രാസമാറ്റം നടന്നതിന്റെ ഫലമാകാം ഈ നിറമാറ്റം.

Friday, October 9, 2009

ജലദോഷപ്പനി

മഴക്കാലത്ത്‌ ജലദോഷം (common cold) , ജലദോഷപ്പനി (flu) ഇവ വരാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ ഇവയെ എങ്ങനെ നേരിടുമെന്ന്‌ ശരിയായി അറിയുന്നവര്‍ വളരെ ചുരുക്കമാണ്‌. അലര്‍ജി വിരുദ്ധ മരുന്നുകള്‍, (അവില്‍ (Avil) - എന്ന്‌ കമ്പനിപ്പേരുള്ള മരുന്ന്‌ സ്വയം ചികിത്സയ്‌ക്കായി പൊതുവെ ഉപയോഗിച്ചുകാണുന്നു), ചുമയ്‌ക്കെതിരെയുള്ള മരുന്നുകള്‍, മൂക്കിലൊഴിക്കുന്ന തുള്ളി മരുന്നുകള്‍, പനി തടയാനുള്ള മരുന്നുകള്‍, ഏതെങ്കിലും ആന്റിബയോട്ടിക്കുകള്‍, ഇതൊന്നുമല്ലെങ്കില്‍ ഏതിന്റെയെങ്കിലുമൊക്കെ മിശ്രിതങ്ങളടങ്ങിയ മരുന്നുകള്‍ ഇവയൊക്കെ മാറിമാറിയോ, ഒരുമിച്ചോ മരുന്നുകടയില്‍ നിന്ന്‌ സ്വയം വാങ്ങിക്കഴിച്ചാണ്‌ പലരും മഴക്കാലപ്പനികളെ ശമിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. എല്ലാം പരീക്ഷിച്ച്‌ രോഗം മറ്റൊരു രീതിയില്‍ അധികരിക്കുമ്പോള്‍ ഡോക്‌ടറുടെ അടുത്തെത്തും. പിന്നെ ചികിത്സയില്‍ ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തേണ്ടി വരും, ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വാങ്ങി ചികിത്സാചെലവ്‌ കൂടുതലാവുകയും ചെയ്യും.

മഴക്കാലത്ത്‌ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മനുഷ്യശരീരത്തിന്റെ സഹജമായ രോഗപ്രതിരോധശേഷി വളരെ കുറഞ്ഞിരിക്കും. വൈറസുപോലുള്ള രോഗാണുക്കളുടെ ശക്തി കൂടിയിരിക്കും. പലതരത്തില്‍പ്പെട്ട വൈറസുകളാണ്‌ ജലദോഷം വരുത്തുന്നത്‌. ഓരോ പ്രാവശ്യവും രോഗബാധവരുത്തുന്ന വൈറസുകള്‍ഘടനയിലും സ്വഭാവത്തിലും പലതരത്തില്‍ വ്യത്യസ്‌തത യുള്ളവയാണ്‌; തന്നെയുമല്ല പുതിയ അണുക്കള്‍ ഉണ്ടാകുമ്പോള്‍ ഘടനും സ്വഭാവവും മാറ്റാനുള്ള (mutation) കഴിവും ബാക്‌ടീരിയകളെക്കാള്‍ വളരെ കൂടുതലായി വൈറസുകള്‍ക്കുണ്ട്‌. അതുകൊണ്ട്‌ ഓരോ തരം വൈറസിനെതിരെയും മരുന്നുകളും വാക്‌സിനുകളും കണ്ടുപിടിച്ച്‌ കൂടെക്കൂടെ വരുന്ന വൈറസുബാധയ്‌ക്കെതിരെ ഉപയോഗിക്കുന്നത്‌ പ്രായോഗികമല്ല. അതുകൊണ്ട്‌ വൈറസുകള്‍ ശരീരത്തെ ആക്രമിക്കാതെ സൂക്ഷിക്കുന്നതാണ്‌ ഏറ്റവും നല്ല പ്രതിവിധി. വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി നിലനിര്‍ത്താനും വീണ്ടെടുക്കാനും നല്ലതാണ്‌. ഇതടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കുന്നതും വളരെ ഗുണം ചെയ്യും. ഗുളികയാണ്‌ തിരെഞ്ഞെടുക്കുന്നതെങ്കില്‍ ദിവസം രണ്ടുനേരം കഴിച്ചാല്‍ മതിയാകും; അളവ്‌ കൂടരുത്‌. മറ്റ്‌ മരുന്നുകള്‍ കഴിക്കുന്നവരും വൃക്കയ്‌ക്ക്‌ പ്രശ്‌നങ്ങളുള്ളവരും ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക.

ഇനി ജലദോഷപ്പനി വന്നുകഴിഞ്ഞാല്‍ തുമ്മല്‍, ചുമ ഇവയെ പെട്ടെന്ന്‌ പിടിച്ചുനിര്‍ത്തുന്ന മരുന്നുകള്‍ കഴിക്കരുത്‌. മൂക്കിലെ സ്രവങ്ങളുടെ അളവ്‌ കൂടുക, ചുമ വഴി കഫം പുറന്തള്ളുക, ശരീരത്തിന്റെ താപ നില ഉയര്‍ത്തുക എന്നീ പ്രക്രിയകളിലൂടെ ശരീരം വൈറസിനെ എതിര്‍ക്കുകയും അവയുടെ അവശിഷ്‌ടങ്ങളെ പുറന്തള്ളുകയുമാണ്‌ ചെയ്യുന്നത്‌. ഈ പ്രതിരോധപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമ്പോള്‍ രോഗം വഷളാകും. സ്വാഭാവികമായും ശരീരം തനിയെ ഒരാഴ്‌ചകൊണ്ട്‌ വൈറസിനെ എതിര്‍ത്ത്‌ സുഖാവസ്ഥയിലെത്തിക്കോളും. ധാരാളം വെള്ളം കുടിച്ച്‌ (മൂത്രം വഴിയും രോഗാണുക്കളുടെ അവശിഷ്‌ടങ്ങള്‍ പുറന്തള്ളപ്പെടും) വിശ്രമിക്കുകയാണ്‌ രോഗി ചെയ്യേണ്ടത്‌. ഇതിനുള്ള ക്ഷമ പലര്‍ക്കും ഇല്ല. പനിയെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. പ്രത്യേകിച്ച്‌ കൊച്ചുകുട്ടികളില്‍ പനികൂടിയാല്‍ അപസ്‌മാരം പോലുള്ള (Febril Fits) അവസ്ഥ സാധാരണമാണ്‌. ദേഹം നനഞ്ഞ തുണി കൊണ്ട്‌ തുടയ്‌ക്കുകയോ, പാരസെറ്റമോള്‍ ദിവസത്തില്‍ 3,4 പ്രാവശ്യം (അളവ്‌ കൂടിയാല്‍ കരളിനെ ബാധിക്കും) കൊടുക്കുകയോ ചെയ്‌ത്‌ പനിയെ നിയന്ത്രിച്ച്‌ നിര്‍ത്തണം. തുമ്മലിനെ പിടിച്ചുനിര്‍ത്തിയാല്‍ തലയ്‌ക്കുള്ളിലെ വായുഅറകളില്‍ (sinus pores) ഈ സ്രവങ്ങള്‍ കട്ടിപിടിച്ചിരിക്കാനും പിന്നീട്‌ അതില്‍ ബാക്‌ടീരിയകളുടെ ആക്രമണം ഉണ്ടാകാനും (sinusitis) ഇടയാക്കും. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തലവേദനയാകും ഫലം; ചികിത്സ സങ്കീര്‍ണ്ണമാകും. കഫത്തോടുകൂടിയ ചുമയെ പിടിച്ചുനിര്‍ത്തുന്നത്‌ നെഞ്ചുഭാഗത്ത്‌ സ്രവങ്ങള്‍ കട്ടിപിടിച്ച്‌ അണുബാധയുണ്ടാകാന്‍ ഇടയാക്കും.

1.ജലദോഷപ്പനിയെ നേരിടാന്‍ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ധാരാളം വെള്ളം (തിളപ്പിച്ചിട്ട്‌, ചെറുചൂടോടെ) കുടിച്ച്‌ നന്നായി വിശ്രമിക്കുക. രോഗാണുക്കളെയും വിഷകരമായ അവയുടെ അവശി ഷ്‌ടങ്ങളെ മൂത്രം വഴി പുറന്തള്ളുക, പനിമൂലം കോശങ്ങളില്‍ നിന്ന്‌ നഷ്‌ടപ്പെടുന്ന ജലനിഷ്‌ടം പരിഹരിക്കുക (to avoid dehydration), ചുമച്ചു തുപ്പുമ്പോഴും മൂക്കിലൂടെയും കഫം അയഞ്ഞ്‌ എളുപ്പത്തില്‍ പുറന്തള്ളുക എന്നിവയ്‌ക്ക്‌ വെള്ളം കുടിക്കുന്നത്‌ വളരെ ഗുണം ചെയ്യും.

2. ദഹിക്കാന്‍ എളുപ്പമുള്ള ലഘുഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ദഹനവ്യൂഹം (Digestive system) ഉള്‍പ്പെടെ വൈറസിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടികൂടിയതും, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിച്ച്‌ ജോലിഭാരം കൂട്ടുന്നത്‌ അഭികാമ്യമല്ല.

3.വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളോ, വൈറ്റമിന്‍ സി. ഗുളികകളോ (അളവ്‌ ദിവസം 2 നേരത്തില്‍ കൂടരുത്‌) കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.

4.മുഖത്തും നെഞ്ചത്തും ആവി പിടിക്കുന്നത്‌ കഫം എളുപ്പത്തില്‍ പുറന്തള്ളാന്‍ വളറെയേറെ സഹായിക്കും.

(ചുമ അധികരിച്ച്‌ കഫം പുറന്തള്ളാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ കഫം അയഞ്ഞുകിട്ടുന്ന ചുമ മരുന്നുകള്‍ (അമോണിയം ക്ലോറൈഡ്‌, ബ്രോംഹെക്‌സിന്‍ -Bromhexine, ആംബ്രോക്‌സോള്‍ - Ambroxol) കഴിക്കാം. ഇത്‌ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമാകുന്നതാണ്‌ നല്ലത്‌. കൊഡീന്‍ (Codein), ഡൈഫിന്‍ ഹൈഡ്രാമിന്‍ (Dephenhydramine) എന്നീ വിഭാഗം ചുമ മരുന്നുകള്‍ (Cough syrups) ചുമ പെട്ടെന്ന്‌ പിടിച്ചുനിര്‍ത്തുന്ന വിഭാഗം മരുന്നുകളാണ്‌; കഫമില്ലാത്ത, അലര്‍ജിചുമ (Drugs for non-productive cough) യ്‌ക്കാണ്‌ ഇവ ഉപയോഗിക്കേണ്ടത്‌ എന്നത്‌ സ്വയം ചികിത്സയാണെങ്കില്‍ ചുമ മരുന്നു വാങ്ങുമ്പോള്‍ പ്രത്യേകം ഓര്‍മ്മവയ്‌ക്കുക.)

5. മൂക്കടഞ്ഞ്‌ ശ്വാസം കിട്ടാതെ വരുമ്പോള്‍ (പ്രത്യേകിച്ച്‌ കൊച്ചുകുട്ടികള്‍ക്ക്‌ രാത്രിയില്‍) വളരെ പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ സൈലോമെറ്റസോളിന്‍ (Xylometazoline) (കമ്പനിനാമം otrivin) ഒന്നോ രണ്ടോ തുള്ളി 8-10 മണിക്കൂര്‍ ഇടവിട്ട്‌ മൂക്കിലൊഴിക്കാം. അളവ്‌ കൂടരുത്‌; 5 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ഉപയോഗിക്കയുമരുത്‌.

വൈറസ്‌ ബാധ കൊണ്ട്‌ ശരീരം ദുര്‍ബ്ബലമായിരിക്കുന്ന അവസ്ഥയില്‍ ബാക്‌ടീരിയകൂടി കടന്നുകൂടാന്‍ സാദ്ധ്യതയുണ്ട്‌. മൂക്കില്‍ നിന്നുവരുന്ന സ്രവത്തിനും കഫത്തിനും ഇളം മഞ്ഞകലര്‍ന്ന പച്ചനിറമായാല്‍ ബാക്‌ടീരിയ ബാധിച്ചിരിക്കുന്നുവെന്ന്‌ ഉറപ്പിക്കാം. ശക്തമായ തലവേദനയും ഉണ്ടാവാം. എത്രയും വേഗം ഡോക്‌ടറിനെ കാണണം; ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതാണ്‌ പ്രതിവിധി. ഡോക്‌ടര്‍ നിര്‍ദ്ദേശിക്കും വിധം പറയുന്ന കാലയളവുവരെ യഥാവിധി കഴിക്കാന്‍ ശ്രദ്ധിക്കുകയും വേണം.